മൃഗം – 11 Like

ഡോണ നിരാശയോടെ അയാളെ നോക്കിയ ശേഷം വാസുവിന്റെ കൂടെ പുറത്തിറങ്ങി.

“വെറും മുരടനാണ് അയാള്‍..പക്ഷെ ആള് മിടുക്കനാണ്….മാലിക്ക് ഇവിടെ വന്നിട്ടുണ്ട് എന്ന് ഇയാള്‍ മനസിലാക്കിയിരിക്കുന്നു..അയാള്‍ തന്നെ അവനെ കണ്ടുപിടിക്കട്ടെ…അല്ലെ”

ബൈക്കില്‍ കയറുന്നതിനിടെ ഡോണ പറഞ്ഞു.

“അതെ..അയാള് മഹാ ചൂടന്‍ ആണെങ്കിലും ആളു നല്ലവന്‍ ആണെന്നാണ് ആള്‍ക്കാര് പറയുന്നത്..” വാസു ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി.

“എന്നാലും എനിക്ക് അങ്ങേരുടെ സംസാരം കേട്ടിട്ട് ചൊറിഞ്ഞു കയറി..അല്പം പോലും മര്യാദ ഇല്ലാത്ത മനുഷ്യന്‍..ഹും..അയാളെ എന്റെ കൈയില്‍ കിട്ടും..അന്ന് ഞാന്‍ പണി കൊടുത്തോളാം…” ഡോണയ്ക്ക് പൌലോസിന്റെ സംസാരരീതി തീരെ ദഹിച്ചിരുന്നില്ല.

“അപ്പോള്‍ ഇവിടെ വന്നത് അവര്‍ തന്നെയാണ്…മാലിക്കിനെ അയാള്‍ സംശയിക്കുന്നുണ്ട് എങ്കില്‍ അക്കാര്യത്തില്‍ ഇനി നമുക്ക് സംശയം വേണ്ട…”

“അതെ..അയാളെ കണ്ടതുകൊണ്ട് നമ്മുടെ സംശയം ശരിയാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു..വാസൂ..നീ ദിവ്യയെ വിളിച്ച് അവളുടെ മൊബൈലില്‍ ഉള്ള അവന്മാരുടെ ചിത്രം നമുക്ക് അയച്ചു തരാന്‍ പറയണം. ഈ എസ് ഐ യാതൊരു സഹകരണവും ഇല്ലാത്ത ആളായതുകൊണ്ട് അതെ ഇനി വഴിയുള്ളൂ….”

“അത് ഞാന്‍ വാങ്ങാം..നമുക്ക് ഗീവര്‍ഗീസ് അച്ചനെക്കൂടി കണ്ട ശേഷം പോകാം..”

“ഷുവര്‍..അച്ചനെ എനിക്കും കാണണം”

വാസു ബൈക്ക് അച്ചന്റെ ആശ്രമത്തിലേക്ക് വിട്ടു.

അവര്‍ ആശ്രമത്തില്‍ എത്തുമ്പോള്‍ അച്ചന്‍ അവിടെ ഉണ്ടായിരുന്നില്ല.

“അച്ചന്‍ ഒരു സ്ഥലം വരെ പോയിരിക്കുവാ..സന്ധ്യ കഴിഞ്ഞേ എത്തൂ” കുശിനിക്കാരന്‍ അവരോട് പറഞ്ഞു.

വാസു സമയം നോക്കി. മൂന്നുമണി ആകാറായിരിക്കുന്നു.

“നമുക്ക് വെയിറ്റ് ചെയ്യാം..അല്പം റസ്റ്റ്‌ എടുത്തിട്ടു അച്ചനെയും കണ്ടിട്ട് പോകാം..എന്താ?” വാസു അവളോട്‌ ചോദിച്ചു.

“ഷുവര്‍..അച്ചനെ ഞാനും കണ്ടിട്ട് കുറെ വര്‍ഷങ്ങള്‍ ആയി” ഡോണയ്ക്ക് അതില്‍ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. വാസു ഉള്ളില്‍ കയറി ഒരു പായ എടുത്തുകൊണ്ട് വന്നു വരാന്തയില്‍ വിരിച്ചു. പിന്നെ അതില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു.

