തുളസിദളം – 1

“ഉണ്ണിയേച്ചി….”

അവൻ ഉറക്കത്തിൽ വിളിച്ചു

“മ്…”

വൃന്ദ പതിയെ വിളികേട്ടു, പിന്നീടെന്തോ അവ്യക്തമായി പറഞ്ഞിട്ട് സുഖമായുറങ്ങി

“ഉണ്ണിയേച്ചിടെ പൊന്നുമോനുറങ്ങിക്കോ….”

വൃന്ദ അവനെ നന്നായി പുതപ്പിച്ചുകൊണ്ട് പറഞ്ഞു

ദേവി നേരിട്ടനുഗ്രഹിച്ചിട്ടുള്ള തറവാടാണ് ദേവടം…പരാശക്തിയായ ദേവി തറവാട് കാവിൽ കുടികൊള്ളുന്നു…വർഷങ്ങൾക്ക് മുൻപേ മഹാരാജാവിന്റെ ധീരന്മാരായ പടത്തലവന്മാരായിരുന്നു ഈ തറവാട്ടിൽ ഉണ്ടായിരുന്നത്…പരമ ദേവി ഭക്തന്മാരായിരുന്നു തറവാട്ടു കാരണവന്മാർ, വലിയൊരു കൂട്ടുകുടുംബമായിരുന്നു, ഇപ്പൊ എല്ലാവരും ജോലിയും തിരക്കുകളുമായി വിദേശങ്ങളിലും മറ്റുമാണ്…ഭാഗത്തിൽ തറവാട് കിട്ടിയത് നാരായണക്കുറുപ്പിനാണ് അയാൾ തന്റെ സ്വപ്രയത്നം കൊണ്ട് കുറേ ബിസിനസുകളൊക്കെ തുടങ്ങി വിജയിപ്പിച്ചു…നാരായണക്കുറുപ്പിന്റെ ഭാര്യ സരോജിനി, അവർ ഭർത്താവിന്റെ ഓരോ വിജയത്തിലും ഒപ്പമുണ്ടായിരുന്നു, അവർക്ക് മൂന്ന് മക്കൾ മൂത്തവൻ വിശ്വനാഥൻ, രണ്ടാമത് നളിനി, ഇളയവൾ മീനാക്ഷി.

നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് മകൾ ശില്പ, അവരിപ്പോഴും തറവാട്ടിൽ തന്നെയാണ് കഴിയുന്നത്, വിശ്വനാഥൻ ചെറുപ്പത്തിലെപ്പോഴോ നാടുവിട്ട്പോയി ഇപ്പൊ ഒരു വിവരവും ഇല്ല, ഇളയവൾ മീനാക്ഷി കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ ആയിരുന്ന വേണുഗോപാലിനെ പ്രേമിച്ചുകല്യാണം കഴിച്ചു, വേണുവിന് കുടുംബമഹിമയില്ല എന്ന് പറഞ്ഞു ദേവടത്തുള്ള എല്ലാവരുംകൂടി മീനാക്ഷിയെ വീട്ടിൽനിന്നും പുറത്താക്കി, അവളുടെ മക്കളാണ് വൃന്ദയും കണ്ണനും,

മീനാക്ഷിയും വേണുവും വളരെ സന്തോഷമായിത്തന്നെ ജീവിച്ചു, വൃന്ദക്ക് എട്ട് വയസുള്ളപ്പോഴാണ് കണ്ണന്റെ ജനനം, കണ്ണന് മൂന്ന് വയസുകഴിഞ്ഞപ്പോ ഒരു ആക്‌സിഡന്റിൽ വേണുവും മീനാക്ഷിയും മരിച്ചു അന്ന് ഒപ്പമുണ്ടായിരുന്ന കണ്ണൻ അത്ഭുതകരമായി രക്ഷപെട്ടു, വേണുവിന് പറയത്തക്ക ബന്ധുക്കളാരും ഇല്ലായിരുന്നു അവരുടെ മരണത്തോടെ തനിച്ചായ വൃന്ദയെയും കണ്ണനെയും നാരായണ വർമയും സരോജിനിയും തറവാട്ടിലേക്ക് കൊണ്ടുവന്നു, മൂന്ന് വർഷം മുൻപ് നാരായണവർമയും അതുകഴിഞ്ഞു ആറുമാസം കഴിഞ്ഞ് സരോജിനിയും മരിച്ചു, അതോടെ വൃന്ദയുടെയും കണ്ണന്റെയും കഷ്ടകാലം തുടങ്ങി, അവരുണ്ടായിരുന്നപ്പോ നല്ല മര്യാദക്കാരായിരുന്ന രാജേന്ദ്രക്കുറുപ്പും മകളും പിന്നെ വൃന്ദയോടും കണ്ണനോടും ശത്രുത കാണിക്കാൻ തുടങ്ങി, പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്ന വൃന്ദയെ പിന്നെ പഠിക്കാൻ വീട്ടില്ല, അവളെ ആ വീട്ടിലെ വേലക്കാരിയായി നിർത്തി തുടർന്ന് പഠിക്കാൻ കഴിയാത്തതിൽ വൃന്ദക്ക് നല്ല വിഷമമുണ്ടായിരുന്നു,

