എന്നെ നോക്കി ചിരിച്ചുകൊണ്ട് അവളമ്മയോട് ഇതൊക്കെ പറയുമ്പോൾ കൊല്ലേണ്ട ദേഷ്യം ആയിരുന്നു എനിക്ക് ആ പന്നിയെ…പക്ഷെ ഇതൊക്കെ കേട്ട് ശ്രദ്ധ ചിരിക്കുന്നുണ്ടായിരുന്നു…
” അത് പിന്നെ അങ്ങനെയല്ലേ വരൂ… ”
എൻ്റെ കൈയിൽ ഒരു നുള്ള് തന്നുകൊണ്ട് എന്നെ നോക്കി അമ്മ പറഞ്ഞു
” അല്ല മാഡത്തിന്റെ ആരാ ഇയാള്… റിലേറ്റീവാണോ… ”
അത്രയും നേരം ചിരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധ അമ്മയെ നോക്കി ചോദിച്ചു
” പിന്നേ….അടുത്ത റിലേറ്റീവാ… ചെറുതായിട്ട് എൻ്റെ മോനായിട്ട് വരും…എൻ്റെ ഏക സന്താനം…അല്ല്യോടാ… ”
അടുത്തു നിന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ അവളുമാര് രണ്ടും ഞെട്ടി കൊണ്ട് മുഖത്തോടു മുഖം നോക്കുന്നത് കണ്ടു… ഒരുമാതിരി സന്തൂർ സോപ്പിൻ്റെ പരസ്യത്തിൽ ഉള്ള മമ്മി സീൻ പോലെ…
അല്ല ഇവളുമാരെ എന്തിനാ ഞെട്ടുന്നെ… ചിലപ്പോ അവരുടെ ഡോക്ടറുടെ മോനെ അവരോട് തന്നെ ആളറിയാതെ ഓരോന്ന് പറഞ്ഞത് കൊണ്ടായിരിക്കാം… അല്ലെങ്കിൽ പിന്നെ ഇത്രയും പാവപ്പെട്ടരാൾക്ക് എങ്ങനെ ഇതുപോലെ തലതെറിച്ച ഒരു സന്താനം ഉണ്ടായി എന്നതു കൊണ്ടുമായിരിക്കാം…
ഞാൻ സ്വയം മനസ്സിൽ ഓർത്തു
” സോറി മാഡം മാഡത്തിൻ്റെ മോനാണെന്നറിയാതെ…. ”
ചമ്മലോടുകൂടി എൻ്റെ അമ്മയെ നോക്കി ദിവ്യ പറഞ്ഞു
” ഹേയ് അതൊന്നും പ്രശ്നമില്ല…മോള് പറഞ്ഞതൊക്കെ ഇവൻ്റെ കാര്യം വെച്ചുനോക്കുമ്പോൾ ശരിയായിരിക്കും… ”
അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അത് കേട്ടപ്പോൾ എനിക്കാകെ ചമ്മലും ദേഷ്യവും ഒക്കെ കേറി വന്നു… അല്ലപിന്നെ അമ്മയുടെ ഒരു മോള് വിളി…
” അമ്മേ ഞാൻ പോവ്വാണേ…. ”
ഞാൻ എങ്ങനെയെങ്കിലും സ്ഥലം വിട്ടാൽ മതി എന്നുള്ള ചിന്തയിൽ അമ്മയോട് അതും പറഞ്ഞ് നടക്കാൻ തുടങ്ങി… പോകുന്ന പോക്കിൽ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കാനും ഞാൻ മറന്നില്ല…
” അതേ…. ”
