അവിടെ പരിപാടി അവതരിപ്പിച്ച എല്ലാവരും നന്ദിയും പറഞ്ഞ് പോയതും ഞങ്ങൾ എഴുനേറ്റു, അപ്പൊ തന്നെ മൈക്കുമായി ഒരാൾ വന്ന് അന്നൗൻസ് ചെയാൻ തുടങ്ങി
“এতিয়া সময় আহি পৰিছে। মই আপোনালোকৰ আগত একমাত্ৰ আৰু একমাত্ৰ উপস্থাপন কৰিছো… രാജ്‌വീർ ചൗഹാൻ…” അയാൾ പറഞ്ഞതും പുറത്ത് നിന്നും എല്ലാവരും ഉള്ളിലേക്ക് വരാൻ തുടങ്ങി. ആർപ്പ് വിളികളും കൈയടിക്കൽ കൊണ്ടും എല്ലാവരും ആകെ ഉഷാറായി. അയാൾ അവസാനം വന്ന് പറഞ്ഞ പേര് അല്ലാതെ വേറെ ഒന്നും ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ വരുന്നവൻ ചെറിയ പുള്ളി അല്ല എന്ന് മനസ്സിലായി.
ബലിഷ്ട്ടമായ കാലുകൾ നിലത്ത് കുത്തിയതും അവിടെ എല്ലാം പൊടി പാറി, അയാളുടെ നിഴൽ മാത്രം കാണുമ്പോ അറിയാമായിരുന്നു ഏകദേശം 6 അടിയോളം പൊക്കവും, നല്ല ഉരുക്ക് പോലത്തെ ശരീരവും, നീട്ടി വളർത്തിയ താടിയും മുടിയും. അയാൾ പുക്കയിലുടെ പുറത്തേക്ക് വന്നു, നരച്ചമുടിയും താടിയും, പൈൽവാൻ ബോഡിയും, ചുറ്റും കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി കൈകൂപ്പി കാണിച്ചു, ശേഷം നിലത്ത് ഇരുന്ന രണ്ട് ചങ്ങലകൾ രണ്ട് കൈ കൊണ്ടും എടുത്ത് നടന്നു, ഒപ്പം ചങ്ങലയിൽ ഇട്ട രണ്ട് ആനകളും.
മൂന്ന് പേരുടെയും പരിപാടി കണ്ടപ്പോ തന്നെ ഞങ്ങൾക്ക് ഇയാൾക്ക് എന്തിനാ ഇത്രെയും ഹൈപ്പ് എന്ന് മനസ്സിലായി. അവിടെ കൂടിരുവരുടെ ആവേശം ഞങ്ങൾക്കും കിട്ടി…
ആനയുടെ സാഹസങ്ങൾ കഴിഞ്ഞതും കൂറേ ഒട്ടകപക്ഷികളെ അങ്ങോട്ട് കൊണ്ടുവന്നു. അതിന്റെ ഒക്കെ കഴുത്തിൽ ഓരോ നമ്പറും തൂക്കി ഇട്ടിട്ടുണ്ട്. സംഭവം വേറെ ഒന്നും അല്ല ഒട്ടകപ്പക്ഷിയുടെ ഓട്ടമത്സരം. മുന്നത്തെ പരിപാടിയെ കടത്തിവെട്ടാൻ മാത്രം ഉള്ള പരിപാടി ഇനി ഉണ്ടാവില്ല എന്ന് വിചാരിച്ച ഞങ്ങൾക്ക് തെറ്റി, ഇത്രെയും ആവേശത്തോടെ ഞങ്ങൾ മനുഷ്യന്മാർക്ക് പോലും കൈയടിച്ച് കാണില്ല, ആകെ മൊത്തത്തിൽ ഒരു അഡ്രെനലിന് റഷ്. ആകെ ഉണ്ടായിരുന്ന സങ്കടം ഇയാളുടെ പരിപാടി കഴിഞ്ഞാലോ എന്ന് ആയിരുന്നു. പരുപാടി കഴിഞ്ഞതും എല്ലാരോടും വേഗം ഇവിടെ നിന്നും പോവാൻ പറഞ്ഞു, മൃഗങ്ങളെ കൊണ്ട് സര്ക്കസ് ചെയ്യിപ്പിക്കുന്നത് ഒക്കെ അവിടെ ഉള്ള പൊലീസോ മറ്റോ അറിഞ്ഞ ആകെ പ്രെശ്നം ആവും. അയാളോട് എന്തേലും ഒക്കെ സംസാരിക്കണം എന്ന് ഞങ്ങൾക്ക് ഉണ്ടായിരുനെകിലും, അവിടെ അതികം നിൽക്കണ്ട എന്ന് കരുതി. അങ്ങനെ ഞങ്ങൾ തിരിക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു.
“ഓഹ്… ഇപ്പോഴും ആ രോമാഞ്ചം അങ്ങോട്ട് പോവുന്നില്ല. ഹൃതികെ, നീ ആ വീഡിയോ ഒക്കെ ഇങ് അയച്ചേ, രണ്ട് സ്റ്റോറി ഇട്ടേക്കാം” സാം പറഞ്ഞു.
“നീ അല്ലേടാ പൊന്ന് മോനെ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോ സ്റ്റോറിയും കോപ്പും ഒന്നും ഇടേണ്ട എന്ന് പറഞ്ഞത്. തൽകാലം അയക്കുന്നില്ല”
“ഓ… ഞാൻ ഒരു ആവേശത്തിൽ എല്ലാം മറന്നു. സ്റ്റോറി വേണ്ട, മച്ചാനെ കൊണ്ട് വരപ്പിക്കാലോ, അല്ലേടാ… ലോഹി… ഇവൻ എവിടെ” എന്നും പറഞ്ഞ് സാം ചുറ്റും നോക്കി, ഒപ്പം ഹൃതിക്കും. അപ്പോഴാണ് എതിർ ദിശയിലേക്ക് പോവുന്നത് കണ്ടത്. ലോഹിത് പരിപാടി നടത്തിയ ആൾക്കാരുടെ അടുത്തേക്ക് പോവുക ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
(ഹിന്ദിയിൽ) “ഇങ്ങനെ മൃഗളങ്ങളോട് ക്രൂരത കാണിച്ച് പൈസ ഉണ്ടാകുമ്പോ കുറ്റബോധം ഒന്നും തോന്നാറിലെ… ഇങ്ങനെ നിയമവിരുദ്ധമായി എന്തേലും ചെയ്യുന്നതിന് പകരം വേറെ എന്തേലും ഒക്കെ ചെയ്തുടെ തനിക്ക്” ലോഹിത് രാജ്‌വീറിനോട് ചോദിച്ചു. നിന്ന് ഇടത്ത് നിന്ന് തന്നെ അയാൾ തല ചേറിച്ച് ഇവനെ നോക്കി.
“গতিকে, আপুনি পশু কল্যাণ বিভাগৰ” എന്ന് അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഇവനോട് ചോദിച്ചു.
“ഇങ്ങനെ മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കാൻ അറിയാത്ത കൊണ്ടൊന്നും അല്ല. ഒരു മര്യാദയുടെ പുറത്ത് ഞാൻ ഹിന്ദിയിൽ സംസാരിച്ചത്, അത് തിരിച്ച് തരാൻ പറ്റില്ല എന്ന് വെച്ച എങ്ങനെയാ…” ലോഹിത് അവിടെ ഉണ്ടായിരുന്ന മൂന്ന് നാല് ആളോടായി ചോദിച്ചു. അവിടെ എന്താ സംഭവിക്കുനത്ത് എന്ന് കുറച്ച് അപ്പുറത് നിന്ന് ഹൃതിക്കും സാമും നോക്കുന്നുണ്ടായിരുന്നു. ലോഹിതിന്റെ നിൽപ്പും ഭാവവും കണ്ട് എന്തോ വശപ്പിശക്ക് തോന്നി അവർ അങ്ങോട്ടേക്ക് നടന്നു.

