കണ്ണിലൂടെ ഇരുട്ട് കയറുന്നത് സാവിത്രി അറിയുന്നുണ്ട്… പുറത്ത് മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും അവളുടെയുള്ളിൽ ഉഷ്ണക്കാറ്റടിക്കുകയായിരുന്നു..
ഇരുട്ട് മൂടുന്ന കണ്ണുകൾ വലിച്ച് തുറന്ന് അവൾ വീണ്ടും വായിച്ചു..
“ ടീച്ചർ ഒട്ടുംപേടിക്കണ്ട… മൂന്ന് വർഷം ആരുമറിയാതെ ഞാനിത് ഉള്ളിൽ കൊണ്ട് നടന്നു…
മറ്റൊരു വിവാഹം കഴിച്ച് സമാധാനത്തോടെ ജീവിക്കാൻ ഞാൻ തീരുമാനിച്ചതാണ്…
പക്ഷേ, ഉള്ളിലുള്ളത് അറിയേണ്ട ആൾ അറിയണമെന്ന് എനിക്ക് തോന്നി…
പറയാതിരുന്നത് എന്റെ തെറ്റാണ്… ആ മുഖത്ത് നോക്കി അത് പറയാൻ എനിക്കാവില്ലായിരുന്നു…
പക്ഷേ, ഇനിയത് പറയാതെ വയ്യ… എന്റെ ഹൃദയം നീറിപ്പുകയുകയാണ്… മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ പോലും ഇതെനിക്ക് തുറന്ന് പറയണം…”
തന്റെ ഹൃദയം ആർദ്രമാകുന്നത് ഞെട്ടലോടെയാണ് സാവിത്രിയറിഞ്ഞത്…
“എനിക്കവളെ വിവാഹം കഴിക്കാൻ കഴിയുമെന്ന് എനിക്കിപ്പോ വലിയ പ്രതീക്ഷയില്ല…
ഒരുപാടൊരുപാട് പ്രതിബന്ധങ്ങൾ എന്റെയും, അവളുടെയും മുന്നിലുണ്ട്… ഈ ജന്മത്തിലില്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കാൻ കഴിയണം…
അതിന്,എനിക്കിത് തുറന്ന് പറഞ്ഞേ പറ്റൂ…”
സാവിത്രിയുടെ ഹൃദയം പോലും വിറക്കാൻ തുടങ്ങിയിരുന്നു.. ഈയൊരവസ്ഥ ജീവിതത്തിലിന്ന് വരെ അനുഭവിച്ചിട്ടേയില്ല…
“ ഇത് പറയാൻ ഞാൻ തെരെഞ്ഞെടുത്ത വഴി ശരിയായില്ലെന്ന് എനിക്കറിയാം…
ചങ്കൂറ്റത്തോടെ മുഖത്ത് നോക്കി പറയണമായിരുന്നു…
മൂന്ന് വർഷം ശ്രമിച്ചിട്ട് എനിക്കതിന് കഴിഞ്ഞില്ല…
ഇനി എത്ര വർഷമെടുത്താലും കഴിയുകയുമില്ല…
പക്ഷേ, ഇന്ന് ഞാനവളോടത് പറയും… ഇന്നല്ലെങ്കിൽ ഇതിനി പറയാൻ കഴിയില്ല…”
ആ പേപ്പറവിടെ തീർന്നു…
സാവിത്രി തിടുക്കത്തിൽ അടുത്ത പേപ്പറെടുത്ത് നിവർത്തി..
അവളുടെ മുഖം രക്തമിരച്ച് കയറി ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു..
അടുത്ത പേപ്പറിലെ ആദ്യത്തെ വരി അവൻ തന്റെ തൊട്ടടുത്തിരുന്ന്, തന്റെ മുഖത്തേക്ക് നോക്കി, തന്റെ ഭാവം പകർത്തിയതാണോന്ന് പോലും സാവിത്രിക്ക് തോന്നിപ്പോയി..
