മദിരാശിപട്ടണം – 1

അന്നുതന്നെ പെരുമാളിന് മറുപടി എഴുതി.. ഞാനും മക്കളും മദ്രാസിലേക്ക് വരുന്നു..

കൊല്ലത്തുനിന്നും മദ്രാസ് മെയിലിൽ വെള്ളിയാഴ്ച കയറും.. അവിടെ സ്റ്റേഷനിൽ കാത്തു നിൽക്കണം…

ഇന്ന് ശനി.. ഇനി ആറു ദിവസംകൂടിയേ ഒള്ളു.. അണ്ടി കമ്പനിയിൽ നിന്നും കിട്ടാനുണ്ടായിരുന്ന കുറച്ചു പൈസ പത്മ വാങ്ങി..ആടിനെയും രണ്ടു കുട്ടികളെയും വിറ്റു..

പുരുഷൻ അറിയാതെ കൈയിൽ സൂക്ഷിച്ചിരുന്ന രഹസ്യ സമ്പാദ്യം ഒക്കേ കൂടി ആയിരം രൂപയോളം ഉണ്ട്.. പിന്നെ പെരുമാൾ അയച്ചു കൊടുത്ത അഞ്ഞൂറും…

പോകുന്നതിനു രണ്ടു ദിവസം മുൻപാണ് സുമതിയോട് പത്മ കാര്യം പറയുന്നത്.. വിവരം അറിഞ്ഞു സുമതി അമ്പരന്നു നിന്നുപോയി..

എടിയേ മദ്രാസ് എവിടെയാണെന്ന് നിനക്ക് അറിയാമോ.. ട്രെയിനിൽ ഒക്കെ കേറി പോകണം.. അവിടെ ചെന്ന് സ്ഥലവും ഭാഷയും അറിയാതെ നീയും പിള്ളാരും കൂടി എന്തു ചെയ്യും.. അയാൾ അവിടെ കാണുമെന്ന് നിനക്ക് എന്താണ് ഉറപ്പ്…

ഇങ്ങനെ പലതും പറഞ്ഞു സുമതി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പത്മ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു…

എന്നാലും എന്റെ പത്മേ നിന്റെ ഒരു ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു എന്നൊക്കെ താടിക്കും കൈയ്യും കൊടുത്തു കൊണ്ട് സുമതി പറഞ്ഞു എങ്കിലും എങ്ങാനും രക്ഷപെട്ടു പോകുമോ എന്നൊരു ആശങ്കയും ആ പറച്ചിലിൽ ഉണ്ടായിരുന്നു…

വെള്ളിയാഴ്ച രാവിലെ മക്കളേ വിളിച്ചുണർത്തിയിട്ട് ചൂലുമെടുത്തു മുറ്റം അടിക്കാൻ തുടങ്ങുമ്പോഴാണ് പുരുഷൻ വരാന്തയിൽ കിടക്കുന്നത് കണ്ടത്…

രാത്രി വൈകി നല്ല പൂസായി വന്നു കിടന്നതാണ്.. വാതിൽ അടച്ചാൽ ഇപ്പോൾ കുറച്ചു നാളായി വിളിക്കാറില്ല..വരാന്തയിൽ തന്നെ കിടക്കും… വാതിൽ അടക്കുന്നതിനു മുൻപ് ഒരു പുല്ലു പായ എടുത്ത് പത്മ വെളിയിൽ ചുരുട്ടി വെയ്ക്കും..

ഭർത്താവിന്റെ കിടപ്പുകണ്ട് ഏതാനും നിമിഷങ്ങൾ അവൾ നോക്കി നിന്നു..

