ഡോക്ടർ തിരക്കിലാണ് – 1 3

ആരെന്നോ എന്തെന്നോ അറിയാത്ത ഒരാൾ! എന്തായാലും ഈ നാട്ടുകാരൻ തന്നാണല്ലോ വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ ആൾക്കൂട്ടങ്ങളിലെല്ലാം ഞാൻ ആ പൌരുഷമാർന്ന മുഖം തിരഞ്ഞു…!

ഒന്നര മാസം കഴിഞ്ഞ് ഒരു ദിവസം ഞാൻ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു ബൈക്കിൽ പാഞ്ഞ് പോകുന്നത് ഒരു മിന്നായം പോലെ കണ്ടു!

അങ്ങേര് എന്നെയൊട്ട് കണ്ടില്ലതാനും!

സഹികെട്ട് പല പ്രാവശ്യം ഞാൻ ഓങ്ങിയതാണ് ഉപ്പയോട് തിരക്കാൻ! പക്ഷേ എന്ത് കാരണം പറയും! ആ ആൾ എന്നെ മറന്നോ ആവോ..!

പിന്നീട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു! അത് ഒരൊന്നൊന്നര കാഴ്ച തന്നെ ആയിരുന്നു!

ഞാനും എൽസിയും കൂടി നടന്ന് വരുമ്പോൾ പൊടുന്നനെ എതിർവശത്ത് നിന്ന് വരുന്നു ഒരു ആന! വലിയൊരു കൊന്പൻ!
ചങ്ങലയുടെ കിലുക്കങ്ങളൊന്നും കേൾക്കാനുമില്ല!

ആനയുടെ ചെവിയിൽ പിടിച്ച് കൊണ്ട് ദാണ്ടെ ആൾ!

മടക്കിക്കുത്തിയ കാവിമുണ്ടും ഒക്കെയായി തനി ഒരു ആനക്കാരനായി!

എന്നെ കണ്ടതും പഴയ ആ മിന്നൽ ആ കണ്ണുകളിലൂടെ ഓടിയൊളിയ്കുന്നത് ഞാൻ കണ്ടു! അപ്പോൾ മറന്നില്ല! ഈ വെപ്രാളം എനിയ്ക് മാത്രമല്ല അങ്ങേർക്കുമുണ്ട്!

എൽസിയെ നോക്കി ആൾ ഒന്ന് ചിരിച്ചു! ഞാനെന്നൊരാളെ ഗൌനിക്കുന്നേയില്ല!

“കണ്ണനെന്താ ശ്രീക്കുട്ടാ കുറുമ്പെടുത്തോ…ഇങ്ങോട്ട് നോക്കെടാ കണ്ണാ! തെമ്മാടി കണ്ട ഭാവം നടിയ്കുന്നില്ലല്ലോ..?”

“അവന്റെ കുറുമ്പ്! വീട്ടിലോട്ട് ചെല്ലട്ടെ അല്ലേടാ!”

ചിരിച്ച് പറഞ്ഞ് കൊണ്ട് കണ്ണൻ എന്ന ആനയുമായി ആള് കടന്ന് പോയി!

അപ്പോൾ ആള് എൽസിയുമായും നല്ല അടുപ്പത്തിൽ ആണ്! കാര്യം വളരെ അടുത്ത കൂട്ടുകാരിയാണ് എങ്കിലും എൽസിയോട് പുള്ളിയുടെ വിവരങ്ങൾ ഒന്നും ഒട്ട് വിശദമായി ചോദിയ്കാനും പറ്റില്ല!

റസിയയ്ക് ഒരു ഹിന്ദു ചെക്കനോട് താൽപ്പര്യം തോന്നുന്നു എന്ന ചെറിയ ഒരു സംശയം തോന്നിയാൽ മതി അവൾ അപ്പോൾ തന്നെ ചെന്ന് ഉപ്പയോട് പറയും അതോടെ പഠിത്തവും നിർത്തി എന്നെ നാട് കടത്തുകയും ചെയ്യും!
സൌഹൃദത്തിലും ഒക്കെ ഒരുപാടൊരുപാട് വലുതാണ് എൽസിയ്കും സഹോദരിയ്കും എന്റെ വീടിനോടും ഉപ്പായോടും ഉള്ള കടപ്പാട്!

കഴിഞ്ഞ വർഷം അവർക്ക് ആകെ ഉണ്ടായിരുന്ന അപ്പൻ കൂടി മരിച്ച് തീർത്തും അനാഥരായ അവരിൽ എൽസിയുടെ വിവാഹം ഒരു കൂട്ടുകാരിയെ ക്ഷണിയ്കാൻ പോയിട്ട് മടങ്ങുന്ന വഴിയാണ് ഞങ്ങൾ.

ആ വിവാഹം ആലോചിച്ച് നടത്തുന്നതും അതിന്റെ സർവ്വ ചിലവുകളും എൽസിയുടെ അപ്പന്റെ സ്ഥാനത്ത് നിന്ന് ഉപ്പയാണ് നടത്തുന്നത്!

ആ ആളുടെ മകൾക്ക് ഒരു അന്യജാതിക്കാരനോട് താൽപ്പര്യം ഉണ്ട് എന്നതിന്റെ ഒരു നേരിയ സൂചന എങ്കിലും അവൾക്ക് കിട്ടിയാൽ പിന്നീട് എന്താ സംഭവിയ്കുക എന്നത് ഊഹിയ്കാമല്ലോ!

“ഈ ആനക്കാരനാണല്ലോടീ നേരത്തെ വീട്ടി ടിവി നന്നാക്കാൻ വന്നത്…”

ഞാൻ ഒന്നും അറിയാത്ത മട്ടിൽ എൽസിയോട് ചോദിച്ചു!

“ഹഹഹ! ആനക്കാരനോ! ശ്രീക്കുട്ടനോ!”

എൽസി നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ചു! ചിരി ഒന്നടങ്ങിയപ്പോൾ പറഞ്ഞു:

“എന്റെ റസിയേ നമ്മൾ ബസ്സിൽ പോകുമ്പോൾ ഒരു വലിയ തടിമില്ല് കാണാറില്ലേ അതീ ശ്രീക്കുട്ടന്റെയൊക്കെയാ!
ആ മില്ലിലെ ആനയാ ഈ പോയ കണ്ണൻ!
അവനെന്തെങ്കിലും ചില്ലറക്കുറുമ്പ് കാട്ടുമ്പോൾ ശ്രീക്കുട്ടൻ ചെന്നിങ്ങനെ ചെവിക്ക് പിടിച്ചോണ്ട് വീട്ടിലേയ്ക് കൊണ്ടുപോരും!
ഇപ്പ മില്ലി ചെന്ന് നോക്കിയാ കാണാം കണ്ണൻ എടുത്തെറിഞ്ഞ സാധനങ്ങൾ പാപ്പാന്മാരെ അടുപ്പിക്കാതെ നിക്കുവാരുന്നാരിക്കും!”

“അയ്യോ ഇടഞ്ഞ ആനേയാണോ ഈ ചങ്ങലയില്ലാണ്ട് കൊണ്ടുപോണേ! അയാടെ കയ്യി ഒരു വടിപോലും ഇല്ലതാനും!”

എൽസി വീണ്ടും ചിരിച്ചു:

” ശ്രീക്കുട്ടന് ഇവനെ കൊണ്ടുപോകാൻ ചങ്ങലയൊന്നും വേണ്ട! മദം പൊട്ടി നിൽക്കുമ്പഴും ശ്രീക്കുട്ടനും അനിയത്തീം കണ്ണന്റടുത്ത് ചെല്ലും! പിന്നാ ഇപ്പ! വീട്ടിലവനെ തളയ്കാറേയില്ല! എന്നാ സ്നേഹമൊള്ള ഒരാനയാന്നറിയാവോ! ഇപ്പ ശ്രീക്കുട്ടൻ വഴക്കുപറഞ്ഞേന് പിണങ്ങിപ്പോണ കൊണ്ടാ അല്ലേ എന്നെ കണ്ടപ്പഴേ തുമ്പീം നീട്ടി വന്നേനേ!”

“തീർത്തും കുഞ്ഞായിരിക്കുമ്പോൾ കൊണ്ടുവന്നതാ കണ്ണനെ! വാതിലിലൂടെ വീടിനകത്ത് കയറാൻ മാത്രം ചെറുതാരുന്നപ്പോൾ! അന്ന് അടുക്കളേ ശർക്കരയോ പഞ്ചസാരയോ ഒന്നും വെപ്പിക്കില്ലാരുന്നു അവൻ എല്ലാം കേറി കട്ട് തിന്നും! ശ്രീക്കുട്ടൻ അഞ്ചാംക്ളാസിൽ പഠിയ്കുമ്പളാ ഇവനെ കൊണ്ടുവരുന്നേ! രണ്ട് പേർക്കും അങ്ങോട്ടുമിങ്ങോട്ടും വല്യ ജീവനാ!”

Leave a Reply

Your email address will not be published. Required fields are marked *