മനസ് തുറക്കാൻ ഒരാളെ കിട്ടിയ സന്തോഷം ചേച്ചിയുടെ മുഖത്ത് സുധി കണ്ടു..
ശാലിനി റബ്ബർ മരത്തിൽ ചാരി നിന്ന് ഒരു പരിചയവുമില്ലാത്ത, പേരോ, നാടോ അറിയാത്ത ഒരാളോട് തന്റെ ജീവിതം പറയാൻ തുടങ്ങി..
തേങ്ങിയും, വിതുമ്പിയും, കണ്ണീരൊലിപ്പിച്ചും, പൊട്ടിക്കരഞ്ഞും അവൾ താൻ താണ്ടിയ ദുരിത ജീവിതം സുധിക്ക് മുൻപിൽ തുറന്ന് വെച്ചു..
സഹിക്കാനാവാത്ത ഹൃദയ വേദനയോടെ എല്ലാ സങ്കടങ്ങളും അവൾ പറഞ്ഞ് തീർത്തു..
വലിയൊരു ഭാരമിറക്കിയ ആശ്വാസത്തോടെയാണവൾ സുധിയെ നോക്കിയത്..
എന്നാൽ സുധി ശരിക്കും ഞെട്ടിയിരുന്നു… അവന് വിശ്വസിക്കാനായില്ല.. ഒരു സ്ത്രീ സഹിച്ച ക്രൂര പീഢനങ്ങൾ അവന് സങ്കൽപിക്കാൻ പോലുമായില്ല..
ഇങ്ങിനെയൊക്കെ ചെയ്യുന്ന ഭർത്താക്കൻമാരുണ്ടെന്ന് അവനൂഹിക്കാൻ പറ്റാത്തതായിരുന്നു..
ഇവരുടെ ഭർത്താവെന്ന് പറയുന്ന ആ ശോഷിച്ച ശരീരമുള്ള മനുഷ്യനാണ് ഈ ക്രൂരതകൾ മുഴുവൻ കാട്ടിയതെന്ന് അവൻ അൽഭുതപ്പെട്ടു…
“” നിങ്ങള് ഏത് നൂറ്റാണ്ടിലാ ചേച്ചീ ജീവിക്കുന്നത്… ?.. ഭർത്താവാണെങ്കിലും ഒരാളുടെ ഉപദ്രവം സഹിച്ച് എന്താനാ ചേച്ചീ ജീവിതം നരകിക്കുന്നത്…?.. ചേച്ചിക്ക് ബന്ധുക്കളാരുമില്ലേ…?.
അല്ലെങ്കിൽ പോലിസിൽ പറഞ്ഞൂടെ ചേച്ചീ… ?..””..
സുധി ചോദിച്ചത് കേട്ട് ശാലിനി വേദനയോടെ ചിരിച്ചു.
“” ബന്ധുക്കളൊക്കെയുണ്ട്… അവനോടൊപ്പം ജീവിക്കാൻ പറ്റില്ലെങ്കിൽ പോയി ചാവാൻ പറഞ്ഞ ബന്ധുക്കൾ…
ചാവാൻ പേടിയുണ്ടായിട്ടല്ല…പക്ഷേ എന്റെ മക്കൾ… “..
“ചേച്ചീ… ഞാനിപ്പോ എന്താ ചെയ്യേണ്ടത്…?..
ഞാനുപദേശിച്ചാ അങ്ങേര് കേൾക്കോ… ?.
ആ മുറ്റത്ത് കാല് കുത്തരുതെന്നാ എന്നോട് പറഞ്ഞത്… “..
“” ഇല്ല… ഉപദേശം കൊണ്ടൊന്നും ഇനി കാര്യമില്ല…
എന്നെ ഉപദ്രവിച്ചോട്ടെ… പക്ഷേ,എന്റെ മക്കൾക്ക് വയറ് നിറയെ ആഹാരം കൊടുക്കാൻ എനിക്കൊരു മാർഗം വേണം… അതിനാ ഞാൻ നിങ്ങളേ കാണാൻ വന്നത്…””..
താനൊരു കുരുക്കിൽ വന്ന് ചാടിയോ എന്ന് സുധിക്കൊരു സംശയം തോന്നി..
താനിവരെ എങ്ങിനെ സഹായിക്കാനാണ്…
പത്തോ ആയിരമോ കൊടുത്താൽ ഇവരുടെ പ്രശ്നം തീരുമോ..?.
“” ചേച്ചീ… ഞാനെന്താണ് ചെയ്യേണ്ടത്…..?”..
“” അത്… എനിക്ക്… ഇവിടെ… തോട്ടത്തിലോ… കോഴി ഫാമിലോ..എന്തേലും… പണി…?”..
മടിച്ച് മടിച്ചാണ് ശാലിനി ചോദിച്ചത്.. ഇത് വരെ ഒരു പണിക്ക് പോയിട്ടില്ല..
എന്ത് പണിയാണ് തനിക്ക് ചെയ്യാൻകഴിയുക എന്നറിയില്ല..എങ്ങിനെയാണ് ഒരാളോട് പണി ചോദിക്കുക എന്നും അറിയില്ല..
എങ്കിലും തനിക്കെന്തെങ്കിലും പണി കിട്ടിയേ തീരൂ…
മക്കളുടെ വിശന്നൊട്ടിയ വയർ ഇനി കാണാൻ വയ്യ…
സുധിയൊന്ന് നിശ്വസിച്ചു..
“” ചേച്ചിക്ക് എന്തൊക്കെ പണി അറിയാം..?”..
ചിരിച്ച് കൊണ്ട് സുധി ചോദിച്ചു..
മക്കളുടെ വിശപ്പ് മാറ്റാൻ ഒരു പണിയന്വോഷിക്കുന്ന നിസഹായയായ ഒരമ്മയെയാണവൻ മുന്നിൽ കണ്ടത്..
“” പണി… ഏത് പണിയും… ഞാൻ.. ചെയ്തോളാം… “..
ശാലിനി പതിയെ പറഞ്ഞു.
“” ഇന്ന് തന്നെ പണിക്ക് കയറുന്നോ, അതോ നാളെ മുതൽ മതിയോ…?”..
അത് കേട്ട് ശാലിനി കണ്ണീർ നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ കൊണ്ട് സുധിയെ നോക്കി..
“ അല്ലെങ്കിൽ ഇന്ന് വേണ്ട…
നാളെ മുതൽ ചേച്ചി വാ…
ഞാൻ രാവിലെ നാല് മണിക്ക് വന്ന് റബ്ബർ വെട്ടും..
ചേച്ചി ഒരാറ് മണിയാവുമ്പോ വാ…
ഈ ചിരട്ടയിൽ നിറയുന്ന പാല് ബക്കറ്റിലെടുത്ത് അവിടെയുള്ള വലിയ ഡ്രമ്മിൽ കൊണ്ട് പോയി ഒഴിക്കണം…
അത് പറ്റില്ലേ ചേച്ചിക്ക്…?”..
ശാലിനി സന്തോഷത്തോടെ സുധിയെ നോക്കി..
പക്ഷേ അവളുടെ മുഖത്തൊരു പേടി സുധി കണ്ടു..
“ ചെയ്യാം… പക്ഷേ.. ഒരാറരക്ക് വന്നാ പോരേ….?..അപ്പഴേ ചേട്ടൻ പോകൂ… “..
“”അപ്പോ ചേട്ടനറിയാതെയാണോ ചേച്ചി പണിക്ക് വരുന്നേ… ?… അത് വേണോ ചേച്ചീ…?”..
