ശില്പ വെറുപ്പോടെ പറഞ്ഞു.
“നിനക്കെന്താ അവരോട് ഇത്രേം ദേഷ്യം…”
നളിനി ശില്പയോട് ചോദിച്ചു
“അവരോടല്ല, അവളോട്… ആ സുന്ദരിക്കോതയോട്… അവളിവിടെ കാലുകുത്തിയ അന്നുമുതൽ ഞാൻ കേൾക്കുവാ അവളെകണ്ടു പഠിക്ക്… അവളെക്കണ്ടു പഠിക്ക്… എവിടെ തിരിഞ്ഞാലും ഒരു ഉണ്ണിമോള്… മുത്തശ്ശിയും മുത്തശ്ശനും അവളെ തലയിലെറ്റി നടക്കയല്ലാരുന്നോ… ഞാനെന്ത് ചെയ്താലും അവർക്ക് ഇഷ്ടപ്പെടില്ല എല്ലാത്തിനും ഒരു ഉണ്ണിമോള്… എല്ലാം കഴിഞ്ഞ് സ്കൂളിലേക്ക് ചെന്നാലോ…ടീച്ചര്മാര് അവളെ പുകഴ്ത്തിപറയുന്നത് കേക്കുമ്പോ എനിക്ക് വെറച്ച് കേറും… അവള്ടെ ഉണ്ടക്കണ്ണും…. അവളുടെ അഡ്രെസ്സിലാ ഞാൻ ആ സ്കൂളിൽ അറിയപ്പെട്ടിരുന്നത് വൃന്ദേട ചേച്ചി…എന്റെ കൂടെ കൂട്ടുകൂടി നടന്നവന്മാർക്കുപോലും വൃന്ദയെ പരിചയപ്പെടാനും മാത്രം മതി ഞാൻ… അവക്ക് പത്താം ക്ലാസ്സിൽ ഏ പ്ലസ് കിട്ടിയപ്പോ മുത്തശ്ശനും മുത്തശ്ശിയും അവളെ കൊഞ്ചിക്കുന്നത് അമ്മ കണ്ടതല്ലേ, അതേ വർഷം ഞാനും പ്ലസ് ടുവിന് ഒരുപാട് ഏ പ്ലസ് ഒന്നുമില്ലേലും ഞാനും ജയിച്ചു പക്ഷേ ആരെയും കണ്ടില്ല ഒരു നല്ല വാക്ക് പറയാൻ, അന്നേ ഞാൻ കണക്ക് കൂട്ടിയതാ ഇവളെ ഒരു പാഠം പഠിപ്പിക്കാൻ…അമ്മയിപ്പോഴും കാണുന്നതല്ലേ അവള് പുറത്തിറങ്ങിയാ ആമ്പിള്ളേരുടെ ക്യു… അതൊക്കെക്കൊണ്ട് തന്നാ അച്ഛനോട് പറഞ്ഞു പ്ലസ്ടു കഴിഞ്ഞപ്പോ അവളുടെ പഠിത്തം ഞാൻ നിർത്തിച്ചത്…അവൾ സന്തോഷിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല, അവളിവിടെ കിടന്നു നരകിക്കണം…ഞാൻ അത് ചെയ്തിരിക്കും…”
ശില്പ വല്ലാത്തൊരു ഭാവത്തോട് പറഞ്ഞു നിർത്തി,
നളിനി അവളുടെ മുഖഭാവം കണ്ട് അന്തംവിട്ട് നിന്നു, ശില്പ നളിനിയെ നോക്കിയിട്ട് അകത്തേക്ക് പോയി.
••❀••
നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് രാവിലെ വ്യായാമമൊക്കെ കഴിഞ്ഞ് കുളിച്ചു മുറിയിലേക്ക് വന്നു,
നല്ല തടിച്ച രോമവൃതമായ ദേഹം ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടാവാം നല്ല ഉറച്ച പേശികൾ, രോമവൃതമായ ദേഹം, കട്ടിയുള്ള മീശ, കഷണ്ടി കേറിയ തല, എപ്പോഴും ചുവന്നുകിടക്കുന്ന കണ്ണുകൾ…ഒറ്റന്നോട്ടത്തിൽ ആരും ഭയക്കുന്ന രൂപം.
