“സൂപ്പർ അല്ലേ……….” മാനത്ത് നോക്കി കൺചിമ്മി ഗീതു ചോദിച്ചു….
” അതെ….”
ഗീതൂന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ ഞാൻ പറഞ്ഞു.
“എന്തൊരു മടിയായിരുന്നു വരാൻ …… മടിയൻ ……. ഇപ്പൊ കണ്ടോ……?”
” കണ്ടു……”
“ഇത്രേം സുന്ദരായിട്ട് ഗോവിന്ദേട്ടൻ എപ്പോഴേലും കണ്ടിട്ടുണ്ടോ ……” മാനത്ത് നോക്കി ഗീതു ചോദിച്ചു.
” ഇല്ല ഗീതു… ഇല്ല…..”
ഗീതൂനെ അത്രയും സുന്ദരമായിട്ട് ഞാനന്നായിരുന്നു കണ്ടത് ……
തണുത്ത ഇളം കാറ്റ് വീശി കൊണ്ടേ ഇരുന്നു. വസ്ത്രങ്ങൾക്കിടയിലേക്ക് കുളിര് കേറിയതും ഞാൻ ഇരുകൈകളും ചേർത്ത് കെട്ടിപിടിച്ചു… പക്ഷെ ഗീതുവിന് ആ തണുപ്പ് ഒരു പ്രശ്നമായിട്ടെ തോന്നീല്ല… അവൾ കൈയും വീശി ആ ടെറസിന്റെ ഒരു മൂലയിലേയ്ക്ക് ചെന്നിരുന്നു.. കാല് തിട്ടയ്ക്ക് പുറത്ത് തൂക്കിയിട്ട് കൈകൾ തിട്ടയിലൂന്നി ഇരുന്ന് ഗീതു ആകാശത്ത് തന്നെ നോക്കി ഇരുന്നു… ഞാനും അവളെ പോലെ മറ്റേ മൂലയിലേയ്ക്ക് ചെന്നിരുന്ന് വാനനിരീക്ഷണം നടത്തി. തണുത്ത കാറ്റത്ത് അവിടിരിക്കാൻ വല്ലാത്തൊരു സുഖം തോന്നി. താഴോട്ട് നോക്കിയാൽ എല്ലാം കാണാമായിരുന്നു. മുറ്റം, തുളസിത്തറ എന്തിന് നമ്മുടെ നടുമുറ്റം പോലും …..
” നമ്മളൊരുപാട് വൈകി പോയല്ലേ ഗോവിന്ദേട്ടാ….”
“മ് …..എന്താ ……? ”
“അല്ല …… ഒന്നൂല്ല……….”
അവൾ ചോദിച്ചത് പയ്യെ എന്റെ മനസ്സിൽ തെളിഞ്ഞു …..
“ഗീതൂ……”
“എന്തോ………”
“എന്നെ വിവാഹം ചെയ്തത് അബദ്ധമായിട്ട് നിന്നക്കെപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ……?. ”
ഗീതു പെട്ടെന്നെന്നെ തിരിഞ്ഞ് നോക്കി…..
“അതെന്താ ഏട്ടാ ഇപ്പൊ അങ്ങനെ തോന്നാൻ …..”
അവളുടെ മുഖത്തെ ഭാവം എന്തായിരുന്നു എന്ന് എനിക്ക് വായിച്ചെടുക്കാനായില്ല.
“ഇന്നുവരെ ഞാനിങ്ങനൊരു ചോദ്യം മനസ്സിൽ പോലും ചോദിച്ചിട്ടില്ല. ഇന്നാണ് ഞാൻ ഇത് ചിന്തിക്കുന്നത് തന്നെ…..”
“അതെന്തുപ്പറ്റി …..”
വായുവിൽ ആട്ടി കൊണ്ടിരുന്ന കാല് തിട്ട മേൽ മടക്കി വച്ച് മുട്ടിൽ തല ചായ്ച്ച് ചിരിച്ച് കൊണ്ട് ഗീതു എന്നോട് ചോദിച്ചു…
“ഇന്നു വരെ ഒരു ഭർത്താവിന്റെ കടമകളെല്ലാം നന്നായിട്ട് ഞാൻ ചെയ്തു എന്നാണ് എന്റെ വിശ്വാസം.
