അവളും അമ്മയുടെ സെറ്റ്സാരി പോലെ തന്നെ കസവ് കരയുള്ള പാവാടയും ബ്ളൌസുമാണ് ധരിച്ചിരിയ്കുന്നത്…!
കയ്യിൽ റോസ് നിറത്തിലുള്ള വലിയൊരു കരടിയുടെ പാവയുമുണ്ട്…!
“കുട്ടാപ്പിയെന്തിയേ ഒറങ്ങിയോ വാവക്കുട്ടീ…?”
ചോദിച്ച് കൊണ്ട് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ റസിയ മോളെ വാരിയെടുത്ത് ഉമ്മ വച്ചു.
“ഇതുമ്മാന്റെ കൂട്ടുകാരിയാ! ശാലിനിയാന്റി…! ഉമ്മാന്റെ കൂടെ കോളജിൽ പഠിച്ചതാ ഈ ആന്റീം…”
“ആന്റീം ഡോട്ടറാ…?”
റസിയയുടെ എളിയിലിരുന്ന വാവക്കുട്ടിയുടെ ചോദ്യം ശാലിനിയ്ക് നേരേ വന്നു…
“അല്ലെടീ മുത്തേ! ആന്റിക്കടുക്കളപ്പണിയാ….”
പറഞ്ഞ് കൊണ്ട് റസിയയുടെ കൈയിൽ നിന്നും വാവക്കുട്ടിയെ വാങ്ങി എടുത്തുകൊണ്ട് മൂവരും കൂടി വീടിനുള്ളിലേയ്ക് നടന്നു.
“അച്ചമ്മേം ഒറക്കാണോ വാവക്കുട്ടീ….?”
“അച്ചമ്മ കുട്ടാപ്പിയൊറങ്ങും മുന്നേ ഒറങ്ങി!”
“ബെറ്റിയാന്റിയോ….?
“ആന്റി ടെറസേ തുണി വിരിക്കുവാ ഉമ്മച്ചി വരുന്നകണ്ട് ഞാങ്കേറ്റ് തൊറക്കാൻ വന്നതാ!”
“ശ്രീയേട്ടന്റെ അമ്മേം ഇവിടെ ഞങ്ങളോടൊപ്പമുണ്ട്! കുട്ടാപ്പി ഇളയ മോനാ രണ്ട് വയസ്സ് കഴിഞ്ഞതേയുള്ളു!”
“നിന്റെ പിള്ളാര് തീർത്ത് പൊടിക്കുഞ്ഞുങ്ങളാണല്ലോടീ റസിയേ! എന്റെ എളേത് ഇപ്പ പ്ളസ്സ്ടൂ കഴിഞ്ഞു! മൂത്തവൻ നേരത്തെ നാട്ടിലെത്തി ഇവിടെ മെക്കാനിക്കൽ എൻജിനീയറിംഗിന് ചേർന്നാരുന്നു! കുഞ്ഞവന്റെ പ്ളസ്സ്ടൂ കഴിഞ്ഞപ്പ ഞങ്ങളും ഇങ്ങ് പോന്നു. ഇനി തിരികെ ഗൾഫിലേയ്കില്ല!”
ശാലിനി റസിയയോട് ഇത് പറയുമ്പോൾ ബെറ്റി തുണി വിരിച്ചിട്ട് കയറി വന്നു.
“അമ്പടീ ഉമ്മാനെ കണ്ടപ്പ അവക്കെന്നെ വേണ്ട! ഓടിയ ഓട്ടം കണ്ടില്ലേ! ഇതാരാ ഇത്താ..?”
തോളിൽ കിടന്ന ഷാളിനാൽ വിയർപ്പ് ഒപ്പിക്കൊണ്ട് ബെറ്റി ചോദിച്ചു!
“ഇത് ശാലിനി! എന്റെ കൂട്ടുകാരി നിന്റെ ചേച്ചീടേം!
എടീ ഇവള് നമ്മടെ എൽസീടെ അനിയത്തിയാ ഞങ്ങടെ കല്യാണം കഴിഞ്ഞപ്പ മൊതൽ ഇവളും ഞങ്ങളോടൊപ്പമാ ജീവിതോം പഠിത്തോം ഒക്കെ!”
