തുളസിദളം – 1

അവൾ പാവാടത്തുമ്പുകൊണ്ട് കണ്ണുതുടച്ച് അകത്തേക്ക് പോയി.

••❀••

രാവിലത്തെ ജോലികളെല്ലാം തീർത്തു വൃന്ദ കണ്ണന്റെ അടുത്തേക്ക് ചെന്നു, ഇപ്പോഴും ഉണർന്നിട്ടില്ല, അവൾ പതിയെ അവനെ തട്ടിവിളിച്ചു,

“എന്താ ഉണ്ണിയേച്ചി…ഞാൻ ഇച്ചിരിടെ ഒറങ്ങട്ടെ…”

കണ്ണൻ ഉറക്കച്ചടാവോടെ പറഞ്ഞു

“കണ്ണാ…ഇങ്ങോട്ടെഴുന്നേറ്റെ സമയം ഏഴുമണിയായി…”

വൃന്ദ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു

എഴുന്നേറ്റിരുന്ന കണ്ണൻ കണ്ണുതുറന്ന് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു പിന്നെ അവളെ ഇറുക്കെ കെട്ടിപിടിച്ചു

“ എന്ത് മണമാ എന്റെ ഉണ്ണിയേച്ചിക്ക്”

കണ്ണൻ അവൾക്ക് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു

“രാവിലെ കൊഞ്ചാതെ പോയി പല്ലുതേച്ചു കുളിക്ക് ചെറുക്കാ”

“ഇനി കൊറേ നാളത്തേക്ക് സ്കൂളില്ലല്ലോ അപ്പൊ രാവിലെ കുളിക്കണോ…?”

“വേണം…ഇങ്ങനൊരു മടിയൻ…വലിയച്ഛനോ മറ്റോ കണ്ടോണ്ട് വന്നാ അറിയാലോ…”

വൃന്ദ അവനെ പുറത്തേക്ക് വിട്ടിട്ട് കട്ടിൽ കുടഞ്ഞു വിരിച്ചിട്ടു,

അടുക്കളക്കടുത്തുള്ള ഒരു കുഞ്ഞു മുറിയിലാണ് വൃന്ദയും കണ്ണനും താമസിക്കുന്നത്, പണ്ട് പാത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന മുറിയായിരുന്നു അത്…അവരുടെ മുത്തശ്ശി മരിച്ചപ്പോ അവരെ ഈ മുറിയിലേക്കാക്കി,

വൃന്ദ പ്രാതൽ ഡെയിനിങ് ടേബിളിൽ വച്ച് അടുക്കളയിലേക്ക് പോകുമ്പോ കണ്ണൻ കയ്യിൽ ബ്രഷും പിടിച്ചു ഡ്രൈവർ കാർ കഴുകുന്നതും നോക്കിയിരിപ്പുണ്ട്, അവനെന്തൊക്കെയോ ചോദിക്കുന്നുണ്ട്

“ഡാ…വേഗം പോയി പല്ലുതേയ്ക്ക്…”

അവിടേക്ക് വന്ന വൃന്ദ അവന്റെ തലയിൽ പതിയെ തട്ടിയിട്ട് പറഞ്ഞു…

“ആ പൊയ്ക്കോളാം…”

അവൻ അവിടെനിന്നും എഴുന്നേറ്റ് പോയി…

“ഡീ…ഉണ്ണി….”

അകത്തുനിന്നും ശില്പയുടെ വിളികേട്ട് വൃന്ദ ഒന്ന് ഞെട്ടി…

“മോള് ചെല്ല് അല്ലേൽ അത് ഈ വീടെടുത്തു തിരിച്ചു വയ്ക്കും…”

ഭാസ്കരൻ വൃന്ദയോട് പറഞ്ഞു.

വൃന്ദ ഓടിക്കിതച്ച് ഉമ്മറത്തേക്കെത്തി ശില്പ അവളെ ദേഷ്യത്തോടെ തുറിച്ചുനോക്കി നിൽക്കുന്നുണ്ടായിരുന്നു.

