പെണ്ണൊരുത്തി – 3 9അടിപൊളി 

 

ഉച്ച കഴിഞ്ഞിരുന്നു ഞങ്ങളവിടെ എത്തുമ്പോൾ.. നേരെ ഒരു റെസ്റ്റോറന്റിലേക്കാണ് ചേച്ചി ഞങ്ങളെ കൂട്ടികൊണ്ട് പോയത് ആഹാരം കഴിക്കാൻ ആയുള്ള തയ്യാറെടുപ്പായിരുന്നു …ഞാനും വേണിയും ഒരുമിച്ചും ചേച്ചി എതിരെയുമായി ഇരുന്നു.. അവിടേക്ക് ഒരു വെയിറ്റർ വന്നു

 

“ചേട്ടാ നാരായണേട്ടനെ ഒന്ന് വിളിക്കാമോ?”ചേച്ചി ആ വെയ്റ്ററിനോട് പറഞ്ഞു

 

ഞാനും വേണിയും സംശയത്തിൽ ചേച്ചിയെ നോക്കി മറുപടി ഒരു ചിരി മാത്രമായിരുന്നു

 

രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അറുപതെഴുപത് വയസ്സ് തോന്നിപ്പിക്കുന്ന കഷണ്ടി തലയും നെറ്റിയിലൊരു ചന്ദനക്കുറിയുമിട്ട ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു

 

അടുത്തെത്തിയപ്പോൾ അയാളുടെ മുഖത്ത് ഒരുതെളിച്ചം വെക്കുന്നത് ഞങ്ങൾ കണ്ടു

 

“ആ മോളെ!! നീയായിരുന്നോ? അവൻ വന്നു പറഞ്ഞപ്പോ ഞാൻ കരുതി ആരോ കംപ്ലയിന്റൊ മറ്റോ പറയാൻ വിളിച്ചതാണെന്ന്!!”

 

ചേച്ചിയെ മുൻപേ തന്നെ നല്ല പരിചയം ഉള്ളയാളാണെന്ന് ഞങ്ങൾക്ക് മനസ്സിലായി

 

“ആ നാരായണേട്ടാ ഇതാണെന്റെ അനിയൻ അശ്വിൻ.. ഇതവന്റെ കൂടെ പഠിക്കണ കുട്ടിയാണ് വേണി.” ഞങ്ങളെ പറ്റി അയാളോടായി പറഞ്ഞു

 

“ആഹാ നന്നായി……. മോനേ നീ ഇങ്ങനെ കൂടുതൽ ചിന്തിക്കേണ്ട കേട്ടോ… നിന്റെ ചേച്ചിയെ കുറച്ചു വർഷങ്ങളായി എനിക്കറിയാം… അച്ഛന്റെയോ വല്യച്ഛന്റെയോ സ്‌ഥാനത്തു കണ്ടാൽ മതി കേട്ടോ… കാര്യങ്ങളെല്ലാം വിശദമായി മോള് മോനോട് പിന്നീട് പറഞ്ഞു തരും..” അയാൾ പറഞ്ഞു കഴിഞ്ഞ് ചേച്ചിയോട് മറ്റെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു

 

“അപ്പൊ കഴിച്ചു കഴിഞ്ഞങ്ങോട്ടേക്ക് നിങ്ങൾ പോയി വാ ഞാൻ എത്തിയേക്കാം..”അയാൾ അത് പറഞ്ഞിട്ട് പോയി എനിക്ക് എന്താണ് ഇവിടെ നടക്കുന്നത് എന്നൊരു ഊഹവും ഉണ്ടായിരുന്നില്ല

 

“ചേച്ചീ…ആരാ അയാൾ ചേച്ചിയെ എങ്ങനെ അറിയാം?”