“നിനക്ക് ദാ ആ മുറിയില്‍ കയറി കിടക്കാം..അത് ഗസ്റ്റുകള്‍ക്ക് ഉള്ള മുറിയാണ്” മറ്റൊരു മുറി ചൂണ്ടി വാസു പറഞ്ഞു.

“വേണ്ട..നീ കിടന്നോ..ഞാന്‍ ഈ നാടൊന്നു ചുറ്റി കണ്ടിട്ട് വരാം…”

“ഉം ശരി..വല്ല പൂവാലന്മാരുടെയും കൈയില്‍ ചെന്നു പെടരുത്…”

“ഓ..അത് ഞാന്‍ നോക്കിക്കോളാം….”

അവള്‍ മെല്ലെ പുറത്തേക്ക് ഇറങ്ങി. വാസു ഉച്ചമയക്കത്തിലേക്ക് വഴുതിവീണു.

അച്ചനേയും കണ്ടു വാസുവും ഡോണയും പോകാന്‍ തയാറായപ്പോള്‍ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഏഴരയ്ക്ക് ആണ് അച്ചന്‍ എത്തിയത്. കുറേനേരം അവര്‍ പലതും സംസാരിച്ചിരുന്നു.

“എടാ കഞ്ഞി കുടിച്ചിട്ട് പോകാം..ഓ നിനക്ക് വയറു നിറയാന്‍ ഒരു കുട്ടകം കഞ്ഞി വേണ്ടി വരുമല്ലോ അല്ലെ” അച്ചന്‍ ചോദിച്ചു. ഡോണ അച്ചന്‍ പറഞ്ഞത് കേട്ടു ചിരിച്ചു.

“വേണ്ടച്ചാ..ഞങ്ങള്‍ പുറത്ത് നിന്നു കഴിച്ചോളാം..” വാസു പറഞ്ഞു.

“എന്നാലിനി വൈകിക്കണ്ട..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..” അവരെ യാത്രയയച്ചു കൊണ്ട് അച്ചന്‍ പറഞ്ഞു.

വാസുവിന്റെ പിന്നാലെ ഡോണ കയറിയിരുന്നു. അച്ചനെ കൈ വീശിക്കാണിച്ച ശേഷം അവന്‍ ബൈക്ക് റോഡിലേക്ക് ഓടിച്ചിറക്കി.

“ഈ നാട് കൊള്ളാം..ബ്യൂട്ടിഫുള്‍ പ്ലെയിസ്..എനിക്ക് കാശുണ്ടാകുന്ന സമയത്ത് ഇവിടെ പത്തുസെന്റ് സ്ഥലം വാങ്ങി ഞാനൊരു വീട് വയ്ക്കും” ഡോണ പറഞ്ഞു.

“പുന്നൂസ് സാറിനോട് പറഞ്ഞാല്‍ ഇന്നുതന്നെ ഇവിടെ ഒരേക്കര്‍ വാങ്ങി തരുമല്ലോ..”

“അങ്ങനെ പപ്പയുടെ പണം കൊണ്ട് എനിക്ക് വാങ്ങണ്ട..അവനവന്‍ സ്വന്തം പണം കൊണ്ട് ജീവിക്കണം എന്നാണ് എന്റെ തത്വം..അപ്പനുണ്ടാക്കുന്ന പണം അപ്പന്‍ അനുഭവിച്ചോട്ടെ..സ്വന്തം അധ്വാനഫലം നല്‍കുന്ന സുഖം മറ്റൊന്നും നല്‍കില്ല”

“ഓ..അതെന്തോ ആകട്ടെ..എനിക്ക് വിശക്കുന്നു..ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്..”

“നീ ഏതെങ്കിലും നല്ലൊരു റസ്റ്റോറന്റില്‍ നിര്‍ത്ത്..കഴിച്ചിട്ട് പോകാം….”

Leave a Reply

Your email address will not be published. Required fields are marked *