തുളസിദളം – 3അടിപൊളി  

രണ്ടുപേരും കണ്ണടച്ച് കൈകൂപ്പി നിന്നു, പെട്ടെന്ന് ഒരു സുഗന്ധം അവിടെ നിറഞ്ഞു

“കാക്കാത്തിയമ്മ…”

രണ്ടുപേരും ഒരുപോലെ മന്ത്രിച്ചു

അവർ പെട്ടെന്ന് പുറത്തിറങ്ങിയതും അവരെ കാത്തെന്നപോലെ കാക്കാത്തിയമ്മ കാവിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, അവരെക്കണ്ടതും വൃന്ദ പൊട്ടികരഞ്ഞുകൊണ്ട് അവരുടെ അടുത്തേക്കോടി, അവരെ നോക്കി പുഞ്ചിരിയോടെ നിന്ന കാക്കാത്തിയമ്മയെ അവൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു, അവർ അവളെ ചേർത്ത് പിടിച്ചു, അവരെ നോക്കിനിന്ന കണ്ണനെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.

വൃന്ദ തന്റെ സങ്കടങ്ങളെല്ലാം കാക്കാത്തിയമ്മയോട് പറഞ്ഞ് ഏങ്ങി കരഞ്ഞു, അതുകണ്ട കണ്ണനും കരച്ചിൽ വരുന്നുണ്ടായിരുന്നു…

കാക്കാത്തിയമ്മ അവരെ തൊട്ടടുത്തുള്ള കെട്ടിന് മുകളിൽ ഇരുത്തി അവരും കൂടെയിരുന്നു, വൃന്ദ പതിയെ അവരുടെ മടിയിലേക്ക് തലവച്ചു കിടന്നു…അവൾ ഇന്നുണ്ടായ കാര്യം പറയാൻ തുടങ്ങുമ്പോൾ കാക്കാത്തിയമ്മ തടഞ്ഞു,

“അമ്മയെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, അവൻ പോട്ടെ…അമ്മ പറഞ്ഞപോലെ മോളുടെ രാജകുമാരൻ അവനല്ല…മോളുടെ രാജകുമാരൻ ഉടനെ വരും ഏഴ് കുതിരക്കളെ പൂട്ടിയ സ്വർണത്തേരിൽ മോളുടെ മാത്രം രാജകുമാരൻ, മോൾടെ സങ്കടങ്ങളെല്ലാം മാറ്റാൻ…”

വൃന്ദ അതെല്ലാം കേട്ട് വെറുതെ കിടന്നു, അവൾക്ക് അവരുടെ മടിയിൽ കിടക്കുമ്പോ വല്ലാത്തൊരു സുരക്ഷിതത്വവും അതിലുപരി ആശ്വാസവും തോന്നി…അവർ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു…

“മക്കൾക്ക് അമ്മ ഒരു കഥ പറഞ്ഞ് തരട്ടേ…?”

അവർ ചോദിച്ചു

കഥയെന്ന് കേട്ടതും കണ്ണൻ അവരുടെ മുഖത്ത് ശ്രദ്ധിച്ചിരുന്നു, വൃന്ദ പെട്ടെന്ന് കണ്ണുകൾ തുടച്ചു അവരെ ശ്രദ്ധിച്ചിരുന്നു, അതുകണ്ടു പുഞ്ചിരിച്ചു കൊണ്ട് കാക്കാത്തിയമ്മ കഥ പറഞ്ഞ് തുടങ്ങി…

