“വാസു..നീ അപകടത്തില്‍ ചെന്നു ചാടരുത്..നീ ഒറ്റയ്ക്കും അവര്‍ ഒരു സംഘവുമാണ്..അതെങ്കിലും നീ ഓര്‍ക്കണം. എന്റെ അഭിപ്രായത്തില്‍ അവരെ നിന്റെ പക്കലേക്ക് എത്തിക്കാനുള്ള വഴി തേടുന്നതാണ് നല്ലതെന്നാണ്..നീ അവരെ ശാരീരികമായി കൈകാര്യം ചെയ്താല്‍ അതുകൊണ്ട് അവര്‍ ഭയന്നു പിന്മാറുന്നവര്‍ അല്ല..അടിയും പിടിയും ഒന്നും അവന്മാര്‍ക്ക് പുത്തരിയല്ല..അവര്‍ക്കെതിരെ നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അത് ശക്തമായ രീതിയില്‍ ആയിരിക്കണം..പിന്നെ അവര്‍ പൊങ്ങരുത്” പുന്നൂസ് തന്റെ അഭിപ്രായം പറഞ്ഞു.
“സാറെ.എന്റെ കാര്യം ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട..ഞാനത് ചെയ്തിരിക്കും. പക്ഷെ ഡോണയ്ക്ക് അവരെ കുരുക്കാന്‍ വേണ്ട എന്ത് തെളിവ് ഉണ്ടാക്കാനും ഞാന്‍ റെഡി ആണ്. അതിന്റെ പ്ലാന്‍ തയാറാക്കി നാളെമുതല്‍ തന്നെ ജോലി തുടങ്ങാം..അതിനിടയില്‍ ഞാന്‍ എന്റെ രീതിയില്‍ ചെയ്യുന്നത് നിങ്ങള്‍ ഗൌനിക്കണ്ട..അതെനിക്ക് വിട്ടേക്ക്…” വാസു പറഞ്ഞു.
അവന്‍ തീരുമാനിച്ചത് നടപ്പിലാക്കും എന്ന് അവര്‍ മൂവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് കൂടുതല്‍ അവര്‍ അവനെ നിര്‍ബന്ധിക്കാന്‍ തുനിഞ്ഞില്ല.
“നീ പറഞ്ഞത് ശരിയാണ് വാസൂ.. ഇനി നമ്മള്‍ ഇത് വൈകിക്കുന്നില്ല. ഞാന്‍ ഇന്ന് രാത്രി തന്നെ നമ്മുടെ അടുത്ത പരിപാടികള്‍ വ്യക്തമായി പ്ലാന്‍ ചെയ്യാന്‍ പോകുകയാണ്. ചിലരെ കാണണം. ആരും അറേബ്യന്‍ ഡെവിള്‍സിനെതിരെ തെളിവ് നല്‍കില്ല…അത് അവരില്‍ നിന്നും വാങ്ങി എടുക്കേണ്ടി വരും..അതിനാണ് എനിക്ക് പ്രധാനമായും നിന്റെ സഹായം വേണ്ടിയത്..” ഡോണ പറഞ്ഞു.
“അത് അവര്‍ നല്‍കണമെങ്കില്‍ അറേബ്യന്‍ ഡെവിള്‍സ് എന്ന പേരിനോട് അവര്‍ക്കുള്ള പേടി ഇല്ലാതാകണം..അതില്ലാതാകണം എങ്കില്‍ ചിലത് ചെയ്യേണ്ടി വരും..എങ്കില്‍ മാത്രമേ അവര്‍ക്കെതിരെ പലരും വായ തുറക്കൂ..” വാസു ആലോചനയോടെ പറഞ്ഞു.
“അതെ..അവര്‍ക്കെതിരെ സംസാരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. രഹസ്യമായി നമ്മളോട് ചില വിവരങ്ങള്‍ നല്‍കിയാലും ഒരാള്‍ പോലും കോടതിയിലോ പോലീസിലോ അത് പറയില്ല..” ഡോണ നിരാശയോടെയാണ് അത് പറഞ്ഞത്.
“മോളെ നീ സൂക്ഷിക്കണം..അവര്‍ക്കെതിരെ നിന്റെ റിപ്പോര്‍ട്ട് വന്നാല്‍ നമ്മളെ കൊന്നുകളയാന്‍ പോലും അവര്‍ മടിക്കില്ല..” റോസ്ലിന്‍ ഭീതിയോടെ മകളെ നോക്കി പറഞ്ഞു.
“റിപ്പോര്‍ട്ട് പുറത്ത് വിടുന്ന സമയം മുതല്‍ നമ്മള്‍ കടുത്ത ജാഗ്രതയില്‍ ആയിരിക്കണം മമ്മി..അതല്ലാതെ വേറെ വഴിയില്ല. പക്ഷെ നമ്മള്‍ വിടുന്ന റിപ്പോര്‍ട്ട് ഫൂള്‍ പ്രൂഫ് ആയിരിക്കും..അതില്‍ നടപടി എടുക്കാതിരിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ ആകില്ല..ഉറപ്പാണ്”
“ശരി..ഞാന്‍ പോകട്ടെ സര്‍..നാളെ കാണാം..ഒന്ന് വിശ്രമിക്കണം” വാസു പോകാനായി എഴുന്നേറ്റു.
“ശരി വാസൂ..ഗുഡ് നൈറ്റ്..” പുന്നൂസ് പറഞ്ഞു.
“ഗുഡ് നൈറ്റ് വാസു” ഡോണയും പറഞ്ഞു.
വാസു ബൈക്കില്‍ കയറി പോകുന്നത് നോക്കി നിന്ന ശേഷം അവര്‍ കതകടച്ചു.
————
രാവിലെ സ്റ്റേഷനില്‍ എത്തിയ പൌലോസിന്റെ മുന്‍പില്‍ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നിന്നുമുള്ള ഫാക്സ് ഉണ്ടായിരുന്നു. മുഹമ്മദ് മാലിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു അതില്‍. പൌലോസ് അതെടുത്ത് നിവര്‍ത്തി:
‘മുഹമ്മദ് യൂസഫ് മാലിക്ക്…പ്രായം 25. വീട് പനമ്പിള്ളി നഗര്‍. അച്ഛന്‍ യൂസഫ് കള്ളക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്. ഇപ്പോഴും അതെ ലൈനില്‍ തന്നെയാണെന്നാണ് വിവരം. പക്ഷെ പുതിയ കേസുകള്‍ ഒന്നും നിലവിലില്ല. മുഹമ്മദ് മാലിക്ക് അറേബ്യന്‍ ഡെവിള്‍സ് എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന സംഘടനയുടെ അംഗമാണ്. പക്ഷെ അങ്ങനെ ഒരു പേരല്ലാതെ ഒരു സ്ഥാപനമോ സംഘടനയോ നിലവിലില്ല. ഇതിലെ മറ്റു രണ്ട് അംഗങ്ങള്‍ ഒരു സ്റ്റാന്‍ലി, അര്‍ജ്ജുന്‍ എന്നവര്‍ ആണ്. നഗരത്തിലെ പല ക്രിമിനല്‍ കേസുകളിലും ഇവരുടെ പങ്കുണ്ട് എന്ന് പോലീസ് സംശയിക്കുന്നുണ്ട് എങ്കിലും ഇവര്‍ക്കെതിരെ യാതൊരു കോണ്ക്രീറ്റ് തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ ഈ മൂന്നുപേരും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ് എന്നകാര്യം ഉറപ്പാണ്.’
