“കല്യാണം നടക്കില്ലേ? എന്ത് പറ്റി???” അച്ഛൻ അതിശയത്തോടെ ചോദിച്ചു.
“ആ ചെക്കന് വേറൊരു ബന്ധം ഉണ്ടായിരുന്നത്രെ.. ആ പെണ്ണ് ഇന്നലെ അവരുടെ വീട്ടിൽ പോയി ബഹളം വച്ചു. അതും ഗർഭിണിയത്രെ!” എന്ന് അയാൾ സങ്കടത്തോടെ പറഞ്ഞു.
ഞങ്ങൾ ഒന്നും മിണ്ടിയില്ല.. എന്ത് പറയാൻ ആണ്? അച്ഛൻ രാജേട്ടന്റെ അടുത്തേക്ക് നടന്നു. അച്ഛനെ കണ്ടതും രാജേട്ടന്റെ കരച്ചിൽ കൂടി.
“തീർന്നെടാ.. എല്ലാം തീർന്നു. ഇത് നടന്നില്ലേൽ പിന്നെ അവളുടെ കല്യാണം നടക്കില്ല എന്നാണ്.. എന്റെ കുഞ്ഞിന്റെ ജീവിതം പോയില്ലേ… എല്ലാം എന്റെ തെറ്റാണു..” എന്ന് പറഞ്ഞു രാജേട്ടൻ അച്ഛന്റെ കൈ പിടിച്ചു കരഞ്ഞു. അമ്പലത്തിലെ ശാന്തി അവിടെ ഇരിക്കുന്നുണ്ട്. എനിക്കറിയാവുന്ന ചെറുപ്പക്കാരൻ ആണ്. അയാൾക്കും സങ്കടം.
ഇന്നലെ ഇതിലെ ഓടിച്ചാടി നടന്നിരുന്ന എല്ലാവരും ഓരോ മൂലയ്ക്ക് പോയി ഇരിക്കുന്നു. പെണ്ണുങ്ങൾ എല്ലാം അകത്താണ്. കരയുകയായിരിക്കണം.
“ഇത് ഇപ്പോൾ അറിഞ്ഞത് നന്നായി.. അല്ലേൽ പിന്നെ….” എന്ന് പറഞ്ഞു അച്ഛൻ ഒരു നിമിഷം നിർത്തി…
“അതും ശരിയാണ്…” കുറച്ചു പേര് സപ്പോർട്ട് ചെയ്തു.
കല്യാണം നടത്താൻ വന്ന ശാന്തി അങ്ങോട്ടു വന്നു.
“കുടുംബത്തിലോ പരിചയത്തിലോ ഏതെങ്കിലും ചെറുപ്പക്കാർ ഉണ്ടേൽ…. അതല്ലേ നല്ലതു.. അതാകുമ്പോൾ….”
എന്ന് പറഞ്ഞു അദ്ദേഹം നിർത്തി..
“അങ്ങനെ ആളുകൾ ആരും ഇല്ല സ്വാമി.. പിന്നെ കണ്ടവർക്കൊക്കെ അങ്ങിനെ പിടിച്ചു കൊടുക്കാൻ പറ്റുമോ?”
ആരും ഒന്നും മിണ്ടിയില്ല.
“ഞാൻ ഒരു കാര്യം പറയാം… ശാന്തി മെല്ലെ പറഞ്ഞു..
എല്ലാവരും ശാന്തിയെ നോക്കി.
“ധ ഇവനെ എല്ലാവരും അറിയുന്നതല്ലേ? പിന്നെ നമ്മുടെ മാത്യു ഏട്ടന്റെ മോൻ ആണ്. ഇവരെ അങ്ങ് കെട്ടിച്ചാലോ? “ അതും പറഞ്ഞു ശാന്തി എന്നെ നോക്കി.
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. സംഗതി മാത്യു എന്റെ അച്ഛൻ ആണെങ്കിലും ഇനി ആരെങ്കിലും എന്റെ പുറകിൽ നിൽക്കുന്നുണ്ടോ?