ബോധവും പോക്കണവും ഇല്ലങ്കിലും ആണൊരുത്തൻ വെളിയിൽ കിടപ്പുണ്ടല്ലോ എന്ന ധൈര്യം തന്റെ മനസ്സിൽ ഉണ്ടായിരുന്നത് അവൾ ഓർത്തു…

പുരുഷന്റെ അരയിൽ നിന്നും മാറിക്കിടന്ന കൈലി പിടിച്ച് നേരെ ഇട്ട ശേഷം അവൾ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി എടുത്ത് ശ്രീകുട്ടീടെ കൈയിൽ കൊടുത്തിട്ട് അച്ഛനെ വിളിച്ചു കൊടുക്കാൻ പറഞ്ഞു…

പുരുഷൻ എഴുനേറ്റ് കട്ടൻ കുടിച്ച ശേഷം വെളിയിലേക്ക് നോക്കി കുറച്ചു നേരം വെറുതെ ഇരുന്നു…

പിന്നെ എഴുനേറ്റ് കൈലി ഒന്ന് കുടഞ്ഞ് ഉടുത്തു എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി…

അച്ഛാ നിൽക്ക്.. ദാ ഇത് അമ്മ തരാൻ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു നൂറു രൂപയുടെ നോട്ട് ജലജ അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു..

പുരുഷൻ ആ നോട്ട് കൈയിൽ എടുത്ത് നോക്കി.. അടുത്ത കാലത്തൊന്നും അത്രയും രൂപ അയാളുടെ കൈയിൽ വന്നിട്ടില്ല..

അയാൾ തിരിഞ്ഞു വീട്ടിലേക്ക് നോക്കി വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് പത്മ നിൽപ്പുണ്ട്..

അവൾ മകളോട് എന്നപോലെ പറഞ്ഞു.. മുഴുവൻ ചാരായം കുടിച്ചു തീർക്കരുതെന്നു പറയ് മോളേ..

അച്ഛാ ഞങ്ങൾ ഇന്ന് പോകും.. അവിടെ ചെന്ന് പൈസയൊക്കെ കിട്ടാൻ തുടങ്ങുമ്പോൾ അച്ഛന് അയച്ചു തരാമെന്നു പറയാൻ അമ്മ പറഞ്ഞു..

അയാൾ ഒന്നും മിണ്ടിയില്ല.. വീണ്ടും ഒന്നും കൂടി നോക്കിയിട്ട് ചാരായ ഷാപ്പ് ഇരിക്കുന്ന ദിശയിലേക്ക് നടന്നകന്നു…

ഒരു പഴയ സൂട്ട് കേസ്സ് ഒരു തുണി സഞ്ചി..മൂന്നു പേരുടെയും ഡ്രസ്സുകൾ അതിൽ ഒതുങ്ങി..

അടുക്കളയിലെ പത്രങ്ങൾ കഴുകി കമിഴ്ത്തി വെച്ചു.. കുറച്ചു നല്ല പാത്രങ്ങൾ ഒരു മരത്തിന്റെ പെട്ടിയിൽ അടച്ചു വെച്ചു….

ഉള്ളതിൽ നല്ലത് മൂന്നുപേരും ധരിച്ചു.. വാതിൽ ചാരി മുറ്റത്തേക്ക് ഇറങ്ങിയ പത്മയുടെ കണ്ണുകൾ നിറഞ്ഞത് മക്കൾ കാണാതെ അവൾ സാരിതുമ്പുകൊണ്ട് തുടച്ചു..

പതിനേഴ് വയസിൽ വന്നു കയറിയ വീട്ടിലേക്ക് ഒന്ന് കൂടി നോക്കിയിട്ട് മക്കളുടെ കൈയും പിടിച്ച് അവൾ നടന്നു…

അമ്മയും മക്കളും പോകുന്നത് കണ്ട് താടിക്ക് കൈയ്യും ഊന്നി സുമതി നോക്കി നിന്നു…

ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം പിന്നിലേക്ക് ഓടിമറയുന്ന പുഴകളും മലകളും വയലുകളും..

ട്രെയിനിന്റെ ജനൽ കമ്പികളിൽ പിടിച്ചു കൊണ്ട് അന്തംവിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ഒരമ്മയും തൊട്ടാൽ പൊട്ടുന്ന പ്രായത്തിലുള്ള രണ്ട് പെൺ മക്കളും..

മദ്രാസ് എന്ന് പറഞ്ഞു കെട്ടിട്ടേയൊള്ളു.. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്ന്…

പിറ്റേദിവസം ഉച്ചയോടെ അവർ മദി രാശി പട്ടണത്തിൽ കാലുകുത്തി..

സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ തിരക്കിനിടയിലേക്ക് ഇറങ്ങുമ്പോൾ പത്മയുടെ നെഞ്ചിടിപ്പ് മക്കൾ കേൾക്കുമോ എന്ന് അവൾ ഭയപ്പെട്ടു..

ഏതൊക്കെയോ ഭാഷകൾ സംസാരിച്ചു കൊണ്ട് ഉറുമ്പിനെ പോലെ നീങ്ങുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഇടയിൽ പത്മ പെരുമാളിന്റെ മുഖം തേടി…

വരാതിരിക്കുമോ.. ആരോട് ചോദിക്കും.. അയാളുടെ അഡ്രസ്സ് പോലും അറിയില്ല…

എന്തു ചെയ്യണം എന്നറിയാതെ ആകുലതയോടെ നിൽക്കുമ്പോഴാണ് തിരക്കിനിടയിൽ എവിടെ നിന്നോ ആ വിളി കെട്ടത്..

പത്മാ….

ജീവിതത്തിൽ ഇത്രയും ആശ്വാസം തോന്നിയ ഒരു നിമിഷം വേറെയില്ലെന്നു പത്മക്ക് തോന്നി…

എന്നെ കാണാതെ ഭയന്നു പോയോ.. എന്ന് ചോദിച്ചു കൊണ്ട് പെരുമാൾ അവരുടെ അരികിലേക്ക് വന്നു…

(ഇനിയും തമിഴരും തെലുങ്കരു മൊക്കെ കഥാ പാത്രങ്ങൾ ആയി വരുവാൻ സാധ്യതയുണ്ട്.. അവർ ആരും ഈ കഥ വായിക്കുന്നില്ലാത്തതു കൊണ്ട് അവരുടെ സംസാരം മലയാളത്തിൽ ആയിരിക്കും )

ശരിക്കും കാണാത്തപ്പോൾ ഭയന്നുപോയി ചേട്ടാ..

അയയ്യോ.. ചേട്ടൻ വിളി വേണ്ട പത്മം.. അണ്ണാ എന്ന് വിളിക്ക്…

അയാൾ അമ്മയെ പത്മം എന്ന് വിളിക്കുന്നത്‌ കേട്ട് ജലജക്ക് ചിരിവന്നു…

അണ്ണാ ഇത് മൂത്തവൾ ശ്രീദേവി.. ഇത് ജലജ ഇളയത്..

അയാൾ അവരെ നോക്കി ചിരിച്ചു.. നിങ്ങൾ ഒന്നും പേടിക്കേണ്ടാ..മാമൻ എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട്.. ആദ്യം ഭക്ഷണം കഴിക്കാം.. ശേഷം താമസിക്കേണ്ട സ്ഥലത്തേക്ക് പോകാം…

ട്രെയിനിൽ വെറും ചായയും വടയും മാത്രമാണ് ഇന്നലെ മുതൽ കഴിക്കുന്നത്‌.. അതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു മൂന്നു പേർക്കും…

സ്റ്റേഷനിൽ നിന്നും വെളിയിൽ ഇറങ്ങി നല്ലൊരു ഹോട്ടലിൽ കയറി ഊണു കഴിച്ചു.. തമിഴ് രീതിയിലുള്ള ഊണ് അവർക്ക് വല്ലാതെ ഇഷ്ടമായി…

പെരുമാൾ നന്നായി മലയാളം സംസാരിക്കുമെങ്കിലും ആള് തമിഴനാണ്.. വർഷങ്ങളായി മലയാള സിനിമയും സംവിധായകരും നിർമ്മാതാക്കളും ഒക്കെയായി സഹകരിക്കുന്നതിനാലാണ് ഇത്ര നന്നായി മലയാളം പറയുന്നത്… നാൽപത്തി അഞ്ചിന് മേൽ പ്രായമുള്ള അയാളുടെ കുടുംബമൊക്കെ തിരുനെൽവേലിയിലാണ്…

പത്മയെ കൂട്ടികൊണ്ട് പോകാൻ വന്നപ്പോൾ ഉള്ളതിൽ പത്തിരട്ടി സന്തോഷം ഇപ്പോൾ അയാൾക്കുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *