സാവിത്രിക്കിപ്പോ തോന്നിയത് കൗതുകമാണോ, അമ്പരപ്പാണോ, അൽഭുതമാണോന്ന് അവൾക്ക് തന്നെ മനസിലായില്ല..
ഇതെന്തോന്നിത്… ?.
ഏത് പെൺകുട്ടിയാണാവോ ഉണ്ണിയുടെ മനസിൽ ഇത്രയും കയറിപ്പറ്റിയത്… ?..
അവളേതായാലും മണ്ടിയാണ്… ഉണ്ണിയെപ്പോലെ സൽസ്വഭാവിയും, സുന്ദരനുമായ ഒരു ചെറുപ്പക്കാരനെ വേറെവിടെ കിട്ടും.. ചെറുതാണെങ്കിലും ഒരു സർക്കാർ ജോലിയും അവനുണ്ട്…
“ആ പെൺകുട്ടി ഏതാവും എന്നാണിപ്പോ ടീച്ചർ ചിന്തിക്കുന്നത്… അത് പറയാം…
ഈ എഴുത്ത് ഞാനെഴുതാനുള്ള കാരണം, എന്നെ ഈ കാര്യത്തിൽ സഹായിക്കാൻ ടീച്ചർക്ക് മാത്രമേ കഴിയൂ… ടീച്ചർ വിചാരിച്ചാലേ ഇതിനൊരു പരിഹാരമുണ്ടാവൂ…
ടീച്ചർക്കറിയോ, രണ്ട് വർഷത്തിലധികമായി അവളോടുള്ള പ്രണയം മനസിൽ കൊണ്ട് നടക്കുകയാണ് ഞാൻ… അവളറിയാതെ…
ഈ ഹൃദയ വേദന ഇനിയെനിക്ക് താങ്ങാനാവില്ല…
ഇതാരോടെങ്കിലും പറഞ്ഞില്ലേൽ എനിക്കിനി ഭ്രാന്ത് പിടിക്കും..അല്ലേൽ ഹൃദയം പൊട്ടി ഞാൻ മരിക്കും…”
താനൊരു കുടുക്കിലാണോ ചെന്ന് പെട്ടതെന്ന് സാവിത്രിക്കൊരു തോന്നലുണ്ടായി..
മാത്രമല്ല, അവൻ എഴുതിയ ശൈലി.. ഒരു പ്യൂണായ ഉണ്ണിയാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാനാവുന്നില്ല..
ഹൃദയത്തിൽ തുളച്ച് കയറുന്നത് പോലെയുള്ള വാക്കുകൾ..
അപ്പഴും താനവന് ചെയ്യേണ്ട സഹായമെന്തെന്ന് അവൾക്ക് മനസിലായില്ല.. താൻ വിചാരിച്ചാലാണത്രേ ഇതിനൊരു പരിഹാരമുണ്ടാവുക..
എങ്ങിനെ… ?.
തനിക്കിതിൽ എന്താണ് ചെയ്യാനാവുക… ?…
“ഇതിൽ രണ്ട് മൂന്ന് പ്രശ്നങ്ങളുണ്ട്…
ഒന്നാമത്തെ പ്രശ്നം ഞാൻ നേരത്തേ പറഞ്ഞത് തന്നെ… എന്റെ ഇഷ്ടം അവളറിഞ്ഞിട്ടില്ല…
അവളോട് നേരിട്ട് പറയാൻ എനിക്ക് കഴിഞ്ഞില്ല… പലവട്ടം പറയാനൊരുങ്ങിയതാണ്…
ധൈര്യമില്ലായിരുന്നു…
അവളെന്നെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നതെന്ന് അനുഭവത്തിലൂടെ എനിക്ക് ബോധ്യമായതാണ്.. അവളോട് ഞാനെങ്ങിനെ….?”..
കാത്തിരിക്കാൻ സാവിത്രിക്ക് ക്ഷമയില്ലായിരുന്നു..
ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടിണ്ട്..അതിലൊന്നും കാണാത്ത എന്തോ ഒരു ത്രില്ല് ഈ എഴുത്തിൽ തോന്നുന്നു… ഒരു വർഷത്തെ മാത്രം പരിചയമുള്ള ഒരു ചെറുപ്പക്കാരൻ അവന്റെ ജീവിതം തന്റെ മുന്നിൽ തുറന്ന് വെക്കുകയാണ്..
അവൾക്ക് വായിക്കാൻ ആവേശം കൂടി..