തിരുവനന്തപുരത്ത് റസിയയുടെ വീടിന് അടുത്താണ് കൂട്ടുകാരി എൽസിയുടെ വീടും റസിയയുടെ വീട്ടിൽ ചെന്നുള്ള പരിചയമാണ് ശാലിനിയ്കും എൽസിയുമായി.
നിർദ്ധന കുടുംബത്തിലെ അംഗമായ അമ്മയില്ലാത്ത എൽസിയും ബെറ്റിയും അപ്പന്റെ മരണത്തോടെ അനാഥരായപ്പോൾ റസിയയുടെ ബാപ്പയാണ് അവരെ സംരക്ഷിച്ചത്!
ബാപ്പ എൽസിയെ നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്തി വിവാഹം കഴിപ്പിച്ച് അയച്ചപ്പോൾ എൽസിയേക്കാൾ പത്ത് വയസ്സിന് ഇളയ ബെറ്റിയെ സ്വന്തം വീട്ടിൽ മക്കളോടൊപ്പം തന്നെ നിർത്തി അദ്ദേഹം സംരക്ഷിച്ചു!
ബെറ്റി കുടിയ്കാൻ എടുക്കാൻ അകത്തേയ്ക് പോയപ്പോൾ ശാലിനി വീണ്ടും റസിയയുടെ നേരേ തിരിഞ്ഞു:
“ആട്ടെടീ…. നിന്റെ പുയ്യാപ്ളേപ്പറ്റി പറഞ്ഞില്ലല്ലോ! ആരാടീ നിന്നെ പൊട്ട് തൊടീപ്പിച്ച ആ മഹാൻ?”
റസിയ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് ടീവിയുടെ മുകളിലായി ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വിവാഹഫോട്ടോയിലേയ്ക് വിരൽ ചൂണ്ടി….
ഫോട്ടോയിലേയ്ക് നോക്കിയ ശാലിനി ഒരു ഞെട്ടലോടെ വായ് പൊളിച്ച പടി നിന്നുപോയി!
മജന്ത പട്ട് സാരിയുമുടുത്ത് തല നിറയെ മുല്ലപ്പൂവും ചൂടി പുഷ്പമാലയുമണിഞ്ഞ് നിൽക്കുന്ന റസിയയുടെ വലത് ഭാഗത്ത് കസവ് മുണ്ടും ക്രീം ഷർട്ടുമിട്ട് പൂമാലയും അണിഞ്ഞ് നിൽക്കുന്ന ആൾ……
“ശ്രീകാന്ത്…..!!!!”
മാർ ഈവാനിയോസിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ!!! കോളജിലെ ബസ്റ്റ് ആക്ടർ! ബഹുമുഖ പ്രതിഭ! ഇവർ പ്രീഡിഗ്രിയ്ക് ചേരുമ്പോൾ ശ്രീകാന്ത് അവിടെ അവസാനവർഷം ഡിഗ്രിയ്ക് പഠിയ്കുകയാണ്…!
വായ് പൊളിച്ച പടി ശാലിനി റസിയയുടെ മുഖത്തേയ്ക് നോക്കി ആശ്ചര്യത്തോടെ ചോദിച്ചു:
“ടീ… ഇത് നമ്മടെ ശ്രീകാന്തല്ലേ…! ഭയങ്കരീ! ഞാനാദ്യം ചോദിച്ചതിങ്ങ് തിരിച്ചെടുത്തു! പെണ്ണെന്നും പ്രേമോന്നും പറഞ്ഞാ കാള ചോപ്പു കാണുമ്പോലെ കലിയെളകി നടന്നോനാ…! നീയെങ്ങനെ ഈ കാട്ടുമാക്കാനെ മെരുക്കി വളച്ചെടുത്തടീ ഭയങ്കരീ….!!”
“ഹഹ ഹ! ശ്രീയേട്ടനെ നിനക്കറിയാരുന്നോ! ഒരു വർഷം പഠിച്ച നിനക്കറിയാം രണ്ട് വർഷം പഠിച്ച ഞാൻ പിന്നീട് ശ്രീയേട്ടൻ പറഞ്ഞാ അറിയുന്നെ പുള്ളീം അവിടെ നമ്മടെ ഒപ്പം കോളേജിൽ തന്നെ ഒണ്ടാരുന്നെന്ന്..!”
