തുളസിദളം – 3അടിപൊളി  

അയാൾ തന്റെ തോർത്ത്‌ കൊണ്ട് കണ്ണീരൊപ്പി…

നന്ദൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നെഞ്ചിലുണ്ടായ വിങ്ങൽ അടക്കി അയാളെത്തന്നെ തുറിച്ചുനോക്കി ഇരുന്നു… അവന്‍റെ കണ്ണിൽനിന്നും കണ്ണുനീർ ഉരുണ്ടിറങ്ങി. പതിയെ തന്റെ കണ്ണ് തുടച്ചിട്ട് അയാളുടെ കണ്ണിൽ നോക്കിയിട്ട് നന്ദൻ പറഞ്ഞു

“വൃന്ദ, എനിക്കറിയാവുന്ന കുട്ടിയാണല്ലോ, അവൾ അങ്ങനെയൊന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല…”

“കുഞ്ഞേ… എല്ലാം അവളുടെ കള്ളത്തരാ… എന്തിനും ഒരു കള്ള കണ്ണീര് കൂട്ടുണ്ടല്ലോ, കുഞ്ഞിനറിയോ… എന്റെ മോനെപ്പറ്റി ഞാൻ പറയാൻ പാടില്ലാത്തതാ, എന്നാലും കുഞ്ഞിനോടെനിക്ക് പറയാല്ലോ… ഏത്… അവളേം അവനേംകൂട അവളുടെ മുറിയിൽ രാത്രിയിൽ കാണാൻപാടില്ലാത്ത സാഹചര്യത്തിൽ കണ്ടു… പിന്നീട് അവിടുത്തെ സാർ ആരുമറിയാതെ ഒതുക്കി തീർത്തു… പിന്നീട് ഭീക്ഷണി സഹിക്കാതെയാണ് അവൻ കടല് കടന്നത്…”

അയാൾ അവന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു. നന്ദൻ പിന്നൊന്നും കേൾക്കാൻ നില്കാതെ അവിടെനിന്നുമിറങ്ങി.

നന്ദൻ പോയതിന് പിന്നാലെ കേശുനായർ ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയോട് അടുപ്പിച്ചു…

“കുഞ്ഞേ… ആള് ഇപ്പൊ ഇവിടുന്നിറങ്ങിയതേയുള്ളു… ഞാൻ വേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്…”

“……”

“ഉവ്വ്…വിശ്വസിച്ചിട്ടുണ്ട്…അക്കാര്യത്തി പേടിക്കണ്ട…”

“……”

“കുഞ്ഞോന്നുകൊണ്ടും പേടിക്കണ്ട…പിന്നെ കാശിന്റെ കാര്യം…”

“……”

“ശരി… നാളെപ്പോയി വാങ്ങിക്കോളാം… ഓ… ശരി…”

അയാൾ ഫോൺ കട്ട്‌ ചെയ്ത് തിരിയുമ്പോൾ ദേഷ്യത്തോടെ അയാളെ നോക്കി നിൽക്കുന്ന അയാളുടെ ഭാര്യ ലതയെ ആണ് കാണുന്നത്, അയാളൊന്ന് പതറിയെങ്കിലും, പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി,

“നിങ്ങളിന്നുവരെചെയ്ത എല്ലാ കൊള്ളരുതായ്മകളും ഞാൻ കണ്ണടച്ചിട്ടുണ്ട്… പക്ഷേ ഇത് കാവിലമ്മ പൊറുക്കില്ല… നിത്യവും മുടങ്ങാതെ കാവിലമ്മക്ക് വിളക്ക് വയ്ക്കുന്ന ഒരു പാവം കുട്ടീടെ ജീവിതമാണ് നിങ്ങള് തകർക്കുന്നത്… ആ കുട്ടീടെ ദുരിതം ആ തറവാടിനുള്ളിൽ ഞാൻ കാണുന്നതാണ്… താനിതിനു അനുഭവിക്കും നോക്കിക്കോ…???”

