എന്റെ കളിക്കൂട്ടുകാരനാണവൻ, എന്റെ ഈ അവസ്ഥ മാറാൻ അവനും വല്ലാണ്ട് ആഗ്രഹിക്കുന്നുണ്ട്. കിടന്നിട്ട് ഉറക്കം വരുന്നില്ല. മണി 10 കഴിഞ്ഞു. ചെറിയ മുറിക്കകത്തെ ഇരുട്ടും നിശബ്ദതയും ഏറി വരുന്നുണ്ട്…. ഓർമകളിൽ എവിടെയോ മൂകത… മനസ്സ് കൈവിടുകയാണോ??? പൊടുന്നനെ നിശബ്ദതയേ ബേധിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു…
ഇരുട്ടിൽ പൊടുന്നനെ വന്ന ഫോണിന്റെ ശക്തമായ വെളിച്ചം കൊണ്ട് കൊണ്ട് കണ്ണുകൾ മഞ്ഞളിച്ചു. പാതി തുറന്ന കണ്ണുകളുമായി സ്‌ക്രീനിൽ നോക്കി. ഇല്ല… നമ്പർ സേവ്ഡ് അല്ല…. നെറ്റ് ഓഫ് ആയ കാരണം ട്രൂ കോളർ ഒന്നും പറഞ്ഞതുമില്ല….
“ ഹലോ….. “.
“ ഹലോ സാജിക്ക അല്ലെ… “
നേർത്ത മധുരമുള്ള സ്ത്രീ ശബ്ദം. കേട്ട് പരിചയമുണ്ടോ? സാനിയോ രവിയുടെ ചേച്ചി രേഷ്മയോ അല്ലാതെ ആരും കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ല.
“ അതേ സാജി ആണ്…. ആരാണ്….? “ ഞാൻ ചോദ്യമെറിഞ്ഞു….
“ ഞാൻ ഹഫ്സയാണ്….. “
“ ആ ഹഫ്സ…. എന്റെ നമ്പർ….??? എന്താണ് ഈ നേരത്ത്…. “
“ നമ്പർ എന്റെ കയ്യിൽ മുന്നേ ഉണ്ടല്ലോ… നാളെ അല്ലെ ട്രിപ്പ് പോകുന്നത്… ഒന്ന് വിഷ് ചെയ്യാം എന്ന് വിചാരിച്ചു വിളിച്ചത്…. എന്തെ പാടില്ലേ…?? “
എനിക്കത്ഭുതവും ഒപ്പം സന്തോഷവും തോന്നി…. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ വിളിക്കുന്നു ഒരു പ്രത്യേക സന്തോഷം….
“ഓ … ആവാല്ലോ… “
“എപ്പോഴാ പോകുന്നത്.??? “
“5 മണിക്ക് വീട്ടിൽ നിന്നു ഇറങ്ങും 7 ആകുമ്പോഴേക്കും കോഴിക്കോട് അവിടെ റഹ്മത്ത് ഹോട്ടെലിൽ നിന്നു ഫുഡ് കഴിച്ചു നേരെ വയനാട്… ഇതാണ് പ്ലാൻ. ബാക്കി എല്ലാം വരുന്ന പോലെ… “
“ഇക്കാന്റെ ഒക്കെ ഭാഗ്യം…. ബൈക്കിൽ അല്ലെ…?
“ഭാഗ്യം!!!! എന്നെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത്…. അതേ ബൈക്കിൽ തന്നെ… “
“ഒരാൾക്ക് കൂടി ഉള്ള സ്ഥലം ഉണ്ടാവോ ബൈക്കിൽ??”
“എന്താ…. മീൻസ്??? “
“ ഏയ് ഒന്നുല്ല….. ഞാൻ ചുമ്മാ….. എന്നാ ശരി ഇക്കാ…. ഹാപ്പി ജേർണി… ബീ സേഫ്…. “
ഫോൺ വെച്ച ശേഷം ഞാൻ ആലോചിച്ചു. എന്നാലും ഹഫ്സ എന്തായിരിക്കും അങ്ങനെ ചോദിച്ചത്… അറിയില്ല… ഒരാളുടെ മനസ്സ് മറ്റൊരാൾക്ക് മനസ്സിലാകുമോ????
