മാഘം 3

“ഹിഹി …..അല്ലേൽ ഏട്ടന്റെ മനസിലുള്ള പോലെ ചോദിച്ചു നോക്ക്, പക്ഷെ ഓവർ ആക്കാൻ നിൽക്കരുത് കേട്ടല്ലോ…”

“അല്ല ശിൽപ്പ, അവനെന്താ പെങ്കുട്യോളെ ആദ്യായിട്ടാണോ കാണുന്നത് ?!”

“അല്ല സുജിത്തെട്ടാ, ഈ കുട്ടി എന്റെ ക്ലസ്സ്മേറ്റ് ന്റെ ചേച്ചിയുടെ ബാച്ചിലാണ് പഠിച്ചതൊക്കെ, ആള് നല്ല പ്രോഗ്രസ്സിവ് ചിന്തകൾ ഉള്ള കുട്ടിയാണ്, എന്നാണ് കേട്ടേക്കണേ…”

“ആണോ, നിന്നെ വെള്ളം കുടിപ്പിക്കും അപ്പൊ…”

“ഹേയ് എനിക്കാ പേടിയൊന്നും ഇല്ല സുജിത്തേ…”

“ഡാ ആ വളവ് തിരിഞ്ഞാൽ ആയി വീട്. ഗൂഗിൾ മാപ് കണ്ടില്ലേ…”

വീടിലേക്ക് കാർ കയറിയപ്പോൾ രമിതയുടെ വീട്ടുകാർ അത്യാവശ്യം കാഷ് ടീംസ് തന്നെയാണെന്ന് മനസിലായി. കാറിൽ നിന്നുമിറങ്ങിയതും പെണ്ണിന്റെ അമ്മാവന്റെ ക്ലീഷെ ചോദ്യം.

“ഇല്ല വഴിയൊന്നും തെറ്റിയില്ല അമ്മാവാ..” സുജിത്താണ് അതിനു മറുപടി പറഞ്ഞത്.

എന്റെ ജോലിയെക്കുറിച്ചുമൊക്കെ പറഞ്ഞു കഴിഞ്ഞ ശേഷം രമിതയുടെ പരെന്റ്സ് നു എന്നെ ഇഷ്ടമായ ഒരു വൈബ് ആയിരുന്നു എനിക്കപ്പോൾ കിട്ടിയത്. ഇടക്ക് ശില്പ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കാര്യം ഞാൻ കൈ രണ്ടും ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു, അവളുടെ ചിരി കണ്ടപ്പോ എനിക്കിച്ചിരി നേർവസ് ആയി എന്നുളളതും സത്യമാണ്.

അങ്ങനെ രമിത ചായയും കൊണ്ട് വന്നു.
ചുരിദാറാണ്. വെളുത്ത സുന്ദരി, ജൂഹി ചൗള ഹരികൃഷ്ണൻസ് ഇട്ടിരിക്കുന്നപോലെ ഉള്ള ചുരിദാർ, മുഖത്തു സ്‌പെക്‌സ് ഉണ്ട്. ടീച്ചർ ലുക്ക് ആണ്. ചായ പയ്യെ ഞാൻ കുടിച്ചു, ചായ പക്ഷെ അതാ പോരാ…
അങ്ങനെ സംസാരിക്കാൻ വേണ്ടിയുള്ള “അനുവാദം” കിട്ടിയപ്പോൾ ഞാനും രമിതയും ബാല്കണിയിലേക്ക് ചെന്നു.

“രമിത..”

“ആഹ് മോഹിത്”

കാര്യം അവളെക്കാളും ഒരു വയസാണ് ഞാൻ മൂത്തതെങ്കിലും, എന്നെ പേര് വിളിച്ചപ്പോൾ എനിക്ക് വല്ലാത്ത കോൺഫോർട് സോൺ ഫീൽ ചെയ്തു.

“അടുത്തണോ സ്‌കൂൾ..”

“ഞാൻ സ്‌കൂളിൽ അല്ല, കോളേജിലാ പഠിപ്പിക്കുന്നെ..” അവളെന്നെ കൂർപ്പിച്ചു നോക്കി അതിനു മറുപടി പറഞ്ഞപ്പോൾ. ആ ചോദ്യമവൾക്ക് ഇഷ്ടമല്ലെന്നു ഞാൻ കണക്കു കൂട്ടി.

“സോറി മൈ മിസ്‌റ്റേക്..അടുത്തണോ…” ഞാനൊന്നു ചമ്മിച്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ടു വീലര് ഉണ്ട്, അതിലാ പോകുക…”

“അഹ്… ഞാൻ കൊച്ചിയിലാണ്. അനിമേഷൻ ഡിസൈനർ.”

“fb ലു ഞാൻ കണ്ടിരുന്നു…” അവളെന്നെ നോക്കി നഖം പൊട്ടിച്ചുകൊണ്ട് പറഞ്ഞു.

“ഓ തറ്റ്സ് ഗുഡ്… രമിതേ കുറിച്ച് പറയു..”

“എന്താ അറിയണ്ടേ വെച്ചാ ചോദിച്ചോളൂ..”

“സീരിയസ് ലവ് ഉണ്ടായിട്ടുണ്ടോ..”

“ഇല്ല. ഇതല്ലാതെ ആർക്കും ഒന്നും ചോദിക്കണ്ടെ?!!!”പെട്ടന്നവളുടെ മറുപടി എന്നെ ഒന്നുലച്ചു…

“ഹേയ്…. അങ്ങനെയല്ല, എന്തൊക്കെയോ ചോദിക്കണം ന്ന് ഉണ്ടായിരുന്നു.. പക്ഷെ തന്നെ കണ്ടതും എല്ലാം മറന്നുപോണ പോലെ..”

“ഇത് ഫസ്റ് ടൈം ആണോ മോഹിത് ന്റെ.”

“അതേടോ…അതിന്റെയാണ്…തനിക്കോ…” ഞാൻ തുറന്നു സമ്മതിച്ചപ്പോഴും അവളിൽ ഭാവമാറ്റമൊന്നും ഞാൻകണ്ടില്ല.

“എനിക്കിത് 7 മത്തെയാണ്…”

“എന്നിട്ടിതുവരെ കണ്ടവരെയാരും തനിക്കിഷ്ടപെട്ടില്ലേ.?!”

“ഉഹും… എല്ലാം ഒരേ ടൈപ്പ് ആൾകാർ. ഒരേ ടൈപ്പ് ചോദ്യം…”

“അപ്പൊ ഞാനും അതുപോലെ ആയിരിക്കും അല്ലെ..”

“ആഹ് അതുപോലെ ഒക്കെ തന്നെ..” ചിരിച്ചാണ് പറഞ്ഞതെങ്കിലും ഒരു പുച്ഛം അവളുടെ മുഖത്തു നിഴലടിച്ചിരുന്നു. പക്ഷെ ആ ചിരി. അതിൽ ആരും വീണുപോകും….

അങ്ങനെ ഒന്ന് രണ്ടു മിനിട്ടു കൂടെ ഞാൻ എന്തോ ചോദിച്ചതിന് മാത്രമവൾ ഉത്തരം പറഞ്ഞു. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു, HR മാനേജർ ഇന്റർവ്യൂ കഴിഞ്ഞു പറയുന്നപോലെ അവളുടെ വീട്ടുകാർ “അറിയിക്കാം എന്നും പറഞ്ഞു.”
കാറിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ഞാൻ ജനലിലൂടെ പുറത്തേക്കുനോക്കി, രമിതയുടെ ക്യൂട് മുഖം മാത്രമായിരുന്നു മനസ്സിൽ. അവൾക്കെന്തായാലും എന്നെ ഇഷ്ടപ്പെടില്ല എന്നോർത്തുകൊണ്ടു ഞാൻ അവളെ മറക്കാൻ വേണ്ടി ശ്രമിച്ചു, മുഖത്തൊരു ചിരിയും ഒട്ടിച്ചു വെച്ചുകൊണ്ട് ഞാൻ പിറകിലിരിക്കുന്ന ശിൽപയെ നോക്കി. വീട്ടിലെത്തിയിട്ടും അമ്മ എന്നോട് ഇഷ്ടായോ എന്നൊക്കെ ചോദിച്ചു. ഞാൻ വിശ്വസിച്ചിരുന്നു, അവൾക്കെന്നെ ഒരിക്കലും ബോധിക്കില്ല എന്ന്, അതുകൊണ്ട് തന്നെ അമ്മയോട് ഞാൻ വിഷമിപ്പിക്കാതെ ഇരിക്കാൻ ഇഷ്ടമായി എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *