കരിംപച്ച നിറത്തില്‍ പൂപ്പല്‍ പൊതിഞ്ഞ കല്‍മതില്‍ ചിലയിടങ്ങളില്‍ പൊളിഞ്ഞടര്‍ന്ന് വീണിരുന്നു..
മതിലോരത്ത് മുള്‍ചെടികളും കൂവളവും പുല്ലുകളും വളര്‍ന്ന് കാടുപിടിച്ചിട്ടുണ്ട്..
ക്ഷേത്രത്തിലേയ്ക്ക് കടക്കുന്ന വാതില്‍ക്കലെത്തിയപ്പോള്‍ വിക്രമേട്ടന്‍ നിന്നു..
” ദേ..ഈ കഴയിലൂടെയാണ് ഉള്ളിലേയ്ക്ക് കടക്കുന്നത്..”
ഒരാള്‍ക്ക് മാത്രം കടക്കാന്‍ പറ്റാവുന്നത്ര വീതി കുറഞ്ഞ കഴയാണ്.. കഴയുടെ കനമുള്ള മരകട്ട്ളപ്പടി ദ്രവിച്ച് നശിച്ചിരിക്കുന്നു..
വിക്രമേട്ടന്‍ എന്റെ കൈപിടിച്ചുകൊണ്ട് വാതിലിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍
ഞാന്‍ പറഞ്ഞു ,
” വിക്രമേട്ടാ…. മതിലിനകത്തേയ്ക്ക് കടക്കേണ്ടാ.. ഇവിടെ നിന്ന് കണ്ടാല്‍ മതി..”
വാതില്‍ക്കല്‍ നിന്ന് ഞാന്‍ മതിലകത്തേയ്ക്ക് എത്തി നോക്കി..
കരിങ്കല്ലില്‍ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള തറ.. അതിനു മീതെ ചെങ്കല്‍കൊണ്ട് തീര്‍ത്ത ശ്രീകോവില്‍.. ചെങ്കല്‍ ചുമര് കാലപ്പഴക്കത്താല്‍ നിറം മങ്ങി വികൃതമായിരിക്കുന്നു..
പുകപിടിച്ച പോലെ കറുത്തുപോയ മേല്‍ക്കൂരയുടെ ഓടുകള്‍ പലതും ഉടഞ്ഞ് വീണിരിക്കുന്നു..
ശ്രീകോവിലിനു ചുറ്റുമുള്ള നടവഴിയില്‍ ശിലാഫലകള്‍ വിരിച്ചിട്ടുണ്ട്..
ശിലാഫലകങ്ങള്‍ക്കിടയിലൂടെ വളര്‍ന്ന പുല്ലുകളില്‍ നിറയെ പൂത്തു നില്‍ക്കുന്ന തരിമണിപൂക്കള്‍ ..
നടയിലുള്ള കല്‍വിളക്കില്‍ ഏതോ വള്ളളിച്ചെടി പടര്‍ന്ന് കയറി മുടിയിട്ടുണ്ട്…!
അല്‍പ്പം അകലെയായി ,ഇലകള്‍ പൊഴിഞ്ഞ് ശോഷിച്ച ആല്‍മരം എന്തോ കണ്ട് ഭയന്ന പോലെ വിറങ്ങലിച്ച് നില്‍ക്കുന്നു ..!
മനുഷ്യ സാന്നിദ്ധ്യം അറിഞ്ഞിട്ടാവാം ഏതോ ഇഴജന്തുക്കള്‍ പുല്ലുകള്‍ക്കിടയിലൂടെ പരക്കം പാഞ്ഞു..
സ്വപ്നത്തിലെന്നപോലെ സ്വയം മറന്ന് ഞാന്‍ അവിടമാകെ നോക്കി നിന്നുപോയി….!
ശ്രീകോവിലിന്റെ മോന്തായത്തില്‍ നിന്നും പക്ഷികള്‍ ചിറകടിച്ചുയര്‍ന്നപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്..
തെക്കേ മതിലോരത്തേയ്ക്കുള്ള വഴിച്ചാലിലൂടെ ഞങ്ങള്‍ നടന്നു..
