ലതിക ഓട്ടോക്കാരന്റെ പണവും നൽകിയിട്ട് അമ്മയേയും താങ്ങിപ്പിടിച്ച് ആങ്ങളയോടൊപ്പം ആ കുടിലിലേയ്ക് കയറി….
കോഴിക്കൂട് പോലുള്ള ഒരു കാലിത്തൊഴുത്തിന്റെ വലുപ്പമുള്ള ഓലമേഞ്ഞ മേൽക്കൂര നിലത്ത് ഇരുന്നാൽ എങ്ങനിരിയ്കും?
അതായിരുന്നു അവളുടെ വീട്..!
ഹൃദയത്തിലൂടെ ഒരു മുള്ളുകന്പി കുത്തിക്കയറ്റി വലിച്ചെടുത്ത അവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് അപ്പോൾ!
ഞാൻ എന്നെത്തന്നെ ഒന്ന് നിയന്ത്രിച്ച ശേഷം പതിയെ ബൈക്ക് സ്റ്റാർട്ടാക്കി ലതികയുടെ വീടിന് മുൻപിലേയ്ക് പോയി….
വാതിൽക്കൽ ബൈക്ക് നിൽക്കുന്ന ശബ്ദം കേട്ട ലതിക ത്രികോണാകൃതിയിൽ ഉള്ള ഓലകുത്തി മറച്ച വീടിന് മുൻഭാഗത്തെ വാതിലു പോലുള്ള ഭാഗത്ത് വന്ന് നിന്ന് എത്തിനോക്കി….
ലതികയുടെ ചുരുങ്ങിയ കണ്ണുകൾ ആശങ്കയോടെ ഹെൽമറ്റ് ധാരിയായ എന്നിൽ പതിഞ്ഞ് ഒന്നും മനസ്സിലാകാതെ നിൽക്കുമ്പോൾ ഞാൻ പതിയെ തലയിൽ നിന്നും ഹെൽമറ്റ് ഊരിയെടുത്തു….
ഭയപ്പാട് മാറിയ ലതികയുടെ മുഖം കടലാസുപോലെ വിളറി വിവർണ്ണമായി…
“വറീച്ചാ നീയെങ്ങനിവിടെ…..?”
ലതികയുടെ പതറി ചതഞ്ഞ ഇടറിയ ശബ്ദം വിക്കി വിക്കി പുറത്ത് വന്നു….
“പൈസ സൂക്ഷിക്കുന്നത് പറഞ്ഞപ്പത്തന്നെ നിന്റെ വീടിനേപ്ഫറ്റി നീ പറഞ്ഞതീന്നു തന്നെ മനസ്സിലായാരുന്നു എങ്കിലും ഇത്ര ഗംഭീരമായിരുന്നു നിന്റെ ജീവിതമെന്ന് ചിന്തിച്ചതേയില്ല”
ഞാനിത് പറഞ്ഞപ്പോൾ ലതിക വിളറിയ ഒരു ചിരി ചിരിച്ചു!
“അതൊക്കെ നമുക്കു പിന്നെപ്പറയാം! അമ്മയ്കിതെന്ത് പറ്റി? ഇത്ര അവശതയായിട്ടുമെന്താ അഡ്മിറ്റാക്കാതെ അവരു തിരികെ വിട്ടത്…?”
ഞാൻ തിടുക്കത്തിൽ തിരക്കി!
“പനികൂടിയതാ… ഒരാഴ്ചയായി തൊടങ്ങീട്ട് അവരഡ്മിഷനാ പറഞ്ഞേ ഞാന്നിർബ്ബന്ധിച്ചു കെടത്താതെ ഇങ്ങുപോന്നതാ!
ആശൂത്രീക്കെടന്നാ ഇവന്റെകാര്യവെന്തുചെയ്യും! അതാ! ഡോക്ടറൊത്തിരി വഴക്കുംപറഞ്ഞാ മരുന്നിനു കുറിച്ചുതന്നതും”
ലതികയുടെ മറുപടി കേട്ടതും ഞാൻ തിരക്കി:
“അപ്പുറത്തൊന്നുമ്മനുഷേരല്ലേ താമസിക്കുന്നേ..?”
