“നീ പ്രീഡിഗ്രി പഠിച്ച കോളജിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാരുന്നു ഈ ശ്രീക്കുട്ടൻ എന്നുവിളിയ്കുന്ന ശ്രീകാന്ത്…! ഇപ്പ എംഫിൽ കഴിഞ്ഞ് പി.എച്ച്.ഡി യ്ക് തീസിസ്സ് തയ്യാറാക്കുവാ! അല്ലാതെ നീ പറഞ്ഞപോണക്ക് ആനക്കാരനൊന്നുവല്ല!”
അപ്പോൾ ശ്രീകാന്ത് എന്നാണ് പേര്! മില്ലുകാരുടെ വീട് എന്ന് ബസിൽ പോകുമ്പോൾ ഓരോരുത്തർ പറയുന്നത് കേട്ട് വീടും അറിയാം!
ഞാൻ വീണ്ടും ചോദിച്ചു:
“അപ്പ വീട്ടി ടിവി നന്നാക്കാൻ വന്നയാള് ഇയാളല്ല! ആട്ടെ നിനക്കെങ്ങനാ ഇവരെയൊക്കെ ഇത്ര നന്നായി അറിയാവുന്നേ…?
“എന്റെ റസിയേ ആ ആളും ഈയാള് തന്നാ! അവര് പത്ത് ചേട്ടാനിയന്മാരി ഇളയയാളുടെ മോനാ ഈ ശ്രീക്കുട്ടൻ! വല്യഛന്മാർ ഒൻപതുപേരുടേം പരിപാടികളും ശ്രീക്കുട്ടനറിയാം! സിറ്റീലെ ഹോംഅപ്ളയൻസ് സ്ഥാപനം അവരിലൊരാളാ അവിടുത്തെ സർവ്വീസ് സെന്ററീന്നാ നന്നാക്കാൻ ശ്രീക്കുട്ടൻ വന്നേ!”
“ഇവരുടെ മില്ലീന്ന് വാരുന്ന അറക്കപ്പൊടി ചാക്കിൽ നിറച്ച് ഉന്തുവണ്ടിയിൽ കുറ്റിയടുപ്പ് കത്തിയ്കുന്ന ഹോട്ടലുകളിലും വീടുകളിലും കൊണ്ടെ കൊടുത്തല്ലേ എന്റെ അപ്പൻ ഞങ്ങളെ പോറ്റി ജീവിച്ച് പോന്നത്..!
എൽസിയുടെ വാക്കുകൾ ശ്രീകാന്ത് എന്ന ആളോടുള്ള എന്റെ മോഹം ഒരു തരം ആരാധനയും അതിനപ്പുറവും ഒക്കെയായി അരക്കിട്ടുറപ്പിയ്കുകയായിരുന്നു!
പക്ഷേ എങ്ങനെ ആ മുന്നിൽ എത്തും എന്നതറിയാതെ ഞാൻ ഉഴറി! പിന്നീട് വീണ്ടും ഞങ്ങൾ കാണുന്നത് രണ്ട് മാസങ്ങൾ കഴിഞ്ഞാണ്.
അവരുടെ വീടിനടുത്തുള്ള എന്റെ ഒരു കൂട്ടുകാരി ഗായത്രിയുടെ വിവാഹച്ചടങ്ങിൽ വച്ച്!
അതും ഫോട്ടോഗ്രാഫറായി!
അപ്പോളാണ് ഓർമ്മ വന്നത് മില്ലിന്റെയും ഹോംഅപ്ളയൻസിന്റെയും അതേ വീട്ടുപേരിൽ തന്നെ ഒരു സ്റ്റുഡിയോ&കളർലാബ് സിറ്റിയിൽ കണ്ടിട്ടുള്ളത്….!
എനിക്ക് കൂട്ട് കിട്ടിയ എന്റെ ഒപ്പം നിന്ന ശ്ശ്രീലക്ഷ്മിയോട് ഞാൻ പതിയെ തിരക്കി ഈ വീട്ടിൽ ഗായത്രിയുടെ അടുത്ത് വരുമ്പോളുള്ള പരിചയമാണ് ഇവളോട്:
“ഏതാടീ മോളേ ആ ഫോട്ടോഗ്രാഫർ? കണ്ട് നല്ല പരിചയം!”
“അയ്യോ ഇത്തേ അതത്ര നല്ലപുളളിയൊന്നുവല്ല! വെറുമൊരു വായിനോക്കി! അധികം പരിചയമില്ലാണ്ടിരിക്കുവാ നന്ന്!”
ശ്രീലക്ഷ്മി ഇത് പറഞ്ഞപ്പോൾ ഞാൻ അവളോട് ദേഷ്യപ്പെട്ടു! അത് അൽപ്പം ഉറക്കെയും ആയിപ്പോയി:
“ദേ ശ്രീക്കുട്ടീ ചുമ്മാണ്ടനാവശ്യം പറഞ്ഞാലൊണ്ടല്ലോ! അങ്ങേരത്തരക്കാരനൊന്നുവല്ല!”
ശ്രീക്കുട്ടി ഉറക്കെച്ചിരിച്ചു! അവളുടെ ചിരി കേട്ട് അടുത്ത് നിന്നവർ ഞങ്ങളെ ശ്രദ്ധിച്ചു!
ഞാൻ അവളുടെ ഇടുപ്പിൽ പിച്ചി അടക്കിപ്പിടിച്ച ശബ്ദത്തിൽ ശാസിച്ചു:
“മിണ്ടാണ്ടിരിയെടീ പോത്തേ! ആണ്ടെ മനുഷേരെല്ലാം നോക്കുന്നു!”
ശ്രീക്കുട്ടനെ ഞാൻ കണ്ണിമയ്കാതെ നോക്കിയിരിക്കുന്നത് ശ്രീലക്ഷ്മി ഒരു ഊറിയ പുഞ്ചിരിയോടെ ശ്രദ്ധിയ്കുന്നുണ്ടായിരുന്നു!
ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് വധൂവരന്മാർ പോയി കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി എന്നെയും പിടിച്ച് വലിച്ചുകൊണ്ട് അങ്ങേരുടെ മുൻപിൽ ചെന്നു!
ആളും ഇടയ്കിടെ എന്നെ നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു!
“ഫോട്ടോക്കാരാ ഞങ്ങടെ ഒരു ഫോട്ടോയെടുക്കാവോ…?”
ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ ആണ് എനിക്ക് ഒരു കാര്യം കത്തിയത്….!
ശ്രീക്കുട്ടൻ….!
ശ്രീക്കുട്ടി…….!
ന്റെ റബ്ബേ! ഇവടാങ്ങളയാണോ!
“എന്നാലും ഈ കാട്ടുപോത്തിനേം നല്ലതാന്ന് പറയാനും ഒരാളുണ്ടായല്ലോ എന്റെ ദൈവമേ! വായിനോക്കിയാന്ന് പറഞ്ഞപ്പ ദേ ഇതെന്നെ കൊല്ലാൻ വരുവാരുന്നു!”
“ശ്രീക്കുട്ടീ ദേ നിന്റെ നാവടക്ക്..!”
അങ്ങേര് ശ്രീക്കുട്ടിയോട് ദേഷ്യപ്പെട്ടു! അവൾ ചെന്ന് അങ്ങേരെ വട്ടം പിടിച്ച് ചേർന്ന് നിന്ന് പറഞ്ഞു!
“എന്റിത്താ എന്റെ ചേട്ടനാ ഈ ജന്തു!”
അപ്പോൾ ഈ നരന്ത് പെണ്ണാണോ കണ്ണൻ എന്ന കൊലകൊന്പനെ പൂച്ചക്കുട്ടിയെ പോലെ കൊണ്ട് നടക്കുന്നത്…!
ഞങ്ങൾ ഇരുവരും ചേർന്ന് നിന്നുള്ള പടം എടുത്ത് കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി:
“ഇനി ഇത്താന്റെ തന്നെ ഒരെണ്ണം!”
ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അവൾ എന്നെ ബലമായി പിടിച്ച് നിർത്തി!