••❀••

അടുക്കളയിൽ തിരികെയെത്തിയപ്പോഴേക്കും അടുക്കളപണിക്ക് നിൽക്കുന്ന ലത എത്തിയിരുന്നു, ദേവടം തറവാടിനടുത്ത് ചായക്കട നടത്തുന്ന കേശുനായരുടെ ഭാര്യയാണ് ലത,

“ചേച്ചി എത്തിയോ…?”

വൃന്ദ ലതയോട് ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു

ലത അവളെ നോക്കി പുഞ്ചിരിച്ചു

“മോള് തൊഴുത്തിലേക്ക് ചെന്ന് പാലെടുത്തിട്ട് വാ…മുരുകൻ പാല് കറക്കാൻ പോയിട്ടുണ്ട്, മോളില്ലെങ്കിൽ നന്ദിനി കറക്കാൻ നിന്നുതരില്ല…”

വൃന്ദ പാവാട തുമ്പ് ഉയർത്തി അരയിൽ കുത്തി തൊഴുത്തിലേക്ക് പോയി….

വൃന്ദ തൊഴുത്തിലെത്തി മുരുകൻ അവിടൊണ്ട്.

“മോള് വന്തോ…നന്ദിനിയെ ഒന്നടക്കി നിർത്ത് നാൻ പെട്ടെന്ന് കറക്കാം…”

മുരുകൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

വർഷങ്ങളായി തറവാട്ടിൽ പശുവിനെ കറക്കാൻ വരുന്നത് മുരുകനാണ്, വൃന്ദയുടെ പ്രായത്തിൽ ഒരു മോള് മുരുകനുണ്ട് അതുകൊണ്ട് വൃന്ദയോട് മുരുകന് വലിയ കാര്യമാണ്

വൃന്ദ പശുവിന്റെ അടുത്തേക്ക് ചെന്നു പതിയെ തലോടി നന്ദിനി അരുമയോടെ വൃന്ദയെ ചേർന്ന് നിന്നു, മുത്തശ്ശിയുള്ളപ്പോഴാണ് നന്ദിനിയെ പ്രസവിക്കുന്നത് അന്ന് മുതലേ വൃന്ദയുടെ അരുമയാണ് നന്ദിനി, നന്ദിനിയുടെ കുട്ടിയാണ് കണ്മണി, പാൽ കട്ടുകുടിക്കുന്നതുകൊണ്ട് അവളെ മാറ്റി നിർത്തിയിരിക്കുകയാണ്, പാല് കറക്കുമ്പോൾ കുട്ടിയെ അഴിച്ചു പശുവിനടുത്തായി കെട്ടിയിടും പശുക്കിടാവ് അടുത്തുള്ളപ്പോൾ പശു നന്നായി ചുരത്തും.

കറന്നുകഴിഞ്ഞു പാലുമായി വൃന്ദ അടുക്കളയിലെത്തി പ്രാതലെല്ലാം ഒരുക്കി, വീടിനകം തൂത്തുവൃത്ത്രിയാക്കി കഴിഞ്ഞപ്പോഴേക്കും ലത മുറ്റവും പരിസരങ്ങളും തൂത്തു വൃത്തിയാക്കി വന്നിരുന്നു,

വൃന്ദ അവർക്ക് നേരെ ചായക്കപ്പ് നീട്ടി, അവരത് പുഞ്ചിരിയോടെ വാങ്ങി

പിന്നീട് ഭാസ്കരാപിള്ളയ്ക്കുള്ള ചായയുമായി പുറത്തേക്ക് ചെന്നു

വീട്ടിലെ ഡ്രൈവറാണ് ഭാസ്കരപിള്ള, വർഷങ്ങളായി ദേവടത്തെ ഡ്രൈവറാണ്, ഇപ്പൊ രാജേന്ദ്രന്റെ ഡ്രൈവറാണ്…

“ഇന്നലെ വരാൻ താമസിച്ചോ ഭാസ്കരേട്ടാ…???”