വഴിച്ചാലില്‍ തലങ്ങും വിലങ്ങുമായി പാമ്പുകള്‍ ഇഴയുന്നതുപോലെ വൃക്ഷവേരുകള്‍ മണ്ണില്‍ പുതഞ്ഞും പൊങ്ങിയും പടര്‍ന്നിരുന്നു..
പെട്ടെന്ന് ഞാന്‍ വിക്രമേട്ടന്റെ കൈയ്യില്‍ ബലമായി പിടിച്ച് തെക്കോട്ടുള്ള ഊടുവഴിയിലേയ്ക്ക് കണ്ണയച്ചു,
”ആ വഴിയല്ലേ ആത്മാക്കളുടെ സഞ്ചാരപഥം !-?”
” ഉം.. ആ വഴിയിലൂടെ നേരെ പോയാല്‍ കാവിലെത്തും..”
” വേണ്ടാ വിക്രമേട്ടാ..അങ്ങോട്ട് പോവേണ്ടാ.”
” വല്ലഭുന് പേടിയാണെങ്കി പോണ്ടാ.. നമുക്ക് കുളകടവിലേയ്ക്ക് പോകാം .. ”
വെള്ളത്തിലേയ്ക്ക് ചാഞ്ഞ് വളരുന്ന ചെറുകാടുകളാണ് കുളത്തിനു ചുറ്റും..
ഒരു വശത്തു മാത്രം കുളത്തിലേയ്ക്ക് ഇറങ്ങാനുള്ള ചെറിയ കല്‍പ്പടവുകളുണ്ട്..
കല്‍പ്പടവിനോട് ചേര്‍ന്ന് കുളത്തിലേയ്ക്ക് നീളുന്ന കല്‍മതില്‍..
പച്ച നിറമുള്ള ജലം ഉച്ച ചൂടേറ്റ് നിശ്ചലമായതു പോലെ തോന്നി..
ഇടയ്ക്കിടെ മീനുകള്‍ പൊങ്ങിയും ഊളിയിട്ടും ജലപ്പരപ്പിന്റെ നിശ്ചതലതയെ ഭംഗംവരുത്തുന്നു…
ഏതാനും പടവുകള്‍ ഇറങ്ങിയപ്പോള്‍ തന്നെ കുളം ഞങ്ങളുടെ പാദങ്ങളെ നനയ്ക്കാന്‍ തുടങ്ങിയിരുന്നു..
മതിലിന്റെ താഴ്ഭാഗത്തുള്ള ഒരു ശിലാപാളിയില്‍ തടവികൊണ്ട് വിക്രമേട്ടന്‍ പറഞ്ഞു ,
” വല്ലഭു .. ഞാന്‍ പറഞ്ഞില്ലേ ഒരു സൂത്രം കാട്ടി തരാംന്ന്.. ദേ..ഇതാണ് ആ സൂത്രം !”
ഞാന്‍ ആകാംഷയോടെ നോക്കി നില്‍ക്കേ വിക്രമേട്ടന്‍ മൂര്‍ച്ചയുള്ള ഒരു കല്‍കഷണം തപ്പിയെടുത്ത് ശിലാഫലകത്തില്‍ പറ്റിപിടിച്ചിരുന്ന മണ്ണും പൂപ്പലും ഉരച്ച് കളയാന്‍ തുടങ്ങി .. പിന്നെ കൈകുമ്പിളില്‍ വെള്ളമെടുത്ത് ഫലകത്തിലൊഴിച്ച് വീണ്ടും ഉരച്ച് വൃത്തിയാക്കി..!
ശിലാപാളിയില്‍ തെളിഞ്ഞ ജീവന്‍ തുടിക്കുന്ന ചിത്രം കണ്ട് ഞാന്‍ വിസ്മിതനേത്രനായ് നിന്നുപോയി..!
കരിങ്കല്‍പാളിയില്‍ കൊത്തിയെടുത്ത ചിത്രം..
നഗ്നയായ ഒരു സ്ത്രീ മുന്നിലേയ്ക്ക് കൈകള്‍ വിടര്‍ത്തി കുനിഞ്ഞ് നില്‍ക്കുന്നു !
