അങ്ങനെ വൈകുന്നേരം വരെ കോളേജ് തള്ളി നീക്കി വീട്ടിലേക്ക് തിരിച്ചു…. ഫ്രഷ് ആയിട്ട് വേണം ഹോസ്പിറ്റലിലേക്ക് പോകാൻ… വീട്ടിലേക്ക് എത്തുമ്പോൾ അമ്മയും അച്ഛനും ഒക്കെ എത്തിയിരുന്നു… രാവിലത്തേ കാര്യം ഓർത്തപ്പോൾ അമ്മയെ ഫേസ് ചെയ്യാൻ എനിക്ക് ഇചിരി ചമ്മലില്ലാതില്ല…
” ആ നീ വന്നോ…. ”
എന്നെ കണ്ടതും ഉമ്മറത്തിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുന്നു അച്ഛൻ പറഞ്ഞു… അതിന് ഒരു പുഞ്ചിരി നൽകി കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി…
” പൊന്നുമോൻ ഒന്നവിടെനിന്നേ…. എന്നിട്ട് ഇങ്ങോട്ട് വാ…”
ഓടി പാഞ്ഞ് റൂമിലേക്ക് കയറാൻ പോയ എന്നെ ഹാളിൽ ഇരുന്ന് ചായ കുടിക്കുന്ന അമ്മ കയ്യോടെ പൊക്കി… അതോടെ ഞാൻ ഒന്ന് പതറി… പിന്നെ ഭാവമാറ്റം ഒന്നും ഇല്ലാത്തത് പോലെ അമ്മയുടെ അടുത്ത് പോയി ഇരുന്നു
” എന്താ അമ്മേ… ”
ഞാൻ അമ്മയെ നോക്കി നിഷ്ക്കു ഭാവത്തിൽ ചോദിച്ചു… അതിനു പെട്ടെന്ന് ഒരു പിടിത്തം ആയിരുന്നു ചെവിക്ക്
” എന്താന്നോ…. മനുഷ്യനെ നാണം കെടുത്തരുതെന്ന് പറഞ്ഞ് വിട്ടിട്ട് നീ എന്തൊക്കെയോ ഹോസ്പിറ്റലിൽ കാണിച്ചു കൂട്ടുന്നേ… ”
ചെവിയിലെ പിടി വിടാതെ അമ്മ എന്നെ നോക്കി പറഞ്ഞു
” ഡോക്ടറേ ഇങ്ങള് ചൂടാവല്ലേ….ചെവി വിട്… എനിക്ക് വേദനിക്കുന്നു ഞാൻ ഒന്ന് പറഞ്ഞോട്ടേ… ”
ഞാൻ അമ്മയെ നോക്കി പറഞ്ഞു
” നീ ഒന്നും പറയണ്ട…. പറയണ്ടതൊക്കെ ദിവ്യ പറഞ്ഞല്ലോ…. ”
അമ്മ പിടി വിട്ടുകൊണ്ട് എന്നെ നോക്കി പറഞ്ഞു…
“എൻ്റെ ചെവിട് പോയി…. ഒരു ദിവ്യ…. അവള് പറയുന്നതൊക്കെ അങ്ങ് വിശ്വസിച്ചോ… ”
പിടിച്ചു പൊന്നാക്കിയ ചെവിട് ഒന്ന് തടവികൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു..
” ഡാ.. ഡാ… ആ കൊച്ചിനെ പറയണ്ടേ എനിക്ക് നിന്നെക്കാൾ വിശ്വാസം അവളെയാ… ”
അമ്മ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
” ആഹാ ഇത് നല്ല കൂത്ത്…. സ്വന്തം മോനെ വിശ്വാസമില്ലാത്ത വേറെ വല്ല വെടക്ക് പെൺപിള്ളേരും പറയുന്നത് വിശ്വസിച്ച് നടക്കുന്ന ഒരു മണ്ടി ഡോക്ടർ… ”
ഞാൻ അമ്മയ്ക്കൊരു തട്ട് വെച്ചു കൊടുത്ത് കൊണ്ട് ചോദിച്ചു
” ഡാ അജ്ജൂ വേണ്ടാട്ടോ…നിന്നോട് ഞാൻ പറഞ്ഞു ദിവ്യ നല്ല കൊച്ചാന്ന്…നീ അങ്ങനൊക്കെ ചെയ്യ്തോണ്ടല്ലേ അവള് എന്നോട് പറഞ്ഞേ… ”
അമ്മ എന്നെ നോക്കി പറഞ്ഞു..
