: പന്നി… ആക്കിയതാണല്ലേ
: തൽക്കാലം മോളെന്റെ മുതുകത്ത് പിടിച്ചു നടന്നോ.. ബാഗൊക്കെ ഞാൻ പിടിക്കാം വാ
ഓരോ പടവുകളും താണ്ടി പതുക്കെ നടന്ന് രണ്ടുപേരും മുകളിലെത്തി. ഉടുപ്പൊക്കെ മാറി നല്ലൊരു ചായയും കുടിച്ച് വീണ്ടും നടത്തം തുടർന്നു. വണ്ടി വച്ചിരിക്കുന്ന സ്ഥലത്തേക്ക് അല്പം കൂടി നടക്കാനുണ്ട്. ആദിയുടെ കയ്യിൽ തൂങ്ങി രേണു ഒരു ചിത്രശലഭത്തെപ്പോലെ പാറിനടന്നു. ഗേറ്റിന് വെളിയിൽ വഴിയോരക്കച്ചവടക്കാർ ധാരാളമുണ്ട്. ഓരോന്നും കണ്ടുകൊണ്ട് ഇരുവരും പതുക്കെ നടന്നു.. പച്ചമാങ്ങ നീളത്തിൽ അരിഞ്ഞു ഉപ്പും മുളകും വിതറി നിരത്തിയിരിക്കുന്നത് കണ്ടതോടെ രണ്ടുപേരുടെ വായിലും വെള്ളമൂറി..
: അതൊന്ന് വാങ്ങിയാലോ രേണു
: പണികിട്ടുമോ..
: പിന്നേ.. പച്ചമാങ്ങ തിന്നിട്ട് തൂറുന്നെങ്കിൽ പോട്ടെടി… ആർക്കുവേണ്ടിയാ ഈ സ്റ്റോക്കുചെയ്ത് വയ്ക്കുന്നേ
: അയ്യേ.. പതുക്കെ പറ.. ആൾക്കാരൊക്കെ കേൾക്കുന്നുണ്ട്..
ഓരോ സെറ്റ് മാങ്ങയും വാങ്ങി കഴിച്ചുകൊണ്ട് അവർ ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി നടന്നു. കൈയൊക്കെ കഴുകി വൃത്തിയാക്കി ഇരുവരും യാത്ര തുടർന്നു. നേരെ പോയാൽ വാഴച്ചാൽ. കാട്ടിലൂടെയുള്ള വീതി കുറഞ്ഞ പാതയിലൂടെ അവർ പതുക്കെ മുന്നോട്ടു നീങ്ങി. വാനരന്മാർ റോഡിലുടനീളം കാത്തിരിപ്പുണ്ട്. വന്നുവന്ന് കുരങ്ങന്മാരൊക്കെ ഭയങ്കര മടിയന്മാരായിപ്പോയി. ഇപ്പൊ കാട്ടിൽ അലഞ്ഞുനടന്ന് കായ്കനികൾ തേടിപ്പിടിച്ച് കഴിക്കാനൊന്നും അവരെക്കിട്ടില്ല. പകരം ടൂറിസ്റ്റുകളും വണ്ടിക്കാരുമാണ് അവരുടെ അന്നദാതാക്കൾ. വഴിയിലുടനീളം വനംവകുപ്പിന്റെ നിർദ്ദേശങ്ങളടങ്ങിയ ബോർഡുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ഇത്തരം വഴികളിൽ അപകടം വരുത്തിവയ്ക്കുമെന്ന് നല്ല ബോധമുള്ളതുകൊണ്ട് വണ്ടി നിർത്താതെ വിട്ടു. വാഴച്ചാലിൽ അൽപനേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചശേഷം ചെക്ക്പോസ്റ്റ് താണ്ടി വീണ്ടും കാനനപാതയിലേക്ക് പ്രവേശിച്ചു. അധികം തിരക്കില്ലാത്ത വഴിയാണ്. നിർദ്ദേശിച്ച വേഗതയിൽ കാടിന്റെ ഭംഗിയും ഭീകരതയും കണ്ടുകൊണ്ട് വാൽപ്പാറ ലക്ഷ്യമാക്കി അവർ യാത്ര തുടർന്നു.
വാൽപ്പാറയിലെ വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങളും പൂക്കൾ അതിരുവിരിക്കുന്ന വഴിയോരങ്ങളുമെല്ലാം കണ്ടുകൊണ്ട് അവർ നീങ്ങി. മനോഹരമായ ചിത്രങ്ങൾ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത് അവർ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. പൊള്ളാച്ചി റൂട്ടിലൂടെ ചിന്നാർ വഴി മൂന്നാർ അതാണ് ആദിയുടെ പ്ലാൻ. മനോഹരമായ താഴ്വരകളും ചുരം റോഡുമെല്ലാം കടന്ന് അവർ വൈകുന്നേരത്തോടെ ചിന്നാറിലെത്തി. വനംവകുപ്പിന്റെ കീഴിലുള്ള താമസ സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് ആദി യാത്ര പുറപ്പെട്ടത്. വേണ്ട നപടികളൊക്കെ പൂർത്തിയാക്കി വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തശേഷം ഗൈഡിന് പിന്നിലായി രണ്ടുപേരും നടന്നു. ഒത്തിരിദൂരം കാട്ടിലൂടെ നടന്നുവേണം ലോഗ് ഹൗസിലെത്താൻ. ഭാഗ്യമുണ്ടെങ്കിൽ പോകുന്ന വഴിയിൽ മൃഗങ്ങളെയും കാണാം. കാട്ടിലൂടെ കുത്തിമറിഞ്ഞൊഴുകുന്ന ആറിന്റെ കരയിലാണ് ഈ പറഞ്ഞ വീട്. വലിയ പാറക്കല്ലുകളുടെ മുകളിൽ പണിഞ്ഞിരിക്കുന്ന വീടിന് മുന്നിൽ തെളിനീരൊഴുകുന്ന പുഴയാണ്. ചുറ്റും മരങ്ങളാൽ സമൃദ്ധമായ അന്തരീക്ഷം. ആ മരങ്ങളുടെ ഇലകളെല്ലാം മഞ്ഞ കളറിലാണ്. ചുറ്റുമുള്ള ഹരിതാഭയ്ക്ക് മനോഹാരിത കൂട്ടികൊണ്ട് മഞ്ഞ പട്ടണിഞ്ഞ മരങ്ങൾ. മൃഗങ്ങളുടെ അക്രമണത്തിൽനിന്നും രക്ഷനേടാനുള്ള സുരക്ഷാ സംവിധാനങ്ങളൊക്കെയുള്ള ചെറിയ വീട്. ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നുകൊണ്ട് കാട്ടാറിന്റെ സ്വരമാധുര്യം ആവോളമാസ്വദിക്കാം. രാത്രിയിലേക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ ഒരുക്കിതരുന്നത് കൂടെ വന്ന വനപാലകരാണ്. ഭക്ഷണമൊക്കെ ഉണ്ടാക്കിവച്ച് അവർ നടന്നകന്നു. കുറച്ചകലെ അവർക്ക് അന്തിയുറങ്ങാനുള്ള സൗകര്യമുണ്ട്. നേരം ഇരുട്ടുന്നതിന് മുൻപായി കുറച്ചുനേരം രണ്ടുപേരും കാട്ടാറിന്റെ കുളിരിൽ നീന്തിത്തുടിച്ചു. ആളുകളുടെ ശല്യമില്ലാതെ, തുറിച്ചുനോട്ടങ്ങളില്ലാതെ രേണുമുമൊത്ത് ആദി നീരാടി തിമർത്തു.