“അവരിവനെ പൊന്നുപോലെ കാത്തോളും പക്ഷേ മരുന്നു കൊടുക്കണേ ഞാവ്വേണം! ആഹാരത്തിനൊരു മണിക്കൂറു മുന്പും കഴിഞ്ഞും ഒക്കെയായി അഞ്ചാറെണ്ണവൊണ്ട് ഗുളികകൾ അതവരെക്കൊണ്ടു പറ്റില്ലതാ…
ഒരു ഗുളിക കൊറഞ്ഞാ അപ്പ വേദനയിളകും”
“ഇവിടെവിടാ ഒന്ന് ഫോൺ ചെയ്യാൻ സൌകര്യമുള്ളത്…?”
ഞാൻ ലതികയോട് ചോദിച്ചു. അവൾ ഞാൻ വന്ന വഴിയിലേയ്ക് ചൂണ്ടി….
“ദാ ആ വളവിനൊരു കടയുണ്ട് അവിടെ ചോദിച്ചാ ഫോൺചെയ്യാം ബൂത്തൊന്നുവല്ല രണ്ടുരൂപ കൊടുക്കണം!”
“ഹോസ്പിറ്റലിലേയ്ക് പോകാൻ റെഡിയായിക്കോ ഞാൻ ഗോകുലിനെ വിളിച്ചൊരു വണ്ടി പറഞ്ഞുവിടാൻ പറയട്ടെ!”
ലതികയുടെ അനുവാദത്തിന് കാക്കാതെ ഞാൻ ബൈക്കെടുത്ത് ആ കട ലക്ഷ്യമാക്കി നീങ്ങി….
ഗോകുലിനെ വിളിച്ച് ഒരു ടാക്സി പറഞ്ഞ് വിടാൻ പറഞ്ഞ ഞാൻ വഴി വിശദമായി പറഞ്ഞ് പുറമ്പോക്കിൽ മൂന്ന് കുടിലുകൾ ഉള്ളതിന്റെ മുന്നിൽ ബൈക്ക് ഇരിപ്പുണ്ടെന്ന് അടയാളവും പറഞ്ഞിട്ട് തിരികെ വീണ്ടും ലതികയുടെ അടുത്ത് എത്തി!
ഞാൻ ബൈക്ക് നിർത്തുമ്പോൾ അവൾ അപ്പുറത്തെ വീട്ടിൽ നിന്ന് ഒരു പഴയ പ്ളാസ്റ്റിക്ക് കസേരയുമായി വരുന്നുണ്ട്!
കസേര അവളുടെ വീടിന്റെ മുന്നിലെ അൽപ്പം തെളിച്ച് മുറ്റം പോലുള്ള സ്ഥലത്ത് ഇട്ടിട്ട് പറഞ്ഞു!
“ഇരിയ്കടാ മിറ്റത്തിരുത്താനേ നിവൃത്തിയുള്ളു!
“രണ്ടൂന്നു ദിവസേലും കെടക്കേണ്ടിവരും! നീയാ കൊച്ചിനൊള്ള മരുന്നോ തുണിയോ എന്താന്നാ ചെന്നെടുക്കെന്നെയിരുത്താതെ!”
ഞാൻ ദേഷ്യപ്പെട്ടതും അവൾ അകത്തേയ്കൊടി!
ആങ്ങളപ്പയ്യൻ പതിയെ പിച്ചവച്ച് നടക്കുവാൻ പഠിയ്കുന്ന കൊച്ച് കുട്ടികളെപ്പോലെ വാതിൽക്കലേയ്ക് വന്ന് ചിരിച്ച് പറഞ്ഞു:
“ഇരി ചേട്ടായീ….”
തളർച്ച ബാധിച്ചതെങ്കിലും നല്ല ഐശര്യമുള്ള മുഖം!
കുഴിയിലാണ്ടതെങ്കിലും നല്ല തിളക്കമുള്ള കണ്ണുകൾ!
“നീയിരിയടാ മോനേ.. ആട്ടെ നിന്റെ പേരെന്താ!”
ഞാൻ ആ കുട്ടിയെ അവന്റെ കൈകളിൽ പിടിച്ച് കസേരയിലേയ്ക് ഇരുത്താനായി ഓങ്ങിയതും ഓടിവന്ന ലതികയുടെ കൈകൾ എന്റെ കൈകൾ തട്ടിമാറ്റി!