“എന്താടി…നീയെന്താ പൊട്ടിയാണോ, വിളിച്ചു വിളിച്ചു തൊണ്ട പൊട്ടി…”

“ഞാൻ കേട്ടില്ല ശിൽപ്പേച്ചി…”

വൃന്ദ പേടിയോടെ അവളെ നോക്കി,

“കേക്കില്ല… എങ്ങനെ കേക്കാൻ…കണ്ണിക്കണ്ടവന്മാരേം ആലോചിച്ചോണ്ടല്ലേ നടപ്പ് പിന്നെങ്ങനാ…”

വൃന്ദ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു

“എന്റെ റൂം കഴുകിതുടച്ചു വൃത്തിയാക്കി ഇട്ടേക്കണം…പിന്നെ കൊറേ തുണി കഴിവാനുണ്ട് അത് കഴുവി ഇട്ടേക്കണം, വാഷിംഗ്‌ മിഷ്യനീ വേണ്ട വൃത്തിയാവില്ല അല്ലാതെ ചെയ്‌താൽ മതി…”

ശില്പ പറഞ്ഞതെല്ലാം വൃന്ദ തലകുലുക്കി സമ്മതിച്ചു.

“എന്താ ഇവിടെ…?”

നളിനി അവിടേക്ക് വന്നു

“തമ്പുരാട്ടിക്ക് ഇന്ന് ചെയ്യേണ്ട സേവകളൊക്കെ അടിയൻ ഉണർത്തിക്കുകയായിരുന്നു…”

ശില്പ വൃന്ദയെ നോക്കി പരിഹാസത്തോടെ പറഞ്ഞു

അപ്പോഴേക്കും കണ്ണൻ അവിടെത്തി, വിഷമിച്ചു മുഖം കുനിച്ചു നിൽക്കുന്ന വൃന്ദയെയും മറ്റുള്ളവരെയും നോക്കി…അവൻ ദേഷ്യത്തോടെ മുഖം ശില്പക്ക് നേരെ ഉയർത്തി

“എന്താടാ തുറിച്ചു നോക്കുന്നത്…”

ശില്പ അവനോട് ദേഷ്യപ്പെട്ടു, പെട്ടെന്ന് വൃന്ദ ഓടിച്ചെന്നു കണ്ണനെ ചേർത്തുപിടിച്ചു അടുക്കളയിലേക്ക് കൊണ്ടുപോയി.

“പോണ പോക്ക് കണ്ടില്ലേ ശവങ്ങള്….”

ശില്പ വെറുപ്പോടെ പറഞ്ഞു.

“നിനക്കെന്താ അവരോട് ഇത്രേം ദേഷ്യം…”

നളിനി ശില്പയോട് ചോദിച്ചു

“അവരോടല്ല, അവളോട്… ആ സുന്ദരിക്കോതയോട്… അവളിവിടെ കാലുകുത്തിയ അന്നുമുതൽ ഞാൻ കേൾക്കുവാ അവളെകണ്ടു പഠിക്ക്… അവളെക്കണ്ടു പഠിക്ക്… എവിടെ തിരിഞ്ഞാലും ഒരു ഉണ്ണിമോള്… മുത്തശ്ശിയും മുത്തശ്ശനും അവളെ തലയിലെറ്റി നടക്കയല്ലാരുന്നോ… ഞാനെന്ത് ചെയ്താലും അവർക്ക് ഇഷ്ടപ്പെടില്ല എല്ലാത്തിനും ഒരു ഉണ്ണിമോള്… എല്ലാം കഴിഞ്ഞ് സ്കൂളിലേക്ക് ചെന്നാലോ…ടീച്ചര്മാര് അവളെ പുകഴ്ത്തിപറയുന്നത് കേക്കുമ്പോ എനിക്ക് വെറച്ച് കേറും… അവള്ടെ ഉണ്ടക്കണ്ണും…. അവളുടെ അഡ്രെസ്സിലാ ഞാൻ ആ സ്കൂളിൽ അറിയപ്പെട്ടിരുന്നത് വൃന്ദേട ചേച്ചി…എന്റെ കൂടെ കൂട്ടുകൂടി നടന്നവന്മാർക്കുപോലും വൃന്ദയെ പരിചയപ്പെടാനും മാത്രം മതി ഞാൻ… അവക്ക് പത്താം ക്ലാസ്സിൽ ഏ പ്ലസ് കിട്ടിയപ്പോ മുത്തശ്ശനും മുത്തശ്ശിയും അവളെ കൊഞ്ചിക്കുന്നത് അമ്മ കണ്ടതല്ലേ, അതേ വർഷം ഞാനും പ്ലസ് ടുവിന് ഒരുപാട് ഏ പ്ലസ് ഒന്നുമില്ലേലും ഞാനും ജയിച്ചു പക്ഷേ ആരെയും കണ്ടില്ല ഒരു നല്ല വാക്ക് പറയാൻ, അന്നേ ഞാൻ കണക്ക് കൂട്ടിയതാ ഇവളെ ഒരു പാഠം പഠിപ്പിക്കാൻ…അമ്മയിപ്പോഴും കാണുന്നതല്ലേ അവള് പുറത്തിറങ്ങിയാ ആമ്പിള്ളേരുടെ ക്യു… അതൊക്കെക്കൊണ്ട് തന്നാ അച്ഛനോട് പറഞ്ഞു പ്ലസ്ടു കഴിഞ്ഞപ്പോ അവളുടെ പഠിത്തം ഞാൻ നിർത്തിച്ചത്…അവൾ സന്തോഷിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല, അവളിവിടെ കിടന്നു നരകിക്കണം…ഞാൻ അത് ചെയ്തിരിക്കും…”

