വളരെ നേരത്തെ വിവിധ കാര്യങ്ങളേ പറ്റിയുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് ഇടയിൽ ഗ്ളാസുകളും നിറഞ്ഞ് ഒഴിഞ്ഞ് കൊണ്ടേയിരുന്നു…!
ഒടുവിൽ മടുത്ത ശാലിനി വായിക്കോട്ടയും വിട്ട് എണീറ്റ് മൂരിനിവർന്നു…
“രണ്ടൂടെപ്പഴാന്നാ കെടക്ക് എനിക്കൊറക്കമ്വരുന്നു…”
ശാലിനി പോയി കിടന്ന് കഴിഞ്ഞും ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നിട്ടാണ് ഉറങ്ങാനായി കയറിയത്…
പിറ്റേന്ന് കാലത്ത് ഒരു പത്ത് മണിയോടുകൂടി ഞാൻ ശാലിനിയോടും ഭർത്താവിനോടും യാത്രയും പറഞ്ഞ് പിരിഞ്ഞു.
ഞാൻ സ്കൂട്ടർ എടുത്തപ്പോൾ ശാലിനി തിരക്കി…
“എടാ ഇപ്പ അവധിയല്ലേ? ലതികേയെങ്ങനാ ഒന്നു കാണുക!
ഞാനവക്കു കുറശ്ശ് ഡ്രസ്സൊക്കെ വാങ്ങിയിട്ടുമുണ്ട്!”
“അവളു നിന്നെയിങ്ങോട്ടു വിളിച്ചോളും നീയിവിടെ കാണുന്ന ദിവസങ്ങളുമ്പറഞ്ഞ് ഫോൺനമ്പരും കൊടുത്തിട്ടുണ്ട്…!”
ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി….
ശാലിനി സെലിനെപ്പറ്റി യാതൊന്നും പറഞ്ഞില്ല!
അവർ തമ്മിൽ കണ്ടോ ആവോ! ആ കാര്യം ഞാനൊട്ട് തിരക്കിയതുമില്ല!
വണ്ടി മെഡിയ്കൽ കോളജിന് മുന്നിലൂടെ പോയപ്പോൾ മിന്നായം പോലെ കണ്ട ഒരു രൂപം ഉള്ളിൽ ഉടക്കി ഞാൻ പൊടുന്നനെ വണ്ടി സൈഡിൽ ഒതുക്കി..!
മെലിഞ്ഞ് ഉണങ്ങിയ ഒരു സ്ത്രീരൂപത്തേയും താങ്ങിപ്പിടിച്ച് കൊണ്ട് നടന്ന് വരുന്ന ലതിക ആയിരുന്നു അത്…!
തലമുടി പാതിയും നരച്ച ആ രൂപം കണ്ടാൽ തന്നെ അറിയാം അത് അവളുടെ അമ്മയാണ്…!
അവർക്ക് ഒട്ടും തന്നെ നടക്കാൻ വയ്യ! കൂടെ വരണ്ടുണങ്ങിയ ഒരു പേക്കോലം കൂടിയുണ്ട് അവളുടെ അസുഖക്കാരൻ ആങ്ങള ആണെന്ന് തോന്നുന്നു!
അമ്മയേയും ആങ്ങളയേയും വഴിയരികിലെ തിട്ടയിൽ പിടിച്ചിരുത്തി എന്തോ പറഞ്ഞിട്ട്
പേഴ്സിൽ നിന്നും ഒരു കടലാസും എടുത്ത് ലതിക വഴി മുറിച്ച് കടന്നു…
എതിർവശത്തെ ഇംഗ്ളീഷ് മരുന്നുകട ലക്ഷ്യമാക്കി…
ആ അമ്മ ഇരിയ്കാൻ വയ്യാതെ ആ സുഖമില്ലാത്ത മകന്റെ മടിയിലേയ്ക് തലചായ്ച് കിടന്നു!
ഏത് പൊട്ടക്കണ്ണൻ ഡോക്ടറ് കണ്ടാലും കണ്ണുമടച്ച് അഡ്മിഷൻ എഴുതുന്ന അത്ര അവശയായ ഈ അമ്മയുമായി ഇവൾ ഇതെന്ത് ഭാവിച്ചാ എന്റെ കർത്താവേ..!
