തുളസിദളം – 1

“ഉണ്ണിയേച്ചി…ഉണ്ണിയേച്ചിയോട് സ്കൂളിൽ വച്ച് ഇഷ്ടമാണെന്ന് പറഞ്ഞ ചേട്ടൻ ദേ ഇന്നും അവിടെ നിക്കുന്നു…”

റോഡിന്റെ അപ്പുറം അവരെത്തന്നെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണൻ പതിയെ വൃന്ദയോട് പറഞ്ഞു,

“മിണ്ടാതെ നടക്ക് കണ്ണാ…”

കണ്ണനെ ചെറുതായിട്ട് ഉന്തിക്കൊണ്ട് വൃന്ദ തല കുനിച്ചു നടന്നു,

“നിന്നോടാരാ ഈ വേണ്ടാത്തതൊക്കെ പറഞ്ഞു തരണേ…?”

വൃന്ദ അവനോട് ചോദിച്ചു,

“എന്നോട് കിച്ചേച്ചി പറഞ്ഞതാ…അന്നൊരിക്ക ടൗണിൽ പോയപ്പ…”

കണ്ണൻ പറഞ്ഞു

പിന്നീടും റോഡിന്റെ വശത്ത് ഒരുപാട് പേര് അവളെ ആരാധനയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…അവരെ ആരെയും ശ്രദ്ധിക്കാതെ വൃന്ദ കണ്ണനുമായി കാവിലേക്ക് നടന്നു…

“വൃന്ദേ….”

പിന്നിൽ നിന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി,

സുമുഖനായ ഒരു ചെറുപ്പക്കാരൻ റോഡ് മുറിച്ചുകടന്ന് അവരുടെ അടുത്തേക്ക് ധൃതിയിൽ നടന്ന് വന്നു.

വൃന്ദ അവനെക്കണ്ട് സൗഹൃദമായി പുഞ്ചിരിച്ചു

“എന്താ നന്ദേട്ടാ ഇവിടെ…”

അവൾ പുഞ്ചിരിയോടെ അവനോട് ചോദിച്ചു…

“ഞാൻ തന്നെക്കാണാൻ വന്നതാ…”

”എന്നെയോ… എന്താ…?“

നന്ദൻ ചുറ്റുപാടും നോക്കി എന്നിട്ട് വൃന്ദയോട് പറഞ്ഞു

“അത്…ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം എങ്ങനാ ഇത് അവതരിപ്പിക്കുക എന്നെനിക്കൊരു പിടിയുമില്ല.”

നന്ദൻ ഒരു നിമിഷം നിർത്തിയിട്ട് അവളുടെ മുഖത്തു നോക്കി പറഞ്ഞു

“എനിക്ക്… തന്നെ ഇഷ്ടമാണ്, തനിക്ക് വേറെ ഇഷ്ടക്കേടൊന്നുമില്ലെങ്കിൽ ഞാൻ ഒരു ആലോചന തന്റെ തറവാട്ടിലേക്ക് കൊണ്ട് വരട്ടെ… ആദ്യമായിട്ടാണ് തന്നോട് എന്റെ ഇഷ്ടം തുറന്നു പറയുന്നത് അതിന്റൊരു ചളിപ്പുണ്ട് എനിക്ക്… തൻ പോസിറ്റീവായ ഒരു മറുപടി തരണം….”

നന്ദൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

വൃന്ദക്ക് അത് കേട്ടപ്പോൾ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു, മുഖത്ത് പെട്ടെന്ന് വിയർപ്പ് പൊടിഞ്ഞു…

അവളുടെ മറുപടി പ്രതീക്ഷിച്ചു നന്ദൻ അവളുടെ മുഖത്തുതന്നെ നോക്കി നിന്നു

“നന്ദേട്ടാ…അത്…”

അവൾ മറുപടി പറയാനായി തപ്പിത്തടഞ്ഞു.

“താൻ സ്കൂളിൽ പഠിക്കുന്നകാലത്തേ എന്റെ മനസ്സിൽ കയറിപോയതാടോ…തനിക്കെന്നോട് ഇഷ്ടമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല…ഞാനെന്തായാലും നാളെ അമ്മയെയും കൂട്ടി തന്റെ തറവാട്ടിലേക്ക് വരും തന്നെ പെണ്ണ് ചോദിക്കാൻ….”

നന്ദൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു

വൃന്ദ എന്തോ പറയാനായി തുടങ്ങുമ്പോൾ ഒരു കാർ അവരുടെ അടുത്ത് വന്നു ബ്രേക്ക്‌ ചെയ്തു, അതിൽനിന്നും ശില്പ ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.

“ഹായ് നന്ദേട്ടാ…”

അവൾ നന്ദനെ കൈ കാണിച്ചു

“ഹലോ…”

നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നന്ദേട്ടൻ എന്താ ഇവിടെ…”

“ഞാൻ വെറുതെ…ലൈബ്രറി വരെ പോകാൻ ഇറങ്ങിയതാ അപ്പൊ വൃന്ദയെ കണ്ടു അങ്ങനെ സംസാരിച്ചുനിന്നു…”

അപ്പോഴേക്കും കാവിലേക്ക് നടന്നു നീങ്ങുന്ന വൃന്ദയെയും കണ്ണനെയും നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.

“അവളോട് കൂടുതൽ സംസാരിക്കാതിരിക്കുന്നതാ നല്ലത്…ചീത്തപ്പേര് ഉണ്ടാവാൻ മറ്റെങ്ങും പോണ്ട…”

നന്ദൻ സംശയത്തോടെ ശില്പയെ നോക്കി.

“അതൊക്കെ പോട്ടെ…നന്ദേട്ടൻ കേറ് ലൈബ്രറിയിൽ ഞാനാക്കിത്തരാം…ഞാനാവഴിക്കാ…”

ശില്പ ഉത്സാഹത്തോടെ നന്ദനോട് പറഞ്ഞു…

“ലൈബ്രറി അടുത്തല്ലേ…ഞാൻ നടന്നോളാം…”

നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഓ…അതെന്താ എനിക്ക് നന്ദേട്ടന്റെ അത്രേം പഠിപ്പ് ഇല്ലാത്തോണ്ടാണോ…”

ശില്പ പരിഭവം പോലെ പറഞ്ഞു.

നന്ദൻ ചിരിച്ചുകൊണ്ട് അവളെനോക്കിയിട്ട് കാറിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *