മറുപുറം – 2 4

“അവളെ കുറിച്ച് എന്തേലും വിവരം കിട്ടിയോ ഏട്ടാ…”

“ഇല്ല….ആക്സിഡന്റ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല…
പിന്നെ സി ഐ സംശയം പറഞ്ഞത് കിഡ്നാപ്പ് ആണോ എന്നുള്ളതാ….ഫോണും ഓഫ് ആണല്ലോ….
എനിക്കറിയില്ല….”

ദീപൻ സോഫയിലേക്കിരുന്നു,
അവന്റെ നെഞ്ചിൽ തലചായ്ചു മൗനമായി പാർവതിയും വിങ്ങിയപ്പോൾ ആഘോഷിക്കാനായി കെട്ടിയിരുന്ന തോരണങ്ങളും ബലൂണും വർണങ്ങളും ഇതിനെല്ലാം മൂകസാക്ഷികളായി.
റൂമിലെത്തിയ രാഹുൽ അവൾ രാവിലെ അഴിച്ചിട്ട ഷർട്ട് നെഞ്ചോടു ചേർത്ത് കരഞ്ഞു.
സി ഐ ഏട്ടനോട് ഒതുങ്ങി നിന്ന് പറഞ്ഞതാണെങ്കിലും അവളെ തട്ടിക്കൊണ്ടു പോവാനുള്ള സാധ്യത പറഞ്ഞത് അവനും കേട്ടിരുന്നു.

അവളുടെ മണം നിറഞ്ഞ ഉടുപ്പ് നെഞ്ചോടു ചേർത്ത് വിതുമ്പുമ്പോൾ അവന്റെ ഉള്ളു പൊളിയുകയായിരുന്നു.

********************************

“ഡാ മോനെ എണീക്ക്…”

ശ്വേതയുടെ ഉടുപ്പും കെട്ടിപ്പിടിച്ചു രാത്രി മുഴുവൻ ഉറക്കമില്ലാതെ കരഞ്ഞു എപ്പോളോ ഉറങ്ങിപ്പോയ രാഹുലിനെ ദീപൻ വിളിച്ചതും.

രാഹുൽ ഞെട്ടി എഴുന്നേറ്റു.
അവന്റെ കണ്ണുകൾ വീർത്തിരുന്നു,
ചുവന്നു തിളങ്ങിയ അവന്റെ കണ്ണുകളിൽ പ്രതീക്ഷ കണ്ട ദീപൻ തല താഴ്ത്തി.

“നീ പെട്ടെന്ന് ഒന്ന് റെഡിയാക് നമുക്കൊന്ന് പുറത്തു പോണം….”

ദീപൻ പറഞ്ഞതുകേട്ട രാഹുലിന്റെ നെഞ്ചിൽ തുടിയുണർന്നു.

“ഏട്ടാ…എങ്ങോട്ടേക്കാ….ശ്വേത അവളെ കിട്ടിയോ പറ….”

എഴുന്നേറ്റു തന്റെ നേരെ നോക്കാത്ത ദീപന്റെ കയ്യിൽ കുലുക്കിക്കൊണ്ട് രാഹുൽ ചോദിച്ചു.

“ഉം….അവൾ സ്റ്റേഷനിൽ ഉണ്ട്….”

അത്ര മാത്രം പറഞ്ഞു ദീപൻ താഴേക്ക് പോയി.

കേട്ടതോടെ പുതുജീവൻ കയ്യിൽ കിട്ടിയ പ്രതീതി ആയിരുന്നു രാഹുലിന് തിടുക്കത്തിൽ ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ അവനെ കാത്തു ദീപൻ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഇറങ്ങാൻ നേരം ഏട്ടത്തിയെ നോക്കിയെങ്കിലും കണ്ടില്ല…
ശ്വേതയെ കാണാനുള്ള വ്യഗ്രതയിൽ അവൻ ഓടി കാറിൽ കയറി, ദീപൻ കാറെടുത്തു.

“അവൾ ശെരിക്കും മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു….
നമ്മൾ ഒരു സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്തതിനു ഇങ്ങനെയാണോ ചെയ്യേണ്ട….”

ദീപൻ എന്തോ പറയാൻ ആഞ്ഞതും രാഹുൽ ഉള്ളിലുള്ള സന്തോഷം കൊണ്ട് പറഞ്ഞു തുടങ്ങി.
അത് കേട്ടതോടെ ദീപൻ പറയാൻ വന്നത് ഉള്ളിലൊതുക്കി.
അവന്റെ കണ്ണ് തുളുമ്പിയത് ശ്വേതയെക്കുറിച്ചുള്ള പരിഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്ന രാഹുൽ കണ്ടില്ല.

