അത് കേട്ട എല്ലാവരുടെയും മുഖം തെളിഞ്ഞു.. “എന്നാൽ ബാക്കി കാര്യം നോക്ക്… സമയം ഇല്ല..” ശാന്തി വിളിച്ചു പറഞ്ഞു.
“അല്ല ചടങ്ങുകൾ??” ആരോ ചോദിച്ചു..
“അവൻ നമ്മുടെ ചടങ്ങുകൾ ആദ്യം ചെയ്യട്ടെ… എന്നിട്ടു പള്ളിയിൽ വച്ചും നടത്തട്ടെ.. രജിസ്റ്റർ ചെയ്താൽ മതിയല്ലോ…” എല്ലാവരും മനുഷ്യർ അല്ലെ.. ദേവിയുടെ അനുഗ്രഹം ഉണ്ട്..”
പിന്നെ ആരും ഒന്നും മിണ്ടിയില്ല.. എനിക്കാണെങ്കിൽ എന്നെ കൊലക്കു കൊടുക്കുന്ന ഭാവം ആണ്.
കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങി..
സംഗതി കല്യാണം നടക്കും എന്ന കാര്യം വീട്ടിൽ മൊത്തം അറിഞ്ഞു. ഒരു ക്രിസ്ത്യാനി ചെക്കൻ ആണ് കെട്ടുന്നത് എന്ന് കേട്ടിട്ടാകണം കുറെ പേര് വന്നു നോക്കി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു..
എനിക്ക് തൊണ്ട വരളാൻ തുടങ്ങി.
“മോനെ.. നല്ല കുട്ടി ആയി അവളുടെ കഴുത്തിൽ താലി കെട്ടണം.. “ എന്ന് അമ്മ എന്റെ ചെവിയിൽ പറഞ്ഞു.
അച്ഛൻ എന്നെ ഒന്ന് നോക്കി.. “ചെല്ലടാ…” എന്ന് പറഞ്ഞു.. ആരൊക്കെയോ ചേർന്ന് അറക്കാൻ കൊണ്ടുപോകുന്ന ആടിനെ പോലെ എന്നെ കൊണ്ടുപോയി ഒരുക്കി വച്ച കളത്തിൽ ഇരുത്തി.
“സമയം ഇല്ല.. വേഗം എന്ന് ശാന്തി വിളിച്ചു പറഞ്ഞു. അദ്ദേഹം എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി താലി ഒരു പാത്രത്തിൽ വച്ചു. ആരോ ഒരു കടും നീല കളർ സാരി കൂടി അതിൽ കൊണ്ടുവച്ചു.. അകെ ടെൻഷൻ..
ഞാൻ വിയർത്തു കുളിച്ചു..
കുറേപേർ ചേർന്ന് പെണ്ണിനെ കൊണ്ടുവന്നു.. ദേവിക.. അതാണ് അവളുടെ പേര്. ദേവിക രാജൻ. അന്യന്യം നന്നായി അറിയുന്നവർ ആണ് ഞങ്ങൾ.. എന്നാൽ ഇങ്ങനെ ഒരു സ്ഥലത്തു എത്തിച്ചേരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
അവൾ ചുവന്ന പട്ടിൽ ആഭരണങ്ങൾ ഒക്കെ ഇട്ടു വന്നു. ആരോ അവളെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി..
എനിക്ക് അവളുടെ മുഖത്തു നോക്കാൻപോലും കഴിയുന്നില്ല…
താലി എടുത്തു തന്നു.. ഞാൻ അമ്മയെയും അച്ഛനെയും നോക്കി. അവർ കണ്ണടച്ച് കാണിച്ചു. കെട്ടിക്കോളാൻ..
ഞാൻ വിറയ്ക്കുന്ന കൈകൾ ഉയർത്തി അവളുടെ കഴുത്തിൽ താലി കെട്ടി.. ആരോ അത് പിടിച്ചു ശരിക്കും കെട്ടി.. കുക്കുമം തൊടുവിക്കാൻ പറഞ്ഞപ്പോൾ ഞാൻ അതെടുത്തു അവളുടെ നെറ്റിയിൽ തൊട്ടു.. അവൾ കണ്ണുകൾ ഉയർത്തി എന്നെ ഒന്ന് നോക്കി.. കലങ്ങിയ കണ്ണുകൾ.. എന്താണ് ഭാവം എന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല..
അതിനു ശേഷം വെറ്റിലയോ എന്തോ വച്ച് ഞങ്ങളുടെ കൈ കൂട്ടി വച്ചു, ഒരു താലം അവളുടെ കയ്യിൽ കൊടുത്തു മൂന്ന് പ്രാവശ്യം ഒരുക്കിവച്ച സ്ഥാനം ചുറ്റാൻ പറഞ്ഞു.
ഞാൻ ഒരു സ്വപ്നത്തിൽ പോലെ അവളെയും കൊണ്ട് മൂന്ന് പ്രാവശ്യം ചുറ്റി.. അതിനു ശേഷം എന്തെക്കെയാണ് നടന്നെന്നു പോലും ഓർമയില്ല…
കുറച്ചു കഴിഞ്ഞു വിളമ്പിയ ഭക്ഷണം പോലും ഞങ്ങൾക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല.. എന്തൊക്കെയോ കാണിച്ചു ഞങ്ങൾ എണീറ്റു..
വരനും വധുവും ആയി.. എന്നാൽ ഇതുവരെ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല…
ആരൊക്കെയോ ഫോട്ടോ എടുത്തു.. മതേതര വിവാഹം എന്നൊക്കെ പറഞ്ഞു ഇനി അത് ഇൻറർനെറ്റിൽ കറങ്ങും…
എന്തൊക്കെ ആണാവോ..
അവിടുന്ന് കുറെ കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞു ഞങ്ങളെ ഒരുക്കി വച്ച കാറിൽ കയറ്റി. അവൾ കരയുന്നുണ്ടായിരുന്നു.. ഒന്ന് ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.. എന്നെ ആര് ആശ്വസിപ്പിക്കും എന്ന് നോക്കിയിരിക്കുന്ന ഞാൻ ആണോ ഇനി അവളെ ആശ്വസിപ്പിക്കുന്നത്…
വേഗം വീട് എത്തി.. ഏട്ടനും ചേച്ചിയും വീടിന്റെ മുൻപിൽ തന്നെ നിൽക്കുന്നുണ്ട്. കാറിൽ നിന്ന് ഇറങ്ങിയ അവൾക്കു ചേച്ചി നിലവിളക്കു കൊടുത്തു. അവൾ അതും കൊണ്ട് അകത്തു കയറി. ഞാനും….
***
അയൽക്കാർ ഒക്കെ വന്നു. എല്ലാവരും നല്ല അടുപ്പം ഉള്ളവർ ആണ്.. ചിലർ എന്റെ അടുത്ത് വന്നു “പെട്ടു അല്ലെ?” എന്നൊക്കെ ചോദിച്ചപ്പോൾ എന്റെ സങ്കടം കൂടി.
അവളുടെ നിലയും മോശം അല്ല എന്നെനിക്കു തോന്നി..
എന്തൊക്കെയോ അഭിപ്രായങ്ങൾ…
ഞാൻ എണീറ്റ് റൂമിലേക്ക് നടന്നു. ഒന്ന് കുളിക്കണം. അകെ വിയർത്തു തലവേദന എടുക്കാൻ തുടങ്ങി..
