തുളസിദളം – 3 1അടിപൊളി  

അയാൾ തന്റെ തോർത്ത്‌ കൊണ്ട് കണ്ണീരൊപ്പി…

നന്ദൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നെഞ്ചിലുണ്ടായ വിങ്ങൽ അടക്കി അയാളെത്തന്നെ തുറിച്ചുനോക്കി ഇരുന്നു… അവന്‍റെ കണ്ണിൽനിന്നും കണ്ണുനീർ ഉരുണ്ടിറങ്ങി. പതിയെ തന്റെ കണ്ണ് തുടച്ചിട്ട് അയാളുടെ കണ്ണിൽ നോക്കിയിട്ട് നന്ദൻ പറഞ്ഞു

“വൃന്ദ, എനിക്കറിയാവുന്ന കുട്ടിയാണല്ലോ, അവൾ അങ്ങനെയൊന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല…”

“കുഞ്ഞേ… എല്ലാം അവളുടെ കള്ളത്തരാ… എന്തിനും ഒരു കള്ള കണ്ണീര് കൂട്ടുണ്ടല്ലോ, കുഞ്ഞിനറിയോ… എന്റെ മോനെപ്പറ്റി ഞാൻ പറയാൻ പാടില്ലാത്തതാ, എന്നാലും കുഞ്ഞിനോടെനിക്ക് പറയാല്ലോ… ഏത്… അവളേം അവനേംകൂട അവളുടെ മുറിയിൽ രാത്രിയിൽ കാണാൻപാടില്ലാത്ത സാഹചര്യത്തിൽ കണ്ടു… പിന്നീട് അവിടുത്തെ സാർ ആരുമറിയാതെ ഒതുക്കി തീർത്തു… പിന്നീട് ഭീക്ഷണി സഹിക്കാതെയാണ് അവൻ കടല് കടന്നത്…”

അയാൾ അവന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു. നന്ദൻ പിന്നൊന്നും കേൾക്കാൻ നില്കാതെ അവിടെനിന്നുമിറങ്ങി.

നന്ദൻ പോയതിന് പിന്നാലെ കേശുനായർ ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയോട് അടുപ്പിച്ചു…

“കുഞ്ഞേ… ആള് ഇപ്പൊ ഇവിടുന്നിറങ്ങിയതേയുള്ളു… ഞാൻ വേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്…”

“……”

“ഉവ്വ്…വിശ്വസിച്ചിട്ടുണ്ട്…അക്കാര്യത്തി പേടിക്കണ്ട…”

“……”

“കുഞ്ഞോന്നുകൊണ്ടും പേടിക്കണ്ട…പിന്നെ കാശിന്റെ കാര്യം…”

“……”

“ശരി… നാളെപ്പോയി വാങ്ങിക്കോളാം… ഓ… ശരി…”

അയാൾ ഫോൺ കട്ട്‌ ചെയ്ത് തിരിയുമ്പോൾ ദേഷ്യത്തോടെ അയാളെ നോക്കി നിൽക്കുന്ന അയാളുടെ ഭാര്യ ലതയെ ആണ് കാണുന്നത്, അയാളൊന്ന് പതറിയെങ്കിലും, പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി,

“നിങ്ങളിന്നുവരെചെയ്ത എല്ലാ കൊള്ളരുതായ്മകളും ഞാൻ കണ്ണടച്ചിട്ടുണ്ട്… പക്ഷേ ഇത് കാവിലമ്മ പൊറുക്കില്ല… നിത്യവും മുടങ്ങാതെ കാവിലമ്മക്ക് വിളക്ക് വയ്ക്കുന്ന ഒരു പാവം കുട്ടീടെ ജീവിതമാണ് നിങ്ങള് തകർക്കുന്നത്… ആ കുട്ടീടെ ദുരിതം ആ തറവാടിനുള്ളിൽ ഞാൻ കാണുന്നതാണ്… താനിതിനു അനുഭവിക്കും നോക്കിക്കോ…???”

