ഗീതാഗോവിന്ദം – 3 Like

” നമ്മളൊരുപാട് വൈകി പോയല്ലേ ഗോവിന്ദേട്ടാ….”

“മ് …..എന്താ ……? ”

“അല്ല …… ഒന്നൂല്ല……….”

അവൾ ചോദിച്ചത് പയ്യെ എന്റെ മനസ്സിൽ തെളിഞ്ഞു …..

“ഗീതൂ……”

“എന്തോ………”

“എന്നെ വിവാഹം ചെയ്തത് അബദ്ധമായിട്ട് നിന്നക്കെപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ……?. ”

ഗീതു പെട്ടെന്നെന്നെ തിരിഞ്ഞ് നോക്കി…..

“അതെന്താ ഏട്ടാ ഇപ്പൊ അങ്ങനെ തോന്നാൻ …..”
അവളുടെ മുഖത്തെ ഭാവം എന്തായിരുന്നു എന്ന് എനിക്ക് വായിച്ചെടുക്കാനായില്ല.

“ഇന്നുവരെ ഞാനിങ്ങനൊരു ചോദ്യം മനസ്സിൽ പോലും ചോദിച്ചിട്ടില്ല. ഇന്നാണ് ഞാൻ ഇത് ചിന്തിക്കുന്നത് തന്നെ…..”

“അതെന്തുപ്പറ്റി …..”
വായുവിൽ ആട്ടി കൊണ്ടിരുന്ന കാല് തിട്ട മേൽ മടക്കി വച്ച് മുട്ടിൽ തല ചായ്ച്ച് ചിരിച്ച് കൊണ്ട് ഗീതു എന്നോട് ചോദിച്ചു…

“ഇന്നു വരെ ഒരു ഭർത്താവിന്റെ കടമകളെല്ലാം നന്നായിട്ട് ഞാൻ ചെയ്തു എന്നാണ് എന്റെ വിശ്വാസം.
അത് കൊണ്ടാവാം ഇങ്ങനൊരു ചോദ്യം എന്റെ ഉള്ളിലുണ്ടാവാഞ്ഞത്. പക്ഷെ ഇന്ന് …. ഇന്ന് ഞാൻ പ്രണയിക്കുന്നു… ഈ അഞ്ച് വർഷത്തിലൊരിക്കലും ഉണ്ടാവാത്ത രീതിയിലുള്ള ഒരനുഭൂതി. ഭർത്താവിന്റെ കടമകൾ പാലിക്കുമ്പോഴും ഒരു കാമുകന്റെ കടമകൾ പാലിക്കാൻ ഞാൻ മറന്നു പോയോ എന്നൊരു ഡൗട്ട് …

ഗീതു പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല….

“പ്രണയത്തോടെ മിണ്ടീട്ടില്ല. ഉമ്മ തന്നിട്ടില്ല. ഹണിമൂൺ പോയിട്ടില്ല…. ഇപ്പൊ ഞാനതെല്ലാം ചെയ്യാനാഗ്രഹിക്കുന്നു….
കല്യാണം കഴിഞ്ഞ നാൾ മുതൽ നീ എന്നിൽ നിന്നും അതൊക്കെ പ്രതീക്ഷിച്ചിരുന്നില്ലേ… തിരക്കുകളിൽ നട്ടംതിരിയുന്ന ഭർത്താവിനെക്കാൾ പ്രണയിനിക്ക് വേണ്ടി തിരക്കുകൾ മാറ്റി വച്ച് അവളെ പ്രണയിക്കുന്ന ഒരു കാമുകനെ അല്ലേ നീ ആഗ്രഹിച്ചത് … ”
വാക്കുകൾ എന്നിൽ നിന്നും യാന്ത്രികമായ് പുറത്ത് വന്നു.

പുഞ്ചിരിയോടപ്പം ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് ഞാൻ വേദനയോടെ പലതും തിരിച്ചറിയാനാരഭിച്ചത് …..

പണ്ടവൾ ചോറു പൊതിഞ്ഞ് ബാഗിൽ വച്ച് ബാഗ് തോളിലേയ്ക്ക് തൂക്കി നൽകുമ്പോഴും എന്നിൽ നിന്നൊരുമ്മ പ്രതീക്ഷിച്ച് കവിളും നെറ്റിയും വിയർപ്പ് തുടച്ച് കാത്ത് നിന്നിരുന്നില്ലേ…. എന്തിന് ഒരു ഭംഗി വാക്കെങ്കിലും താൻ പറഞ്ഞിട്ടുണ്ടോ ….. ഒന്നും നൽകാതെ നാശം ഇന്നും വൈകി എന്ന് പറഞ്ഞ് പടിയിറങ്ങുമ്പോഴും നാളെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഗീതു എന്നെ യാത്രയാക്കാറുണ്ടായിരുന്നു.