നടന്നു കുറച്ച് മുന്നോട്ടെത്തിയപ്പോളായിരുന്നു പുറകിൽ നിന്നൊരു വിളി കേട്ടത്ത്…തിരിഞ്ഞു നോക്കിയപ്പോൾ ആ സാധനം എൻ്റടുതേക്ക് സ്പീഡിൽ വരുന്നത് കണ്ടു..അതോടെ ഞാൻ മൈൻ്റ് ചെയ്യാണ്ട് പിന്നേയും തിരിച്ച് നടക്കാൻ തുടങ്ങി… പക്ഷേ പാർക്കിങ് ഏരിയയുടെ തൊട്ടടുത്ത് എത്തിയപ്പോൾ അത് എങ്ങനെയൊക്കെയോ ഓടി എൻ്റടുത്തേക്കെത്തി…
” അതേ ഇയാക്കിപ്പൊ ചെവിയും കേട്ടുടേ… ”
എൻ്റെ മുന്നിൽ കേറി നിന്നവൾ പറഞ്ഞു
” തനിക്കിപ്പൊ എന്തുവാ വേണ്ടേ….മുനിന്ന് മാറ്… ”
ഞാൻ അവളെ നോക്കി ഇച്ചിരി കലിപ്പിൽ തന്നെ പറഞ്ഞു
” നിക്ക് ഒരു സോറി പറയാൻ വന്നതാ… ”
സ്വരം താഴ്ത്തി അതും പറഞ്ഞവളെൻ്റെ പ്രതികരണം നോക്കി നിന്നു
” പറയണ്ടതൊക്കെ വിളമ്പി കൊടുത്ത് അമ്മയുടെ മുന്നിൽ എന്നെ ഇട്ടൂഞ്ഞാലാട്ടിട്ട് ഇപ്പൊ അവളുടെ ഒരു സോറി… ”
ഞാൻ അവളെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” അത് പിന്നെ ഇയാള് മാഡത്തിന്റെ മോനാണെന്ന് അറിയാഞ്ഞിട്ടല്ലേ… ”
അവളെന്നെ നോക്കി പറഞ്ഞു
” മിണ്ടരുത് നീ…. എനി വീട്ടിൽ ചെന്നാ കേൾക്കേണ്ടത് ഞാനല്ലേ… ”
അതും പറഞ്ഞ് ഞാനവളെ കടുപ്പത്തിൽ ഒന്ന് നോക്കി നടക്കാൻ നോക്കി പക്ഷെ വീണ്ടും ആ മുന്നിൽ വട്ടം നിന്നു
” ഇയാള് ചൂടാവാതേ…ഒരു തെറ്റ് ആർക്കും പറ്റില്ലേ…ഒന്ന് ക്ഷമിക്ക് ”
അതു പറഞ്ഞവളെനിക്ക് സന്തി സംഭാഷണത്തിനുള്ള കൈനീട്ടി…
ഒരു ഒഴുക്കൻ മട്ടില് അത് തള്ളിക്കളയാൻ നോക്കിയ എൻ്റെ തലച്ചോറിലേക്ക് ഒരു കുരുട്ടുബുദ്ധി എത്തി… അതോടെ ഞാനും അവളുടെ കയ്യിൽ പിടിച്ചു… അതോടെ അവളുടെ മുഖത്ത് ഒരു ചിരി ഒക്കെ വന്നു…
പക്ഷേ ആ ചിരി മാറ്റാൻ എനിക്കധിക സമയം വേണ്ടി വന്നില്ല… പിടിച്ചു കൊണ്ടിരുന്നു അവളുടെ കൈ ഞാൻ ചുറ്റിലും ഒന്ന് നോക്കിയ ശേഷം ഞെരിക്കാൻ തുടങ്ങി… അതോടെ അവൾക്ക് അമളി പറ്റിയത് മനസ്സിലായി…
” ഡോ പ്ലീസ്….വിട് വിട് എനിക്ക് വേദനിക്കുന്നു… ”
കൈ ഒക്കെ കുടഞ്ഞവൾ പതുക്കെ എന്നെ നോക്കി പറഞ്ഞു… പക്ഷെ നമ്മുടെ കരുത്തിനോട് പൊരുതാൻ അതിനെ കൊണ്ടൊക്കെ പറ്റ്വോ…?
” നിനക്ക് വേദനിക്കണം…. ”
ഞാൻ ചുറ്റിലും നോക്കി അവളുടെ കൈ ഒന്നൂടെ അമർത്തിക്കൊണ്ട് പറഞ്ഞു…
