മഴപെയ്തനേരം – 2 61

അപ്പു അവരെക്കണ്ട് പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്ന് ശോഭയെ ചേർത്തുപിടിച്ചു

“എന്താ ശോഭക്കുട്ടിയുടെ മുഖത്തൊരു വാട്ടം… മ്…”

അവൻ അവരോട് ചോദിച്ചു

അതിന് മറുപടി പറയാതെ ശോഭ കണ്ണീർ പൊഴിച്ചു

“കരയല്ലേ… ഞാൻ പോയിട്ട് ഓടി ഇങ്ങ് വരൂലോ…”

അവൻ ശോഭയെ ചേർത്തുപിടിച്ച് പുറത്തേക്ക് നടന്നു

നിള നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി നിന്നു, പിന്നീട് ചന്തുവിന് നേരെ നോക്കി

“ചന്തു… സത്യം പറ… അവിടെയെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ…?”

അവൾ ചോദിച്ചു

“എന്ത് പ്രശ്നം…? കാര്യങ്ങളെല്ലാം അവൻ പറഞ്ഞില്ലേ…?”

അവൻ അവളുടെ മുഖത്ത് നോക്കാതെ പാക്കിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു

“ചന്തു… എന്റെ മുഖത്തേക്ക് നോക്കിപ്പറ…”

അവളുടെ വാക്കുകൾ ഗൗരവത്തിലായി

ചന്തു ഒന്നും മിണ്ടാതെ നിന്നു, അത് കണ്ട് അവൾക്ക് എന്തോ പന്തികേട് തോന്നി

“എന്താടാ കാര്യം…? എന്താ നീയൊന്നും മിണ്ടാത്തത്…? എന്തായാലും പറ ചന്തു…”

അവൾ വെപ്രാളത്തോടെ അവന്റെ മുന്നിൽച്ചെന്ന് ചോദിച്ചു

“നിളേച്ചി… അത്…”

അവൻ ഒന്നും പറയാതെ നിന്നു

“എന്താടാ…? മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറയടാ…”

നിള അവനോട് അലറി

“എനിക്ക് കൂടുതലൊന്നും അറിയില്ല… അവന്റെ കമ്പനിയിലെന്തോ സാമ്പത്തിക പ്രശ്നമാണെന്നോ… ഓഫീസല്ലാം സീൽ ചെയ്‌തെന്നോ… അവന്റെ മുതലാളി ഒളിവിലാണെന്നോ ഒക്കെ പറയുന്നകേട്ടു… എന്തായാലും വലിയ പ്രശ്നമാണ്… അവന്റെ പേരിലും കേസും നൂലമാലകളുമൊക്കെ ഉണ്ടെന്ന് തോന്നുന്നു, അത്രേ എനിക്കറിയൂ…”

അവൻ അവളോട് പറഞ്ഞു, അത് കേട്ട് നിള നെഞ്ചിൽ കൈവച്ചു നിന്നു

“എടാ… എനിക്കെന്തോ പേടിയാകുന്നു… അവനോട് പോകണ്ടാന്നു പറഞ്ഞാലോ… ഒന്നാമത് ആ രാജ്യത്തെ നിയമങ്ങളെല്ലാം കർശനമാണ്… ന്റെ അപ്പൂട്ടന് എന്തേലും പറ്റോ…?”

നിള വേവലാതിയോടെ പറഞ്ഞു

“ഞാനവനോട് കരഞ്ഞു പറഞ്ഞതാ നിളേച്ചി… പക്ഷേ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…”

ചന്തു അത് പറഞ്ഞ് നോക്കിയത് തങ്ങളെ കേട്ട് നിൽക്കുന്ന അപ്പുവിന്റെ മുഖത്തേക്കാണ്,

അപ്പു മുന്നോട്ട് വന്നു

“അപ്പൂട്ടാ വേണ്ടടാ… നീ പോണ്ട… ഞാൻ നിന്നെ വിടില്ല… എനിക്ക് പേടിയാ…”

നിള സമനില തെറ്റിയപോലെ അപ്പുവിനെ പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു

അപ്പു ചിരിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു

“അയ്യേ… ന്റെ ചേച്ചിപ്പെണ്ണെന്തിനാ കരയുന്നെ… അവിടെ ഇവൻ പറയുന്ന പ്രശ്നങ്ങളൊന്നുമില്ല… ഞാൻ ദേ പോയി ദാന്ന് ഇങ്ങ് വരില്ലേ…?”