ലതികയുടെ ദുഃഖങ്ങളുടെ പങ്ക് പറ്റാതെ ഒളിച്ച് നടന്ന ഈ പാവം
എന്നെ കർത്താവ് ദേ പിടിച്ച് അതിന്റെ നടുവിൽ കൊണ്ടെ നിർത്തിയിരിയ്കുന്നു!
ഞാൻ പിന്നെ കർത്താവിനെ തെറി പറയുന്നതിൽ തെറ്റ് വല്ലതുമുണ്ടോ!!!
സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത ഞാൻ ശരവേഗതയിൽ മുന്നോട്ട് കുതിച്ചു.
സ്റ്റുഡിയോയുടെ മുന്നിൽ വണ്ടി നിർത്തുമ്പോൾ ഭാഗ്യം ഗോകുലിന്റെ ബൈക്ക് അവിടെയുണ്ട്. ബൈക്കിൽ ഹെൽമറ്റും!
കൌണ്ടറിൽ ഇരുന്ന ഗോകുലിന് നേരേ സ്കൂട്ടറിന്റെ താക്കോൽ ഇട്ട് കൊടുത്ത ഞാൻ തിരക്ക് കൂട്ടി..
“നിന്റെ ബൈക്കിന്റെ താക്കോലിങ്ങ് തന്നേ! വേഗം”
എന്റെ വെപ്രാളം കണ്ട അവൻ ഒന്നും ചോദിയ്കാതെ പെട്ടന്ന് ഡ്രോയിൽ നിന്ന് താക്കോൽ എടുത്ത് തന്നു…
ഞാൻ ഹെൽമറ്റും ധരിച്ച് ബൈക്കിൽ തിരികെ എത്തുമ്പോൾ ലതിക അമ്മയെ താങ്ങിപ്പിടിച്ച് ഓട്ടോയിലേയ്ക് കയറ്റുകയാണ്….!
എന്തായാലും കണ്ട സ്ഥിതിയ്ക് ഈ അവസ്ഥയിൽ അമ്മയേയും കൊണ്ട് ഇവളെ ഒറ്റയ്ക് വിടാൻ വയ്യ!
ഇത്രയ്ക് സുഖമില്ലാത്ത അമ്മയേയും കൊണ്ട് ഇവൾ എങ്ങോട്ടാ പോകുന്നത് എന്ന് ഒന്നറിയണമല്ലോ!
അതിനാണ് ഞാൻ പോയി ഗോകുലിന്റെ വണ്ടിയും എടുത്ത് ഹെൽമറ്റും ധരിച്ച് വന്നത്!
എന്റെ ലാംബി ലതികയും കണ്ടിട്ടുണ്ട്…!
മുന്നോട്ട് നീങ്ങിയ ആ ഓട്ടോയുടെ പിന്നാലെ എന്റെ ബൈക്കും സഞ്ചരിച്ചു!
പ്രധാന വഴിയിൽ നിന്ന് ചെറുവഴിയിലേയ്ക് കടന്ന ബൈക്കിന്റെ സ്പീഡോമീറ്ററിലെ അക്കങ്ങൾ പതിനഞ്ച് എണ്ണം മറിഞ്ഞിട്ടും ഓട്ടോ നിന്നില്ല….
രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞതും വഴിയോരത്തെ ഒരു കൂരയ്ക് മുന്നിൽ ചെന്ന് ഓട്ടോ നിന്നു….
വഴിയുടെ പുറമ്പോക്കിൽ ട്രെയിന്റെ ബോഗികൾ പോലെ വരിവരിയായുള്ള മൂന്ന് കൂരകളിൽ അവസാനത്തേതിന് മുന്നിൽ….!
എന്റെ ബൈക്ക് ഓട്ടോയെ മറികടന്ന് മുന്നോട്ട് പോയി….
അൽപ്പം മുന്നോട്ട് പോയി ഓട്ടോയിൽ നിന്ന് കാണില്ലാത്തിടത്ത് വച്ച് ബൈക്ക് വട്ടം തിരിച്ച ഞാൻ ഓട്ടോ കാണാവുന്ന വിധത്തിൽ വഴിയരികിൽ ബൈക്ക് നിർത്തി!
