മൃഗം – 12 1

ഇതായിരുന്നു സന്ദേശത്തിലെ പ്രധാന ഉള്ളടക്കം. പൌലോസ് അത് വായിച്ച ശേഷം കസേരയില്‍ പിന്നോക്കം ചാരിയിരുന്നു ചിന്തയില്‍ മുഴുകി.

അറേബ്യന്‍ ഡെവിള്‍സ്. അതിലെ അംഗമാണ് മുഹമ്മദ്‌ മാലിക്ക്. ശങ്കരന്റെ വീട്ടില്‍ പ്രശ്നമുണ്ടായ ദിവസം അവന്‍ ഇവിടെ ഉണ്ടായിരുന്നു. മൂന്നുപേരാണ് തങ്ങളുടെ വീട്ടില്‍ കയറിയത് എന്ന് ശങ്കരന്‍ മൊഴി തന്നിരുന്നതും ഇവര്‍ മൂന്നു പേരാണ് എന്നതും പൌലോസ് പ്രത്യേകം ശ്രദ്ധിച്ചു.
അറേബ്യന്‍ ഡെവിള്‍സ് ശങ്കരനെ എന്തിന് ആക്രമിക്കണം എന്നതാണ് ഉത്തരം കിട്ടേണ്ട അടുത്ത ചോദ്യം. അതിനു മതിയായ ഒരു കാരണം ഉണ്ടെങ്കില്‍, അവന്മാരെ അറസ്റ്റ് ചെയ്യുക തന്നെ വേണം. അതിനു കൊച്ചി പോലീസിന്റെ സഹായം തനിക്ക് വേണ്ടിവരും. തന്റെ അധികാരപരിധിയില്‍ ആരു കുറ്റം ചെയ്താലും അവരെ പിടികൂടെണ്ടത് തന്റെ കടമയാണ്. ശങ്കരനെ ഒന്നുകൂടി കണ്ടു ചോദ്യം ചെയ്യാന്‍ പൌലോസ് തീരുമാനിച്ചു.

അയാള്‍ പുറത്തിറങ്ങി വണ്ടിയെടുത്ത് നേരെ ശങ്കരന്റെ വീട്ടിലെത്തി. ആക്രമണം ഉണ്ടായ ശേഷം ശങ്കരന്‍ കുറച്ചു ദിവസത്തേക്ക് ബിസിനസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പൌലോസിന്റെ വാഹനം വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ ചെറിയ ആശങ്കയോടെ അയാള്‍ ഇറങ്ങിച്ചെന്നു.

“എന്താ സര്‍..എന്തെങ്കിലും പ്രശ്നം?” ശങ്കരന്‍ അങ്കലാപ്പോടെ ചോദിച്ചു. പോലീസ് ജീപ്പ് കണ്ടപ്പോള്‍ രുക്മിണിയും ദിവ്യയും ഇറങ്ങി വന്നു.

“ഇരിക്ക്” സ്വയം ഒരു കസേര വലിച്ചിട്ട് ഇരുന്ന ശേഷം പൌലോസ് ശങ്കരനോട് പറഞ്ഞു.

“ഞാനിവിടെ നിന്നോളാമേ” അയാള്‍ ഭവ്യതയോടെ മാറി നിന്നു.

“ശങ്കരാ..ഒരു വിവരമറിയാന്‍ ആണ് ഞാന്‍ വന്നത്. അന്നിവിടെ കയറി ആക്രമണം നടത്തിയത് മൂന്നുപേരാണ് എന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ. നിങ്ങളുടെ മകള്‍ നല്‍കിയ ഫോട്ടോസും അത് ശരി വയ്ക്കുന്നുണ്ട്. അവര്‍ ആരാണ് എന്ന് നിങ്ങള്‍ക്ക് വല്ല ഊഹവും ഉണ്ടോ?”

“അപ്പോള്‍ അറിയില്ലായിരുന്നു സാറെ..പക്ഷെ ഇന്നലെ വാസു വന്നപ്പോള്‍ ചിലത് അറിഞ്ഞു..(രുക്മിണിയോട്) എടീ സാറിന് ചായ എടുക്ക്..”

“ഏയ്‌ ചായ വേണ്ട..ഞാനുടന്‍ പോകും..ഓക്കേ..എന്താണ് വാസു വന്നപ്പോള്‍ ലഭിച്ച വിവരം?’

“സാറെ..ഈ അടുത്തിടെ ടിവിയില്‍ ഒക്കെ ചര്‍ച്ചയായ ഒരു പ്രശ്നമില്ലേ..ഒരു പെണ്ണിനെ റോഡില്‍ വച്ച് വാസു തല്ലിയതിനെച്ചൊല്ലി? ആ പെണ്ണ് കൊച്ചിയിലെ ഏതോ ഒരു സംഘത്തിലെ ആളുടെ പെങ്ങള്‍ ആണെന്നും അയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് വാസുവിനോടുള്ള പക തീര്‍ക്കാന്‍ ഇവിടെ വന്നതാണ്‌ എന്നുമാണ് അവന്‍ പറഞ്ഞത്..പക്ഷെ സാറെ എന്റെ സംശയം ഇത് മുസ്തഫയുടെ ഇടപാടില്‍ നടന്ന സംഭവം ആണെന്നാണ്. അന്ന് ഞാന്‍ അവര്‍ക്കെതിരെ സാറിനു പരാതി തന്നതില്‍ അവനെന്നോട് ചൊരുക്കുണ്ട്…അവനു മാത്രമല്ല ആ രവീന്ദ്രനും എന്നോട് പകയുണ്ട്” ശങ്കരന്‍ പറഞ്ഞു.
“വാസു പറഞ്ഞത് ശരിയാണ്…അറേബ്യന്‍ ഡെവിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ ഒരു ക്രിമിനല്‍ സംഘത്തിലെ പ്രധാന അംഗങ്ങള്‍ ആണ് അന്നിവിടെ വന്നത് എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു…ഇപ്പോള്‍ അവരിവിടെ വരാനുള്ള കാരണവും സ്പഷ്ടമായി….”

പൌലോസ് മൂവരെയും നോക്കിയാണ് അത് പറഞ്ഞത്. ദിവ്യയുടെ മുഖത്ത് ഭീതി നിറയുന്നത് പൌലോസ് പ്രത്യേകം ശ്രദ്ധിച്ചു.

“കുട്ടിക്ക് ആ പേര് പരിചയമുണ്ടോ?” പൌലോസ് ചോദിച്ചു.

“ഉവ്വ് സര്‍..എന്റെ സ്കൂളിലെ ഒരു കുട്ടി ഒരിക്കല്‍ ഈ പേര് പറഞ്ഞിട്ടുണ്ട്..അവളുടെ ഏതോ ബന്ധുവിനെ അവര്‍ കൊന്നെന്നോ മറ്റോ..” അവള്‍ ഭയത്തോടെ പറഞ്ഞു.

“അപ്പോള്‍ ശങ്കരാ.. നിങ്ങള്‍ പറഞ്ഞതുപോലെ അവരെ ഇവിടെ വരുത്തിയത് മുസ്തഫ ആയിരിക്കും..ആയിരിക്കുമല്ല ആണ്..വാസുവുമായുള്ള പ്രശ്നത്തിന് വേണ്ടി മാത്രം അവര്‍ ഇത്ര ദൂരം വരാന്‍ ചാന്‍സില്ല..എനിവേ..താങ്ക്സ്..”

പൌലോസ് ഇറങ്ങി ചെന്നു വണ്ടിയില്‍ കയറി. അയാള്‍ നേരെ പോയത് മുസ്തഫയുടെ കടയിലേക്ക് ആണ്. രാവിലെ കച്ചവടം തുടങ്ങിയ സമയത്ത് തന്നെ പോലീസ് ജീപ്പ് മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്നത് കണ്ടപ്പോള്‍ മൊയ്തീനും മുസ്തഫയും ശങ്കയോടെ നോക്കി. അതില്‍ നിന്നും പൌലോസ് ഇറങ്ങുന്നത് കൂടി കണ്ടതോടെ ഇരുവരും ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *