തുളസിദളം – 1

ശില്പ അതുംപറഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു,

വൃന്ദ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

“ഞാനൊരു കാര്യം പറഞ്ഞേക്കാം, മര്യാദിക്കാണേ വല്ലോം കുടിച്ചോണ്ട് ഇവിടൊരു മൂലേ കെടക്കാം, അല്ലേ രണ്ടിനേം തല്ലിക്കൊന്ന് ഞാൻ കെട്ടിത്തൂക്കും എന്നോടാരും ചോദിക്കില്ല…”

രാജേന്ദ്രൻ അലറി കൊണ്ട് പറഞ്ഞു, വൃന്ദ അതുകേട്ട് ഞെട്ടി പിന്നോട്ട് മാറി ഭിത്തിയിൽ ചാരി.

“ആഹാരം കഴിക്കുന്നടുത്ത് നിന്ന് മോങ്ങാതെ കേറി പോടീ അകത്ത്…”

ശില്പ അവളോട് ദേഷ്യപ്പെട്ടു…

വൃന്ദ ഓടി അടുക്കളയിലേക്ക് പോയി.

അവൾ അടുക്കളയിൽ ചെല്ലുമ്പോ കണ്ണൻ അവിടേക്ക് വന്നു

“എന്താ ഉണ്ണിയേച്ചി കരയുന്നേ…?”

അവൾ കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

“ഉണ്ണിയേച്ചീടെ കണ്ണീ പൊടി പോയതാ…”

കണ്ണൻ വിഷമത്തോടെ അവളെ നോക്കി

“എന്റെ ഉണ്ണിയേച്ചി വിഷമിക്കണ്ട ഞാൻ വലുതാവട്ടെ നമുക്ക് ഇവിടന്ന് എങ്ങോട്ടേലും പോകാം…”

വൃന്ദ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു

••❀••

രാജേന്ദ്രൻ ടൗണിലേക്ക് പോകുന്നവഴി വക്കീലഫീസിൽ കയറി വക്കീലിന്റെ റൂമിന് മുന്നിലായി പേരെഴുതിയ ബോർഡ്‌ വായിച്ചു

‘Adv. ഗോപൻ MA LLM’

ഡോർ തുറന്ന് അകത്തേക്ക് കയറി, എന്തോ വായിച്ചുകൊണ്ടിരുന്ന വക്കീൽ തലയുയർയത്തി നോക്കി

“വരണം രാജേന്ദ്രൻ…തന്നെ കിട്ടാൻ എത്ര അമ്പലത്തിൽ വഴിപാട് കഴിച്ചെന്നറിയോ…”

“ഞാനിന്നലെ വളരെ താമസിച്ചാണ് വന്നത് മൊബൈൽ സൈലന്റ് ആയിരുന്നു”

രാജേന്ദ്രൻ ഇരുന്നുകൊണ്ട് പറഞ്ഞു

“അത് പോട്ടെ… താനാ പണം കൊണ്ട് കൊടുത്തോ…”

“ഉവ്വ്… മുപ്പത് ലക്ഷമാ കൊണ്ട് കൊടുത്തത്”

“വേറാര്ക്കുമല്ലല്ലോ തനിക്ക് വേണ്ടിയല്ലേ…? “

രാജേന്ദ്രൻ ഒന്നും മിണ്ടിയില്ല

“ഇതൊന്നുമായില്ല, താൻ ഫിനാൻസ് എടുത്ത കമ്പനിക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്… ഒന്നും രണ്ടുമല്ല കോടികളാ തിരിച്ചു കൊടുക്കേണ്ടത്…”

“മ്, ഞാനറിഞ്ഞു.”

രാജേന്ദ്രൻ പറഞ്ഞു

“താനത് എത്രേം പെട്ടെന്ന് സെറ്റൽ ചെയ്യുന്നതാവും നല്ലത്, അത് ചില്ലറ കളിയല്ല അവന്മാരെപ്പറ്റി ഞാൻ പറയാതെതന്നെ തനിക്കറിയാലോ…?”

രാജേന്ദ്രൻ അറിയാമെന്നു തലയാട്ടി

“തറവാടും ഡയറി ഫാമും മില്ലുമാണ് വിലയുള്ളത്, അതാണെങ്കിൽ ആ പിള്ളേരുടെ പേരിലും… എത്ര കോടി രൂപയാ അതിന്റെ ലാഭ വിഹിതം ആ പിള്ളേർക്ക് കിട്ടുന്നത് എന്നറിയാമോ…??തന്റെ അമ്മാവനെ പറ്റിച്ച് സ്വത്ത്‌ എഴുതിവാങ്ങിയപ്പോ അതുംകൂടി എഴുതി വാങ്ങിക്കൂടായിരുന്നോ…?”