“ഭഗവാൻ മഹാദേവൻ ഒരിക്കൽ ദേവേന്ദ്രനോട് കോപിച്ചു തന്റെ തൃക്കണ്ണ് തുറന്നു, ആ തൃക്കണ്ണിൽനിന്നുണ്ടായ കോപഗ്നി കടലിൽ പതിച്ചു, ആ കോപഗ്നിയിൽനിന്നാണ് ജലന്ധരൻ എന്ന അസുരൻ ജനിച്ചത്, ജലന്ധരനെ വരുണ ദേവൻ എടുത്ത് വളർത്തി, പിന്നീട് അസുര ഗുരുവായ ശുക്രചാര്യർ അവനെ പഠിപ്പിച്ചു അസുര രാജാവാക്കി… ജലന്ധരൻ കലനെമി എന്ന അസുരന്റെ പുത്രിയായിരുന്ന വൃന്ദയെ വിവാഹം കഴിച്ചു, വൃന്ദ പരമ വിഷ്ണുഭക്തയായിരുന്നു, അതിന് ശേഷം ജലന്ധരൻ മൂന്ന് ലോകങ്ങളും കീഴടക്കി അജയ്യനായി, പിന്നീട് ഭഗവാൻ പരമശിവനെക്കാളും വലിയവനാണ് താനെന്ന ഭാവത്തിൽ, മഹാദേവനെ വെല്ലുവിളിച്ചു, തന്റെ ഭർത്താവിന്റെ മരണം മുന്നിൽക്കണ്ട വൃന്ദ അധികഠിനമായ തപസ്സുകൊണ്ട് തന്റെ ഭർത്താവിന് അമരത്തം നേടിയെടുക്കുന്നു, പതിവ്രതയായിരുന്ന വൃന്ദയുടെ പാതിവൃത്യം നശിച്ചാലെ ജലന്ധരനെ വധിക്കാനാവുള്ളു എന്നറിഞ്ഞ ഭഗവാൻ മഹാവിഷ്ണു, ജലന്ധരന്റെ വേഷത്തിൽ വൃന്ദക്കരികിലെത്തി, ഒരു പതിവൃതയായ ഭാര്യ സ്വന്തം ഭർത്താവുമായി മാത്രം അനുഷ്ഠിക്കേണ്ട ഒരു ചടങ്ങ് വൃന്ദയോടൊത്ത് വേഷമാറി വന്ന ഭഗവാൻ മഹാവിഷ്ണു അനുഷ്ഠിച്ചു, അതോടെ പാതിവൃത്യം നഷ്ടമായ വൃന്ദയ്ക്ക് സ്വന്തം ഭർത്താവായ ജലന്ധരന്റെ അമരത്വവും നഷ്ടമായി, അങ്ങനെ ഭഗവാൻ പരമശിവന്റെ കയ്യാലേ ജലന്ധരൻ വധിക്കപ്പെട്ടു, തന്നെ ചതിച്ച മഹാവിഷ്ണുവിനെ ഒരു കല്ലായി തീരട്ടെയെന്ന് വൃന്ദ ശപിച്ചു, പിന്നീട് ജലന്ധരന്റെ ചിതയിൽചാടി വൃന്ദ ആത്മഹൂതി ചെയ്തു, പിന്നീട് വൃന്ദയുടെ ആത്മാവിനെ ഭഗവാൻ മഹാവിഷ്ണു തുളസി ചെടിയായി പുനർജ്ജനിപ്പിച്ചു…”

കാക്കാത്തിയമ്മ പറഞ്ഞുനിർത്തി ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി…രണ്ട് പേരും ആ കഥയിൽത്തന്നെ ലയിച്ചിരിക്കുകയായിരുന്നു…

“വൃന്ദയെപ്പോലെ മോളും പരിശുദ്ധയാണ്…ഒരു തുളസിദളം പോലെ,, അതെല്ലാർക്കുമറിയാം…എനിക്കും കണ്ണനും മോളേ ഇഷ്ടപ്പെടുന്ന എല്ലാർക്കും… നിങ്ങളെ ദ്രോഹിക്കുന്നവർക്കുള്ള ശിക്ഷ കാവിലമ്മ കൊടുത്തോളും, ഇനിയെന്റെമോള് വിഷമിക്കണ്ട…”

അവളുടെ തലയിൽ തഴുകിക്കൊണ്ട് അവർ പറഞ്ഞു,

വൃന്ദക്ക് വല്ലാത്ത ആശ്വാസം തോന്നി, അവർക്ക് രണ്ടുപേർക്കും സ്വന്തം അമ്മയോടുള്ളതുപ്പോലുള്ള സ്നേഹം കാക്കാത്തിയമ്മയോട് തോന്നി…

••❀••

നന്ദൻ വീട്ടിലെത്തുമ്പോൾ സാബു അവിടെയുണ്ടായിരുന്നു, അവനെക്കണ്ട് സാബുവൊന്ന് ചിരിച്ചു, നന്ദൻ തിരികെ മുഖത്തൊരു ചിരി വരുത്തി, തന്റെ മുറിയിലേക്ക് പോയി,

നന്ദന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു, എത്ര ശ്രമിച്ചിട്ടും വൃന്ദയെ മറക്കാൻ കഴിയുന്നില്ല,

