പിന്നെ ഉള്ളിയും തക്കാളിയും ഇഞ്ചിയും വെളുത്തുള്ളീം കുറച്ച് പച്ചമുളകും കാരറ്റും ഒക്കെ അറിഞ്ഞുവച്ചു.
എന്നിട്ട് ഒരു കുക്കർ എടുത്ത് അടുപ്പിൽ വച്ചിട്ട് കുറച്ച് നെയ് ഒഴിച്ച് ഉള്ളിയരിഞ്ഞത് കുറച്ചെടുത്ത് വഴറ്റിതുടങ്ങി. അതൊരു ഗോൾഡൻ ബ്രൗൺ കളർ ആയിവന്നതും അതിലേക്ക് കുറച്ച് വെള്ളമൊഴിച്ചു. പിന്നെ പാകത്തിന് ഉപ്പും ഇട്ടു. വെള്ളം ഒന്ന് ചൂടായതും നേരത്തേ കഴുകിവച്ചിരുന്ന അരിയെടുത്ത് അതിലേക്ക് ഇട്ടു… പിന്നെയാ അരിഞ്ഞുവച്ച കാരറ്റും. കറുവപ്പട്ട ഗ്രാമ്പു പോലുള്ള മസാല ഐറ്റം കൂടെ ചേർത്തശേഷം കുക്കർ അടച്ചു വച്ചു.
കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച് ഉള്ളിയും എണ്ണയിൽ ഇട്ടൊന്ന് വഴറ്റിഎടുത്തിട്ട് അവിടെ മാറ്റിവച്ചു.
ഇനി ചിക്കനിലേക്ക് കടക്കണം.!
ഇന്ന് പതിവില്ലാണ്ട് താടക പുറത്തേക്കിറങ്ങിയിട്ടുണ്ട്. എന്ത് പറ്റിയാവോ തപസ്സിന് തടസ്സം നേരിടാൻ….! മിക്കവാറും മണമടിച്ചിട്ടിറങ്ങിയതാവും പണ്ടാരക്കാലി.!!
അവളെയൊന്ന് നോക്കി ഞാൻ വീണ്ടും എന്റെ ജോലിയിൽ ശ്രദ്ധ കേന്ദീകരിച്ചു.
ഫ്രിഡ്ജിൽ നിന്ന് ചിക്കനെടുത്ത് കഴുകുമ്പോൾ
അവളവിടെക്കിടന്ന് കറങ്ങുന്നുണ്ടായിരുന്നു.
“” അതേയ്… ചിക്കൻ ഞാനുണ്ടാക്കാണോ..?! “”
ഞാൻ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും അവള് ചോദിച്ചു.
അത് കേട്ട് ഞാനവളെയൊന്ന് നോക്കി.
“” ഒരു ദോശചുടാനറിയാത്ത നിന്നെ ഞാമ്മിശ്വസിക്കണോന്ന് ആണോ പറഞ്ഞുവരുന്നേ…!! “”
അന്ന് ദോശ വേണേൽ ഉണ്ടാക്കിതിന്നോ എന്ന് പറഞ്ഞപ്പോൾ അവൾ അറിയില്ല എന്ന് പറഞ്ഞതോർത്ത് ഞാൻ പറഞ്ഞു.
“” അത് ദോശ വീട്ടിലാർക്കുമിഷ്ടല്ല… അതോണ്ട്ണ്ടാക്കി ശീലമില്ലാഞ്ഞിട്ടാ..!! “”
അവള് വിശദീകരിച്ചപ്പോൾ ഞാനൊന്ന് ചിന്തിച്ചു.
“” അപ്പൊ നിനക്കിതൊക്കെ ഉണ്ടാക്കാനറിയാവോ…? “”
അതിനവള് പാവ തലകുലുക്കണപോലെ തലയിട്ടിളക്കി.
അവൾക്കറിയാമെങ്കിൽ അതല്ലേ നല്ലത്…! വെറുതേ അറിയാത്ത ഞാനെന്തിന് റിസ്ക് എടുക്കണമെന്നൊരു ചിന്ത മനസ്സിൽ വന്നപ്പോൾ ഞാനവളോട് ചെയ്തോളാൻ പറഞ്ഞു.
അതിനവളുടെ മുഖത്തെയാ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു.
ഇവളിതൊക്കെയറിഞ്ഞിട്ട് തന്നെയാണോ എന്നൊരു സംശയമുള്ളതുകൊണ്ട് മാത്രം അവള് എന്താണ് ചെയ്യുന്നതെന്നും നോക്കി ഞാനവിടെത്തന്നെ നിന്നു.
അവളാദ്യം ചിക്കൻ ക്ലീൻ ചെയ്യാൻ തുടങ്ങി. അത് നല്ലപോലെ കഴുകി ഒരു പത്രത്തിലേക്ക് മാറ്റി. പിന്നെ അതിലേക്ക് ഉപ്പും കുരുമുളകും മഞ്ഞൾപൊടിയും ചേർത്ത് നന്നായി ചേർത്ത് പിടിപ്പിച്ചു. ഇതൊക്കെ നടക്കുമ്പോഴേക്ക് നേരത്തേ ഞാൻ അടുപ്പിൽ കയറ്റിയിരുന്ന കുക്കർ മൂന്ന് വിസിലായിക്കഴിഞ്ഞിരുന്നു. ഞാൻ അത് അടുപ്പിൽനിന്നിറക്കിവച്ചു.
അവൾ കുക്കറിൽനിന്ന് ചോറ് മറ്റൊരു പത്രത്തിലേക്ക് മാറ്റിയിട്ട് അത് കഴുകി അതിലേക്ക് മസാല പിടിപ്പിച്ച് വച്ച ചിക്കൻ എടുത്തിട്ടു. പിന്നെ കുറച്ച് വെള്ളവുമൊഴിച്ചു. ഇവളിതെന്ത് തേങ്ങയാ ഈ ചെയ്യണേ എന്നൊരു ഭാവത്തോടെ ഞാനവളേം നോക്കി നിക്കുകയാണുണ്ടായത്.
ഇതൊന്നും നേരത്തെക്കണ്ട വിഡിയോയിൽ ഇല്ലായിരുന്നല്ലോ…! ഇനിയിവൾക്ക് ഇതെപ്പറ്റി വല്യപിടിയൊന്നുമില്ലാഞ്ഞിട്ടാണോ…?!
പക്ഷേ അവളുടെയാ കോൺഫിഡൻസ് കണ്ടിട്ട് അറിയാത്തപോലെയൊന്നും തോന്നണുവില്ല.
വറുത്തെടുത്തിരുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ഉള്ളിയുമൊക്കെ നെയ്‌ച്ചോറിന് മുകളിൽ വിതറി ഞാൻ അതൊന്ന് ടേസ്റ്റ് ചെയ്ത് നോക്കി. വല്യ തരക്കേടില്ലാണ്ട് സംഭവം റെഡിആയിട്ടുണ്ട്.
അവള് കുക്കർ അടച്ച് വച്ച് ബാക്കി പണിയിലേക്ക് കടന്നു. ഒരു ഉരുളിപോലുള്ള പാത്രമെടുത്ത് അതിലേക്ക് കുറച്ചെണ്ണ ഒഴിച്ചു. അതൊന്ന് ചൂടായി വന്നപ്പോ ബാക്കിയുണ്ടായിരുന്ന ഉള്ളിയെടുത്ത് അതിലിട്ട് വഴറ്റിത്തുടങ്ങി. അതിലേക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ടു.
കുക്കർ ഒരുവിസിൽ അടിച്ചപ്പോൾ അവൾ ചിക്കൻ അടുപ്പീന്ന് ഇറക്കി.
ഞാനിതൊക്കെ ചെറിയൊരു കൗതുകത്തോടെ നോക്കിയിരുന്നു. അപ്പൊ ഇവക്കിതൊക്കെ അറിയായിരുന്നല്ലേ…!
ഉള്ളിയൊക്കെ ഒന്ന് മൂത്ത് വന്നതും മുറിച്ചുവച്ചിരുന്ന തക്കാളിയും കൂടെ അതിലേക്ക് ഇട്ടു. പിന്നെ മുളക് പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി ഇതൊക്കെ ചേർത്ത് ഇളക്കി.