അത് കൊണ്ടാവാം ഇങ്ങനൊരു ചോദ്യം എന്റെ ഉള്ളിലുണ്ടാവാഞ്ഞത്. പക്ഷെ ഇന്ന് …. ഇന്ന് ഞാൻ പ്രണയിക്കുന്നു… ഈ അഞ്ച് വർഷത്തിലൊരിക്കലും ഉണ്ടാവാത്ത രീതിയിലുള്ള ഒരനുഭൂതി. ഭർത്താവിന്റെ കടമകൾ പാലിക്കുമ്പോഴും ഒരു കാമുകന്റെ കടമകൾ പാലിക്കാൻ ഞാൻ മറന്നു പോയോ എന്നൊരു ഡൗട്ട് …
ഗീതു പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല….
“പ്രണയത്തോടെ മിണ്ടീട്ടില്ല. ഉമ്മ തന്നിട്ടില്ല. ഹണിമൂൺ പോയിട്ടില്ല…. ഇപ്പൊ ഞാനതെല്ലാം ചെയ്യാനാഗ്രഹിക്കുന്നു….
കല്യാണം കഴിഞ്ഞ നാൾ മുതൽ നീ എന്നിൽ നിന്നും അതൊക്കെ പ്രതീക്ഷിച്ചിരുന്നില്ലേ… തിരക്കുകളിൽ നട്ടംതിരിയുന്ന ഭർത്താവിനെക്കാൾ പ്രണയിനിക്ക് വേണ്ടി തിരക്കുകൾ മാറ്റി വച്ച് അവളെ പ്രണയിക്കുന്ന ഒരു കാമുകനെ അല്ലേ നീ ആഗ്രഹിച്ചത് … ”
വാക്കുകൾ എന്നിൽ നിന്നും യാന്ത്രികമായ് പുറത്ത് വന്നു.
പുഞ്ചിരിയോടപ്പം ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് ഞാൻ വേദനയോടെ പലതും തിരിച്ചറിയാനാരഭിച്ചത് …..
പണ്ടവൾ ചോറു പൊതിഞ്ഞ് ബാഗിൽ വച്ച് ബാഗ് തോളിലേയ്ക്ക് തൂക്കി നൽകുമ്പോഴും എന്നിൽ നിന്നൊരുമ്മ പ്രതീക്ഷിച്ച് കവിളും നെറ്റിയും വിയർപ്പ് തുടച്ച് കാത്ത് നിന്നിരുന്നില്ലേ…. എന്തിന് ഒരു ഭംഗി വാക്കെങ്കിലും താൻ പറഞ്ഞിട്ടുണ്ടോ ….. ഒന്നും നൽകാതെ നാശം ഇന്നും വൈകി എന്ന് പറഞ്ഞ് പടിയിറങ്ങുമ്പോഴും നാളെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഗീതു എന്നെ യാത്രയാക്കാറുണ്ടായിരുന്നു.
തുണിയെടുക്കാൻ പോവുമ്പോർ എന്നെ പ്രീതിപ്പെടുത്താൻ പലതും അണിഞ്ഞ് മുന്നിൽ വരുമ്പോൾ ഏതേലും എടുത്തോണ്ട് വാടീ എന്ന് പറഞ്ഞ് അവഗണിച്ച് ഞാൻ എന്റെ തിരക്കുകളിലേയ്ക്ക് ഊളിയിടാറുണ്ടായിരുന്നു.
ഗീതൂന്റെ കൂട്ടുക്കാരുടെ ഫൺഷനൊക്കെ പോകുമ്പോൾ അവളുടെ ഫ്രണ്ട്സ് മെലിഞ്ഞിരിക്കുന്നതിൽച്ചൊല്ലി ഗീതൂനെ ഒരുപാട് കളിയാക്കാറുണ്ട്.. ഞാനും അവരോടൊപ്പം ചേർന്ന് അവളെ കളിയാക്കിയതല്ലാതെ ഒരിക്കലും സപ്പോർട്ട് ചെയ്ത് സംസാരിച്ചിട്ടില്ല. അത് എനിക്ക് അപരിചിതരായ ഗീതൂന്റെ കൂട്ടുക്കാരോട് അടുക്കാനായിരുന്നെങ്കിലും അവരുടെയൊക്കെ മുന്നിൽ വച്ച് പിന്താങ്ങേണ്ട ഭർത്താവ് തന്നെ പരിഹസിക്കുമ്പോൾ എന്ത് മാത്രം നൊന്ത് കാണും ഗീതൂന്. അന്ന്
ഞാനതൊന്നും ചിന്തിച്ചിരുന്നില്ല. ഉള്ളില് വല്ലാത്ത വേദന തോന്നീട്ടാവുമോ അപ്പോഴൊക്കെ എന്റെ തോളിൽ തൂങ്ങി കയ്യിലൊരു ചെറു നുള്ള് അവൾ വച്ച് തന്നിരുന്നത്…
