നിസ്സഹായൻ – 1 1

ഒരിക്കൽ മനക്കലെ നംഭൂതിരി അങ്ങാടിയിൽ വച്ച് കണ്ടപ്പോൾ ചോദിച്ചു…….?

“എന്തേ ഉണ്ണി ഇപ്പോൾ ഉസ്ക്കൂളിലൊന്നും പോണില്യേ……?”

അങ്ങാടിയിലെ മൊത്തക്കച്ചവടക്കാരൻ പരീതുമായി തലേന്ന് വിറ്റ അടക്കയുടെ കണക്കു സംസാരിച്ചു നില്ക്കുകയായിരുന്ന അമ്മാവൻ തിരിഞ്ഞു നോക്കി.

“അതിപ്പോ മുല്ലക്കലെ കുട്ടിയെന്തിനാ നംഭൂരിശ്ശാ ഉസ്കൂളി പോണേ…. പഠിച്ചു വലിയ ഉദ്യോഗം നേടാനാ….?? തറവാട്ടു വകകള് നേരാംവണ്ണം നോക്കി നടത്തിയപ്പോരെ……., മൂന്ന് നേരം സുഭിഷ്ട്ടായിട്ടു കഴിയാനോള്ളത് കിട്ടില്ലേ.” അമ്മാവന്റെ മറുപടി കേട്ടു ഉണ്ണിയുടെ മുഖമിരുണ്ടു.
“അതിങ്ങള് പറഞ്ഞത് ശെരീന്നെ…….. മുല്ലക്കെലെ കാര്യസ്ഥപ്പണി കിട്ടിയാത്തന്നെ ഞ്ഞമ്മളെ പോലുളൊരിക്ക് സുഗായി…” പുകയിലക്കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു കൊണ്ട് പരീതും അമ്മാവന്റെകൂടെ കൂടി.

പരീതിന്റെ അഭിപ്രായം കേട്ട് അമ്മാവന്റെ മുഖത്ത് ഒരു ചിരി പടർന്നു

“എന്നാല്ലും മേന്ന്നെ ഇന്നത്തെക്കാലത്ത് കുട്ട്യോള് രണ്ടക്ഷരം പഠിക്കണതല്യെ നന്ന്.” നംഭൂരി വിടാൻ ഭാവമില്ല

ഉണ്ണി നന്ദിയോടെ നംഭൂതിരിയെ നോക്കി.

“ഒന്നും വേണ്ട…. എത്രയായാലും തറവാടിന്റെ അന്തസ്സ് കളയുന്ന ഒരു പരിപാടിക്കും ഈ മേന്ന്നെ കിട്ടില്ല.”

നംഭൂതിരിയുടെ മറുപടിക്ക് കാത്തുനില്ക്കാതെ, ഉണ്ണിയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് മാധവമേനോൻ നടന്നു… പിന്നാലെ മരവിച്ച മനസ്സുമായി രാമനുണ്ണിയും.

ജീർണ്ണിച്ച തറവാട്ടു മഹിമയുടെയൂം പാരമ്പര്യത്തിന്റെയും പേരിൽ സ്വന്തം ഭാവി കുഴിച്ചു മൂടപ്പെടുന്നത് കണ്ടു നിസ്സഹായനായി നിൽക്കാനേ അവനു കഴിഞ്ഞുള്ളൂ.

സർവനാശത്തിന്റെ പടിക്കലെത്തിനിൽക്കുന്ന ഈ വീട്ടില്നിന്നും എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലപ്രാവശ്യം അതിനു ശ്രമിച്ചതുമാണ്‌. പക്ഷെ ഒരിക്കലും തനിക്കത്തിനു കഴിയില്ലെന്ന് ഉണ്ണിക്കു അറിയാം. അവനെ ആ മണ്ണിൽ തളച്ചിരിക്കുന്ന കണ്ണികൾ പലതാണ്.

തനിക്കും അനിയത്തിക്കും വേണ്ടി മാത്രം ജീവിക്കുന്ന അമ്മ, എല്ലാവരിലും സന്തോഷത്തിന്റെ പൂമ്പൊടി വിതറി ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന കുഞ്ഞനിയത്തി ലക്ഷ്മിക്കുട്ടി, ഗ്രാമത്തിൻറെ ശാലീനതയും കൈകുഞ്ഞിന്റെ നിഷ്കളങ്കതയും മാതാവിൻറെ വാത്സല്യവുമായി നളിനി അമ്മായി, പരിചയസമ്പന്നമായ കരങ്ങൾകൊണ്ട് തന്നിലെ മൃദുല വികാരങ്ങളെ തഴുകിയുണർത്തിയ അടിച്ചുതളിക്കാരി ജാനു, താമരപ്പൂവിന്റെ ഗന്ധവും കാർമേഘത്തിന്റെ നിറവുമുള്ള അവരുടെ മകൾ താമര………..അങ്ങനെ അഭേദ്യമായ എത്രയെത്ര കണ്ണികൾ. എല്ലാത്തിനുമുപരി തന്റെ മുറപ്പെണ്‍ ഉഷ. തൻറെ ഉള്ളിലെ വിവർണ്ണ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവൾ,
തന്നിലെ കരിഞ്ഞുപോയ മോഹങ്ങൾക്ക് ചിറകു വിരിയിച്ചവൾ. അവളുടെ പനിനീർപ്പൂവു പോലെ നിർമലമായ മേനിയും, പ്രഭാതസൂര്യനെപ്പോലെ പ്രകാശപൂർണമായ മുഖവും ഓർക്കുമ്പോൾ ഇരുളടഞ്ഞ തൻറെ ജീവിതത്തിലും പ്രകാശം പരക്കുന്നതായി ഉണ്ണിക്കു തോന്നി. അമ്മാവൻ ഒരിക്കലും തങ്ങളുടെ ബന്ധം അംഗീകരിക്കില്ലെന്നു അറിയാമെങ്കിലും അവൻ അവളെയും അവൾ അവനെയും സ്നേഹിക്കുന്നു.

എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കി അമ്മാവനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കണമെന്നതായിരുന്നു ഏക ലക്‌ഷ്യം. പക്ഷെ തറവാട്ടിലെ കൃഷിയിൽ നിന്നും മറ്റും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന്റെ ധൂർത്തും കെടുകാര്യസ്ഥ്തയും, ദുർനടപ്പും മൂലം ഭൂരിഭാഗം സ്വത്തുക്കളും അന്യാധീനപ്പെട്ടിരുന്നു. ഭൂസ്വത്തുക്കളിൽ പകുതിയും പല പല കേസ്സുകളിൽപെട്ടു ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. കച്ചെരിയിലും വക്കീലന്മാർക്കുമായി എത്രോയോ കാശ് വെറുതെ കളഞ്ഞിരിക്കുന്നു. കേസ്സ് നടത്താൻ കെൽപ്പില്ലാതെ അവസാനം ആ സ്വത്തുക്കൾ കേസ്സുനടത്തിയ വക്കീലിന് തന്നെ എഴുതിക്കൊടുത്ത കഥകളും ചുരുക്കമല്ല. ബാക്കിയുള്ളവ കാര്യസ്ഥന്മാരും ആശ്രിതരും പിന്നെ കുറെ തേവിടിശ്ശികളും ചേർന്ന് കട്ടുമുടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *