കഴിഞ്ഞോ തന്റെ കണക്കെടുപ്പ്..
ദേവന്റെ ചോദ്യം കെട്ടു അവൾ അവനെ നോക്കി..
കണ്ണ് തുറക്കാതെ തന്നെ അതെ ഇരിപ്പു
അനു മുന്നോട്ടാഞ്ഞ് മോളുടെ നെറ്റിയിൽ ഒന്ന് മുത്തി. അവൾ പോലും അറിയാത്ത ഒരു തൂവൽ സ്പർശം പോലെ.തിരിഞ്ഞു വീണ്ടും നോക്കിയപ്പോ ദേവൻ തന്നെയും മോളെയും നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു.
കണ്ണുകൾ കൊണ്ട് ദേവൻ അനുവിനെ അരികിലേക്കി മാടി വിളിച്ചു.
കട്ടിലിൽ നിന്നും ഇറങ്ങിയ അനു ദേവന്റെ അരികിൽ ചെന്നു. ദേവന്റെ അടുത്തായി ഇരിക്കാൻ തുനിഞ്ഞ അവളുടെ ഇടുപ്പിൽ പിടിച്ചു ദേവൻ അവളെ അവന്റെ മടിയിലേക്ക് ഇരുത്തി. വലതു കൈ അവന്റെ കഴുത്തിനു പിന്നിലൂടെ ഇട്ടു ഇടതു കൈ അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു ചൊതുങ്ങി ഇരുന്നു…
എന്താടോ… മോളെ കാണാണ്ടായപ്പോ പേടിച്ചു പോയോ…
അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല. പറയാതെ തന്നെ ദേവാനുള്ള ഉത്തരം അവന്റെ നെഞ്ചിനെ ചുടു കണ്ണീരിൽ നനയിച്ചു. എങ്ങലടിച്ചു കൊണ്ട് കരയുന്ന അനുവിന്റെ തലയിൽ അവൻ സാവധാനം തലോടികൊണ്ടിരുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ദേവന്റെ മുഖത്തേയ്ക്ക് നോക്കി. പുഞ്ചിരിക്കാനൊരു വിഫല ശ്രെമം നടത്തികൊണ്ട് അവൾ ചോദിച്ചു.
മോളെ എപ്പോളാ ഇങ്ങോട്ട് മാറ്റിയത്…
നീ കാവിലേക്കു പോയ സമയത്തു…
ചെറു ചിരിയോടെ ദേവൻ തുടർന്നു.
ഈ ദേവർമഠത്തിലെ രാജകുമാരിയണാവൾ അവൾക്കിനി ഇവിടെ ഒരു കുറവും ഉണ്ടാവില്ല. അവൾക്കു മാത്രമല്ല നിനക്കും…
ദേവൻ അനുവിനെ ഒന്നുകൂടെ ചേർത്ത് പിടിച്ചു
ദേവേട്ടാ അവൾ നീന്തി തുടങ്ങിയിട്ടുണ്ട് നമ്മള് വരുന്നതിനു മുന്നേ അവള് എഴുന്നേറ്റിരുന്നെങ്കിലോ.അതോർക്കുമ്പോ എന്റെ കയ്യും കാലും വിറയ്ക്കുന്നു.കട്ടിലിൽ നിന്ന് എങ്ങാനും വീണിരുന്നെങ്കിൽ. എനിക്കതു ഓർക്കാൻ കൂടി വയ്യ…..
അത് പറയുമ്പോൾ അനുവിന്റെ നെഞ്ചിടിപ്പ് കൂടിയത് ദേവൻ തൊട്ടറിഞ്ഞു.
അതിനു മോളു കട്ടിലിൽ ആയിരുന്നില്ല തൊട്ടിലിൽ ആയിരുന്നു കിടത്തിയത് ഉണർന്നാലും അവൾക്ക് അതിന്നു പുറത്തു വരാൻ കഴിയില്ല. പിന്നെ തന്നെ കൊണ്ടുവന്നു കിടത്തിയപ്പോളാണ് മോളെ ഞാൻ എടുത്തു തന്റെ അടുത്ത് കിടത്തിയത്…
ഞാൻ ഒത്തിരി നേരം ഉറങ്ങി കിടന്നോ ദേവേട്ടാ…
ഏയ്.. ഒരു 15മിനിട്ട്.. ഞാൻ ബി പി നോക്കിയപ്പോ നോർമൽ ആയിരുന്നു. അതാ പിന്നെ ഞാൻ ഉണർത്താതിരുന്നത്.
ദേവേട്ടന് എന്നോട് പറയാമായിരുന്നില്ലേ..
അതിനു പറയാനുള്ള സാവകാശം തന്നില്ലല്ലോ അതിനു മുന്നേ ചക്ക വെട്ടിയിട്ട പോലെ വീണില്ലേ.
വീട്ടുകാരും നാട്ടുകാരും പിഴച്ചവൾ എന്ന് മുദ്ര കുത്തി ആട്ടി പുറത്താക്കിയപ്പോ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ് ഞാൻ. മരിക്കുന്നതിന് മുന്നേ എന്റെ അവസ്ഥക്ക് കാരണക്കാരൻ ആയ ആളെ ഒന്ന് കൂടി കാണണം എന്ന് തോന്നി. അങ്ങനെയാ അന്ന് ഞാൻ തേടിപിടിച്ചു ഈ വീടിന്റെ പടിപ്പുര കടന്നു വന്നത്. കാലെടുത്തു വച്ചതു മാത്രേ എനിക്ക് ഓർമയുണ്ടായിരുന്നുള്ളു. പിന്നെ ഹോസ്പിറ്റലിൽ വച്ചു രാമേട്ടനെ പറഞ്ഞത് ക്ഷീണം കാരണം തലചുറ്റി വീണു എന്നും ഗർഭവസ്ഥയിൽ അധികം ഇങ്ങനെ യാത്ര ചെയ്യണ്ട എന്നുവോക്കെ.
അനു പറയുന്നതത്രയും ഒരു നിർവികരതയോടെ ദേവൻ കേട്ടിരുന്നു…
ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ ആകെ ഒരു തരം മരവിപ്പ് ആയിരുന്നു. എന്തു ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിപോയി…. വേണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു പോലും എനിക്ക് അതിനു കഴിഞ്ഞില്ല . ഒരു തെറ്റും ചെയ്യാത്ത ഈ ജീവൻ കളയേണ്ട എന്ന് തോന്നിയപ്പോളാണ് ആത്മഹത്യ ചെയ്യാനുള്ള എന്റെ തീരുമാനം മാറ്റിയത്. അന്ന് മുതൽ ഞാൻ ജീവിച്ചത് മൊത്തം അവൾക്കു വേണ്ടിയാണു. മോളെ കാണാണ്ട് വന്ന ഭയത്തിൽ ഞാൻ തിരിഞ്ഞു നോക്കിയപ്പോ ചിരിച്ചോണ്ട് നിക്കുന്ന ദേവേട്ടനെയാണ് കണ്ടത്. ദേവേട്ടൻ അവളെ എന്തേലും ചെയ്‌തോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി ദേവേട്ടാ…
അതും പറഞ്ഞു അവൾ ദേവനെ ഇറുക്കെ പിടിച്ചു കൊണ്ട് മുള ചീന്തും പോലെ കരഞ്ഞു..
ആർത്തലച്ചു വലിയ വായിൽ ദേവനെ തെറ്റിദ്ധരിച്ചതിൽ പതം പറഞ്ഞു കരയുന്ന അനുവിന്റെ കരച്ചിൽ ദേവന്റെ കണ്ണുകളെയും ഈറനണിയിച്ചു
