“വല്യ കടയിലൊന്നും കേറാന്‍ പണമില്ല..വല്ല തട്ടുകടയിലും കയറാം…”
“പണം ഓര്‍ത്ത് നീ പേടിക്കണ്ട..ഇഷ്ടമുള്ള ഹോട്ടലില്‍ കയറിക്കോ”
“അങ്ങനെ നിന്റെ പണം കൊണ്ട് എനിക്ക് തിന്നണ്ട..അവനവന്റെ അധ്വാനഫലം മാത്രമേ തിന്നാവൂ..ഞാനങ്ങനാ…” വാസു അവള്‍ പറഞ്ഞ തത്വം അവളുടെ മേല്‍ തന്നെ പ്രയോഗിച്ചു.
“ഹോ..അങ്ങനാണോ..ശരി ശരി..സാറിനു ഇഷ്ടമുള്ളിടത്തു കേറിക്കോ..ഞാനും അവിടുന്ന് തന്നെ കഴിച്ചോളാം…..”
ഹൈവേയിലൂടെ പാഞ്ഞ ബുള്ളറ്റ് റോഡരുകില്‍ അല്പം ഉള്ളിലേക്ക് മാറിയുള്ള ഒരു ചെറിയ തട്ടുകടയുടെ മുന്‍പില്‍ എത്തി നിന്നു. അവിടെ തിരക്ക് തീരെ ഉണ്ടായിരുന്നില്ല. വാസു ബൈക്ക് സ്റ്റാന്റില്‍ വച്ച ശേഷം ചെന്നു കൈകഴുകി. ഡോണയും കൈകഴുകിയിട്ട് ഇരുന്നു.
“സര്‍..പൊറോട്ട..ബീഫ്..ദോശ..ചിക്കന്‍ കറി..ചപ്പാത്തി…” കടക്കാരന്‍ മെനു പറഞ്ഞു.
“ഒരു അഞ്ചു ചപ്പാത്തി..ഒരു ബീഫ്…” വാസു തന്റെ ഓര്‍ഡര്‍ നല്‍കി.
“എനിക്ക് രണ്ടു ദോശയും ചട്ണിയും…പിന്നെ ഒരു കട്ടന്‍ കാപ്പിയും” ഡോണ പറഞ്ഞു.
കടക്കാരന്‍ പോയപ്പോള്‍ വാസു ഡോണയെ നോക്കി.
“രണ്ടു ദോശയോ? എന്തെടുക്കാനാ?”
“ഉച്ചയ്ക്ക് ഉണ്ടത് തന്നെ കൂടുതലായിരുന്നു..രാത്രി ഞാന്‍ അധികം കഴിക്കില്ല….”
“നീ കഴിക്കണ്ട..അതൊക്കെ ഞാന്‍ ചെയ്തോളാം”
ആഹാരം എത്തിയപ്പോള്‍ വാസു നിമിഷനേരം കൊണ്ട് ചപ്പാത്തിയും ബീഫും തീര്‍ത്തിട്ട് വീണ്ടും ഒരു അഞ്ചെണ്ണം കൂടി പറഞ്ഞു; ഒരു കറിയും. ഡോണ കണ്ണുതള്ളി അവനെ നോക്കി.
“എടാ..നീ അപ്പോള്‍ വീട്ടില്‍ വച്ച് അഭിനയിക്കുകയായിരുന്നു അല്ലെ?” അവള്‍ ചോദിച്ചു.
“അഭിനയിച്ചതല്ല..വിശപ്പ് തോന്നിയില്ല..ദിവ്യ അങ്ങനെ കിടക്കുന്നത് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി..അവളും ഒപ്പം കഴിക്കാന്‍ ഇല്ലാത്തത് കൊണ്ട് എനിക്ക് എന്തോ ഒരു മൂഡ് തോന്നിയില്ല…” വാസു പറഞ്ഞു. ഡോണ ഒന്നും മിണ്ടാതെ ദോശ കഴിച്ചു.
റാപ്പ് മ്യൂസിക്കിന്റെ കാതടപ്പിക്കുന്ന ശബ്ദം കേള്‍പ്പിച്ചുകൊണ്ട് ഒരു മേല്‍മൂടി ഇല്ലാത്ത ജീപ്പ് അവിടെത്തി നിന്നു. അതില്‍ നിന്നും അഞ്ചു ചെറുപ്പക്കാര്‍ ചാടി ഇറങ്ങി.
“സാറേ..അവന്മാര് പ്രശ്നക്കാര്‍ ആണ്..നിങ്ങള്‍ വേഗം കഴിച്ചിട്ട് പൊക്കോ..ഇവിടുത്തെ സദാചാര പോലീസുകാരാ…”
കടക്കാരന്‍ രഹസ്യമായി വാസുവിന്റെ കാതില്‍ മന്ത്രിച്ചു. ഉച്ചത്തിലുള്ള മ്യൂസിക്ക് അരോചകമായി തോന്നിയതിനാല്‍ ഡോണ അവരെ അനിഷ്ടത്തോടെ ഒന്ന് നോക്കി. അതിന്റെ താളത്തില്‍ ശരീരം ചലിപ്പിച്ചുകൊണ്ട് അവരെത്തി വാസുവും ഡോണയും ഇരുന്നിരുന്ന മേശയുടെ അപ്പുറത്തുള്ള മേശയ്ക്ക് ചുറ്റുമായി ഇരുന്നു.
“എന്ത് ശല്യമാണ് ഇത്..ഇവര്‍ക്ക് കേള്‍ക്കാന്‍ ഉള്ളത് മറ്റുള്ളവരെ കൂടി കേള്‍പ്പിച്ച് ഉപദ്രവിക്കണോ” ഡോണ അസഹ്യതയോടെ പറഞ്ഞു.
“നിര്‍ത്താന്‍ നീ ചെന്നു പറ” വാസു ഒരു ചപ്പാത്തി രണ്ടായി മുറിച്ച് ഒരു കഷണം ബീഫും കൂട്ടി വായിലേക്ക് തിരുകുന്നതിനിടെ പറഞ്ഞു.
“നിനക്ക് പറഞ്ഞാല്‍ എന്താ?”
“എനിക്ക് പാട്ട് ഇഷ്ടമാണ്..പിന്നെ ഞാനെന്തിനു പറയണം”
“ഹും”
“പീസ് കൊള്ളാമല്ലോടാ അളിയാ….” ഒരുത്തന്‍ ആരോടെന്നില്ലാതെ പറയുന്നത് അവര്‍ കേട്ടു.
“ഹേയ്..ഈ മ്യൂസിക്കിന്റെ സൌണ്ട് അല്‍പ്പം കുറയ്ക്കുമോ?” ഡോണ സഹികെട്ട് ചോദിച്ചു.
“എന്തോ? കേട്ടില്ല……” കൂട്ടത്തില്‍ നേതാവെന്നു തോന്നിച്ചവന്‍ വിനയം നടിച്ചുകൊണ്ട് പറഞ്ഞു.
“ഈ ശബ്ദം ഒന്ന് കുറയ്ക്കാന്‍..ഇതൊരു പബ്ലിക് പ്ലെയ്സ് ആണ്..നിങ്ങളുടെ വീടല്ല”
“ഇവള്‍ ആളു കൊള്ളാമല്ലോ..എവിടുന്നു കടത്തിക്കൊണ്ടു വരുവാടാ മോനെ ഈ ചരക്കിനെ? എടാ അബൂ നീ ചെന്നു ചേച്ചിക്ക് വേണ്ടി അതിന്റെ സൌണ്ട് ഒന്ന് കുറച്ചു കൊടുക്ക്…” അവന്‍ മറ്റൊരുവനോട് പറഞ്ഞു.
“ശരി അളിയാ..ഒരു ചരക്ക് പറഞ്ഞാല്‍ നമുക്ക് അനുസരിക്കാതിരിക്കാന്‍ പറ്റുമോ…”
അവന്‍ ചെന്നു വീണ്ടും അതിന്റെ ശബ്ദം കൂട്ടി. ഡോണ കടുത്ത കോപത്തോടെ അവരെ നോക്കി.
“എന്താടി? മതിയോ?”
അവന്മാര്‍ ഉറക്കെ ചിരിച്ചു. പിന്നെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നടുത്തു. കടക്കാരന്‍ ഭീതിയോടെ അവരെ നോക്കി.
