അത് മൈൻഡ് ചെയ്യാതെ ഞാൻ ഇറങ്ങി ചെന്നു. ചിലർ ഞാൻ അവളെ വിളിച്ചു കൊണ്ട് വന്നു എന്ന രീതിയിൽ ആണ് സംസാരിച്ചത്.. ദേഷ്യം വന്നെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് നിന്ന് കൊടുത്തു.
സെറ്റിയിൽ ഇരിക്കുമ്പോൾ ദേവിക ചേച്ചിയുടെ ഒപ്പം ഇറങ്ങി വന്നു. നേരത്തെ താലത്തിൽ വച്ച നീല പട്ടു സാരി ആണ് ഉടുത്തിരുന്നത്. നല്ല ചേർച്ച. ഇവൾക്ക് സ്വർണത്തിന്റെ നിറം ആണ്. വട്ട മുഖം, നീണ്ട കണ്ണുകൾ, നിതംബത്തിനു താഴെ കിടക്കുന്ന കാർകൂന്തൽ.. കഴുത്തിൽ കുറെ മാലകളും കാതിൽ വലിയൊരു ജിമ്മുക്കിയും ഉണ്ട്. നെറ്റിയിൽ ചുവന്ന പൊട്ടും സിന്ദൂരവും.
കയ്യിൽ നിറയെ വളകൾ..
ഇവൾക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ? അല്ലെങ്കിലും പെൺപിള്ളേരെ അധികം ശ്രദിക്കാറില്ലായിരുന്നു… എന്താകുമോ എന്തോ..
അപ്പോഴേക്കും പള്ളിയിൽ നിന്ന് അച്ചനും കമ്മിറ്റി അംഗങ്ങളും വന്നു. ആംഗ്ലിക്കൻ ചർച് ആയതുകൊണ്ട് ഇവർക്ക് ഇതൊന്നും ഒരു പുത്തരി അല്ല.
ആരോ പറഞ്ഞു നാളെ കൊണ്ടുപോയി രജിസ്റ്റർ ചെയ്യിക്കാം.. അയാളുടെ ക്ലാസ്സ്‌മേറ്റ് ആണ് രെജിസ്റ്റാർ എന്നും, സാധാരണ 30 ദിവസം നോട്ടീസ് പതിക്കണം എന്നോ… ആ.. എന്തോ ആവട്ടെ..
അച്ചൻ പ്രാർത്ഥിച്ചു ആശീർവദിച്ചു പോയി.. ഒരു ദിവസം റിസപ്ഷൻ വെക്കണം. ഒരു ചടങ്ങു കഴിഞ്ഞതുകൊണ്ടു ഇനി പള്ളിയിൽ വെച്ച് നടത്തണം എന്നില്ല എന്നും പറഞ്ഞു.
അങ്ങിനെ എല്ലാവരും പോയി.. രണ്ടുമൂന്നു ആന്റിമാർ മാത്രം നിന്നു. പിന്നെ ചേട്ടനും ചേച്ചിയും പിള്ളേരും.
രാത്രി ഭക്ഷണം കഴിച്ചു.. പെണ്ണുങ്ങൾ പിന്നെ ഇരുന്നോളാം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ കഴിച്ചു. ഫുഡ് പുറത്തു നിന്ന് വരുത്തിയതാണ്.
ഭക്ഷണം കഴിഞ്ഞു അച്ഛൻ എന്നെ വിളിച്ചു..
പുറത്തു കൊണ്ട് പോയി “ഡാ കുഴപ്പം ഒന്നും ഇല്ലല്ലോ?” എന്ന് ചോദിച്ചു…
“ഇല്ല…” എന്ന് ഒറ്റവാക്കിൽ ഞാൻ മറുപടി കൊടുത്തു.
“നീ അവളെ വിഷമിപ്പിക്കരുത്… കേട്ടോ?”
“ഉം…” എന്ന് ഞാൻ മൂളി..
