കുളിച്ചു ഡ്രസ്സ് മാറ്റി. ഒരു ജീൻസും ബനിയനും എടുത്തിട്ടു.
അപ്പോഴേക്കും ചേച്ചി റൂമിലേക്ക് വന്നു. കയ്യിൽ ഒരു ബാഗ് ഉണ്ട്. അവളുടെ ആണ്.
“നീ സങ്കടപെടണ്ട.. നല്ലൊരു കാര്യമല്ലേ ചെയ്തത്.. അവൾ നല്ല കുട്ടി ആണെന്ന് എല്ലാവർക്കും അറിയുന്നതല്ലേ… അവളോട് ദേഷ്യം ഒന്നും തോന്നരുത്…” എന്ന് പറഞ്ഞു എന്റെ കവിളിൽ ഒന്ന് തലോടി ചേച്ചി റൂമിനു പുറത്തേക്കു നടന്നു…
“ഞാൻ അവളെ ഇങ്ങോട്ടു വിടും. അതിനും ഒന്ന് ഡ്രസ്സ് ഒക്കെ ഒന്ന് മാറണം…” അവൾ കൂട്ടിച്ചേർത്തു..
ഞാൻ ഒന്ന് ആലോചിച്ചു.. എനിക്ക് ദേഷ്യം തോന്നേണ്ട ആവശ്യം ഒന്നും ഇല്ല. ഇതൊക്കെ ജീവിതത്തിന്റെ ഒരു കളി ആണ്. അല്ലെങ്കിൽ എങ്ങിനെ അവൾ ഇപ്പോൾ എന്റെ ഭാര്യാ ആകും? വേറെ മതം ആയതു കൊണ്ട് ചിലപ്പോൾ രജിസ്റ്റർ മാര്യേജ് കൂടി കഴിഞ്ഞാൽ അല്ലെ ഒഫീഷ്യൽ ആകു? ആ ആർക്കറിയാം…
എന്തായാലും അവൾ എന്റെ ഭാര്യാ ആണ്.
ഞാൻ ബെഡിൽ ചിന്തിച്ചു ഇരിക്കുവാരുന്നു. പാദസ്വരത്തിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ വാതിൽക്കലേക്കു നോക്കി.
അവൾ.. ദേവിക.. പകച്ചു നിൽക്കുകയാണ്. ഞാൻ അവൾക്കു എത്ര വിഷമം ഉണ്ടാകും എന്ന് ആലോചിച്ചു നോക്കി..
സ്നേഹിച്ചവൻ താലി ചാർത്തേണ്ടതിനു പകരം വേറെ ഒരാൾക്ക് കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നവൾ.. അച്ഛന്റെയും വീട്ടുകാരുടെയും മാനം രക്ഷിക്കാൻ സ്വയം ഉരുകുന്നവർ.. എത്ര സങ്കടം ഉണ്ടാകും അവൾക്കു? എന്നെക്കാളും കൂടുതൽ എന്നല്ല.. എത്രയോ കൂടുതൽ..
പാവം… ഇല്ല.. അവളെ സങ്കടപെടുത്തരുത്. പോയ ബന്ധത്തിനേക്കാളും കൂടുതൽ സന്തോഷം അവൾക്കു കൊടുക്കാൻ കഴിയണം.
ഇത്ര കാര്യങ്ങൾ മനസ്സിൽ ചിന്തിച്ചു ഞാൻ അവളെ നോക്കി..
മുഖം കുനിച്ചു കയ്യിൽ ഉള്ള തൂവാലയിൽ വിരൽ ചുറ്റി നിൽക്കുന്നു.. സങ്കടം നിറഞ്ഞ മുഖം..
“ദേവിക…?”
ഞാൻ വിളിച്ചപ്പോൾ അവൾ ഞെട്ടി എന്നെ നോക്കി..
“നമ്മൾ പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്… ദേവികയുടെ പ്രതീക്ഷകൾ ഞാൻ തകർത്തെങ്കിൽ എന്നോട് ക്ഷമിക്കണം…”
ഇത് ഞാൻ പറഞ്ഞു തീർന്നതും അവൾ ഓടി വന്നു എന്റെ കാലിൽ വീണു… പൊട്ടിക്കരഞ്ഞുകൊണ്ട് “ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്? എനിക്ക് വേറൊരു മാർഗവും ഇല്ലാഞ്ഞിട്ട ഏട്ടാ.. ഞാൻ ഒരു ശല്യവും ഉണ്ടാക്കില്ല.. ഏട്ടന് ദേഷ്യം ആണെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം…”
ഞാൻ ഞെട്ടി വിറച്ചുപോയി…
“എന്താ കുട്ടി നീ കാണിക്കുന്നേ…” എന്ന് ചോദിച്ചു ഞാൻ അവളുടെ ചുമലിൽ പിടിച്ചു പൊക്കി എഴുന്നേൽപ്പിച്ചു.. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. അവൾ എന്റെ കാലു പിടിച്ചു കരഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല..
“മോളെ… എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.. ഇതൊക്കെ പെട്ടെന്ന് സംഭവിച്ചത് കൊണ്ടുള്ള ടെൻഷൻ മാത്രമാണ്… “
അവൾ കരച്ചിൽ നിർത്തിയില്ല.. ഞാൻ അവളുടെ തൂവാല വാങ്ങി അവളുടെ കവിളുകൾ തുടച്ചു. കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്. എനിക്കാണെങ്കിൽ ആരെങ്കിലും കരയുന്നതു കണ്ടാൽ എന്റെയും കണ്ണ് നിറയും.
“മതി കരഞ്ഞത്… ആരും മരിച്ചിട്ടൊന്നും ഇല്ലല്ലോ.. നിനക്ക് അറിയുന്ന വീടല്ലേ ഇത്? നിന്നെ ഞാൻ നന്നായി നോക്കിക്കോളാം… ഐ പ്രോമിസ്..”
അവസാനം പറഞ്ഞ വാക്കുകൾ എന്നെകൊണ്ട് ആരോ പറയിപ്പിച്ചതുപോലെ…
അത് കേട്ടപ്പോൾ അവൾ ഒന്ന് നിശബ്ദത ആയി എന്റെ മുഖത്തു നോക്കി.. ചെറിയൊരു തെളിച്ചം ആ മുഖത്തു ഞാൻ കണ്ടു…
“ശരിക്കും?? എന്നോട് ദേഷ്യം ഇല്ലേ?” അവൾ എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു…
“ഇല്ല..!” എന്ന് പറഞ്ഞു ഞാൻ ഒന്ന് പുഞ്ചിരിച്ചു… അവൾ ഒരു ദീർഘനിശ്വാസം എടുത്തു… എന്നിട്ടു ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. എനിക്കവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.. പാവം ഇത്ര നേരം തീ തിന്നുക ആയിരുന്നു..
“ഇതെന്താ ഒരു കഥപറച്ചിൽ? അതിനൊക്കെ വേറെ സമയം ഉണ്ട്. കുളിച്ചു താഴ്ത്തേക്കു വാ… ആളുകൾ കുറെ വന്നു ചോദിക്കുന്നു…” ചേച്ചി ആണ്..
ഞങ്ങൾ അകന്നു മാറി.. ഞാൻ നാണകേടോടെ താഴ്ത്തേക്കു നടന്നപ്പോൾ ചേച്ചി ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി…