താൻ ജീവതത്തിലെ ഏറ്റവും വലിയ ഞെട്ടലിലൂടെയും, ഹൃദയം പോലും വിറച്ച് പോകുന്ന പേടിയിലൂടെയുമാണ് അടുത്ത വരി വായിക്കാൻ പോകുന്നതെന്നറിയാതെ ത്രസിപ്പിക്കുന്ന ആ ജീവിത കഥ സാവിത്രി തുടർന്ന് വായിച്ചു..
“വേറൊരു പ്രശ്നമുള്ളത് അതിലും വലുതാണ്… എന്നെക്കാൾ പ്രായക്കൂടുതലാണ് അവൾക്ക്… പ്രായക്കൂടുതലെന്ന് പറഞ്ഞാ, ഒരു ഇരുപത് വയസിലേറെ… അവൾ ഭർത്താവ് മരിച്ചൊരു വിധവയാണ്…
അവളാണ്… അവളാണെന്റെ കാമുകി..
അവളോട് പറയാനാകാതെ, മൂന്ന് വർഷം.. മൂന്ന് വർഷമാണ് ഞാൻ വേദനയോടെ ജീവിച്ചത്…
ഈ ഹൃദയ വേദന ഇനിയെനിക്ക് താങ്ങാനാവില്ല… ഇനിയിത് അവളോട് പറയാതിരിക്കാനുമാവില്ല…”
വിരലുകൾ വിറച്ച് സാവിത്രിയുടെ കയ്യിൽ നിന്ന് ആ പേപ്പർ മടിയിലേക്ക് വീണു..
എന്താണിത്… ?..
എന്താണിതിനർത്ഥം…?..
എന്താണവൻ പറഞ്ഞത്…?.
മടിയിൽ കിടക്കുന്ന ആ പേപ്പറിലേക്ക് പ്രേതത്തെ നോക്കും പോലെ അവൾ തുറിച്ച് നോക്കി..
ഇരുപത് വയസിലേറെ പ്രായക്കൂടുതൽ.. ഭർത്താവില്ലാത്ത വിധവ… !
അത്… അത്… അതാരാണ്..?.
ജീവിതത്തിൽ ഇത് വരെ അനുഭവിക്കാത്ത തരത്തിൽ സാവിത്രി ഞെട്ടി വിറച്ചു പോയി… !
ബാക്കി വായിക്കണോന്ന് അവൾ പലവട്ടം ചിന്തിച്ചു.. മടയിൽ നിവർന്ന് കിടക്കുന്ന ആ പേപ്പറിലെ അടുത്ത വരിയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു…
“ഇനിയിത് മുഴുവൻ വായിക്കാതെ ടീച്ചറിത് കീറിക്കളയരുത്…
എനിക്കറിയാം ടീച്ചർ ഞെട്ടിയിട്ടുണ്ട്… ശരിക്കും പേടിച്ചിട്ടുണ്ട്… എങ്കിലും ഇത് മുഴുവൻ വായിക്കണം…”
വിറക്കുന്ന കൈകൾ കൊണ്ട് വീണ്ടും അവളത് കയ്യിലെടുത്തു..
നീല മഷിയിൽ ഉരുട്ടിയെഴുതിയ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ സഞ്ചരിച്ചു.. ഹൃദയവും…
“ഞാനവളെ ആദ്യം കാണുന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്… നമ്മുടെ സ്കൂളിൽ ആദ്യമായി ജോയിൻ ചെയ്യാൻ വന്നപ്പോ ആദ്യം ഞാൻ കണ്ടത് അവളെയാണ്… ആദ്യം പരിചയപ്പെട്ടതും..
ടീച്ചർ വിശ്വസിക്കുമോന്നറീല…
എനിക്കവളെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു… അവൾ വിധവയാണെന്നറിയില്ലായിരുന്നു… ഒന്നുമറിയില്ലായിരുന്നു…
എന്നിട്ടും… എന്നിട്ടും ആദ്യ കാഴ്ചയിൽ തന്നെ എന്റെ ഹൃദയത്തിലാണ് അവൾക്ക് ഞാൻ ഇരിപ്പിടമൊരുക്കിയത്…
എന്റെ പ്രായം തന്നെയായിരിക്കും എന്നാണ് ഞാൻ കരുതിയത്…
വിധവയാണെന്നും, പ്രായക്കൂടുതൽ ഉണ്ടെന്നും പിന്നീടറിഞ്ഞെങ്കിലും, എല്ലാം മറക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിനായില്ല…
എന്റെ ഹൃദയത്തിൽ നിന്ന് ഇറക്കിവിടാൻ എനിക്കായില്ല…”