കാലത്ത് 5 ണു തന്നെ വീട്ടിൽ നിന്നു ഇറങ്ങി സാനിയും ഉമ്മയും എന്നെ യാത്രയാക്കി. കവലയിൽ രവി ഉണ്ടായിരുന്നു. വീട്ടുകാരെ നിന്നെ ഏൽപ്പിച്ചാണ് പോകുന്നത് എന്നൊരു ഭാരം അവനെ വീണ്ടും ഓര്മപ്പെടുത്തി… ഗ്ലൗസണിഞ്ഞ വലതു കയ്യിലെ ആക്‌സിലറ്റർ പതിയെ തിരിഞ്ഞു…..
അധികാലത്തെ തണുപ്പിനൊപ്പം വർഷം പെയ്യുന്ന ചെറിയ ചാറ്റൽ മഴയും വകഞ്ഞു മാറ്റി ഞാൻ യാത്ര തിരിച്ചു. കാട് താണ്ടണം, കടല് കാണണം, കാണാത്ത കാഴ്ചകൾ കണ്ടറിയണം അവയിലൂടെ നീറുന്ന വേദനകൾ ഇറക്കിവെക്കണം…
കോഴിക്കോട് എത്തി. റഹ്മത്ത് ഹോട്ടലിലെ ചൂടുള്ള പൊറോട്ടയും ഏലക്ക ഇട്ട എരിവുള്ള ചിക്കൻ കറിയും കൂടി കഴിച്ചു. കൈ കഴുകി ഇറങ്ങിയതും മുന്നിൽ ഹഫ്സ….
ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി… ഇളം നീല ജീൻസും, വൈറ്റ് ടി ഷർട്ടുമാണ് വേഷം. ടി ഷർട്ടിനു മുകളിലൊരു ജാക്കറ്റ് ധരിച്ചിട്ടുണ്ട്. ഷാൾ കൊണ്ട് മുടി മറച്ചിട്ടുണ്ടെങ്കിലും അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തിന് അഴക് പാകുന്നുണ്ട്. സുറുമ വരച്ചത് കണ്ണിനു പേരഴക് ചാർത്തുന്നു. നേർത്ത ചുണ്ടുകളിൽ ചെഞ്ചായം ചാർത്തിയിട്ടില്ല എന്നാലും അവ ചുവന്നു തന്നെ….
കൈ രണ്ടും നിലത്തു വെച്ച ട്രാവൽ ബാഗിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ ചോദ്യ ഭാവത്തോടെ അവളെ നോക്കി പുരികമുയർത്തി…
“ഒരാൾക്കും കൂടി ഇരിക്കാനുള്ള സ്ഥലം ഉണ്ടാകുമല്ലോ ല്ലേ…. “
ഹഫ്‌സയുടെ ചോദ്യം വെറുമൊരു ചോദ്യമല്ല എന്നെനിക്കു മനസ്സിലായി. അതൊരു തീരുമാനം പോലെ തോന്നിച്ചു…. എനിക്കെന്തു പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത ഒരു പ്രതിസന്ധി…
“ഹഫ്സ…… ഇതെങ്ങനെ ശരിയാകും…..? “
“ഇക്ക എന്തെന്നോ ഏതെന്നോ ഒന്നും ചോദിക്കണ്ട…. എല്ലാം പതിയെ ഇങ്ങൾക്ക് തന്നെ മനസ്സിലാകും. ഇങ്ങളെ ഒരാളെ പ്രതീക്ഷിച്ചും വിശ്വസിച്ചും ആണ് ഞാൻ വന്നിട്ടുള്ളത്. പറ്റില്ലാന്ന് പറയരുത്. ഇങ്ങളെ പോലെ എനിക്കും ഒരു യാത്ര വേണം. ചുരുങ്ങിയ പക്ഷം ജീവിക്കാനുള്ള കരുത്തുണ്ട് എന്ന് എനിക്ക് തന്നെ സ്വയം ബോധ്യപ്പെടുത്താൻ എങ്കിലും… “