സ്റ്റേഷനിൽ ഇറങ്ങി അകത്തേക്ക് നടക്കുന്ന നേരം അവരെ കടന്ന് കരഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ മറ്റൊരുവൾ താങ്ങിക്കൊണ്ട് പോവുന്നത് അവരുടെ കണ്ണിൽ പെട്ടു.

സ്‌റ്റേഷനിലേക്ക് കടന്ന രാഹുലിന്റെ കണ്ണുകൾ ശ്വേതയെ തേടി ചുറ്റും നടന്നു,
സി ഐ യുടെ റൂമിലേക്ക് കടക്കുമ്പോൾ രാഹുൽ അക്ഷമനായിരുന്നു,
അതെ സമയം ദീപനോട് പുറത്തു നിന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം സി ഐ അകത്തേക്ക് വരുന്നത് നെഞ്ചിടിപ്പോട് കൂടിയാണ് അവൻ കണ്ടത്.
അവന്റെ മുന്നിൽ തൊപ്പി ഊരി വെച്ച സി ഐ, യുടെ മുഖം അസ്വസ്ഥമായിരുന്നു.
അവന്റെ പേടി അത് കണ്ടതോടെ കൂടുകയും ചെയ്തു.

“സാർ ശ്വേത….അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…”

അവന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

“ഇല്ല രാഹുൽ….ഷി ഈസ്,… ഷീ ഈസ് ഓൾ റൈറ്റ്….എനിക്ക് പറയാനുള്ളത് രാഹുലിനോടാണ്, പറയുന്നതെല്ലാം താൻ റാഷണൽ ആയിട്ട് കേൾക്കണം,….പറയാനുള്ളത് കുറച്ചു വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആവുമ്പോൾ അത് കേൾക്കാനുള്ള മനഃസാനിധ്യം കൂടി താങ്കൾക്ക് വേണമല്ലോ….”

“സാർ എന്താ പറയുന്നത് ശ്വേത അവൾക്കെന്തെങ്കിലും…”

“നോ…ആള് സേഫ് ആണ് ഇവിടെ തന്നെ ഉണ്ട്….വിളിക്കും മുന്നേ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ആൻഡ് അതിലേക്കാണ് ഞാൻ വരുന്നത്, കയ്യിൽ പേപ്പർ വെയിറ്റ് എടുത്തൊന്നമർത്തി തന്റെ മുഖം ഒന്നയച്ചു സി ഐ നിഷാദ് രാഹുലിനെ നോക്കി.

“രാഹുൽ ഇന്നലെ ശ്വേത ഓഫീസിൽ താൻ ഡ്രോപ്പ് ചെയ്തു കഴിഞ്ഞു ശ്വേതയുടെ ഒരു ഫ്രണ്ട് ന്റെ ഒപ്പം ആയിരുന്നു.
ഫോൺ സിഗ്നലും ഓഫീസിനു മുന്നിലെ സിസി ടീവി വിഷ്വൽസും വെച്ചു ഞങ്ങൾ അവരെ കണ്ടെത്തി.
ആൻഡ് ചോദിച്ചു വന്നപ്പോൾ….ശ്വേതയ്ക്ക് അയാളുമായി ഒരു അഫയർ ഉണ്ടെന്നു മനസിലായി, ഇന്നലെ അവർ പോയതും അതുകൊണ്ടായിരുന്നു.
…….ഇപ്പോൾ രണ്ടു പേരും ഇവിടെയുണ്ട്, അയാളുടെയും കല്യാണം കഴിഞ്ഞതാണ് ആൻഡ് ഇറ്റ് വാസ് എ ലവ് മാര്യേജ്….
ബട്ട് അതിനി കണ്ടിന്യൂ ചെയ്യാൻ താല്പര്യമില്ല എന്ന് കുറച്ചു മുന്നേ അയാളുടെ വൈഫ് വന്നപ്പോൾ അയാൾ പറഞ്ഞു കഴിഞ്ഞു,
ശ്വേതയ്ക്കും അയാളോടൊപ്പം ജീവിക്കാനാണ് താല്പര്യം എന്നാണ് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്…”

Leave a Reply

Your email address will not be published. Required fields are marked *