ശില്പ വല്ലാത്തൊരു ഭാവത്തോട് പറഞ്ഞു നിർത്തി,

നളിനി അവളുടെ മുഖഭാവം കണ്ട് അന്തംവിട്ട് നിന്നു, ശില്പ നളിനിയെ നോക്കിയിട്ട് അകത്തേക്ക് പോയി.

••❀••

നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് രാവിലെ വ്യായാമമൊക്കെ കഴിഞ്ഞ് കുളിച്ചു മുറിയിലേക്ക് വന്നു,

നല്ല തടിച്ച രോമവൃതമായ ദേഹം ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടാവാം നല്ല ഉറച്ച പേശികൾ, രോമവൃതമായ ദേഹം, കട്ടിയുള്ള മീശ, കഷണ്ടി കേറിയ തല, എപ്പോഴും ചുവന്നുകിടക്കുന്ന കണ്ണുകൾ…ഒറ്റന്നോട്ടത്തിൽ ആരും ഭയക്കുന്ന രൂപം.

“രാജേട്ടാ… വക്കീൽ വിളിച്ചിരുന്നു, രാജേട്ടൻ കുളിച്ചു കഴിഞ്ഞു തിരിയെ വിളിക്കാന്നു പറഞ്ഞിട്ടുണ്ട്…”

നളിനി മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,

“ആ…ഞാൻ വിളിച്ചോളാം നീ പോയി ബ്രേക്ഫാസ്റ് എടുത്ത് വയ്ക്ക്.”

രാജേന്ദ്രൻ വസ്ത്രം മാറുന്നതിനിടയിൽ പറഞ്ഞു,

നളിനി പുറത്തേക്ക് പോയി

രാജേന്ദ്രൻ ഫോൺ എടുത്തു ഡയൽ ചെയ്തു,

“ഹലോ…വക്കീലേ…എന്തായി കാര്യങ്ങൾ…”

“…….”

“ആണോ…. എങ്കിൽ ഞാനാവഴി വരാം…ഓക്കേ ശരി…”

രാജേന്ദ്രൻ ഫോൺ കട്ട്‌ ചെയ്തു ഡൈനിംഗ് റൂമിലേക്ക് വന്നു.

വൃന്ദ ടേബിളിലേക്ക് ഭക്ഷണം കൊണ്ട് വയ്ച്ചു തിരിഞ്ഞു

“ഒന്നവിടെ നിന്നെ…”

രാജേന്ദ്രൻ ഗൗരവത്തിൽ വിളിച്ചു

വൃന്ദ പേടിയോടെ അയാളെ നോക്കി

“നീയെന്താടി കണ്ടവന്മാരെകൊണ്ട് ഭീക്ഷണിപ്പെടുത്താൻ തുടങ്ങിയോ…? അവനാരാടി നിന്റെ…തന്തയോ…?”

രാജേന്ദ്രൻ ദേഷ്യത്തോടെ അലറി

വൃന്ദ പേടിച്ചു പുറകിലേക്ക് പോയി

“എന്താ അച്ഛാ എന്താ കാര്യം…”

അവിടേക്ക് വന്ന ശില്പ ചോദിച്ചു.

“എവട തന്തേര ഒരു കൂട്ടുകാരനുണ്ടല്ലോ ആ കോളേജ് വാദ്യാര്, അവനിന്നലെ എന്നെ ഒരു വിരട്ടല്… എവളെ ഇനീം പഠിക്കാൻ വിട്ടില്ലേ കേസ് കൊടുത്ത് എന്നങ്ങു തൂക്കിക്കൊല്ലുമെന്നു…”

“ഇനീപ്പോ തമ്പുരാട്ടിക്ക് പഠിച്ച് പട്ടം വാങ്ങണമായിരിക്കും… പിന്നെ പഠിക്കാനാണെന്നും പറഞ്ഞു ഉടുത്തോരുങ്ങി രാവിലെ ഇറങ്ങാല്ലോ ഇവിടുന്ന്…”

Leave a Reply

Your email address will not be published. Required fields are marked *