കൊല്ലത്തുനിന്നും മദ്രാസ് മെയിലിൽ വെള്ളിയാഴ്ച കയറും.. അവിടെ സ്റ്റേഷനിൽ കാത്തു നിൽക്കണം…
ഇന്ന് ശനി.. ഇനി ആറു ദിവസംകൂടിയേ ഒള്ളു.. അണ്ടി കമ്പനിയിൽ നിന്നും കിട്ടാനുണ്ടായിരുന്ന കുറച്ചു പൈസ പത്മ വാങ്ങി..ആടിനെയും രണ്ടു കുട്ടികളെയും വിറ്റു..
പുരുഷൻ അറിയാതെ കൈയിൽ സൂക്ഷിച്ചിരുന്ന രഹസ്യ സമ്പാദ്യം ഒക്കേ കൂടി ആയിരം രൂപയോളം ഉണ്ട്.. പിന്നെ പെരുമാൾ അയച്ചു കൊടുത്ത അഞ്ഞൂറും…
പോകുന്നതിനു രണ്ടു ദിവസം മുൻപാണ് സുമതിയോട് പത്മ കാര്യം പറയുന്നത്.. വിവരം അറിഞ്ഞു സുമതി അമ്പരന്നു നിന്നുപോയി..
എടിയേ മദ്രാസ് എവിടെയാണെന്ന് നിനക്ക് അറിയാമോ.. ട്രെയിനിൽ ഒക്കെ കേറി പോകണം.. അവിടെ ചെന്ന് സ്ഥലവും ഭാഷയും അറിയാതെ നീയും പിള്ളാരും കൂടി എന്തു ചെയ്യും.. അയാൾ അവിടെ കാണുമെന്ന് നിനക്ക് എന്താണ് ഉറപ്പ്…
ഇങ്ങനെ പലതും പറഞ്ഞു സുമതി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പത്മ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു…
എന്നാലും എന്റെ പത്മേ നിന്റെ ഒരു ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു എന്നൊക്കെ താടിക്കും കൈയ്യും കൊടുത്തു കൊണ്ട് സുമതി പറഞ്ഞു എങ്കിലും എങ്ങാനും രക്ഷപെട്ടു പോകുമോ എന്നൊരു ആശങ്കയും ആ പറച്ചിലിൽ ഉണ്ടായിരുന്നു…
വെള്ളിയാഴ്ച രാവിലെ മക്കളേ വിളിച്ചുണർത്തിയിട്ട് ചൂലുമെടുത്തു മുറ്റം അടിക്കാൻ തുടങ്ങുമ്പോഴാണ് പുരുഷൻ വരാന്തയിൽ കിടക്കുന്നത് കണ്ടത്…
രാത്രി വൈകി നല്ല പൂസായി വന്നു കിടന്നതാണ്.. വാതിൽ അടച്ചാൽ ഇപ്പോൾ കുറച്ചു നാളായി വിളിക്കാറില്ല..വരാന്തയിൽ തന്നെ കിടക്കും… വാതിൽ അടക്കുന്നതിനു മുൻപ് ഒരു പുല്ലു പായ എടുത്ത് പത്മ വെളിയിൽ ചുരുട്ടി വെയ്ക്കും..
ഭർത്താവിന്റെ കിടപ്പുകണ്ട് ഏതാനും നിമിഷങ്ങൾ അവൾ നോക്കി നിന്നു..
ബോധവും പോക്കണവും ഇല്ലങ്കിലും ആണൊരുത്തൻ വെളിയിൽ കിടപ്പുണ്ടല്ലോ എന്ന ധൈര്യം തന്റെ മനസ്സിൽ ഉണ്ടായിരുന്നത് അവൾ ഓർത്തു…
പുരുഷന്റെ അരയിൽ നിന്നും മാറിക്കിടന്ന കൈലി പിടിച്ച് നേരെ ഇട്ട ശേഷം അവൾ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് കട്ടൻ കാപ്പി എടുത്ത് ശ്രീകുട്ടീടെ കൈയിൽ കൊടുത്തിട്ട് അച്ഛനെ വിളിച്ചു കൊടുക്കാൻ പറഞ്ഞു…
പുരുഷൻ എഴുനേറ്റ് കട്ടൻ കുടിച്ച ശേഷം വെളിയിലേക്ക് നോക്കി കുറച്ചു നേരം വെറുതെ ഇരുന്നു…
പിന്നെ എഴുനേറ്റ് കൈലി ഒന്ന് കുടഞ്ഞ് ഉടുത്തു എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി…
അച്ഛാ നിൽക്ക്.. ദാ ഇത് അമ്മ തരാൻ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒരു നൂറു രൂപയുടെ നോട്ട് ജലജ അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു..
പുരുഷൻ ആ നോട്ട് കൈയിൽ എടുത്ത് നോക്കി.. അടുത്ത കാലത്തൊന്നും അത്രയും രൂപ അയാളുടെ കൈയിൽ വന്നിട്ടില്ല..
അയാൾ തിരിഞ്ഞു വീട്ടിലേക്ക് നോക്കി വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് പത്മ നിൽപ്പുണ്ട്..
അവൾ മകളോട് എന്നപോലെ പറഞ്ഞു.. മുഴുവൻ ചാരായം കുടിച്ചു തീർക്കരുതെന്നു പറയ് മോളേ..
അച്ഛാ ഞങ്ങൾ ഇന്ന് പോകും.. അവിടെ ചെന്ന് പൈസയൊക്കെ കിട്ടാൻ തുടങ്ങുമ്പോൾ അച്ഛന് അയച്ചു തരാമെന്നു പറയാൻ അമ്മ പറഞ്ഞു..
അയാൾ ഒന്നും മിണ്ടിയില്ല.. വീണ്ടും ഒന്നും കൂടി നോക്കിയിട്ട് ചാരായ ഷാപ്പ് ഇരിക്കുന്ന ദിശയിലേക്ക് നടന്നകന്നു…
ഒരു പഴയ സൂട്ട് കേസ്സ് ഒരു തുണി സഞ്ചി..മൂന്നു പേരുടെയും ഡ്രസ്സുകൾ അതിൽ ഒതുങ്ങി..
അടുക്കളയിലെ പത്രങ്ങൾ കഴുകി കമിഴ്ത്തി വെച്ചു.. കുറച്ചു നല്ല പാത്രങ്ങൾ ഒരു മരത്തിന്റെ പെട്ടിയിൽ അടച്ചു വെച്ചു….
ഉള്ളതിൽ നല്ലത് മൂന്നുപേരും ധരിച്ചു.. വാതിൽ ചാരി മുറ്റത്തേക്ക് ഇറങ്ങിയ പത്മയുടെ കണ്ണുകൾ നിറഞ്ഞത് മക്കൾ കാണാതെ അവൾ സാരിതുമ്പുകൊണ്ട് തുടച്ചു..
പതിനേഴ് വയസിൽ വന്നു കയറിയ വീട്ടിലേക്ക് ഒന്ന് കൂടി നോക്കിയിട്ട് മക്കളുടെ കൈയും പിടിച്ച് അവൾ നടന്നു…
അമ്മയും മക്കളും പോകുന്നത് കണ്ട് താടിക്ക് കൈയ്യും ഊന്നി സുമതി നോക്കി നിന്നു…
ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം പിന്നിലേക്ക് ഓടിമറയുന്ന പുഴകളും മലകളും വയലുകളും..