“ഉവ്വെടി… ഞാനനുഭാവിച്ചോളാം… ഒരുത്തരേം ഞാൻ കൂട്ടുവിളിക്കില്ല… രൂപ ഒന്നും രണ്ടുമല്ല… അമ്പയിനായിരം ആണ് കിട്ടാമ്പോണേ… പിന്നെ ഇക്കാര്യം ഞാനും നീയുമല്ലാതെ മറ്റൊരാളാറിഞ്ഞാലറിയാലോ എന്നെ…”

അയാൾ അവളെ ഭീക്ഷണിപ്പെടുത്തി

“താനൊരിക്കലും കൊണം പിടിക്കൂലടോ കാലാ…”

ലത തലയിൽ കൈവച്ചു പ്രാകി…

••❀••

നന്ദൻ ഉരുകുന്ന മനസ്സുമയാണ് അവിടുന്നിറങ്ങിയത്, യാതൊന്നിലും ശ്രദ്ധിക്കാൻ അവന് കഴിഞ്ഞില്ല, കേട്ടതൊക്കെ ഒരു സ്വപ്നമാവണേ എന്നവൻ പ്രാർത്ഥിച്ചു… തിളക്കമില്ലാത്ത മുഖവുമായാണ് അവന് വീട്ടിൽ ചെന്ന് കേറിയത്, ശ്യാമ അത് ശ്രദ്ധിക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞ് ശ്യാമ നന്ദന്റെ മുറിയിലേക്ക് ചെന്നു, വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു, നന്ദൻ കണ്ണടച്ച് വലതു കൈത്തണ്ട നെറ്റിയിൽ വച്ച് കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു…

“നന്ദൂട്ടാ…”

ശ്യാമ അവനെ സ്നേഹത്തോടെ വിളിച്ചു, നന്ദൻ കണ്ണ് തുറന്ന് അമ്മയെ നോക്കി പുഞ്ചിരിച്ചു, ശ്യാമ കട്ടിലിരുന്ന് അവന്റെ തല മടിയിലേക്ക് എടുത്തു വച്ച് തലോടിക്കൊണ്ടിരുന്നു,

“നന്ദൂട്ടാ…അമ്മേടെ മോൻ വിഷമിക്കരുത്, നമ്മുടെ കുടുംബത്തിന് വിധിച്ചിട്ടുള്ളവളല്ല വൃന്ദ, അമ്മക്കറിയാം അമ്മേടെ നന്ദൂട്ടൻ അവളെ എന്തുമാത്രം മോഹിച്ചിട്ടുണ്ടെന്ന്, അമ്മയ്ക്കും അവളെ വലിയിഷ്ടാ…പക്ഷേ എങ്ങനാ മോനേ നിന്നേ അറിഞ്ഞോണ്ടൊരു ആപത്തിലേക്ക് തള്ളി വിടുന്നത്, ഞങ്ങൾക്ക് ആകെ നീയേ ഉള്ളു, മോനവളെ മറക്ക്, മോനവളെക്കാളും സുന്ദരിക്കുട്ടിയെ ഞങ്ങൾ കണ്ടെത്തിത്തരും…”

നന്ദൻ ഒന്നും മിണ്ടാത്തെ ശ്യാമയുടെ മടിയിൽ മുഖം പൂഴ്ത്തി കരഞ്ഞു.

“അയ്യേ…അമ്മേടെ നന്ദൂട്ടൻ കരയുന്നോ, ഇപ്പോഴും മോൻ അമ്മേടെ ആ പഴയ കുഞ്ഞുകുട്ടി തന്നെ…”

ശ്യാമ അവനെ തലോടിക്കൊണ്ട് പറഞ്ഞു, അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണീര് അവന്റെ മുഖത്തേക്ക് വീണു,

••❀••

അന്ന് വൈകുന്നേരം നന്ദൻ കാവിനടുത്തായി വൃന്ദയെ കാത്ത് നിന്നു, ഇപ്പോഴും ഒന്നും പൂർണമായി വിശ്വസിക്കാൻ അവന് കഴിഞ്ഞിരുന്നില്ല,

Leave a Reply

Your email address will not be published. Required fields are marked *