പടിഞ്ഞാറേ പറമ്പിന്റെ വേലിക്കൽ എത്തിയപ്പോൾ വീണ്ടും ഭയം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങി. പകലുപോലും അധികം ആരും ഈ വഴി വരാറില്ല. പറമ്പിന്റെ ഒത്ത നടുക്കായാണ് പത്തായപുര. തെക്ക് ഭാഗത്ത് കാവാണ്. കാവിൽ പണ്ട് കാലത്ത് കുരിതിയും കളമെഴുത്തും ഒക്കെ വളരെ ആഘോഷമായി നടത്തിയിരുന്നെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ഊർമിള ചെറിയമ്മയെ സർപ്പം തീണ്ടിയത്തിനു ശേഷം പിന്നെ ഉത്സവം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം കാട് പിടിച്ചു കിടക്കുകയാണ്. അമ്മാവൻ കൃഷിയുടെയും മറ്റും കണക്കു നോക്കാനും, ഇടക്കൊക്കെ കൂട്ടുകാരുമൊത്ത് കള്ളു സഭ കൂടാനും വേണ്ടി പത്തായപുര ഉപയോഗിച്ചിരുന്നത് ഒഴിച്ചാൽ വേറെ ആരും ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഊർമിള ചെറിയമ്മയുടെ ആത്മാവ്, ഇപ്പോഴും കാവിനകത്തു ഗതികിട്ടാതെ അലയുകെയാണെന്നു മറ്റും കുട്ടികാലത്ത് കേട്ട കഥകൾ, ഒരു പ്രളയമായി മനസില്ലേക്ക് ഓടിയെത്തി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു, ധൈര്യം സംഭരിച്ചു വേലിപ്പത്തൽ മാറ്റി ഉണ്ണി പറമ്പിലേക്ക് കടന്നു. പറമ്പിനു കുറുകെ പത്തായപ്പുരയുടെ മുന്നിൽ കൂടി തറവാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിൽ കൂടി തറവാടിനെ ലക്‌ഷ്യം വച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി.
മരങ്ങൾക്കിടയിൽ കൂടി അരിച്ചിറങ്ങുന്ന നേരിയ നിലാവിൽ നടപ്പാത ശെരിക്കു കാണാൻ സാധിക്കുന്നില്ല. ഇടയ്ക്കു കല്ലിലും, മരത്തിന്റെ വേരിലും തട്ടി കാൽ വേദനിച്ചെന്ക്കിലും, വേഗം കുറയ്ക്കാതെ അവൻ നടത്തം തുടർന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന തെക്കൻകാറ്റിൽ മരച്ചില്ലകൾ ഉലയുന്നതും, ഇടതടവില്ലാതെ ചിലക്കുന്ന ചിവീടുകളുടെയും ശംബ്ദം ഒഴിച്ചാൽ, എങ്ങും കനത്ത നിശബ്ദത. ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അതു ഗൗനിക്കാതെ ധൃതിയിൽ നടന്നുകൊണ്ടിരുന്ന ഉണ്ണി പെട്ടന്നു നിശ്ചലനായി. വളരെ നേർത്തതെങ്കിലും, വ്യക്ത്തമായിത്തന്നെ അവൻ കേട്ടു; ഒരു സ്ത്രീയുടെ ആർത്തനാദം. മുന്നിലോ, പിന്നിലോ, വശങ്ങളിലോ, ഏത് ദിക്കിൽ നിന്നാണെന്ന് ഊഹിക്കൻ കഴിയുന്നില്ല. ഇനി തനിക്കു തോന്നിയതാണോ എന്ന് ശങ്കിച്ച് അവൻ വീണ്ടും ചെകിട് കൂർപ്പിച്ചു. ചുറ്റും കൂരിരുട്ടു മാത്രം. ചിവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഈ പാതി രാത്രി കാടും പടർപ്പും നിറഞ്ഞ ഇവിടെ ഏത് സ്ത്രീ. ഉണ്ണി തെല്ലു നടുങ്ങി. സ്വരുക്കൂട്ടിയ ആത്മധൈര്യമെല്ലാം ചോർന്നു