” ഞാൻ ഒരു സംശയം ചോദിച്ചോട്ടെ… അത് ഇങ്ങടെ മോളാണോ… ”
അവളെ കൊണ്ടുള്ള അമ്മയുടെ സംസാരം കേട്ട് ഞാൻ ചോദിച്ചു… ചോദിക്കേണ്ട താമസം അമ്മ ചിരിക്കാൻ തുടങ്ങി…
” പോടാ അവിടുന്ന്….എനിക്കാ കൊച്ചിനെ വലിയ ഇഷ്ടാ…. നല്ലൊരു മോളാ അത്… ”
അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” പിന്നേ നല്ല മോളാ… ”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അമ്മയെ നോക്കി പറഞ്ഞു
” എന്താടാ…നല്ല മോള് തന്നെയാ… അമ്മയില്ലാതെ വളർന്ന കൊച്ചാ… അതുകൊണ്ടുതന്നെ അതിനെന്നോട് ഒരു പ്രത്യേക സ്നേഹാ… എത്രയോ വട്ടം അത് പറഞ്ഞിട്ടുണ്ട് മാഡം എനിക്ക് ഒരു അമ്മയെ പോലെയാന്ന്… ”
അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു… ഇതൊക്കെ കേട്ടപ്പൊ അമ്മയ്ക്ക് അവളെ എന്തോ ഇഷ്ടമുള്ളതുപോലെ എനിക്ക് തോന്നി…
” ഓ പിന്നേ… എന്നാ പിന്നെ അതിനെ ഇങ്ങ് കൂട്ടിക്കോ… ”
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് എണീറ്റു… പക്ഷേ അമ്മയില്ലാതെ വളർന്നു എന്നൊക്കെ കേട്ടപ്പോൾ ഒരു സെൻറിമെൻസ് തോന്നി…
” വല്ല എക്സ്ചേഞ്ച് ഓഫർ ഉണ്ടേൽ നിന്നെ കൊടുത്ത് അവളെ വാങ്ങായിരുന്നു… ”
മുകളിലേക്ക് കയറാൻ പോയ എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അതും പറഞ്ഞമ്മ ചിരിക്കാൻ തുടങ്ങി…
” ഡോക്ടറെ അസ്ഥാനത്തുള്ള കൗണ്ടറ് വേണ്ടാട്ടോ…. ”
അമ്മയെ നോക്കി അതും പറഞ്ഞ് ഞാൻ സ്റ്റെപ്പ് കയറി റൂമിലേക്ക് നടന്നു…പുറകീന്ന് എൻ്റെ മറുപടി കേട്ട് പുള്ളികാരി അടക്കി ചിരിക്കുന്നുണ്ട്…
പിന്നെ സമയം വൈകിപ്പിച്ചില്ല വേഗം ഫ്രഷായി ഹോസ്പിറ്റലിലേക്ക് പോവാൻ താഴേക്കിറങ്ങി… പോകുന്നപോക്കിൽ നന്ദുവിനെ ഇന്നും പിക്ക് ചെയ്യണം…
” ദാ ചായ കുടിക്ക്… ”
താഴേക്കിറങ്ങി വന്ന എന്നെ ഡൈനിങ് ടേബിളിനടുത്തേക് പിടിച്ചിരുത്തി
കൊണ്ട് അമ്മ പറഞ്ഞു… പുഞ്ചിരിയോട ഞാൻ അവിടെ ഇരുന്ന് ചായയും പലഹാരങ്ങളും കഴിച്ചു തുടങ്ങി..
