ആ കോണാത്തിലെ നാടകം കണ്ടു തീർത്തത് കാരണം തലക്ക് തക്രധാര നടത്താൻ തീർച്ചപ്പെടുത്തിയ പലർക്കും ആ കാഴ്ച പന്ത്രണ്ടു വർഷത്തെ കൊടും വരൾച്ചക്ക് ശേഷം പെയ്യുന്ന ആദ്യ മഴപോലെയൊരു അനുഭൂതിയാണ് തലച്ചോറിൽ ഉണ്ടാക്കിയത് എന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് പലരും പറഞ്ഞ് ഞാനറിഞ്ഞത്.
എന്തായാലും അത്രയും പേരുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചതിനു കൂക്ക് വിളികൾക്ക് പകരം നിർത്താതെയുള്ള കരഘോഷത്തോടെയും ഹർഷാരവങ്ങളോടെയുമാണ് സദസ്യർ സൗമ്യ ടീച്ചറെ അഭിനന്ദിച്ചത്. തന്നെയുമല്ല റൗക്കയും മുണ്ടും വേഷ്ടിയും ആ പട്ടിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യവുമായിരുന്നില്ല.
ആ കയ്യടികൾക്കിടയിൽ പെണ്ണിൽ നിന്ന് കണ്ണ് തെറ്റിയവനായ വന്ദ്യ വയോധികൻ ശ്രീ ഒണക്കൻ മാസ്റ്ററുടെ തലച്ചോറിൽ പോലും മിന്നൽ പിണർ സൃഷ്ടിക്കാൻ പോന്ന നതാംഗിയുടെ കോമള രൂപത്തെ കലോത്സവത്തിനടിച്ചു വെച്ച വലിയ ഫ്ലെക്സുമായി സ്റ്റേജിലേക്ക് ചാടികയറിയ മിസ്റ്റർ നമ്പ്യാർ പരുന്ത് കോഴി കുഞ്ഞിനെ എന്ന പോലെ പൊതിഞ്ഞെടുത്തു സ്റ്റേജിനു പിന്നിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി.
സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാരിൽ ആരൊക്കെയോ ചിലർ ജനറേറ്ററുമായി കടന്ന് കളഞ്ഞു. സംഭവ ബഹുലമായ പലതും നടക്കുന്നതിനിടയിൽ ഇനി അവിടെ തുടർന്നാൽ അത് തനിക്ക് ആപത്തായാലോ എന്ന ആശങ്ക മനസിനെ അലട്ടിയത് കൊണ്ട് ഇതിനെല്ലാം കളമൊരുക്കിയ പ്ലസ്ടു കാരൻ പയ്യൻ സ്റ്റേജിനു പുറകുവശത്തുള്ള റബ്ബർ തോട്ടത്തിലൂടെ ജീവനും കൊണ്ട് പാഞ്ഞു പോകുന്നതിനും അവിടെ അവശേഷിച്ച നാട്ടുകാർ സാക്ഷികളായി.
സ്റ്റേജിനു പിന്നിൽ നിന്ന് രംഗം വീക്ഷിച്ചു കൊണ്ടിരുന്ന ടിന്റു മിസ്സ് കുറച്ചപ്പുറത്തു നിന്ന മറ്റൊരു ടീച്ചറിനെ കൈ ചുരുട്ടി തമ്പ്സ് അപ്പ് കാണിച്ചു. അതെല്ലാം കണ്ട് വരാന്തക്കപ്പുറം നിന്ന മൂന്നു പേരുടെ ചുണ്ടിലും പരിഹാസ സൂചകവും നിഗൂഢവുമായ പുഞ്ചിരി വിരിഞ്ഞു.
പെട്ടെന്നുണ്ടായ സംഭവത്തിൽ സ്തബ്ദ്ധരായി ആ മനം മയക്കുന്ന കാഴ്ചയുടെ മായിക വലയത്തിൽ പെട്ടു മനസു കൊണ്ട് പല ലോകത്തോട്ടും യാത്ര പോയ അവിടെ കൂടിയ മനുഷ്യരായിട്ടുള്ളവരെല്ലാം ശ്രീ ഒണക്കൻ മാസ്റ്റരുടെ മൈക്കിലൂടെയുള്ള ഘന ഗംഭീരമായ ശബ്ദം കേട്ട് ഭൂമിയിലേക്ക് തന്നെ തിരിച്ചെത്തി.
ഏതാണ്ട് രണ്ടു മണിക്കൂറിനകം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന ഭാവത്തോടെ ശ്രീ ലീല കുമാരി തനിച്ച് സബ് ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് താൻ വന്ന ജോലി ഭംഗിയായി നിർവഹിച്ച് അവരുടെ പാട്ടിനു പോയി. ശ്രീ ഒണക്കൻ മറ്റു കാര്യങ്ങളിലും വ്യാപൃതനായി.
കണ്ടമ്പ്രത് കോപ്പൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. അവർക്കുള്ള എവെർ റോളിങ് ട്രോഫി അവിടെനിന്നു വന്ന തലതിരിഞ്ഞവരുടെ കൂട്ടത്തിൽ അല്പമെങ്കിലും തലക്ക് വെളിവുള്ള ഏതോ ഒരുത്തി വന്ന് വാങ്ങിക്കൊണ്ടുപോയി. മറ്റുള്ളവരും തങ്ങൾക്കുള്ള സമ്മാനങ്ങൾ വാങ്ങി താമസം വിനാ സ്വഗൃഹം പൂകി.
പരിപാടി ഒക്കെ കഴിഞ്ഞ് അത്രയും നേരം നാണക്കേടു കാരണം കെമിസ്ട്രി ലാബിൽ തന്നെ ഇരുന്ന സൗമ്യയെ ആളും ആരവവും ഒഴിഞ്ഞ ശേഷം സി ഐ നമ്പ്യാർ വീട്ടിൽ കൊണ്ട് വിട്ടു.
ആ പരിചയം ക്രമേണ വളർന്ന് ഹൃദയങ്ങൾ തമ്മിൽ കൈമാറുന്നതിലും കാലക്രമത്തിൽ മിസ് സൗമ്യ മിസ്സിസ് നമ്പ്യാർ ആയി മാറുന്നതിലും നമ്പ്യാരുടെ മക്കളെ പ്രസവിക്കുന്നതിലും കലാശിച്ചു.
വാൽകഷ്ണം : ജനറേറ്ററുമായി ബന്ധമുള്ളവരെയെല്ലാം ആ സംഭവം നടന്ന് ഒരാണ്ട് തികയുന്നതിനു മുന്നേ അജ്ഞാതനായ ഒരു മാന്യൻ ധനാശി പാടിച്ചു എന്നും കേൾക്കുന്നു.
Nb: അന്ന് ജീവനും കൊണ്ട് ഓടിയവൻ പിന്നീട് കോഴ്സ് പോലും മുഴുമിപ്പിക്കാതെ ഉത്തർപ്രദേശിലെങ്ങാണ്ട് ആരും അറിയാതെ ജീവിക്കുകയാണ് എന്ന് ഈ അടുത്ത കാലത്ത് ഞാനറിയാൻ ഇടയായി.
(അവസാനിച്ചു)