പോകും പോലെ. കുട്ടിക്കാലത്ത് കേട്ട പ്രേത കഥകളിലെ കഥാപാത്രങ്ങൾക്കെല്ലാം പൊടുന്നവേ ജീവൻ വെച്ചു. മനസ്സിൽ ഭയം ഒരു അഗ്നികുണ്ടമായി ആളിപ്പടരുകയാണ്. പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എതൊക്കൊയൊ നിഴലുകൾ തന്നെ വിഴുങ്ങാൻ വരുന്നതുപോലെ. മുന്നിൽ ആകാശം മുട്ടെ വളർന്നു നില്ക്കുന്ന ഏഴിലം പാല. പാല മരത്തെ ചുറ്റി ഇടത്തോട്ടു തിരിയുന്ന നടവഴി. ആ തിരിവ് തിരിഞ്ഞു ചെല്ലുന്നത് പത്തായപുരയുടെ മുറ്റമാണ്. പുറകിലെ രൂപങ്ങൾ തൊട്ടു പിന്നിലെത്തി എന്ന് തോന്നി. ഭയം രാമനുണ്ണിയെ ആപാദചൂടം ഗ്രസിച്ചു കഴിഞ്ഞിരുന്നു. നിലവിളിക്കണമെന്നു തോന്നിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. ശ്വാസം നെഞ്ചിൻ കൂടിനകത്ത് കുരുങ്ങി കിടന്നു. കണ്ണുകൾക്ക് കാഴ്ച്ച മങ്ങിയപോലെ. അവ്യക്തമായ കാഴ്ച്ചയിൽ ദൂരെ ഒരു വെളിച്ചം തെളിഞ്ഞു. വെളിച്ചത്തിന്റെ നേർക്ക് നടക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. കാലുകൾക്ക് കനം ഏറിയതുപോലെ. കുഴഞ്ഞു വീഴുമെന്നു തോന്നിയ നിമിഷത്തിൽ താങ്ങിനായി കൈകൾ വായുവിൽ പരതിയപ്പോൾ തടഞ്ഞത് ഒരു കല്കെട്ടാണ്. ആ കല്കെട്ടിൽ ചാരി ഉണ്ണി നിലത്തിരുന്നു. പതിയെ കണ്ണുകളടച്ച് ദീർഘനിശ്വാസം എടുത്തു.
കുറച്ചു നേരം ഇരുന്നപ്പോൾ കിതപ്പ് ഒന്ന് അടങ്ങി. കാഴ്ച തെളിഞ്ഞപ്പോൾ താൻ ഇരിക്കുന്നത് പത്തായപ്പുരയുടെ മുറ്റത്താണെന്നു മനസ്സിലായി.
താങ്ങിനായി പിടിച്ചത് പത്തായപ്പുരയുടെ മുറ്റത്തുള്ള തുളസി തറയുടെ കെട്ടിലായിരുന്നു. കാലു എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ഭയം കയറി മുൻ പിൻ നോക്കാതെ ഓടുകയായിരുന്നല്ലോ. തൻറെ മനോധൈര്യത്തെ കുറിചോർത്തു അവനു സ്വയം ലജ്ജ തോന്നി. നിലാവ് തെളിഞ്ഞിട്ടുണ്ട്. ഉണ്ണി ചുറ്റും നോക്കി. മുറ്റം മുഴുവൻ പുല്ലൊക്കെ ചെത്തി, തൂത്തു വൃത്തിയാക്കി ഇട്ടിരിക്കുന്നു, സ്ഥിരമായി ആൾ പെരുമാറ്റം ഉള്ളത് പോലെ. തറവാട്ടിൽ ആരെയും ഈ ഭാഗത്തേക്ക് വരാൻ അമ്മാവൻ അനുവദിക്കാറില്ല. പ്രേത കഥകളുടെ പൊടിപ്പും തൊങ്ങലും ഉള്ളതുകൊണ്ട് പുറമേ നിന്നും ആരും ഇങ്ങോട്ട് കടക്കാറില്ല. പിന്നെ ആരാണ് ഇവിടെ വന്നു ഇതൊക്കെ ചെയ്യുന്നത്. തൻറെ അറിവിൽ, അവസാനമായി ഇവിടൊക്കെ വൃത്തിയാക്കിയത് കഴിഞ്ഞ കൊല്ലത്തെ ആടി-അറുതിക്കായിരുന്നു. അവനു അത്ഭുതം തോന്നി. ആരോ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നത് തീർച്ച. രാവിലെ ഏതായാലും കാര്യസ്ഥൻ മത്തായിയോടും, തറവാട്ടിലെ പണിക്കാരോടും, ഇതിനെ കുറിച്ച് അന്വേഷിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ എഴുന്നേറ്റു.