“ഉവ്വെടി… ഞാനനുഭാവിച്ചോളാം… ഒരുത്തരേം ഞാൻ കൂട്ടുവിളിക്കില്ല… രൂപ ഒന്നും രണ്ടുമല്ല… അമ്പയിനായിരം ആണ് കിട്ടാമ്പോണേ… പിന്നെ ഇക്കാര്യം ഞാനും നീയുമല്ലാതെ മറ്റൊരാളാറിഞ്ഞാലറിയാലോ എന്നെ…”

അയാൾ അവളെ ഭീക്ഷണിപ്പെടുത്തി

“താനൊരിക്കലും കൊണം പിടിക്കൂലടോ കാലാ…”

ലത തലയിൽ കൈവച്ചു പ്രാകി…

••❀••

നന്ദൻ ഉരുകുന്ന മനസ്സുമയാണ് അവിടുന്നിറങ്ങിയത്, യാതൊന്നിലും ശ്രദ്ധിക്കാൻ അവന് കഴിഞ്ഞില്ല, കേട്ടതൊക്കെ ഒരു സ്വപ്നമാവണേ എന്നവൻ പ്രാർത്ഥിച്ചു… തിളക്കമില്ലാത്ത മുഖവുമായാണ് അവന് വീട്ടിൽ ചെന്ന് കേറിയത്, ശ്യാമ അത് ശ്രദ്ധിക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞ് ശ്യാമ നന്ദന്റെ മുറിയിലേക്ക് ചെന്നു, വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു, നന്ദൻ കണ്ണടച്ച് വലതു കൈത്തണ്ട നെറ്റിയിൽ വച്ച് കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു…

“നന്ദൂട്ടാ…”

ശ്യാമ അവനെ സ്നേഹത്തോടെ വിളിച്ചു, നന്ദൻ കണ്ണ് തുറന്ന് അമ്മയെ നോക്കി പുഞ്ചിരിച്ചു, ശ്യാമ കട്ടിലിരുന്ന് അവന്റെ തല മടിയിലേക്ക് എടുത്തു വച്ച് തലോടിക്കൊണ്ടിരുന്നു,

“നന്ദൂട്ടാ…അമ്മേടെ മോൻ വിഷമിക്കരുത്, നമ്മുടെ കുടുംബത്തിന് വിധിച്ചിട്ടുള്ളവളല്ല വൃന്ദ, അമ്മക്കറിയാം അമ്മേടെ നന്ദൂട്ടൻ അവളെ എന്തുമാത്രം മോഹിച്ചിട്ടുണ്ടെന്ന്, അമ്മയ്ക്കും അവളെ വലിയിഷ്ടാ…പക്ഷേ എങ്ങനാ മോനേ നിന്നേ അറിഞ്ഞോണ്ടൊരു ആപത്തിലേക്ക് തള്ളി വിടുന്നത്, ഞങ്ങൾക്ക് ആകെ നീയേ ഉള്ളു, മോനവളെ മറക്ക്, മോനവളെക്കാളും സുന്ദരിക്കുട്ടിയെ ഞങ്ങൾ കണ്ടെത്തിത്തരും…”

നന്ദൻ ഒന്നും മിണ്ടാത്തെ ശ്യാമയുടെ മടിയിൽ മുഖം പൂഴ്ത്തി കരഞ്ഞു.

“അയ്യേ…അമ്മേടെ നന്ദൂട്ടൻ കരയുന്നോ, ഇപ്പോഴും മോൻ അമ്മേടെ ആ പഴയ കുഞ്ഞുകുട്ടി തന്നെ…”

ശ്യാമ അവനെ തലോടിക്കൊണ്ട് പറഞ്ഞു, അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണീര് അവന്റെ മുഖത്തേക്ക് വീണു,

••❀••

അന്ന് വൈകുന്നേരം നന്ദൻ കാവിനടുത്തായി വൃന്ദയെ കാത്ത് നിന്നു, ഇപ്പോഴും ഒന്നും പൂർണമായി വിശ്വസിക്കാൻ അവന് കഴിഞ്ഞിരുന്നില്ല,

‘എന്തായാലും എല്ലാം അവളുടെയെടുത്തുനിന്നുതന്നെയറിയണം, ഭാര്യയാകാൻ പോകുന്ന പെൺകുട്ടിക്ക് ഉണ്ടാവേണ്ട പരിശുദ്ധി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്, അല്ലാതെ മറ്റൊരു തീരുമാനത്തിന് ഞാൻ മഹാനൊന്നുമല്ല…’

അവന്റെ ചിന്തകൾ കാടുകേറി… കുറച്ചു കഴിഞ്ഞപ്പോൾ വൃന്ദ പതിയെ നടന്ന് വരുന്നത് കണ്ടു,

ഒരു കടുംനീല പാവാടയും ഉടുപ്പുമാണ് അവളിട്ടിരുന്നത്, കണ്ടാൽ തന്നെയറിയാം സാരി വെട്ടി തയ്ച്ചതാണെന്ന്, ആ വസ്ത്രത്തിലും അവൾ അതി സുന്ദരിയായിരുന്നു,