തുണിയെടുക്കാൻ പോവുമ്പോർ എന്നെ പ്രീതിപ്പെടുത്താൻ പലതും അണിഞ്ഞ് മുന്നിൽ വരുമ്പോൾ ഏതേലും എടുത്തോണ്ട് വാടീ എന്ന് പറഞ്ഞ് അവഗണിച്ച് ഞാൻ എന്റെ തിരക്കുകളിലേയ്ക്ക് ഊളിയിടാറുണ്ടായിരുന്നു.

ഗീതൂന്റെ കൂട്ടുക്കാരുടെ ഫൺഷനൊക്കെ പോകുമ്പോൾ അവളുടെ ഫ്രണ്ട്സ് മെലിഞ്ഞിരിക്കുന്നതിൽച്ചൊല്ലി ഗീതൂനെ ഒരുപാട് കളിയാക്കാറുണ്ട്.. ഞാനും അവരോടൊപ്പം ചേർന്ന് അവളെ കളിയാക്കിയതല്ലാതെ ഒരിക്കലും സപ്പോർട്ട് ചെയ്ത് സംസാരിച്ചിട്ടില്ല. അത് എനിക്ക് അപരിചിതരായ ഗീതൂന്റെ കൂട്ടുക്കാരോട് അടുക്കാനായിരുന്നെങ്കിലും അവരുടെയൊക്കെ മുന്നിൽ വച്ച് പിന്താങ്ങേണ്ട ഭർത്താവ് തന്നെ പരിഹസിക്കുമ്പോൾ എന്ത് മാത്രം നൊന്ത് കാണും ഗീതൂന്. അന്ന്
ഞാനതൊന്നും ചിന്തിച്ചിരുന്നില്ല. ഉള്ളില് വല്ലാത്ത വേദന തോന്നീട്ടാവുമോ അപ്പോഴൊക്കെ എന്റെ തോളിൽ തൂങ്ങി കയ്യിലൊരു ചെറു നുള്ള് അവൾ വച്ച് തന്നിരുന്നത്…

ഒരു നൂറ് ആഗ്രഹവും പ്രതീക്ഷകളുമായിട്ടാവില്ലേ അവളെന്റെ വീട്ടിലേക്ക് വലത് കാൽ വച്ച് വന്നത്. പെണ്ണ് കാണലിന് പോയപ്പോൾ ജനൽ പഴുതിലൂടെ കണ്ട ഗീതൂന്റെ മിഴികളിലെ തിളക്കം കല്ല്യാണത്തിന് ശേഷവും എനിക്ക് നിലനിറുത്താനായോ ?…..:
ഇല്ലാ……………

എന്റെ മുഷിഞ്ഞ ജീവിതം ഗീതൂന്റെ ചുറുച്ചുറുക്കും സന്തോഷവും കൂടി ഇല്ലാതാക്കിയില്ലെ … ഒടുക്കം കുട്ടികളില്ലാന്നുള്ള എല്ലാവരുടെയും പഴി പറച്ചിലിലേയ്ക്ക് അവളെ തനിച്ച് ഞാനയച്ചില്ലേ….? പാവം …. ആ ഒരു കാര്യത്തിൽ ഗീതു അവളുടെ സന്തോഷവും ആഗ്രഹങ്ങളുമൊക്കെ മറന്ന് കാണും …

വല്ല്യ കുറുമ്പിയാണ് നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാന്ന എന്നായിരുന്നു അച്ഛന്റെ കല്യാണ തലേന്നുള്ള തമാശ നിറഞ്ഞ നിർദേശം. അങ്ങനെ ഉള്ള ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വന്നപ്പോൾ എന്റെ ഇഷ്ടങ്ങൾക്കും സൗകര്യത്തിനും വേണ്ടി അവളുടെ സ്വഭാവം പോലും മാറ്റിയില്ലേ….. മകളുടെ ആ മാറ്റിത്തിൽ ആ അച്ഛൻ എത്രമാത്രം വേദനിച്ച് കാണും . അവരുടെ ഒക്കെ മുന്നിൽ ഒരു മാതൃകാ ഭർത്താവായാണ് ഞാൻ എന്നെ തന്നെ കരുതിയിരിക്കുന്നത്.

