മദിരാശിപട്ടണം – 1

പത്മയും സുമതിയും കൂടി മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ജലജ പറഞ്ഞു.. ഇനീപ്പോൾ ഷീലയും ശാരദയുമൊക്കെ വീട്ടിലിരിക്കേണ്ടി വരുമോ..

അവൾ കളിയാക്കിയതാണ് എന്ന് മനസിലായപ്പോൾ മകളുടെ നേരെ കൈ ഓങ്ങി അടിക്കാൻ ചെന്നു പത്മ..

അത് കണ്ട് സുമതി പറഞ്ഞു…

നീ കളിയാക്കേണ്ട പെണ്ണേ.. കുറച്ചു കൂടിയൊക്കെ ഒരുങ്ങി ഇറങ്ങിയാൽ നിന്റെ അമ്മേടെ മുൻപിൽ ഷീലയോക്കെ മാറി നിൽക്കും…

അപ്പോൾ മുൻപോട്ട് നടന്നു കൊണ്ട് പത്മ പറഞ്ഞു നീയും കൂടിക്കോ പിള്ളേരുടെ കൂടെ എന്നെ കളിയാക്കാൻ…

ഞാൻ കളിയാക്കാൻ പറഞ്ഞതല്ലെടീ.. ഒരുങ്ങി ഇറങ്ങിയാൽ നിന്റെ അത്രേം സുന്ദരി ഈ കുന്നിക്കോട് പഞ്ചായത്തിൽ കാണില്ല…

മനസ്സിൽ അഭിമാനം തോന്നിയെങ്കിലും അത് പുറത്തു പ്രകടിപ്പിക്കാതെ സുമതിയോടൊപ്പം അവൾ നടന്നു…

പഞ്ചായത്ത് ഓഫീസിനോട്‌ ചേർന്നുള്ള കല്യാണ മണ്ഡപം ഒരു ആശുപത്രി ആക്കി മാറ്റിയിരിക്കുന്നു…

കുറേ ആളുകൾ അവിടെ ഷൂട്ടിങ് കാണാൻ കൂടിയിട്ടുണ്ട്… യൂണിറ്റിലെ ആളുകൾ തലങ്ങും വിലങ്ങും തൃതി പിടിച്ചു നടക്കുന്നു…

മദ്രാസിലെ പോലെ എക്സ്ട്രാ നടീനടന്മാരെ ഈ നാട്ടിൻ പുറത്ത് കിട്ടില്ലാത്തത് കൊണ്ട് ലോക്കൽ ആളുകളെ സംഘടിപ്പിക്കാൻ പ്രൊഡക്ഷൻ മാനേജർ കണ്ടു പിടിച്ചത് സുമതിയുടെ ഭർത്താവ് ശ്രീധരനെയാണ്.. അങ്ങിനെയാണ് ഇക്കാര്യം സുമതി അറിഞ്ഞതും പത്മയോട് പറയുന്നതും…

സുമതിയെയും പത്മയെയും കണ്ട ഉടനെ ശ്രീധരൻ അവരെയും കൂട്ടി പ്രൊഡക്ഷൻ മാനേജർ പെരുമാളിന്റെ അടുത്തേക്ക് പോയി…

സാറേ ഇവരും രോഗികൾ ആയിട്ട് അഭിനയിക്കാൻ വന്നതാണ്..ഒരാൾ എന്റെ ഭാര്യതന്നെയാണ്…

അതെയോ.. നല്ല വയസായ രണ്ടു തള്ളമാർ കൂടി വേണമെന്ന് പറഞ്ഞിരുന്നല്ലോ ശ്രീധരാ…

ഉണ്ട് സാർ.. അവരും വന്നിട്ടുണ്ട്..

ആഹ്.. ശരി.. പിന്നെ സീനെടുക്കുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ പറ്റില്ല.. ഡോക്ടർ ആയി അഭിനയിക്കുന്ന ഉമ്മർ എത്തിയിട്ടില്ല..

ശ്രീധരാ ഇവർക്ക് രണ്ടു പേർക്കും ചായ എടുത്തു കൊടുക്കാൻ ആ പയ്യനോട് പറയ്..

നിങ്ങൾ ചായ കുടിച്ചിട്ട് എവിടെയെങ്കിലും ഇരിക്ക്.. സീൻ എടുക്കാറാകുമ്പോൾ ഞാൻ പറയാം..

ഇത്രയും പറഞ്ഞിട്ട് പെരുമാൾ പോയി..

എടീ പത്മേ ഉമ്മറാടീ നമ്മളെ ചികൽസിക്കുന്ന ഡോക്ടർ..