“രാജേട്ടാ… വക്കീൽ വിളിച്ചിരുന്നു, രാജേട്ടൻ കുളിച്ചു കഴിഞ്ഞു തിരിയെ വിളിക്കാന്നു പറഞ്ഞിട്ടുണ്ട്…”
നളിനി മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,
“ആ…ഞാൻ വിളിച്ചോളാം നീ പോയി ബ്രേക്ഫാസ്റ് എടുത്ത് വയ്ക്ക്.”
രാജേന്ദ്രൻ വസ്ത്രം മാറുന്നതിനിടയിൽ പറഞ്ഞു,
നളിനി പുറത്തേക്ക് പോയി
രാജേന്ദ്രൻ ഫോൺ എടുത്തു ഡയൽ ചെയ്തു,
“ഹലോ…വക്കീലേ…എന്തായി കാര്യങ്ങൾ…”
“…….”
“ആണോ…. എങ്കിൽ ഞാനാവഴി വരാം…ഓക്കേ ശരി…”
രാജേന്ദ്രൻ ഫോൺ കട്ട് ചെയ്തു ഡൈനിംഗ് റൂമിലേക്ക് വന്നു.
വൃന്ദ ടേബിളിലേക്ക് ഭക്ഷണം കൊണ്ട് വയ്ച്ചു തിരിഞ്ഞു
“ഒന്നവിടെ നിന്നെ…”
രാജേന്ദ്രൻ ഗൗരവത്തിൽ വിളിച്ചു
വൃന്ദ പേടിയോടെ അയാളെ നോക്കി
“നീയെന്താടി കണ്ടവന്മാരെകൊണ്ട് ഭീക്ഷണിപ്പെടുത്താൻ തുടങ്ങിയോ…? അവനാരാടി നിന്റെ…തന്തയോ…?”
രാജേന്ദ്രൻ ദേഷ്യത്തോടെ അലറി
വൃന്ദ പേടിച്ചു പുറകിലേക്ക് പോയി
“എന്താ അച്ഛാ എന്താ കാര്യം…”
അവിടേക്ക് വന്ന ശില്പ ചോദിച്ചു.
“എവട തന്തേര ഒരു കൂട്ടുകാരനുണ്ടല്ലോ ആ കോളേജ് വാദ്യാര്, അവനിന്നലെ എന്നെ ഒരു വിരട്ടല്… എവളെ ഇനീം പഠിക്കാൻ വിട്ടില്ലേ കേസ് കൊടുത്ത് എന്നങ്ങു തൂക്കിക്കൊല്ലുമെന്നു…”
“ഇനീപ്പോ തമ്പുരാട്ടിക്ക് പഠിച്ച് പട്ടം വാങ്ങണമായിരിക്കും… പിന്നെ പഠിക്കാനാണെന്നും പറഞ്ഞു ഉടുത്തോരുങ്ങി രാവിലെ ഇറങ്ങാല്ലോ ഇവിടുന്ന്…”
ശില്പ അതുംപറഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു,
വൃന്ദ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
“ഞാനൊരു കാര്യം പറഞ്ഞേക്കാം, മര്യാദിക്കാണേ വല്ലോം കുടിച്ചോണ്ട് ഇവിടൊരു മൂലേ കെടക്കാം, അല്ലേ രണ്ടിനേം തല്ലിക്കൊന്ന് ഞാൻ കെട്ടിത്തൂക്കും എന്നോടാരും ചോദിക്കില്ല…”
രാജേന്ദ്രൻ അലറി കൊണ്ട് പറഞ്ഞു, വൃന്ദ അതുകേട്ട് ഞെട്ടി പിന്നോട്ട് മാറി ഭിത്തിയിൽ ചാരി.