 

“എല്ലാം പറയാം ഇപ്പൊ നീ ആഹാരം കഴിക്ക്”

 

ആഹാരം കഴിച്ചു ഞങ്ങൾ അവിടുന്നിറങ്ങി ഒരു ഓട്ടോ പിടിച്ച് മറ്റൊരിടത്തെത്തി.. അവിടുന്ന് ഞങ്ങളെയും കൂട്ടി ചേച്ചി സ്വല്പം നടന്നു… കുറച്ചുള്ളിലേക്ക് ചെന്നപ്പോൾ അടച്ചു പൂട്ടി കിടന്ന ഒരു ചെറിയ വീട്ടിലെത്തി

 

“ചേച്ചീ ഇത്?” ഞാൻ ചോദിച്ചു

 

“ഞാൻ ജനിച്ച വീടാടാ !”

 

മനസ്സില് ഒരു വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു…

 

“അമ്മ മരിച്ചു കഴിഞ്ഞ് പിന്നീട് ഇവിടെ ഒറ്റയ്ക്ക് കഴിയാനുള്ള പേടി കാരണം ഓടി രക്ഷപെട്ടതാണ്.. ആ ഓട്ടത്തിനിടയിൽ എനിക്ക് കളഞ്ഞു കിട്ടിയതാണ് ദാ നിക്കുന്നവനെ!!” വേണിയോടായി ചേച്ചി ചെറിയ ചിരിയോടെ പറഞ്ഞു

 

അറിയാതെ എന്റെ ഉള്ളൊന്നു പിടഞ്ഞു കുറെയൊക്കെ എനിക്കറിയാമെങ്കിലും ചേച്ചിയത് പറയുമ്പോ വല്ലാത്ത വിങ്ങലാണ് മനസ്സിന്.. ആർക്കും വേണ്ടാതെ വഴിയിൽ കിടന്ന് ചത്തുപോകേണ്ട എന്നെ ഇന്നും പൊന്നുപോലെ നോക്കുന്നു എന്റെ ചേച്ചി!!

 

ബലം തീരെയില്ലാത്തയാ വാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി.. ഒരു പഴയ കട്ടിൽ അവിടെയുണ്ടായിരുന്നു..

 

“എനിക്കൊരു മങ്ങിയ ഓർമ്മ മാത്രമായിരുന്നു ഈ വീടിനെ പറ്റി.. ഈ കട്ടിലിലാണ് അമ്മയാവസാനമുറങ്ങിയത്… “ ചേച്ചിയത് പറയുമ്പോ ഉള്ളു പൊള്ളിയാണത് പറയുന്നതെന്ന് ഞാൻ മനസ്സിലാക്കി ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു

 

“നിനക്ക് അമ്മയെ കാണണോ കുട്ടൂ?” ആ ചോദ്യം എന്നേ വല്ലാതെ സന്തോഷവാനാക്കിയിരുന്നു… ഞാൻ ചേച്ചിയെ നോക്കി തലയാട്ടി

 

വീണ്ടും അകത്തേക്ക് ഞങ്ങൾ കയറി… അവിടെയൊരു തകരപ്പെട്ടി കണ്ടു ചേച്ചിയതിനടുത്തേക്ക് ചെന്നത് തുറന്നു എന്നിട്ട് ഒരു പേപ്പർ പോലെയെന്തോ എടുത്തുകൊണ്ടു തിരികെ വന്നു.. കയ്യിലുണ്ടായിരുന്നത് ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു… അതിലേക്ക് നോക്കിയതും ഞാൻ അത്ഭുതപ്പെട്ടുപോയി… ചേച്ചിയുടെ അതേ മുഖ സാദൃശ്യമുള്ളൊരു യുവതിയുടെ ചിത്രം!! വെറും സാദൃശ്യമായിരുന്നില്ല ചേച്ചിയുടെ ഒരു ഫോട്ടോകോപ്പി തന്നെയെന്ന് തോന്നിപോകുന്നത്ര സാദൃശ്യം..

Updated: April 24, 2025 — 9:32 pm

Leave a Reply

Your email address will not be published. Required fields are marked *