“എന്ന പോയി കിടന്നോ…” എന്ന് പറഞ്ഞു അച്ഛൻ ഒരു സിഗരറ്റു കത്തിച്ചു.
ഞാൻ അകത്തേക്ക് ചെന്നു “കിടന്നോടാ..” എന്ന് ചേച്ചി പറഞ്ഞു.
ഞാൻ ആരോടും പറയാതെ മുകളിലേക്ക് നടന്നു..
റൂം തുറന്നു അകത്തു കയറി.. റൂമൊക്കെ ചെറുതായി അലങ്കരിച്ചിരിക്കുന്നു. ചേച്ചി ആയിരിക്കും.. എന്തിന്റെ സൂക്കേടാണാവോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു ബാത്റൂമിലേക്കു ചെന്ന് കുളിച്ചു ഡ്രസ്സ് മാറി. സാധാരണ ഒരു ട്രാക്ക് പാന്റും ബനിയനും ഇട്ടു.
എന്നിട്ടു മൊബൈൽ എടുത്തു ബെഡിലേക്കു ചാരി.. ബെഡിൽ റോസാ പൂവിന്റെ ഇതൾ ഒക്കെ ഇട്ടിരിക്കുന്നു..
മൊബൈൽ നോക്കി.. ആരൊക്കെയോ അറിഞ്ഞിരിക്കുന്നു. കുറെ മെസ്സേജുകൾ.. അതൊന്നും നോക്കാൻ ഒരു മൂഡ് തോന്നിയില്ല.
പാദസ്വരത്തിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ വാതിൽക്കലേക്കു നോക്കി. സാരി ഒക്കെ മാറ്റി, ക്രീം കളർ സാരി ഉടുത്തു ഒരു താലത്തിൽ ഗ്ലാസിൽ പാലും ഒക്കെയായി ഇതാ നിൽക്കുന്നു ദേവിക… എന്റെ ഭാര്യാ!
അവൾ മടിച്ചു നിൽക്കുകയാണ്.. എനിക്കും എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല.. അവൾ വന്നു താലം മേശയുടെ മുകളിൽ വച്ചു.. എന്നിട്ടു മെല്ലെ “എനിക്ക് അച്ഛനെ ഒന്ന് വിളിക്കണം..” എന്ന് പറഞ്ഞു.
ഞാൻ രാജേട്ടൻ എന്ന് സേവ് ചെയ്തിരുന്ന നമ്പർ എടുത്തു ഡയൽ ചെയ്തു.. ഒരു റിങ്ങിനു തന്നെ അവിടെ ഫോൺ എടുത്തു “എന്താ മോനെ??” പരിഭ്രാന്തനായ ശബ്ദം.
“രാജേട്ടാ.. ഒന്നുമില്ല.. അവൾക്കു ഒന്ന് സംസാരിക്കണം എന്ന്…” ഞാൻ അത് പറഞ്ഞു ഫോൺ ദേവികക്ക് കൊടുത്തു.
അവൾ ഫോൺ വാങ്ങി “അച്ഛാ… “ എന്ന് വിളിച്ചു… ഞാൻ എണീറ്റ് ബാല്കണിയിലെക്കുള്ള ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി..
ആകാശത്തിൽ നിറയെ നക്ഷത്രങ്ങൾ.. അവളോട് എന്ത് പറയണം എന്ന് ഞാൻ ആലോചിച്ചു നോക്കി.. കുറച്ചു നേരം ചിന്തിച്ചു ശേഷം ഞാൻ അകത്തു കയറി.
അവൾ ബെഡിൽ ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും അവൾ എണീറ്റു..
“ഇരിക്ക്…” എന്ന് പറഞ്ഞിട്ടു ഞാനും ബെഡിൽ ഇരുന്നു.. അവൾ മെല്ലെ ഇരുന്നു.
“അച്ഛൻ എങ്ങനെ ഉണ്ട്?”
“കുഴപ്പമില്ല.. ഇവിടെ ആയതുകൊണ്ട് സമാധാനം ഉണ്ടെന്നു പറഞ്ഞു…”