അവൻ അവളോട് പറഞ്ഞു

“ഇല്ല… വേണ്ട… നീ പോണ്ട… ഞാൻ വിടില്ല നിന്നെ…”

നിള കൊച്ചുകുട്ടികളെ പോലെ കരഞ്ഞുകൊണ്ട് അവനെ ഒന്നുകൂടി ചുറ്റിപ്പിടിച്ചു

അപ്പു അവളെ നോക്കി പുഞ്ചിരിച്ചു, എങ്കിലും അവന്റെ കണ്ണുകളിൽ നിന്നും ഓരോ തുള്ളി ഒഴുകിയിറങ്ങിയിരുന്നു,

“എനിക്കെന്താ പേടി…? എനിക്ക് വേണ്ടി പ്രാർത്ഥിക്കാനും വഴിപാടുകൾ നേരാനും എന്റെ ചേച്ചിപ്പെണ്ണില്ലേ…? ന്നെ കാത്തിരിക്കാൻ ന്റെ ശോഭക്കുട്ടിയില്ലേ…? എനിക്ക് വേണ്ടി ചങ്ക് പറിച്ച് തരാൻ ദാ ഇവനില്ലേ…? പിന്നെന്താ…

ഞാനിപ്പോ പോയില്ലെങ്കിൽ… ഇത്രേം കാലം ഞാനുണ്ടാക്കിയതെല്ലാം വെള്ളത്തിൽ പോകില്ലേ…?”

അവൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു

“വേണ്ട… എല്ലാം പൊയ്ക്കോട്ടേ… ന്നാലും ഞാൻ ന്റെ അപ്പൂട്ടനെ വിടില്ല…”

അവൾ വീണ്ടും വാശിപിടിച്ചു

നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി ചന്തു നിന്നു, നിളയും അപ്പുവും മനസ്സുകൊണ്ട് വല്ലാതെ പ്രണയിക്കുന്നുണ്ടെന്ന് അവന് തോന്നി, അവൻ പതിയെ പുറത്തേക്ക് നടന്നു

“ദേ… ചേച്ചിപ്പെണ്ണേ… നോക്ക്… എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാ പോര… എന്നേ ഞാനാക്കിയ ന്റെ അറബാബ്… എവിടെയാണെന്ന് പോലുമറിയില്ല… അദ്ദേഹത്തെ കണ്ടെത്തണം… എന്നെപ്പോലെ ആ കമ്പനിയിൽ ജോലിചെയ്യുന്നവരെയെല്ലാം സുരക്ഷിതരാക്കണം… എല്ലാം ശരിയാക്കണം… എന്നിട്ട് ഞാൻ വരും… സത്യം… ന്റെ നിളക്കുട്ടിയാണെ സത്യം… നമ്മുടെ കണ്ണനാണെ സത്യം…”

അവൻ അവളോട് പറഞ്ഞു, അവൾ അവനെ മുഖമുയർയത്തി നോക്കി,

“എനിക്ക് പേടിയാടാ… എന്റെ തലയിൽ കൈവച്ച് സത്യം ചെയ്യ്… അവിടെ യാതൊരു പ്രശ്നവുമില്ലെന്ന്… നീ ഒരു കൊഴപ്പോം ഇല്ലാതെ തിരിച്ചും വരൂന്ന്…”

Leave a Reply

Your email address will not be published. Required fields are marked *