അകെ ഞെട്ടി വിയർത്തു..”സ്വാമി.. എന്താ ഈ പറയുന്നേ???…. സ്വാമിക്കെന്നെ നന്നായി അറിഞ്ഞൂടെ?? ഞാൻ ക്രിസ്ത്യാനി ആണ്…” ഞാൻ തപ്പി തപ്പി സ്വാമിയോട് പറഞ്ഞു.
“നീ മിണ്ടാതിരുന്നേ..രാജേട്ടൻ, മാത്യൂട്ടൻ ഒന്ന് വന്നേ…” എന്നും പറഞ്ഞു അയാൾ രാജേട്ടനേയും അച്ഛനെയും വിളിച്ചു കൊണ്ട് കുറച്ചു മാറി നിന്ന് സംസാരം തുടങ്ങി..
അവിടെ കൂടി നിന്നവർ ഒക്കെ എന്നെ നോക്കി… അമ്മയുടെ മുഖത്തും എന്തൊക്കെയോ ഭാവം. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. അല്ലെങ്കിലേ കല്യാണം വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഞാൻ.. പിന്നെ മുടങ്ങിയ കല്യാണത്തിന് നിന്ന് കൊടുക്കാൻ ഞാൻ എന്താ.. എന്തൊക്കെയോ ആലോചിച്ചു എനിക്ക് ദേഷ്യം കൂടി.. അതും ഞാൻ അനിയത്തിയെ പോലെ കാണുന്ന ഒരു പെൺകുട്ടി.
“നമുക്ക് പോയാലോ?” ഞാൻ അമ്മയോട് ചോദിച്ചു.
“നിൽക്കു…!” അമ്മയുടെ സ്വരം ഉറച്ചതായിരുന്നു. ഉടൻ തന്നെ അച്ഛനും രാജേട്ടനും എന്റെ അടുത്തേക്ക് വേഗം വന്നു. “മോനെ… പറയുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് അറിയാം.. എന്നാലും മോന് ഞങ്ങളുടെ മാനം കാക്കാൻ ആവുമോ? “ രാജേട്ടൻ എന്റെ കൈ പിടിച്ചു ചോദിച്ചു..
“രാജേട്ടാ.. ഞാൻ….” എനിക്കൊന്നും പറയാൻ പറ്റിയില്ല..
“രാജേട്ടാ.. മതം…? “ എന്റെ അമ്മയാണ് ചോദിച്ചത്…
“എന്താ മനുഷ്യൻ അല്ലെ? ഇവിടെ ജാതിയും മതവും അല്ല നോക്കേണ്ടത്.. മനസാണ്. ദൈവാനുഗ്രഹം ഞാൻ നോക്കിയിട്ടു കാണുന്നുണ്ട്… അവനോടു ചോദിക്കണ്ട.. അവൻ സമ്മതിക്കും..! “ ഉറച്ച ശബ്ദം… ശാന്തി ആണ്…
ദൈവമേ എന്തൊരു പരീക്ഷണം! ശാന്തിയെ ധിക്കരിക്കാൻ പറ്റില്ല.
അച്ഛനും അമ്മയും ഒരേ സമയം പറഞ്ഞു “കുഴപ്പമില്ല.. അവൻ കെട്ടിക്കോളും. എന്നിട്ടു ‘അമ്മ എന്നോട് പറഞ്ഞു “എതിർപ്പ് പറയണ്ട. ആ കൊച്ചിന്റെ ജീവിതം ആണ്. നിന്റെ സ്വന്തം അനിയത്തി ഒന്നും അല്ലല്ലോ..!”
അകെ മൊത്തം പെട്ടു. ദേഷ്യവും സങ്കടവും ഒക്കെ മാറി മാറി വരുന്നുണ്ട്…
“മോനെ ഞാൻ കാലുപിടിക്കാം..” എന്ന് പറഞ്ഞു രാജേട്ടൻ മുൻപോട്ടു വന്നു…
“രാജേട്ടാ.. അതൊന്നും വേണ്ട…എനിക്ക് സമ്മതം ആണ്…!”
പണ്ടാരം… മനസിന്റെ ഉള്ളിൽ നിന്ന് ആരോ പറയിപ്പിച്ചത് പോലെ…
