”എന്താ അവിടെ രണ്ട് പേരും കൂടി ഒരു രഹസ്യം??..”
അപ്പോഴാണ് റോഷ്നി തങ്ങളെ ശ്രദ്ധിക്കുന്ന വിവരം ഇരുവരും അറിഞ്ഞത്..
”നത്തിംങ് മിസ്..”
പെട്ടെന്ന് അനിക തിരിഞ്ഞിരുന്നു..
”പിന്നെ എന്താ താൻ ഇത്രയും നേരം സംസാരിച്ചത്??..”
റോഷ്നിക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു..
”അത്.. ഞാൻ.. ഞാനൊരു ഡൌട്ട്..”
അനിക വാക്കുകൾക്കു വേണ്ടിയുളള തിരച്ചിൽ തുടങ്ങി.. ”ഇയാൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് എന്നോട് വേണം ചോദിക്കാൻ.. അല്ലാതെ തിരിഞ്ഞിരുന്ന് സംസാരിക്കുകയല്ല വേണ്ടത്.. അതിരിക്കട്ടെ എന്താ തൻറെ സംശയം??..”
റോഷ്നി ഹൈപ്പർ ആയപ്പോൾ ക്ളാസ് നിശബ്ദമായി..
”പറേടോ.. എന്താ തൻറെ ഡൌട്ട്??..”
”ഒന്നുമില്ല..”
അനികയും കുറച്ച് കലിപ്പിൽ തന്നെ മറുപടി പറഞ്ഞു.. മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് കോളേജിലെ ബ്യൂട്ടി ക്യൂണായ തന്നെ പുതിയതായി വന്ന മിസ് ഫസ്റ്റ് ക്ളാസ്സിൽ തന്നെ വഴക്ക് പറഞ്ഞു എന്ന തോന്നലാണ് അവളിൽ അമർഷമുണ്ടാക്കിയത്..
ചുണ്ട് കടിച്ചു പിടിച്ച് കുനിഞ്ഞിരുന്ന അനികയെ ഒന്നു നോക്കിയ ശേഷം റോഷ്നി അജയ് യുടെ നേരേ തിരിഞ്ഞു..
മിസ് തൻറെ നേരേയാണ് വരുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അവൻറെ ഹൃദയമിടുപ്പ് ക്രമാധീതമായി വർദ്ധിച്ചു..
”എന്താ തൻറെ പേര്??..”
റോഷ്നി ഡെസ്കിന് സമീപമായി നിന്ന് കൊണ്ട് ചോദിച്ചു..
”അജയ്..”
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അവൻ അറിയാതെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.. പുതിയതായി വന്ന തന്നോട് ഒരു പെൺകുട്ടി കാട്ടാത്ത ബഹുമാനം ഇവൻ… തൻറെ ആരെല്ലാമോ ആയി മനസ്സിൽ കണക്കു കൂട്ടിയ ഇവൻ കാണിക്കുന്നു എന്ന് കണ്ടപ്പോൾ അവൾ അറിയാതെ കോരിത്തരിച്ചു പോയി..
”ഹും.. എന്താ സംശയം??.. എന്നോട് പറ ഞാൻ ക്ളിയർ ചെയ്തു തരാം..”
അവനു മുന്നിൽ അവളുടെ ധൈര്യം മുഴുവനും ചോർന്നു പോകുന്നതായി അപ്പോൾ അവൾക്ക് തോന്നി..
”മിസിൻറെ.. മിസിൻറെ പേര് ചോ.. ചോദിച്ചതാ..”
അവൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു..
”എന്താ അറിഞ്ഞേ പറ്റുളേളാ??..”
തന്നെക്കാളും ഭയവും വിധേയത്വവും അവനിലുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ചോർന്ന ധൈര്യം അവളിൽ മടങ്ങിയെത്തി..
”ഇല്ല.. കുഴപ്പമില്ല.. അറിയണ്ട..”
”ഹും..”
അവൻറെ നിഷ്കളങ്കത കലർന്ന ഭയം കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ചിരി വിടർന്നു..
—-ട്രിണിം…..
സെക്കൻറ് പീരിഡ് കഴിഞ്ഞ ബെൽ മുഴങ്ങി..
റോഷ്നി അജയ് യെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തിരികെ നടന്നു.. വാതിൽ കഴിയുന്നത് വരെ അവൻറെ കണ്ണുകൾ അവളെ പിന്തുടർന്നു..
ഇത് എന്തൊക്കെയാണ് സംഭവിക്കുന്നത്.. തന്നിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്നൊന്നും അറിയാതെ അജയ് ബെഞ്ചിലേക്കിരുന്നു..
അവന് സ്വന്തം ക്ളാസ്സിൽ പറയത്തക്ക ഫ്രണ്ട്സ് ഒന്നുമില്ലായിരുന്നു.. ഉളളത് ഒന്ന് ബി ബാറ്റ്ച്ചും.. അതിനാൽ തന്നെ കൂടെ ഇരുന്നവരെല്ലാം എഴുന്നേറ്റ് പോയിട്ടും അവൻ അവിടെ തന്നെ ഇരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പുറത്തു പോയിട്ട് അനിക ക്ളാസ്സ് റൂമിലേക്ക് കയറി വന്നു…
”ഹെലോ.. ഇയ്യാക്കിന്ന് പുറത്തൊന്നും പോകണ്ടേ??..”
അനിക തനിച്ചിരുന്ന അവൻറെ ബെഞ്ചിലേക്ക് കയറിക്കൊണ്ട് ചോദിച്ചു..
”ഇല്ല.. അല്ല നീ ഇതെങ്ങോട്ടാ.. അങ്ങോട്ട് ഇറങ്ങ് പെണ്ണേ..”
”പിന്നേ… നീ പറയുമ്പോൾ ഇറങ്ങാൻ ഞാനാര് നിൻറെ പെണ്ണുമ്പിളളയോ.. ഒന്ന് പോടാ ചെക്കാ..”
അവൾ അവൻറെ അരികിലായി ഇരുന്നു കൊണ്ട് പറഞ്ഞു..
”എടീ പെണ്ണേ.. ആരേലും കണ്ടാ എന്നാ വിചാരിക്കും.. നീ മാറി പോയേ..”
അജയ് ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭയത്തിൽ തിരിഞ്ഞും മറിഞ്ഞും നോക്കി..
”ആരെങ്കിലും കണ്ടാൽ എന്നാ നമ്മള് തമ്മില് പ്രേമമാണെന്ന് കരുതും.. അതീ കൂടുതൽ ഒന്നുല്ലല്ലോ..”
അവൾ ഒരു കളള ചിരിയോടെ പറഞ്ഞു..
”അയ്യടാ.. പ്രേമോ.. ഒന്ന് പോടീ.. നിൻറെ പുറകെ കുറേ ആമ്പിളേളര് നടക്കുന്നുണ്ടല്ലോ.. അവന്മാരുടെ ആരേങ്കിലും വാലിൽ തൂങ്ങ്..പാവം നമ്മളെ വിട്ടേരെ..”
അവൻ തൊഴുത് കൊണ്ട് എഴുന്നേറ്റു..
അവൾ അവൻറെ കൈയ്യിലേക്ക് ചാടി പിടിച്ചു.. വലിച്ച് അവൾക്കരികിൽ ഇരുത്തി..