കണ്ണൻ കുട്ടൂസനൊപ്പം കളിച്ചു ചിരിച്ചു നടക്കുന്നുണ്ട്, നന്ദനെക്കണ്ട വൃന്ദ പെട്ടെന്ന് തല താഴ്ത്തി നടത്തയുടെ വേഗം കുറച്ചു, നന്ദൻ അവളെത്തന്നെ നോക്കി നിന്നു,

വൃന്ദ പതിയെ തലകുനിച്ചു നടന്ന് നന്ദനെ കടന്ന് മുന്നോട്ട് പോയി, നന്ദൻ അവളെ ഗൗരവത്തിൽ വിളിച്ചു

“വൃന്ദ ഒന്ന് നിൽക്ക്…”

വൃന്ദ സ്വിച്ചിട്ടപോലെ നിന്നു, നന്ദൻ നടന്ന് അവളുടെ അടുത്തെത്തി, നന്ദൻ കുറച്ചു നേരം അവളെത്തന്നെ നോക്കി നിന്നു, വൃന്ദ അപ്പോഴും തലകുനിച്ചു നിൽക്കുകയായിരുന്നു.

“എനിക്ക് വൃന്ദയോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്…”

നന്ദൻ ഗൗരവത്തിൽ പറഞ്ഞു, അപ്പോഴും വൃന്ദയൊന്നും മിണ്ടാത്തെ തലകുനിച്ചു നിന്നു,

“വൃന്ദക്കൊരു വിവേകിനെ അറിയാമോ…ദാ ആ ചായക്കട നടത്തുന്ന കേശു നായരുടെ മോൻ…??”

അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് നന്ദൻ ചോദിച്ചു,,,

വൃന്ദ മിണ്ടാതെ കണ്ണീര് വാർത്തു…

“തന്നേം അവനേം കൂടെ തന്റെ മുറിയിൽ അസമയത്തു കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ആരോ കണ്ടുവെന്ന് എന്നോട് ഒരാൾ പറഞ്ഞു…അതിലെന്തേലും സത്യമുണ്ടോ…???”

വൃന്ദ ഞെട്ടി അവനെ നോക്കി, പിന്നീട് കണ്ണനെ നോക്കി…പിന്നെ കരഞ്ഞുകൊണ്ട് കണ്ണനെ ചേർത്തുപിടിച്ചു,

“വൃന്ദ…തന്നോടാണ് ഞാൻ ചോദിക്കുന്നത്…എനിക്കതിനു ഉത്തരം കിട്ടിയേ പറ്റു…”

കുറച്ചുനേരം വൃന്ദ ഒന്നും മിണ്ടിയില്ല പിന്നീട് അവളൊരു ദീർഘനിശ്വാസം വിട്ട്, നന്ദനെ നോക്കി…

“നന്ദേട്ടൻ എന്നെ മറന്നേക്ക്, എനിക്കിക്കോരിക്കലും നന്ദേട്ടന്റെ സങ്കല്പത്തിലുള്ളൊരു ഭാര്യയാവാൻ കഴിയില്ല…ദയവ് ചെയ്ത് എന്നെ ശല്യപ്പെടുത്തരുത്…”

വൃന്ദ പെട്ടെന്ന് കണ്ണീര് പൊഴിച്ചുകൊണ്ട് കണ്ണനേം കൂട്ടി മുന്നോട്ടോടി, നന്ദന് തന്റെ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ തോന്നി…നന്ദൻ കാവിലേക്ക് ഓടി പോകുന്ന വൃന്ദയെ നോക്കി നിന്നു, അവന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണീർ ഒഴുകിയിറങ്ങി…

••❀••

വൃന്ദ കാവിലെത്തി കരഞ്ഞു കലങ്ങിയ മുഖവും കൈകാലുകളും കഴുകി കാവിൽ വിളക്ക് വച്ചു…തന്റെ സങ്കടങ്ങളെല്ലാം പ്രാർത്ഥനയായി കാവിലമ്മയോട് പറഞ്ഞു, അവളുടെ രണ്ട് കണ്ണുകളും തോരാതെ പെയ്തിറങ്ങി, തന്റെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ തോന്നി…അവൾ മനസ്സുരുകി പ്രാർത്ഥിച്ചു, അവളുടെ ഹൃദയം പൊട്ടുന്നപോലെ തോന്നി അവൾക്ക്, തനിപ്പോ ആൾക്കാരുടെ മനസ്സിൽ ഒരു ചീത്ത പെണ്ണായി, സത്യമതല്ലെങ്കിലും ഗതികേടുകൊണ്ട് നന്ദേട്ടൻ പറഞ്ഞതെല്ലാം കേട്ട്നിൾക്കേണ്ടി വന്നു മറുത്തൊന്നും പറയാനാകാതെ…

Leave a Reply

Your email address will not be published. Required fields are marked *