വല്യമ്മ അലറി. അപ്പോൾ ഇതാണ് അവരുടെ ഭർത്താവു എന്നു പറയുന്ന കോന്തൻ എന്നു ഞാൻ മനസ്സിൽ രേഖപെടുത്തി.
“വായിൽ കിടക്കുന്ന നാക്കും വെച്ചു എന്തു വേണ്ടാധീനം വേണേലും പറയാമെന്നു ആണോ സന്ധ്യേ..”
അയാൾ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു.
“ഇവളു കൈയും കാലും കാണിച്ചപ്പോൾ നിങ്ങൾ തന്നെ എടുത്തു കൊടുത്തതാവും ഇവൾക്കു എന്റെ മാല…”
അതു പറയുമ്പോൾ വല്യമ്മയുടെ കണ്ണു ചുമന്നു ഉരുണ്ടു.
“മിണ്ടാതിരുന്നോണം സന്ധ്യേ നീ…”
അയാളു കൈ ചൂണ്ടി പറഞ്ഞു. ഞാൻ പടിക്കെട്ടിലേക്കു പ്രിഷ്ട്ടമമർത്തി ഇരുന്നു, ചുറ്റും ഒന്നു നിരീക്ഷിച്ചു. ലളിത ചേച്ചിയുടെ പുറകിലായി അവരുടെ തോളിൽ ഒരു കൈ താങ്ങി മിനാക്ഷി നിൽപ്പുണ്ട്… അവർക്കു കുറച്ചു പുറകിലായി ഭിത്തിയിൽ ചാരി മീരയും, അവളുടെ മുഖം കോപം കൊണ്ടു ചുമന്നിരുന്നു. അവളുടെ ചുമന്നു തുടുത്ത അധരങ്ങളെന്തോ ഉരുവിടുന്നുണ്ടായിരുന്നു… എന്താവും അവളു പിറുപിറുക്കുനതെന്നു ഞാൻ ചിന്തിച്ചു, അവളുടെ അമ്മയെ വഴക്കു പറയുന്ന വല്യമ്മയെ മനസ്സിൽ തെറി പറയുകയായിരിക്കുമോ അതോ വിധിയെ ശപിക്കുകയായിരിക്കുമോ…
“അമ്മാമ്മെ ഇതാണോ ആ മാല…”
വല്യമ്മയുടെ മുറിയിൽ നിന്നും കുട്ടി പാവാടയിട്ടു വന്ന അമ്മു ചോദിച്ചു കൊണ്ടു അവർക്കു നേരെ ഒരു കനമുള്ള സ്വർണ്ണ മാല നീട്ടി…
“ഇതു നിനക്കു എവിടുന്നാ അമ്മു…”
വല്യമ്മ കൈകൾക്കു ബലം നൽകി എഴുന്നേൽക്കുന്നതിനു ഇടയിൽ തിരക്കി…
“അമ്മാമ്മയുടെ മേശയുടെ പുറകിൽ നിന്നും…”
അമ്മു പറഞ്ഞു തീർത്തപ്പോൾ അവളുടെ കൈയിൽ നിന്നും ആ മാല വാങ്ങി അവരു പരിശോധിച്ചു…
“എന്റെ ഗുരുവായൂരപ്പാ, ഇതു കാണാതെ ഞാൻ എത്ര പേടിച്ചെന്നോ…”
നെഞ്ചിൽ കൈ വെച്ചു ചിരിച്ചു കൊണ്ടു സന്ധ്യ വല്യമ്മ പറഞ്ഞു.
“ഇതിനല്ലേ സന്ധ്യ വല്യമ്മ എന്റമ്മയെ ഇത്ര വഴക്കു പറഞ്ഞതു…”
ഹാൽഫ് സാരിയുടെ തൂക്കിന്റെ അറ്റം കൈയിൽ പിടിച്ചു ശബ്ദം താഴ്ത്തി മീര ചോദിച്ചു.
“ആയോ പൊന്നുമോൾക്കു അങ്ങു നൊന്തു അല്ലേ…. നിന്റെ അമ്മയെ കള്ളി എന്നു വിളിച്ചപ്പോൾ…”
വല്യമ്മ പുച്ഛത്തോടെ അവളെ നോക്കി ചോദിച്ചു.
“പിന്നെ നോവില്ലേ… ഒരു കുറ്റവും ചേയ്യാതെന്റമ്മയെ എല്ലാരുടെയും മുന്നിൽ വെച്ചു വേണ്ടാധീനം പറഞ്ഞാൽ…”
അതു പറയുമ്പോൾ മീരയുടെ വാക്കുകൾ ഇടറി…
“വെല്ലവന്റെയും വീട്ടിൽ വന്നു കിടക്കുമ്പോൾ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുമെടി…”
സന്ധ്യ വല്യമ്മ കോപത്തോടെ അവളെ നോക്കി പറഞ്ഞു.
“അറിയാം… വല്ലവെന്റെയും വീട്ടിൽ വന്നു തന്നെയാ കിടക്കുന്നതെന്നു നല്ലതുപോലെ അറിയാം, അതുകൊണ്ടു തന്നെയാ ആരുടേയും കൺവെട്ടത്തു പോലും വരാതെ എന്തേലും പണി ചെയ്തു ഞങ്ങളിവിടെ ജീവിക്കുന്നതും… പക്ഷെ മനസ്സാവാച അറിയാത്ത ഓരോന്നു തലയിൽ വെച്ചു തരുന്നതു കുറച്ചു കഷ്ടം തന്നെ…”
അതു പറയുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്റെ നെഞ്ചുമൊന്നു വിങ്ങി, അതു മീരയുടെ കണ്ണു നിറഞ്ഞതു കണ്ടിട്ടാണോ അതോ എനിക്കു എന്റെ അമ്മയെ ഇവരുടെ ഇങ്ങനെയുള്ള കുത്തു വാക്കുകളിൽ നിന്നും രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ടാണോ എന്നൊന്നും അറിയില്ലാ… ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അവിടേക്കു നടന്നു.
“അതിനിപ്പോൾ എന്താടി… നിന്റെ തള്ളയോടു എന്നെ കൊണ്ടു നീ മാപ്പു പറയിപ്പിക്കുമോ… പെണ്ണിന്നു ചുമ്മാതിരുന്നു കുത്തരി ചോറു തിന്നുന്നത്തിന്റെ കുത്തലു കണ്ടില്ലേ… നിന്നെ ഞാൻ ഉണ്ടെല്ലോ…“
അവളുടെ അരികിലേക്കു നീങ്ങിയ വല്യമ്മ ഞാൻ വരുന്നതു കണ്ടപ്പോൾ അവിടെ തന്നെ നിന്നു. ഞാൻ മീരയുടെ മുഖത്തേക്കു ഒന്നു നോക്കി, അവളുടെ നനഞ്ഞ കണ്ണുകൾ വല്യമ്മയെ തന്നെ നോക്കി നിൽപ്പായിരുന്നു… അവളെ വല്യമ്മയിൽ നിന്നും സംരക്ഷണമെന്നു തോനിയെങ്കിലും അച്ഛമ്മയോടു എതിർത്തതിന്റെ അടുത്ത ദിവസം തന്നെ വല്യമ്മയേയും വെറുപ്പിക്കുന്നത് ബുദ്ധിയല്ലെന്നു എനിക്കു തോന്നി, മാത്രമല്ലാ മീരയെ സഹായിക്കാൻ പോയി അവളുടെ വായിൽ നിന്നും നീ ഏതാടാ നായെ എന്നു കേട്ടാൽ തീർന്നില്ലേ.
തുടരും….
(നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എഴുതാനുള്ള പ്രചോദനം… അതുകൊണ്ടു അഭിപ്രായങ്ങൾ പറയാൻ മടിക്കല്ലേ… ഇഷ്ടപെട്ടാൽ ഒരു ഹൃദയം നൽകണമെന്നും, തെറ്റുകൾ ഉണ്ടേൽ അവ പറഞ്ഞു തരണമെന്നും അഭ്യർത്ഥിക്കുന്നു…)
