” പ്ലീസ്…ഡോ…എൻ്റെ കൈ പോയി… ”
അവള് ഒന്ന് കുതറി കൊണ്ട് ദയനീയമായി എന്നോട് പറഞ്ഞു
” ആണോ അച്ചോടാ…എന്നാ പറ….മോള് ഏട്ടനെ എന്തോ പേര് വിളിക്കുമായിരുന്നല്ലോ…അത് ഇനി വിളിക്കുമോ… ”
ഞാൻ പിടി വിടാതെ അവളോട് ചോദിച്ചു…അതിന് ഇല്ല എന്ന് അവള് തലയാട്ടി…
” ഇനി എന്നെ ശല്ല്യം ചെയ്യാൻ വര്വോ… ”
വീണ്ടും അവളെ നോക്കി ചോദിച്ചു… അതിനും ഇല്ലാ എന്നുള്ള അർത്ഥത്തിൽ അവൾ തലകുലുക്കി… അതോടെ ചുറ്റിലും ഒന്ന് നോക്കി ഞാൻ അവളുടെ കൈവിട്ടു… വിടേണ്ട താമസം ഒരു ദീർഘനിശ്വാസം എടുത്തവളൾ കയ്യൊക്കെ നോക്കുന്നത് കണ്ടു
” ൻ്റെ കൃഷ്ണ…എൻ്റെ കൈ….തനിക്ക് പ്രാന്താടോ കാലാ…. ”
അവൾ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” എന്തുപറ്റി മോൾക്ക് വേദനിച്ചോ…?? ചേട്ടൻ ഒരു തമാശ കാണിച്ചതല്ലേ… ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവളെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി
” തന്നോടൊക്കെ ഒരു സോറി പറയാൻ വന്ന എന്നെ പറഞ്ഞാ മതി…. ”
അവൾ കനത്തിൽ എന്നെ നോക്കി പറഞ്ഞു
” സോറി പറയാൻ വന്ന ആൾക്കാരോട് നല്ലോണം പെരുമാറിയില്ലെങ്കി അവരും ഇങ്ങനെ തന്നെ പെരുമാറും…അപ്പൊ ചേട്ടൻ പോട്ടെ മോളെ… ”
അവളെ നോക്കി അതും പറഞ്ഞ് ഒരു വിജയ ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു
” പൊട്ടകണ്ണൻ പട്ടി…. ”
തിരിഞ്ഞു നടക്കുന്ന ഞാൻ പുറകിൽ നിന്നുള്ള അവളുടെ അടക്കം പറച്ചില് കേട്ടു… അതിന് മറുത്തൊന്നും പറയാതേ ചിരി ഒന്നൂടി ഉച്ചത്തിലാക്കി ഞാൻ പാർക്കിങ് ഏരിയയുടെ ഉള്ളിലേക്ക് കയറി…
” എന്താടാ ഒറ്റയ്ക്ക് ഇളിക്കുന്നെ വട്ടായോ…അതൊ നിന്റെ അമ്മ തലയ്ക്കിട്ട് തന്നോ… ”
ചിരിച്ചുകൊണ്ട് പാർക്കിംഗ് ഏരിയയിലേക്ക് കയറിയ എന്നെ നോക്കി നന്ദു പറഞ്ഞു
” അതൊക്കെ ഉണ്ട് മോനെ….അല്ല അവന്മാര് പോയോ… ”
നന്ദു മാത്രം അവിടെ നിൽക്കുന്നത് കണ്ട് ഞാൻ തിരക്കി
” അവരൊക്കെ പോയി… കോളേജിൽ എത്തിക്കോളും…അത് വിട്… ഇയാള് അവിടെ നടന്ന കാര്യം പറ… ”
അവനെന്നെ നോക്കി ആകാംക്ഷയോടെ ചോദിച്ചു
” ആ പറയാം നീ വണ്ടി കേറ്…. ”
വണ്ടി സ്റ്റാർട്ട് ആക്കിയതിനുശേഷം അവനോട് ഞാൻ പറഞ്ഞു..അവൻ കയറിയതും വീട് ലക്ഷ്യമാക്കി വണ്ടി മുന്നോട്ടെടുത്തു
” കുറെ നേരായി ചോദിക്കുന്ന നടന്ന കാര്യം പറ മോനേ… ”
യാത്രയിൽ വണ്ടിയുടെ പുറകിൽ നിന്നും അവൻ എന്നോട് ചോദിച്ചു… അതിന് അവൾ അമ്മയോട് പറഞ്ഞതും തിരിച്ച് പോകാൻനേരം അവളുടെ കൈ പിടിച്ചു ഞെരിച്ചതൊക്കെ ഞാൻ ആ പൊട്ടനോട് പറഞ്ഞു കൊടുത്തു…
” ഓ അയിനാണോ ഇയാള് നേരത്തേ ഇളിച്ചത്… ”
ഞാൻ പറഞ്ഞു തീർന്നതും ഒരൊഴുക്കൻ മട്ടിൽ അവൻ പറഞ്ഞു
” പിന്നെ ഇന്നലെ എന്നെ ഊഞ്ഞാലാട്ടിയവളെ തിരിച്ച് ഊഞ്ഞാലാട്ടിയാ സന്തോഷം വരില്ലേ… ”
ഞാൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടി വർദ്ധിപ്പിച്ച ശേഷം അവനോട് പറഞ്ഞു..
” നടക്കട്ടെ നടക്കട്ടെ…നിനക്കവളെ ഒരു നോട്ടം ഉണ്ടല്ലേ… ”
എന്നെ ഇളക്കാൻ എന്നോണം അവൻ പറഞ്ഞു..
” പഫാ…..നാറി…..നീ എങ്ങോട്ടാ ഈ പറഞ്ഞുണ്ടാക്കുന്നേന്ന് എനിക്കറിയാം… പണ്ടിതുപോലെ നീയെന്നെ ഒന്നിളക്കി വിട്ടേൻ്റെ ക്ഷീണം മാറിട്ടില്ല… ”
ഞാൻ പുറകിൽ ഇരിക്കുന്ന അവനെ കണ്ണാടിയിലൂടെ നോക്കി കൊണ്ട് പറഞ്ഞു
” ഞാൻ പറഞ്ഞെന്നേയുള്ളൂ… ആർക്കറിയാം മനസ്സിലിരിപ്പെന്താന്ന്… ”
അവൻ ചിരിച്ചുകൊണ്ട് വീണ്ടുമെന്നെ ഒന്നിളക്കി
” നീ മിണ്ടല്ലേ…. പിന്നെ അവള്… അതിലും ഭേദം നീ എന്നെ വല്ല അതിർത്തിയിലും കൊണ്ടാക്ക്… ഞാൻ കമ്പി വേലിയും ചാടി പാകിസ്ഥാൻ വരെ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് ജീവനുണ്ടേ തിരിച്ചുവരാം…
ചിരിച്ചുകൊണ്ട് ഞാൻ അവനോട് പറഞ്ഞു… അതിന് അവനും ചിരിച്ചു…
” ഞാൻ പറഞ്ഞന്നേയുള്ളൂ… ”
ചിരിയോടെ അവൻ എന്നോട് പറഞ്ഞു
” എന്നാ നീ കൂടുതൽ പണയണ്ട… കീരിയും പാമ്പും ഒന്നായ ചരിത്രമില്ല… ”
അവനോട് അവസാനമായി അതും പറഞ്ഞു വണ്ടി പറപ്പിച്ചു വിട്ടു… പിന്നെ അവനെ അവനെ വീട്ടിൽ ഇറക്കി നേരെ വീട്ടിൽ പോയി കുളിച്ച് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് നേരെ കോളേജിലേക്ക്….
കോളേജിൽ പിന്നെ പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും ഇല്ലായിരുന്നു… അതുവിൻ്റെ ആരോഗ്യനിലയും കാര്യങ്ങളുമൊക്കെ പിള്ളേരും മാഷുമാരൊക്കെ ചോദിച്ചു അത്രതന്നെ…. പിന്നെ ആകെ ഉള്ള ഒരു ഏനകേട് കോളേജിൽ ഒരുത്തിയുണ്ട് എൻ്റെ ക്ലാസ്സിലെ ആതിര… അവൾക്ക് എന്നോട് ഏതാണ്ടൊക്കെയോ പ്രണയമോ എന്തോ തേങ്ങയാണ്….പക്ഷെ എനിക്ക് അതിനോടൊന്നും ഇപ്പോൾ താൽപര്യമില്ല… ആ സീനൊക്കെ ഡിഗ്രി കാലത്തിലെ വിട്ടതാ… അതു വഴിയേ പറയാം…