ഏറ്റവുമൊടുവിൽ 3 വർഷത്തെ മുഷിഞ്ഞ ജീവിതത്തിന് ശേഷം അവളെ നിരന്തരം കൊത്തിവലിക്കുന്നവരുടെ കൂട്ടിൽ തന്നെ ഉപേക്ഷിച്ച് ഞാൻ മാറി നിന്നു. രണ്ടുവർഷം ഗീതു എന്തോരം മാനസിക പീഠനങ്ങൾ ഏറ്റുവാങ്ങി കാണും . ഒട്ടും സഹിക്കാതെ ആയപ്പോഴാവും അവൾ ഇങ്ങോട്ടേയ്ക്ക്
വന്നത്. അല്ലാതവൾ വരില്ല … അന്ന് പടിവാതിൽക്കൽ ഗീതു വന്ന് നിന്ന കോലമോർത്തപ്പോൾ നെഞ്ച് നീറി. എന്തൊക്കെയായിരുന്നു ഞാനിന്ന് വരെ വിചാരിച്ച് വച്ചിരുന്നത്. കുടുംബം നോക്കുന്ന ഭർത്താവ് , ഭാര്യയെ പൊന്ന് പോലെ നോക്കുന്ന മനസ്റ്റ് . ഗീതൂന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കേണ്ടതേ ഉണ്ടായിരുന്നുള്ളു മനസ്സിൽ ഞാനെന്ന വിഗ്രഹം തകർന്ന് വീഴാൻ……

” ചോദിക്കണ്ട ആവശ്യമില്ല. എന്നെ കല്യാണം കഴിച്ചത് തന്നെയാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം …….”

“താനോ …. ദേ മനുഷ്യാ നിങ്ങളെന്നെ ഒഴിവാക്കാനൊള്ള പ്ലാൻ വല്ലോ ആണോ ….? ഒരിക്കലുമില്ലാത്ത സംസാരോം താൻ വിളിയുമൊക്കെ…….”
കണ്ണ് നിറഞ്ഞൊഴുകുമ്പോഴും മുട്ടിൽ ചാഞ്ഞിരുന്ന തലയുയർത്തി ചൂണ്ടുവിരൽ എന്റെ നേർക്ക് നീട്ടി ഗീതു ചോദിച്ചു…

“പോടി പെണ്ണേ…. ഞാൻ കാര്യായിട്ട് പറഞ്ഞതാ … ഇതാണ് ശരിക്കുമുള്ള ഗീതു … അന്ന് പെണ്ണ് കാണലിന് വന്നപ്പോ ഉള്ള ചുറുചുറുക്കും കുറുമ്പുമൊകെ അതിന് ശേഷം ഞാൻ ദേ ഇന്ന് ഇപ്പോഴാ കാണുന്നത്. എന്റെ ജീവിത രീതിയും കുടുംബ സാഹചര്യവുമാക്കെ നിന്നെ ഒരുപാട് മാറ്റിയല്ലേ ഗീതു…… ?”

കണ്ണ് തുടച്ച് പുഞ്ചിരിച്ച് ഗീതു ചന്ദ്രനിലേക്ക് നോക്കി…

“നമ്മളല്ല ഗീതു വൈകിയത്….. ഞാനാ … തിരിച്ചറിവുകളും പ്രണയവുമൊക്കെ ഉണ്ടാവാൻ വൈകിയത് എനിക്കാ…. പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തതെന്നറിയാം എന്നാലും ചോദിക്കുവാണ് എന്നേട് നീ പൊറുക്കില്ലേ….?”
“എന്താ ഏട്ടാ ഇത്…. എനിക്ക് ഏട്ടനെ കിട്ടിയതാണ് വല്യ ഭാഗ്യം. പിന്നെ ഏട്ടൻ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷെ സാരല്ലാ… എല്ലാ കുടുംബത്തിലും എന്തേലും പ്രശനം കാണുമല്ലോ.. ഏട്ടന്റെ ജീവിത സാഹചര്യങ്ങളും വളർന്ന് വന്ന സ്വഭാവവും അങ്ങനെ ആയോണ്ടല്ലേ….പോട്ടെ നോം ക്ഷമിച്ചിരിക്കുന്നു…”

Leave a Reply

Your email address will not be published. Required fields are marked *