ഏത് ഉമ്മർ.. എടീ ആരോമൽ ഉണ്ണിയിൽ ഒക്കേ വില്ലനായി അഭിനയിക്കുന്ന ഉമ്മർ…

അതെയോ.. പത്മ അത്ഭുതം കൂറി…

അല്പം കഴിഞ്ഞപ്പോൾ ഒരു പ്രൊഡക്ഷൻ ബോയ് രണ്ടു പേർക്കും ചായ കൊണ്ടുവന്നു കൊടുത്തു…

പിന്നെയൊരു നിൽപ്പായിരുന്നു.. ഷൂറ്റിംഗിന്റെ ആളുകൾ എന്തൊക്കെയോ ജോലികൾ ഓടിനടന്നു ചെയ്യുന്നുണ്ട്…

ഉച്ചയായപ്പോൾ ഒരു വാനിൽ ഭക്ഷണം കൊണ്ടുവന്നു… നല്ല കറികളും കൂട്ടി ചോറു തിന്നു…

മൂന്നു മണി ആയപ്പോൾ ഒരു കാറിൽ ഉമ്മർ വന്നിറങ്ങി..

നാട്ടുകാർ താരത്തെ കാണാൻ തിക്കും തിരക്കും കൂട്ടി..

പക്ഷേ അന്ന് പത്മയും സുമതിയുമുള്ള സീനുകൾ ഒന്നും എടുത്തില്ല..

അഞ്ചു മണി കഴിഞ്ഞപ്പോൾ പ്രൊഡക്ഷൻ മാനേജർ ശ്രീധരനെയും കൂട്ടി പത്മയുടെയും സുമതിയുടെയും അടുത്ത് വന്നു പറഞ്ഞു..

ഇന്ന് നിങ്ങൾ പങ്കെടുക്കേണ്ട സീൻ എടുക്കില്ല.. നാളെ രാവിലെ വരണം..

അയാൾ കക്ഷത്തിൽ ഇരുന്ന ബാഗിൽ നിന്നും നൂറു രൂപ നോട്ടുകൾ എടുത്തു രണ്ടു പേർക്കും ഓരോന്ന് വീതം കൊടുത്തു…

ഇന്ന് സീൻ എടുക്കില്ല എന്ന് പറഞ്ഞപ്പോൾ പൈസ കിട്ടില്ലന്നാണ് പത്മ കരുതിയത്…

രൂപ കിട്ടിയതോടെ അവൾ അതിയായി സന്തോഷിച്ചു.. ഒരാഴ്ച അണ്ടിയപ്പീസിൽ പോയാൽ എഴുപതു രൂപ കിട്ടുന്ന സ്ഥാനത്താണ് ഒറ്റദിവസം കൊണ്ട് നൂറു രൂപ കിട്ടിയത്…

സിനിമ നല്ല പരിപാടിയാണല്ലോ എന്ന് പത്മ മനസ്സിൽ ഓർത്തു..

കിട്ടിയ രൂപയിൽ നിന്നും അഞ്ചു രൂപ പുരുഷന് ചാരായം കുടിക്കാൻ കൊടുക്കാൻ അവൾ മറന്നില്ല…

പിറ്റേദിവസവും പറഞ്ഞ സമയത്ത് തന്നെ അവർ ഷൂട്ടിങ് സ്ഥലത്ത് എത്തി…

കുറച്ചു നേരം കഴിഞ്ഞപ്പോൾ സംവിധായകനോട് പെരുമാൾ പത്മയെ നോക്കികൊണ്ട് എന്തോ സംസാരിക്കുന്നത് അവൾ കണ്ടു…

സംവിധായകൻ പത്മയെ ഒന്ന് അടിമുടി നോക്കി.. എന്നിട്ട് പെരുമാളിനെ നോക്കി തല കുലുക്കി…

സുമതിയും പത്മയും നിൽക്കുന്നിടത്തേക്ക് പെരുമാൾ വന്നിട്ട് പറഞ്ഞു…

നിങ്ങളുടെ സീൻ എടുക്കാറായി… എന്താ ചെയ്യേണ്ടത് എന്ന് സഹ സംവിധായകൻ പറഞ്ഞു തരും.. അതുപോലെ ചെയ്‌താൽ മതി…

ഒരു ചെറുപ്പക്കാരനാണ് സഹ സംവിധായകൻ.. കുറച്ചു കഴിഞ്ഞ് പെരുമാളിന്റെ കൂടെ അയാൾ അവരുടെ അടുത്തേക്ക് വന്നു…

പത്മയെ ചൂണ്ടി പെരുമാൾ പറഞ്ഞു ഡയലോഗ് ഇയാൾക്ക് കൊടുക്കാം..

ഒക്കെ.. ചേച്ചീ നിങ്ങൾ രോഗികൾ ആയിട്ടാണ് അഭിനയിക്കേണ്ടത്…

ഇത് ഷൂട്ടിങ് ആണെന്ന് ചിന്തിക്കുകയെ വേണ്ട.. എന്തെങ്കിലും അസുഖം വന്ന് നമ്മൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ നിങ്ങൾ എങ്ങിനെ കിടക്കുമോ അതുപോലെ കിടന്നാൽ മതി..

പത്മയെ നോക്കി അയാൾ പറഞ്ഞു.. ചേച്ചിയുടെ അടുത്ത് ഡോക്ടറായ ഉമ്മുക്ക വന്ന് ഇപ്പോൾ എങ്ങിനെയുണ്ട് വേദനയൊക്കെ മാറിയോ എന്ന് ചോദിക്കും..

അപ്പോൾ ചേച്ചി പറയണം.. കുറവുണ്ട് ഡോക്ടർ.. നല്ല കുറവുണ്ട്..

ഇത്രയേ ഒള്ളു.. മുഖത്ത് ചിരിയോ സന്തോഷമോ ഒന്നും വരാതെ നോക്കണം.. രോഗിയല്ലേ.. അൽപ്പം അവശത മുഖത്ത് തോന്നണം…

ചേച്ചിക്ക് മനസ്സിലായോ..?

പത്മ തലകുലുക്കി…

കട്ടിലിൽ കിടന്നു കഴിയുമ്പോൾ ദേ ആ സാറാണ് ആക്ഷൻ എന്ന് പറയുക.. അപ്പോൾ മുഖത്ത് ഇത്തിരി അവശത വരുത്തികൊണ്ട് കിടന്നാൽ മതി…

ഉമ്മർ എത്ര വലിയ നാടനാണ് എന്നൊന്നും പത്മക്ക് പിടിയുണ്ടായിരുന്നില്ല.. സിനിമയിൽ കണ്ടിട്ടുണ്ട് എന്നു മാത്രം.. അതുകൊണ്ട് തന്നെ ഡയലോഗ് പറയാൻ അവൾക്ക് ടെൻഷനൊന്നും തോന്നിയില്ല..

ആദ്യ ടേക്കിൽ തന്നെ ഒക്കേ ആയി..

പെരുമാൾ പത്മയുടെ അടുത്ത് വന്ന് അഭിനന്ദിച്ചു..

അയാൾ അന്ന് വൈകുന്നത് വരെ പലതവണ തന്നെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു…

അന്ന് വൈകുന്നേരം എല്ലാവർക്കും നൂറു രൂപ കൊടുത്തപ്പോൾ പത്മക്ക് ഇരുന്നൂറ് കൊടുത്തു…

എന്നിട്ട് പറഞ്ഞു.. ഡയലോഗ് ഉള്ള സീനായതു കൊണ്ടാണ് ഇന്ന് പത്മക്ക് ഇരട്ടി ശമ്പളം.. ഇതിനു വേണ്ടി ഒരാളെ മദ്രാസിൽ നിന്നും കൊണ്ടുവന്നാൽ ഇതിന്റെ നാലിരട്ടി ചിലവാകും… പത്മ അത് നന്നായി ചെയ്യുകയും ചെയ്തു…

പത്മക്ക് തനിക്ക് കിട്ടിയതിലും ഇരട്ടി പൈസ കിട്ടിയതിൽ സുമതിക്ക് ഇത്തിരി അസൂയ തോന്നിയെങ്കിലും അവൾ അത് വെളിയിൽ കാണിച്ചില്ല..

പിറ്റേദിവസം ഷൂട്ടിങ് കഴിഞ്ഞ് അന്നത്തെ കൂലിയും വാങ്ങി പുറപ്പെടാൻ തുടങ്ങുമ്പോൾ പെരുമാൾ അടുത്ത് വന്ന് പത്മയോട് പറഞ്ഞു..

താൻ ഇവിടെ കിടന്നു കഷ്ടപ്പെടേണ്ട ആളല്ല.. മദ്രാസിൽ ആണെങ്കിൽ പത്മ ഇപ്പോൾ അറിയപ്പെടുന്ന ഒരു നടി ആയി മാറിയേനെ..

അതിനുള്ള ആകാരവും സൗന്ദര്യവും ഇയാൾക്കുണ്ട്.. മദ്രാസിലേക്ക് വരാൻ ഇഷ്ടമാണെങ്കിൽ തന്റെ അഡ്രസ്സ് പറഞ്ഞു തന്നാൽ അവസരം വരുമ്പോൾ ഞാൻ കത്തയക്കാം…

Leave a Reply

Your email address will not be published. Required fields are marked *