“ ടീച്ചർ പരിഭ്രക്കല്ലെ… എന്തിനാണ് മുഖമിങ്ങിനെ ചുവന്ന് തുടുത്തത്… ?..
എന്താനാണിങ്ങിനെ വിയർക്കുന്നത്… ?.
വിരലുകൾ വിറക്കുന്നുണ്ടല്ലോ.. ?..
ഒന്നും വേണ്ട…
ഒരു പേടിയും വേണ്ട…
ടീച്ചർക്കൊരു പ്രശ്നവുമുണ്ടാവില്ല…”
“ ഇത്രയും നേരം ഞാനെന്റെ പ്രശ്നങ്ങളാണ് ടീച്ചറോട് പറഞ്ഞത്…
ഞാനനുഭവിച്ച ഹൃദയ വേദനയും..
ഇപ്പഴും ഇവൻ കാര്യം പറഞ്ഞില്ലല്ലോന്നല്ലേ ടീച്ചർ ചിന്തിക്കുന്നത്… ?
പറയാം…
അതിന് മുൻപ് വേറൊന്ന്…”
സാവിത്രിയുടെ ഹൃദയം അതിദ്രുതം മിടിക്കാൻ തുടങ്ങി…
“ ഞാനിനി പറയുന്ന കാര്യം വേറൊരാളറിയരുത്… എനിക്ക് പ്രശ്നമുണ്ടായിട്ടല്ല… ടീച്ചർക്കത് എന്തേലും ബുദ്ധിമുട്ടാവും..അത് കൊണ്ട് മാത്രം…
മൂന്ന് വർഷമായി ഞാൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, ഞാൻ വിവാഹം കഴിക്കാനാഗ്രഹിച്ച, എന്നേക്കാൾ പ്രായം കൂടുതലുള്ള ആ പെണ്ണ് ടീച്ചറാണ്… എന്റെ സാവിത്രി ടീച്ചർ…”
സാവിത്രിയുടെ ഹൃദയം പോലും വിറച്ച് പോയി… കയ്യിൽ നിന്ന് വഴുതിപ്പോയ ആ പേപ്പർ ജനലിലൂടെ അടിച്ച് കേറിയ കാറ്റിൽ ഹാളിന്റെ മൂലയിലേക്ക് പറന്ന് പോയി.. സെറ്റിയിൽ ചാരിയിരുന്ന സാവിത്രി വിറച്ച് കൊണ്ട് ഒരു വശത്തേക്ക് വീണു… താങ്ങാനാവാത്ത ഹൃദയ ഭാരത്താൽ തന്റെ ബോധം മറയുന്നതും, കണ്ണുകൾ അടയുന്നതും നേർത്തൊരു ഓർമയിൽ അവളറിഞ്ഞു..
പിന്നെ ഒന്നും ഓർമയില്ല…ഒന്നും…
തനിക്ക് ചുറ്റും തീക്കാറ്റടിക്കുകയാണ്.. ദേഹമാകെ പൊള്ളിപ്പിടയുകയാണ്… ചുറ്റും വിജനത മാത്രം…
നോക്കുന്നിടത്തെല്ലാം മണൽ കൂനകൾ മാത്രം..
ഇതൊരു മരുഭൂമിയാണോ… ?.
താനെങ്ങിനെ ഇവിടെയെത്തി..?..
തൊണ്ട നനക്കാൻ അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ… മരുഭൂമിയുടെ വിജനതയിലേക്ക് അവൾ തുറിച്ച് നോക്കി…
ചക്രവാളം ആളിക്കത്തുകയാണ്… ആ തീ അടുത്തടുത്ത് വരികയാണ്..
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ തനിക്കൊരു വഴിയില്ലേ..
താനിപ്പോ വെന്ത് തീരും…
അതിന് മുൻപ് തന്റെ നേരെ ഒരു രക്ഷാകരം നീളില്ലേ…?..
അവൾ ചുറ്റും നോക്കി..