“അത് രണ്ടും ആ തള്ളേടെ പേരിലല്ലായിരുന്നോ… അവർക്കായിരുന്നേ എന്നെ കണ്ണിന് നേരെ കണ്ടൂടായിരുന്നു… പതിയെ നളിനിയെക്കൊണ്ട് അത് എഴുതി വാങ്ങാം എന്ന് പറഞ്ഞിരുന്നപ്പോഴാ… കിളവനും കെളവിക്കും എളേ മോളോട് ഭയങ്കര സ്നേഹം… ഭാഗ്യത്തിന് ഒരാക്സിഡന്റിൽ അവള് തീർന്നു… പിന്നീട് ഞാംപോലുമറിയാതെ ആ തള്ള ആ പിള്ളേരുടെ പേരിലെഴുതിക്കൊടുത്തു… ആ തള്ളേടെ മരണത്തിന് ശേഷമാ ഞാനീക്കാര്യം അറിഞ്ഞത്, അതിന് മുൻപേ അവർ നളിനിയോട് പറഞ്ഞത് വീടും മില്ലും അവളുടെ പേരിടെഴുതിയെന്നാ… ഞാനാണേ അതും വിശ്വസിച്ചു, പിന്നീടാണ് ചതിക്കപ്പെട്ടത് ഞാന്നറിയുന്നേ..”

രാജേന്ദ്രൻ പറഞ്ഞു

“ആ ആക്‌സിഡന്റിൽ എനിക്ക് ചെല സംശയങ്ങളൊക്കെയുണ്ട് തനിക്കതിൽ ഒരു പങ്കുമില്ലല്ലോ…?”

രാജേന്ദ്രന്റെ മുഖത്ത് നോക്കിക്കൊണ്ട് വക്കീൽ ചോദിച്ചു

“അതെന്താ വക്കീലേ ഇപ്പൊ ഒരു സംശയം…?”

രാജേന്ദ്രൻ അമ്പരന്നുകൊണ്ട് ചോദിച്ചു

“അല്ല… അന്ന് ആക്സിഡന്റായ ലോറി പിന്നീട്ടിതുവരെ പോലീസ് കണ്ടിട്ടില്ല… മിനിസ്ട്രി ലെവലിൽ ആരോ നന്നായി കളിച്ചിട്ടുണ്ട്… അതെനിക്ക് മനസ്സിലായി… ആ സമയത്താണ് തന്റെ പേരിലുള്ള പ്രോപ്പർട്ടി വിറ്റത്…. എല്ലാംകൂടി ചേർത്തുനോക്കുമ്പോ…..?വക്കീലിനോടും ഡോക്ടരോടും കള്ളം പറയരുതെന്നാ“

“ ഏയ്… ഇല്ല വക്കീലേ…”

രാജേന്ദ്രൻ പതിയെ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു.

“ഇപ്പൊ ഈ കേസ് സെറ്റിൽ ചെയ്താലും ഇനീം കിടക്കുന്നു രണ്ട് കേസുകൾ… അതിലൊന്ന് തന്റെ തലക്ക്മുകളിൽ ഒരു വാളുപോലാ അതുകൊണ്ട് എങ്ങനേലും രക്ഷപ്പെടാൻ നോക്ക്… ദേവടം ഓയിൽ മിൽസിലെ അക്കൗണ്ട് തിരുമറിയാ കേസ് അതും കോടികളുടെ… ആ പെണ്ണ്… എന്താ പേര്… വൃന്ദ… അവൾക്ക് പ്രായപൂർത്തിയായി… അതോണ്ട് ആ ഏജൻസി എപ്പോ വേണേലും തന്നെ കുരുക്കാം, ഇതിപ്പോ താൻ അവരുടെ ലീഗൽ ഗാർഡിയൻ ആണെന്ന് പറഞ്ഞു വാദിച്ചിട്ടാ അത് സ്റ്റേ ചെയ്തേക്കുന്നെ എപ്പോ വേണേലും അത് പൊളിയാം… പറഞ്ഞില്ലാന്നു വേണ്ട…”

“അത് വക്കീലേ… തറവാടും മില്ലും വച്ച് എന്തേലും നടക്കോ…?”