‘താൻ വൃന്ദയോട് വിവേകിന്റെ കാര്യം ചോദിക്കുമ്പോ അവൾ തല കുനിച്ചു നിൽക്കുയായിരുന്നു, ഒന്നെതിർത്തത്പോലുമില്ല അപ്പൊ താൻ ചോദിച്ചതിന് മറുപടിയില്ല, താൻ ചോദിച്ചത് എല്ലാം സത്യമായിരുന്നു എന്നല്ലേ അതിനർത്ഥം…വിവേകിന്റെ കാര്യം ചോദിച്ചപ്പോൾ അവളൊന്ന് ഞെട്ടിയത് താൻ കണ്ടു, അപ്പൊ എല്ലാം സത്യമായിരിക്കും, കേശുനായർ… സ്വന്തം മകനെക്കുറിച്ച് ആരും കള്ളം പറയില്ല, അങ്ങനെയെങ്കിൽ വൃന്ദ ഒരു പെരുങ്കള്ളി തന്നെ, എങ്കിലും മനസ്സിനുള്ളിൽ ആരോ പറയുന്നപോലെ, കേട്ടതൊന്നും സത്യമല്ലന്ന്, പക്ഷേ താൻ അവളോട് നേരിട്ട് ചോദിച്ചതല്ലേ അവൾ അതെല്ലാം കള്ളമാണെന്ന് പറയുമെന്ന് കരുതി…ഇല്ല ഇനി നന്ദന്റെയുള്ളിൽ വൃന്ദയില്ല…’

നന്ദൻ മനസ്സിലുറപ്പിച്ചു,

അപ്പോൾ സാബുവും ശ്യാമയും മുറിയിലേക്ക് വന്നു,

കട്ടിലിൽ കിടക്കുകയായിരുന്ന നന്ദൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു, രണ്ടുപേരും അവനിരുവശത്തായി ഇരുന്നു, കുറേ നേരം ആരുമൊന്നും മിണ്ടിയില്ല,

“നന്ദൂട്ടാ…”

സാബു വാത്സല്യത്തോടെ വിളിച്ചു,

“നീയെന്ത് തീരുമാനിച്ചു…???”

നന്ദൻ ഒന്നും മിണ്ടിയില്ല

“മോനാറിയാലോ… നീയെന്ത് തീരുമാനിച്ചാലും നിന്നോടൊപ്പം ഈ ഞാനുണ്ടാകും… മോൻ പറ ഇനീം വൃന്ദയെതന്നെ വേണമെന്നാണേൽ അച്ഛൻ നടത്തിത്തരും ഈ കല്യാണം, ജാതകോ ഒന്നും ഞാൻ പ്രശ്നമാക്കുന്നില്ല, കാരണം എനിക്കെന്റെ നന്ദൂട്ടന്റെ സന്തോഷമാണ് വലുത്…”

“വേണ്ടച്ഛാ…എനിക്ക് വൃന്ദയെ വേണ്ട…എനിക്ക് വലുത് നിങ്ങള് രണ്ടുപേരുമാ… നിങ്ങളുടെയെല്ലാം സന്തോഷം കെടുത്തിയിട്ട് എനിക്ക് അവളെ വേണ്ട…”

നന്ദൻ സാബുവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ഏയ്…ഞങ്ങൾക്ക് സന്തോഷം തന്നെയാടാ മോന്റെ ഇഷ്ടം നടക്കട്ടെ, അല്ലേ ശ്യാമേ…”

സാബു ശ്യാമയോട് ചോദിച്ചു, ശ്യാമ അതിനു ഒരു മങ്ങിയ ചിരി ചിരിച്ചു…

നന്ദൻ രണ്ടുപേരെയും ചേർത്തുപിടിച്ചു.

“ഈ നന്ദൂട്ടന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്നോ…?? നിങ്ങൾ രണ്ടുപേരുമാ അത്, നമുക്ക് നമ്മൾ മാത്രം മതി…ഇനി എനിക്ക് കല്യാണം കഴിക്കാൻ തോന്നുമ്പോ നിങ്ങൾ ഒരു സുന്ദരിപ്പെണ്ണിനെ കണ്ടുപിടിച്ചു തന്നാൽ മതി, ഞാം കെട്ടിക്കോളാം,,,”

നന്ദൻ രണ്ടുപേർക്കും ഓരോ ഉമ്മ കൊടുത്തു അവർ തിരിച്ചും

Leave a Reply

Your email address will not be published. Required fields are marked *