“എന്താ അമ്മെ കാര്യം?”, അമ്മയോട് തിരക്കി
“എനിക്കറിയില്യ ഉണ്ണിയേ ഈ നളിനി എന്തു ഭാവിച്ചാന്ന്… മാധവന്റെ സ്വഭാവം അറിയാവുന്നതല്ലേ. അവളുടെ ഭാഗത്തിൽ കിട്ടിയ കിഴക്കേ പാടത്തെ സ്ഥലം വിക്കണതിനെ ചൊല്ലിയുള്ള വഴക്കാ…. അവളെയിന്നവൻ തല്ലി കൊല്ലും”. നളിനി അമ്മായിയുടെ ഭാഗത്തിലുള്ള ഏതോ പുരയിടം വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നു അമ്മയുടെ മറുപടിയിൽ നിന്നും മനസിലായി.
ഭക്ഷണം കഴിഞ്ഞു കൈകഴുകുന്നതിനിടയിൽ അമ്മാവൻറെ വിളികേട്ടു.
എടാ ഉണ്ണീ….. , ഇവിടെ വാടാ!!!!…….
പെട്ടെന്ന് കൈകഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അമ്മാവൻ കലിതുള്ളി നിൽക്കുകയാണ്. നളിനി അമ്മായിയെ അവിടെങ്ങും കാണുന്നുണ്ടായിരുന്നില്ല.
“വിളിച്ചത് കേട്ടില്ലേ, എന്തെടുക്കുവായിരുന്നെടാ ഇത്രയും നേരം??” മാധവമേനോൻ അലറികൊണ്ടു ഉണ്ണിയുടെ നേരെ തട്ടിക്കയറി.
“ഉം…….”
ഒന്നും മിണ്ടാതെ കുനിഞ്ഞു നിലത്ത് കണ്ണുറപ്പിച്ചു നിൽക്കുന്ന ഉണ്ണിയെ നോക്കി ഒന്നിരുത്തി മൂളികൊണ്ടു മേനോൻ തുടർന്നു.
“നീ ഉടനെ പാലക്കാട് വരെ ഒന്ന് പോകണം. അവിടെച്ചെന്നു നമ്മുടെ ദിവാകരൻ വകീലിനെ കണ്ടു ഈ കത്തേൽപ്പിക്കണം. എല്ലാ വിവരങ്ങളും ഞാൻ ഈ കത്തിൽ എഴുതിയിട്ടുണ്ട്”. ഇത്രയും പറഞ്ഞു മാധവമേനോൻ ഒരു കവർ ഉണ്ണിയുടെ നേരെ നീട്ടി.
പാലക്കാട്ടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഉണ്ണിയുടെ മുഖം തെളിഞ്ഞു. ഒന്നുമില്ലെങ്കിലും കുറച്ചു നേരത്തേക്ക് ഈ പട്ടിക്കാട്ടിൽ നിന്നും പുറത്ത് കടക്കാമല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചു. മാത്രമല്ല ഉഷയുടെ കോളേജ് പാലക്കാട്ടാണ്. പറ്റുമെങ്കിൽ അവളെയും ഒന്ന് കാണാമെന്നു അവൻ മനസ്സിൽ ഉറപ്പിച്ചു.
“വക്കീലിനെ കണ്ടു അയാളുടെ മറുപടിയും കൊണ്ടേ തിരിച്ചു വരാവു. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നാലും തരക്കേടില്ല. മനസ്സിലായോ പറഞ്ഞതു”. മേനോന്റെ ശബ്ദം ഉണ്ണിയെ ചിന്തയിൽ നിന്നുണർത്തി.
അതെ എന്നർത്ഥത്തിൽ തലയാട്ടി കവർ കൈനീട്ടി വാങ്ങുബോൾ അവന്റെ മനസ്സ് തുള്ളി ചാടുകയായിരുന്നു.
ഉച്ചയോടു കൂടി വകീലാഫിസിലെ പണികളെല്ലാം തീർത്തു ഉഷയെ കാണാൻ പോകാനായി ഇറങ്ങാൻ നേരമാണ് ബസുകാരുടെ മിന്നൽ പണിമുടക്കിന്റെ വാർത്ത വന്നതു. എന്ത് ചെയ്യണമെന്നു അറിയാതെ ബസ്റ്റോപ്പിൽ വിഷമിച്ചു നിന്നപ്പോളാണ് മുൻപിൽ വകീലിന്റെ കാർ വന്നു നിന്നതു. പുറകിലെ കറുത്ത ചില്ലു താഴ്ത്തി ദിവാകരമേനോൻ തല പുറത്തേക്കിട്ടു.
“ഉണ്ണീ…. നാട്ടിലേക്കാണെങ്കിൽ കയറിക്കോളൂ, ഞാനും ആവഴിക്കാണ്. പോകുന്ന വഴിക്കു ഉണ്ണിയെ രാമപുരത്തിറക്കാം. ഇവിടെ നിന്നാൽ ഇന്നിനി ബസ് കിട്ടുമെന്നു തോന്നുന്നില്ല”. പുഴുക്കുത്തുള്ള വൃത്തികെട്ട പല്ലു കട്ടി ചിരിച്ചു കൊണ്ട് ദിവാകരൻ വകീൽ പറഞ്ഞു.
ആലോചിച്ചപ്പോൾ വകീൽ പറഞ്ഞത് ശെരിയാണെന്നു ഉണ്ണിക്കും തോന്നി. ഉഷയെ കാണാതെ തിരിച്ചു പോകേണ്ടിവരുമെന്നോർത്തപ്പോൾ അവനു വിഷമം തോന്നിയെങ്കിലും, പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൻ വകീലിനൊപ്പം കാറിലേക്ക് കയറി.
വക്കിലിന്റെ കാറിൽ കവലയിൽ ഇറങ്ങുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ഉണ്ണി ചുറ്റിലും നോക്കി. കവലയിലെങ്ങും വെളിച്ചം ഉണ്ടായിരുന്നില്ല. ഇനിയും ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കണം തറവാട്ടിലെത്താൻ. ഏറ്റവും അവസാനം പൂട്ടാറുള്ള പരീതിന്റെ റേഷൻ കടയിലും വിളക്ക് കണ്ടില്ല. എന്നും ഏതാണ്ട് പത്തര മണിയോടുകൂടി ആണ് പരീതു മാപ്പിള കട പൂട്ടി പോകാറുള്ളത്. കാറിൽ കൊണ്ട് വിടാമെന്ന് വക്കീൽ പറഞ്ഞപ്പോൾ, ചാടി പുറപ്പെട്ടത് അബധമ്മായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. ഇന്ന് അവിടെ തങ്ങി, നാളെ വന്നാൽ മതിയെന്ന്, അമ്മാവനും പറഞ്ഞതായിരുന്നു. ഒരു മണിക്കൂറോളം ഈ ഇരുട്ടത്ത് കൂടി ഒറ്റയ്ക്ക് നടക്കുന്ന കാര്യം ഓർത്തപ്പോൾ അവൻറെ മനസ്സിൽ ഒരു നേരിയ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. പാടം മുറിച്ചുകടന്നു ഓത്തുപള്ളി വഴി പോയാൽ ഒരു ഇരുപതു മിനിറ്റു കൊണ്ട് പടിഞ്ഞാറേ പറമ്പിൽ എത്താം. പത്തായപുര ഇരിക്കുന്ന പടിഞ്ഞാറേ പറമ്പ് കഴിഞ്ഞാൽ പിന്നെ തറവാട് ആയി. ആ വഴി പോയാൽ എങ്ങനെയും ഒരു അര മണിക്കൂറിനുള്ളിൽ തറവാട്ടിലെത്താമെന്നു മനസ്സിൽ കരുതി ഉണ്ണികുട്ടൻ നടത്തത്തിനു വേഗം കൂട്ടി.