“എടൊ… തനിക്കത് അറിയാൻ വയ്യാത്തോണ്ടാ… തറവാടും ഏഴ് ഏക്കറും മില്ലും പിന്നെ ആ ദേവടം ഡയറി ഫാം മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് എഴുതിവച്ചിരിക്കുന്നത് ആ പിള്ളേരുടെ പേരിലാണ്… ബാക്കി തന്റെ പുറപ്പെട്ടു പോയ അളിയന്റെ പേരിലും… അതും എഴുതി സീൽ ചെയ്ത് വച്ചേക്കുകയാ… തന്റെ അമ്മാവന്റെ വക്കീലിന്റല്… അതാരാണെന്ന് തനിക്കറിയാലോ, ഭരതൻ വക്കീൽ, അങ്ങേരാണേൽ കൊടികുത്തിയ വക്കീലും തനിക്ക് ഒന്ന് കാണാൻ പോലും പറ്റില്ല… ഇപ്പൊ അയാളുടെ മകനാണ് ഇപ്പൊ അയാളുടെ കേസുകളൊക്കെ നോക്കുന്നത്, അത് മറ്റൊരു കുരിശ്… താൻ സൂക്ഷിച്ചോ ആ പെണ്ണിന് പ്രായപൂർത്തിയായി ഇനി ഇപ്പോ വേണേലും തന്റെ അമ്മാവന്റെ വക്കീലിന്റെ എൻട്രി പ്രതീക്ഷിക്കാം… ആ പിള്ളേരുടെ ഗാർഡിയൻ എന്ന ലേബലിൽ താൻ കാണിച്ചിട്ടുള്ള എല്ലാ തിരിമറികൾക്കും കണക്ക് പറയേണ്ടി വരും… മാത്രമല്ല താൻ വെറുമൊരു ജോലിക്കാരൻ മാത്രമല്ലെ…?, പേരിന് താനൊരു മുതലാളി ആണെന്ന് പറയാം… അവിടത്തെ അഡ്‌മിൻ ഹെഡ് ഏതോ ഏജൻസി അല്ലേ…? താൻ വെറുമൊരു അഡ്മിൻ മെമ്പർ, ഇനി എപ്പോ വേണേലും ആ പെണ്ണിന് മില്ല് ഏറ്റെടുക്കാം”

രാജേന്ദ്രൻ ദയനീയമായി വക്കീലിനെ നോക്കി

“തല്ക്കാലം താൻ പേടിക്കണ്ട ഭാരതൻ വക്കീലിന്റെ മോൻ ഇപ്പൊ വിദേശത്തെങ്ങാണ്ടാ, അവൻ നാട്ടിലെത്തിയിട്ടേ എന്തേലും നടക്കു… പുള്ളി ആള് എങ്ങനാന്ന് നോക്കട്ടെ..”

രാജേന്ദ്രൻ വെറുതെ ഒന്ന് മൂളി, പിന്നീട് പതിയെ എഴുന്നേറ്റു

“അപ്പൊ ഞാനിറങ്ങട്ടെ…?”

“ആയിക്കോട്ടെ… പിന്നെ താൻ മര്യാദക്ക് നടക്കാൻ നോക്ക്… ഇപ്പൊ ക്രിമിനൽ കേസ് മൂന്നെണ്ണമാണ്, പറഞ്ഞേക്കാം…”

ഒരു താക്കീതുപോലെ വക്കീല് പറഞ്ഞു,

രാജേന്ദ്രൻ തിരികെ പോരുമ്പോൾ അടുത്ത പദ്ധതി ആലോചിച്ചു

••❀••

രാജേന്ദ്രൻ ദേവടം ഫിനാൻസിലെത്തി, വർഷങ്ങളായുള്ള ഒരു ഫിനാൻസ് കമ്പനിയാണ് ദേവടം ഫിനാൻസ്, പണ്ട് നാരായണവർമ കർഷകർക്ക് കൃഷിക്ക് വേണ്ടി പണം ഏറ്റവും കുറഞ്ഞ പലിശക്ക് കാർഷിക വായ്പ കൊടുക്കാൻ രജിസ്റ്റർ ചെയ്തതാണ് ദേവടം ഫിനാൻസ്, പിന്നീട് അന്നാട്ടുകാരുടെ ഏറ്റവും പ്രീയപ്പെട്ട ബാങ്കായി മാറി, നാട്ടുകാർക്ക് സമ്പാദ്യശീലം വളർത്തിയെടുക്കാൻ ദേവടം ഫിനാൻസിനായി,

Leave a Reply

Your email address will not be published. Required fields are marked *