വൃന്ദ ചായക്കപ്പ് നീട്ടിക്കൊണ്ട് അയാളോട് ചോദിച്ചു

“ഉവ്വ്…മോള് ഉറങ്ങിയില്ലായിരുന്നോ…അടുക്കളേൽ വെളിച്ചം കണ്ടു…”

“ഞാൻ കിടക്കാൻ പോകുമ്പോഴാ കാർ വന്ന ശബ്ദം കേട്ടത്…”

അയാൾ ഒരിറക്ക് ചായ കുടിച്ചുകൊണ്ട് പറഞ്ഞു

“കേട്ടോ മോളേ… മോളുടെ വലിയച്ഛൻ ഒരുപാട് പാപങ്ങൾ ചെയ്തുകൂട്ടുന്നുണ്ട്, കൂടെ ഉണ്ടല്ലോ രണ്ട് കൂട്ടുകാർ…ഇതൊന്നും ദൈവം പൊറുക്കില്ല മോളേ…ഗതികേട് കൊണ്ടാ ഇപ്പോഴും ഇവിടെ ഡ്രൈവറായി നിക്കുന്നെ…മോളറിഞ്ഞോ ആ തെക്കേവയലിലെ കുട്ടിയും അതിന്റെ തന്തേം തള്ളേം തൂങ്ങിച്ചത്തതിന്റെ കേസ് ഒതുക്കി തീർക്കാൻ പോയതാ ഇന്നലെ…”

വൃന്ദ ഒന്ന് ഞെട്ടി

“എന്റെ എളേ മോൾടെ പ്രായമേ ഉണ്ടായിരുന്നുള്ളു…ദേവടത്തെ ബാങ്കീന്ന് ആധാരം വച്ച് പണം വാങ്ങിയിരുന്നു… ആ മൂത്ത ചെറുക്കന്റെ പഠിത്തതിന്… നല്ലപോലെ ജീവിച്ചതാ, ആ കുട്ടീടെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു ആക്‌സിഡന്റിൽ നട്ടെല്ലിന് പരിക്ക് പറ്റി…അതോടെ ആ കുട്ടിയും അതിന്റെ തള്ളയും ജോലിക്ക്പോയി കടം വീട്ടുകായിരുന്നു…കഴിഞ്ഞ മാസം ആധാരത്തിന്റെ കാര്യം പറഞ്ഞു ബാങ്കിൽ വിളിച്ചു വരുത്തി മോൾടെ വലിയച്ഛനും കൂട്ടുകാരും കൂടി…”

അയാളൊന്ന് നിർത്തി,

“അത് കഴിഞ്ഞ് ഒരാഴ്ച ആ കുട്ടി ആശൂത്രീലായിരുന്നു, പിന്നീട് ആ മൂത്ത മോൻ വന്ന്…പോലീസിൽ കേസ് കൊടുത്തതാ…അവിടേം അപമാനിച്ചു അവരെ…പിന്നീട് അപമാനം സഹിക്കാനാവാതെ പരാതി പിൻവലിച്ചു… പാവം കുട്ടിയായിരുന്നു…”

അയാളുടെ കണ്ണ് നിറഞ്ഞു

“പിന്നീട് ഭീക്ഷണിയായി, ആ വെഷമത്തിലാ അവരീ കടുംകൈ ചെയ്തത്… ആ മോൻ ചങ്ക് പൊട്ടി കരയുന്നത് കണ്ടാ സഹിക്കാൻ പറ്റില്ലായിരുന്നു… പോലീസും പട്ടാളോം എല്ലാം അവരുടെ കയ്യിലാണല്ലോ…ഇതൊന്നും ദൈവം പൊറുക്കൂല…ഈ കാര്യോമായി ഇന്നലെ രാത്രി മന്ത്രിയെക്കാണാൻ പോയിരുന്നു ഒരുപാട് പൈസയൊക്കെ കൊടുത്തിട്ടുണ്ട്…അതാ ഇന്നലെ താമസിച്ചത്…””

വൃന്ദ ഒന്ന് ഞട്ടി അയാളെ നോക്കി, പിന്നീട് എന്തോ ആലോചിച്ചു നിന്നു, കണ്ണിൽനിന്നും കണ്ണുനീർ പൊടിച്ചിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *