ദേവസുന്ദരി – 11 1അടിപൊളി  

“” ഓഹ്..!! എന്നെ കൊന്നാ ഞാഞ്ചുമ്മാ ഇരിക്കുവല്ലേ…!! ഞാനുങ്കൊല്ലും നിന്നെ…!!””
അത് കേട്ട് പൊട്ടിവീഴാൻ തുടങ്ങിയ ചിരിയെ കഷ്ടപ്പെട്ട് ഞാൻ പിടിച്ചുവച്ചു.

“” ആഹ്… ഭേഷായ്ട്ടുണ്ട്…!! നിന്നെ കൊന്നാൽ നീയെങ്ങനെ എന്നെക്കൊല്ലൂന്ന് കൂടെയൊന്ന് പറയാവോ…?! “”

ഞാൻ ചോദിച്ചത് കേട്ട് ആള് നന്നായിട്ടൊന്ന് ചമ്മിയെങ്കിലും അതവള് പുറത്ത് കാണിച്ചില്ല. പേടിച്ചിട്ട് എന്തൊക്കെയാ വിളിച്ചുപറയണേ എന്ന ബോധംപോലും ശവത്തിനില്ല!!.

“” ഞാനുദ്ദേശിച്ചത് എന്നെക്കൊല്ലണേനു മുന്നേ ഞാന്നിന്നെ കൊല്ലൂന്നാ..! “”

“” ഒറ്റയടിക്ക് തീർക്കാൻപോകുമ്പോ നിനക്കതിനുള്ള സമയം കിട്ടുവോന്ന് സംശയമാണ്…!! “”

ഞാൻ ശബ്ദമൊന്ന് താഴ്ത്തി ഇത്തിരി കനത്തിൽ അത് പറഞ്ഞതും അവള് നന്നായിട്ടൊന്ന് ഞെട്ടി.

പിന്നീട് ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് അവളെ നോക്കുമ്പോൾ ആള് ഏതാണ്ടൊക്കെ ചിന്തിച്ചോണ്ട് ഇരിപ്പുണ്ട്.

ഇവളെനി വണ്ടീന്ന് എടുത്ത് ചാടുവോ എന്നാണെന്റെ ടെൻഷൻ. ചാടാണെങ്കി ചാടട്ടെ… ശല്യമങ്ങ് തീർന്നുകിട്ടൂലോ…!!. അതോർത്തപ്പോ ഒരു കുളിര്.

അവൾ ഇടക്കെന്നെ പാളിനോക്കുന്നൊക്കെയുണ്ട്. മുഖത്തെ ആ ദയനീയത കാണുമ്പോൾ ഇത്രേം പാവം വേറെയില്ലാന്ന് തോന്നും. പക്ഷേ ചിലനേരത്തെ പെരുമാറ്റങ്കാണുമ്പോ ഒറ്റയടിക്ക് പടമാക്കാൻ തോന്നും!!.

വെറും കയ്യോടെ എങ്ങനെയാണ് ഒരു വീട്ടിലേക്ക് പോകുന്നതെന്നോർത്ത് ഞാൻ റോഡ് സൈഡിൽക്കണ്ട ഒരു ഷോപ്പിന് മുന്നിൽ കാറൊതുക്കി.

കാറ്‌ നിന്നതേ താടക ചാടിപ്പുറത്തിറങ്ങി.

“” മര്യാദക്കെന്നെ കൊണ്ടുവിട്ടോ…!! ഇല്ലേ തനിക്കറിയാലോ എന്നെ… “”

കാറിൽ നിന്ന് ഇറങ്ങി കടയിലേക്ക് നടക്കാനൊരുങ്ങിയ എന്നെ നോക്കിയവൾ ഭീഷണി മുഴക്കി.

“” ഓഹ്… ഇനിയിപ്പോ അറിയാനെന്തിരിക്കണ്… നിന്റിമേജൊക്കെ നീ തന്നെ രണ്ടൂസം മുന്നേ കളഞ്ഞല്ലോ…!!””

അവൾക്കുള്ള മറുപടിയും കൊടുത്ത് കടയിൽ കയറി കുറച്ച് ഫ്രൂട്ട്സ് ഒക്കെ വാങ്ങി തിരിച്ചിറങ്ങുമ്പോൾ താടക എന്നെയും തുറിച്ചുനോക്കി കാറിനരികിൽ അതേ നിൽപ്പാണ്.
എന്നാലങ്ങനെയൊരാളവിടെ നിൽക്കുന്നു എന്നുപോലും നോക്കാതെ ഞാൻ സാധനങ്ങളൊക്കെ ബാക്സീറ്റിൽ വച്ച് നേരെ കാറിലേക്ക് കയറി.

എന്നിട്ടും എന്നേം ചിറഞ്ഞ് നോക്കിക്കൊണ്ട് നിന്നയവളെക്കണ്ട് എനിക്ക് പൊളിഞ്ഞു.

“” ഡീ കോപ്പേ…!! വരണുണ്ടേ വന്ന് വണ്ടീക്കേറ്.!! “”

“” ഇല്ല… ഞാൻ വരണില്ല….! “”

“” ഉറപ്പാണല്ലോലേ…!! “”

ഞാനൊരു ചിരിയോടെ പറഞ്ഞ് പുറകിലേക്ക് കണ്ണുകാണിച്ചതും അവളൊന്ന് തിരിഞ്ഞുനോക്കി.

അവിടെ കടയുടെ അടുത്തായി കലുങ്കിൽ ഇരിക്കണ രണ്ടുമൂന്നു പേരുടെ നോട്ടം അവളിൽ തന്നെ ആണെന്ന് കണ്ടതും അവളൊന്ന് പതറി.

പിന്നെ രണ്ടാമതൊന്നാലോചിക്കാതെ അവൾ കാറിൽ കയറി.

“” നാശങ്ങള്…!!””

അവള് പിറുപിറുത്തത് കേട്ടെനിക്ക് ചിരിവന്നു.

പിന്നീടങ്ങോട്ട് ഒന്നും മിണ്ടീലെലും അവളുടെ നോട്ടം എനിക്ക് നേരെ ഇടയ്ക്കിടെ പാളിവീഴുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

കുറച്ചുനേരം ഓടി ഒരു ജംഗ്ഷൻ കിട്ടിയപ്പോൾ ഞാൻ വണ്ടിയൊതുക്കി അമലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

“” ഡാ…!! നീ ഓഫീസിൽ പോയിരുന്നോ…?!””

“” ഇല്ലേട്ടാ..!! ഞാൻ കുറച്ച് നാളേക്ക് ലീവ് എടുത്തെന്നു പറഞ്ഞിരുന്നല്ലോ..ചേച്ചി അത്യാവശ്യമായി അളിയന്റെ വീടുവരെ പോയേക്കുവാ.. അതുകൊണ്ട് പുറത്തൊന്നും പോയില്ല.! എന്താ ഏട്ടാ ചോയ്ച്ചേ..!! “”

“” ഞങ്ങള് എങ്കി നിന്റെ വീട്ടിലോട്ട് വരുന്നുണ്ട്… നീ വഴി പറഞ്ഞുതന്നേ… ഇവിടിപ്പോ ഏതോ ഒരു ജംഗ്ഷൻന്റെ മുന്നിൽ നിൽപ്പുണ്ട്…!! “”

“” ആഹ് അവിടന്ന് ലെഫ്റ്റ് തിരിഞ്ഞോ… അടുത്ത് തന്നെയാ..! കുറച്ച് മുന്നോട്ട് വന്നാ ലെഫ്റ്റിൽ ബേക്ക് പ്ലാസ എന്ന് പേരുള്ള ഒരു ബേക്കറി കാണും. അത് കഴിഞ്ഞുടനെ റൈറ്റിലേക്കുള്ള റോഡ് കേറി നേരെ ഇങ്ങ് വന്നോ… ഞാൻ റോഡിലേക്കിറങ്ങി നിക്കാം…!! “”
അവനോടോക്കേ പറഞ്ഞ് വണ്ടിമുന്നോട്ടെടുക്കുമ്പോൾ തടകയുടെ മുഖത്തെ ആശ്വാസങ്കണ്ട് ഞാൻ ചിരിച്ചുപോയി. എന്നാലത് വിൻഡോക്ക് നേരെ തിരിഞ്ഞ് അവളിൽ നിന്ന് മറയ്ക്കുന്നതിൽ ഞാൻ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *