മൃഗം – 14 1

ദിവ്യ തുടുത്ത മുഖത്തോടെ അവന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിലെ സ്നേഹം അനുരാഗ് തിരിച്ചറിഞ്ഞു.

“ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാണണം എന്ന് പറയുമായിരുന്നോ..” അവള്‍ ചോദിച്ചു.

“ഹൂയ്..എനിക്ക് കൂവി വിളിക്കാന്‍ തോന്നുന്നു..എന്റെ ദിവ്യ എന്നെ സ്നേഹിക്കുന്നു..എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ..” ഭ്രാന്തനെപ്പോലെ അനുരാഗ് പുലമ്പി.

“റോഡ്‌ ആണ്..വികാരം കൊണ്ട് ചളമാക്കല്ലേ” ദിവ്യ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“സത്യമാണ് മോളെ..എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല..സത്യം..”

“എന്നോടുള്ള അനുരാഗിന്റെ സ്നേഹം തെളിയിക്കാന്‍ ഒരു ചാന്‍സ് വരുന്നുണ്ട്..” ദിവ്യ പറഞ്ഞു.

“എന്റെ ഹൃദയം പറിച്ചെടുത്ത് തന്നാല്‍ ദിവ്യ വിശ്വസിക്കുമോ..അതിനു പോലും ഞാന്‍ തയാറാണ്…..” വികാരവിവശാനായി അവന്‍ പറഞ്ഞു.

“അതൊന്നും വേണ്ട..അനുരാഗിന് അറിയുമോ..ഈ അടുത്തിടെ ഞങ്ങളുടെ വീട്ടില്‍ കയറി ചിലര്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു..”
“ങേ? ആര്? ആരാണവര്‍? അവന്റെയൊക്കെ കുടല്‍ ഞാനെടുക്കും..പറ മുത്തെ..ആരാണത് ചെയ്തത്?”

“എനിക്കറിയില്ല..പക്ഷെ അവര്‍ വളരെ അപകടകാരികള്‍ ആണ്..ഭാഗ്യം കൊണ്ടാണ് അന്ന് ഞാന്‍ രക്ഷപെട്ടത്..പക്ഷെ പോലീസ് പറയുന്നു ഇനിയും എനിക്കെതിരെ അവര്‍ പ്രശ്നം ഉണ്ടാക്കുമെന്ന്….എന്നെ തട്ടിക്കൊണ്ട് പോകാനാണ് അവരുടെ പദ്ധതി..എന്നെ അവരില്‍ നിന്നും രക്ഷിക്കാന്‍ അനുരഗിനു പറ്റുമോ?” അവന്റെ കണ്ണിലേക്ക് നോക്കി അവള്‍ ചോദിച്ചു.

“എന്റെ മുത്തെ..എന്റെ ജീവന്‍ കളഞ്ഞും നിന്നെ ഞാന്‍ സംരക്ഷിക്കും. ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല..ജീവനോടെ ഉണ്ടെങ്കില്‍ ഞാനതിന് സമ്മതിക്കില്ല..പക്ഷെ അവര്‍ ആരാണ് എന്നറിയാതെ എന്ത് ചെയ്യും?”

“അറേബ്യന്‍ ഡെവിള്‍സ് എന്ന് കേട്ടിട്ടുണ്ടോ?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

അനുരാഗ് ഞെട്ടുന്നത് അവള്‍ കണ്ടു. പക്ഷെ വേഗം തന്നെ അവന്‍ ആ ഞെട്ടല്‍ മറികടന്നു.

“ഉണ്ട്..അവരാണോ ഇതിനു പിന്നില്‍?” അവന്‍ ചോദിച്ചു.

“അതെ..അങ്ങനെയാണ് പോലീസ് പറഞ്ഞത്”

“പക്ഷെ അവര്‍ കൊച്ചിയിലുള്ള ഒരു ഗാംഗ് അല്ലെ? അവരെങ്ങനെ ഇവിടെ?”

“എന്റെ അച്ഛനുമായി ഉള്ള എന്തോ പ്രശ്നമാണ്..അങ്ങനെ അതിനായി വന്നപ്പോള്‍ ആണ് അവരെന്നെ കണ്ടത്..അതോടെ എന്നെ കിട്ടാനായി അവരുടെ ശ്രമം..അന്ന് ഞാന്‍ ഓടി രക്ഷപെട്ടതാണ്..അച്ഛന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയതുകൊണ്ട് അവര്‍ പോയി..പക്ഷെ ഏതു സമയത്തും അവര്‍ എന്നെ തേടി വരും..എസ് ഐ പറഞ്ഞത് ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് സൂക്ഷിക്കണം എന്നാണ്..എനിക്ക് പേടിയുണ്ട് അനുരാഗ്..ഞങ്ങള്‍ക്ക് ആരുമില്ല സഹായത്തിന്…” ദിവ്യ വിതുമ്പി.

അനുരാഗിന്റെ മനസ് തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും.
“നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു.

“ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍”

“ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍ വരുന്നവരെ എനിക്കൊന്നു കാണണം” അവന്‍ തന്റെ മസിലുകള്‍ ഉരുട്ടി.

ദിവ്യ കണ്ണുകള്‍ തുടച്ചു.

“സമയമായി…ഞാന്‍ പോട്ടെ..”

“ഉം..നിനക്ക് വിരോധമില്ലെങ്കില്‍ എന്നും എന്റെ ബൈക്കില്‍ ഞാന്‍ നിന്നെ കൊണ്ടുവിടാമായിരുന്നു..” അവന്‍ പറഞ്ഞു.

“യ്യോ ഇപ്പോള്‍ അതൊന്നും വേണ്ട. നാട്ടുകാര്‍ ആരെങ്കിലും അച്ഛനോട് പറഞ്ഞാല്‍ എന്നെ കൊല്ലും..”

Leave a Reply

Your email address will not be published. Required fields are marked *